TopTop
Begin typing your search above and press return to search.

അന്ന് ഒരു കിഴവന്‍ ഭ്രാന്ത് പറഞ്ഞതല്ല; പക്ഷേ, ചെന്നിത്തലയോ?

അന്ന് ഒരു കിഴവന്‍ ഭ്രാന്ത് പറഞ്ഞതല്ല; പക്ഷേ, ചെന്നിത്തലയോ?
മൂത്തവർചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നീട് മധുരിക്കും എന്നൊരു ചൊല്ലുണ്ട്. ഇത് വെറുമൊരു പഴമൊഴിയായി കാണുന്ന പുതുസമൂഹം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാധവ് ഗാഡ്‌ഗിൽ എന്ന പരിസ്ഥിതി ശാസ്ത്രവിദഗ്ദ്ധൻ പശ്ചിമഘട്ട മലനിരകളെക്കുറിച്ചു നൽകിയ മുന്നറിയിപ്പുകൾ പാടെ അവഗണിച്ചു. ഏതോ ഒരു കിഴവൻ ഭ്രാന്തുപറയുന്നുവെന്ന ലാഘവത്തോടെ കേരളം മാത്രമല്ല പശ്ചിമഘട്ടത്തിന്റെ ഭാഗമായ മറ്റു സംസ്ഥാനങ്ങളും ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇങ്ങനെ ചെയ്യുക വഴി ഏതോ ഒരു പഴമൊഴി മാത്രമല്ല, മറിച്ചു പ്രക്രതിയെ അറിയുന്ന, അതിനെ ശാസ്ത്രീയമായി പഠിച്ച ഒരു വലിയ ശാസ്ത്രജ്ഞനെയും കൃത്യവും ശാസ്ത്രീയവുമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം നൽകിയ മുന്നറിയിപ്പുകളെയുമാണ് ആർത്തിപൂണ്ട് ഭൂമിക്കുമേൽ അമിത പ്രഹരമേല്പിച്ചു സംഹാര നൃത്തം ചവിട്ടിയവർ പുച്ഛിച്ചു തള്ളിയത്.

ഗാഡ്‌ഗിൽ അതിലോലമെന്നും ദുര്‍ബലമെന്നുമൊക്കെ വിശേഷിപ്പിച്ച പശ്ചിമഘട്ടത്തെ അവർ ആദ്യം മരങ്ങൾ വെട്ടിമാറ്റി മൊട്ടയടിച്ചു. പിന്നീട് പശ്ചിമഘട്ടത്തെയും അതിനോട് ചേർന്നുനിൽക്കുന്ന മലകളെയും കുന്നുകളെയും പാറമടകളുടെ ശവപ്പറമ്പാക്കി മാറ്റി. കണ്ണുകൾ ചൂഴ്ന്നെടുത്തു അരുവികൾ വറ്റിച്ചു. അതോടെ നീരൊഴുക്ക് ശുഷ്കമായ തോടുകളുടെയും പുഴകളുടെയും നദികളുടെയും പാർശ്വങ്ങൾ കൈയ്യേറി നികത്തി ചെറുതും വലുതുമായ കെട്ടിടങ്ങൾ നിർമിച്ചു. അവിടെയും അവസാനിച്ചില്ല അവരുടെ പരാക്രമം. വയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ടുനികത്തി വ്യവസായശാലകളും വീടുകളും വാണിജ്യ കേന്ദ്രങ്ങളും നിർമിച്ചു. എതിർത്തവരെയെല്ലാം വികസന വിരോധികളായി ചിത്രീകരിച്ചു. എന്നിട്ടിപ്പോൾ പ്രളയ ദുരന്തം ഉണ്ടായപ്പോൾ മുന്നറിയിപ്പോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഡാമുകൾ തുറന്നു എന്ന മുടന്തൻ വാദം ഉന്നയിച്ചു എല്ലാ പാപഭാരവും സർക്കാരിനുമേൽ കെട്ടിവെച്ചു സ്വയം ന്യായീകരിക്കുകയാണവർ.

നാണം കെട്ട ഈ ദൗത്യത്തിൽ അവർ ഒറ്റക്കല്ല. പരിസ്ഥിതിക്കുമേലുള്ള അവരുടെ കടന്നാക്രമണങ്ങൾക്കു എന്നും ചൂട്ടുപിടിച്ചുപോന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത സംഘടനകളും ഒപ്പം തന്നെയുണ്ട്. പ്രളയ ദുരന്തത്തിനുശേഷം ചില അഭിമുഖങ്ങളിൽ ഗാഡ്‌ഗിൽ പറഞ്ഞ മനുഷ്യ നിർമ്മിതം എന്ന പ്രയോഗത്തെ ഓരോത്തരും അവർക്കുതകും വിധം വളച്ചൊടിക്കുന്ന തിരക്കിലാണിപ്പോൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയുമൊക്കെ ഇക്കൂട്ടത്തിൽ പെടും. ഡാമുകൾ തുറക്കുന്നത് സംബന്ധിച്ചു ഇടുക്കിയിലും മറ്റും ഭരണസംവിധാനം നൽകിയ മുന്നറിയിപ്പുകളും പ്രളയക്കെടുതി നേരിടാൻ വേണ്ടി കൈകൊണ്ട നടപടികളെയും പറ്റിയൊക്കെ സ്വന്തം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത പ്രതിപക്ഷ നേതാവ് തന്നെയാണ് സർക്കാരും ഭരണ സംവിധാനങ്ങളും യാതൊരു വിധ മുന്നറിയിപ്പും നൽകിയില്ലെന്നും മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ലെന്നുമൊക്കെ ഇപ്പോൾ വെച്ച് കാച്ചുന്നത്. അതിനിടയിൽ കെ എസ് ഇ ബി യുടെ അത്യാർത്തിയെക്കുറിച്ചും ചെന്നിത്തല വലിയ വായിൽ ആക്ഷേപം ചൊരിഞ്ഞുകണ്ടു. കെ എസ് ഇ ബി വിശുദ്ധ പശുവൊന്നുമല്ല. എന്നുകരുതി എല്ലാ കുറ്റവും അവർക്കുമേൽ വെച്ച് കിട്ടിയതുകൊണ്ട് പ്രശ്നം അവസാനിക്കില്ലല്ലോ.

പ്രളയ ദുരന്തത്തിന് ശേഷവും ഗാഡ്‌ഗിൽ പറഞ്ഞത് വർഷങ്ങൾക്കുമുൻപ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. പശ്ചിമ ഘട്ടം എന്തുകൊണ്ട് സംരക്ഷിക്കപ്പെടണമെന്നും തീരദേശ സംരക്ഷണ നിയമവും തണ്ണീർത്തട സംരക്ഷണ നിയവുമൊക്കെ കാറ്റിൽ പറത്തിയാൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ആയിരുന്നു മുൻപ് പറഞ്ഞതെങ്കിൽ ഇപ്പോൾ അദ്ദേഹം പറയുന്നത് തന്റെ വാക്കുകൾക്ക് വില കൽപ്പിക്കാതിരുന്നതുകൊണ്ടുണ്ടായ ഭവിഷ്യത്തിനെക്കുറിച്ചാണെന്നു മാത്രം. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച 2011ൽ പുറത്തുവന്ന ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ രാഷ്ട്രീയക്കാരും പള്ളിയും പട്ടക്കാരുമൊക്കെ രംഗത്ത് വന്നതോടെയാണ് ആ റിപ്പോർട്ടു പുനഃപരിശോധിക്കാൻ കസ്തുരിരംഗൻ കമ്മിറ്റിയെ നിയോഗിച്ചത്. പ്രസ്തുത കമ്മിറ്റി ഗാഡ്‌ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർത്ത് പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പരിധി വെട്ടിക്കുറച്ചെങ്കിലും ആ റിപ്പോർട്ടും അംഗീകരിക്കാൻ ആരും തയ്യാറായില്ല എന്നതാണ് വസ്തുത.

ഈ പ്രളയ ദുരന്ത കാലത്തു കെ പി സേതുനാഥ് എന്ന പത്രപ്രവർത്തകൻ ഡെക്കാൻ ക്രോണിക്കിളിൽ ജെ എൻ യു സർവകലാശാലയിലെ പ്രൊഫ. അമിത സിങ്ങും സംഘവും നടത്തിയ പഠനത്തെ ആധാരമാക്കി എഴുതിയ 'Chronicle Of A Disaster Foretold' എന്ന വാർത്ത പ്രസക്തമാകുന്നതും ഇവിടെയാണ്. കേരളത്തിലെ തീരദേശ സംരക്ഷണ നിയമത്തിന്റെ കടുത്ത ലംഘനവും കണ്ടാൽക്കാടുകളുടെ നശീകരണവും പാരിസ്ഥിതികമായി ദുർബലമായ മലകളിലും കുന്നുകളിലും നടക്കുന്ന വ്യാപകമായ കൈയേറ്റങ്ങളും വൻതോതിലുള്ള പാറ ഖനനവുമൊക്കെ കേരളം ഇപ്പോൾ കണ്ട പ്രളയ ദുരന്തത്തെ മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്നു തന്നെയാണ് മാധവ് ഗാഡ്‌ഗിലിനെപ്പോലെ അമിത സിങ്ങും പറയുന്നത്.

ഭൂമിയെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വീഴ്ചകൾ ഒരുപാട് സംഭവിച്ചു കഴിഞ്ഞു. ഇതിനു മനുഷ്യനും ഭരണകൂടങ്ങളും ഒക്കെ കാരണക്കാർ തന്നെ. പരസ്പരം തര്‍ക്കിക്കുന്നതിനു പകരം ചെയ്തുകൂട്ടിയ അപരാധങ്ങൾ കഴിയും വിധം തിരുത്തുകയും വീണ്ടും ഭൂമി വധം തുടരാതിരിക്കുകയും ചെയ്‌താൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാം എന്ന ചിന്തയിലേക്ക് കേരളം മാറിയേ തീരു.

https://www.azhimukham.com/offbeat-criticism-against-on-flood-writes-kaantony/

https://www.azhimukham.com/offbeat-political-interest-during-kerala-flood-writes-kaantony/

Next Story

Related Stories