TopTop
Begin typing your search above and press return to search.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുമ്പോൾ; ചരിത്ര വിധികള്‍ക്കൊണ്ട് ഒളിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുമ്പോൾ; ചരിത്ര വിധികള്‍ക്കൊണ്ട് ഒളിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍

ഇംപീച്ച്മെന്റ് ആവശ്യം വരെ നീണ്ട വിവാദങ്ങൾക്കും ഒട്ടേറെ ചരിത്ര വിധികൾക്കും ശേഷമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വിരമിക്കുന്നത്. നാളെ (ഒക്ടോബര് 2നു) ആണ് വിരമിക്കേണ്ടതെങ്കിലും അന്ന് അവധി ദിവസമായതിനാൽ വിരമിക്കൽ ഒരു ദിവസം നേരത്തെയാക്കി എന്നു മാത്രം. ഇന്ത്യയിൽ മറ്റേതൊരു ചീഫ് ജസ്റ്റിസിന്റെതിനേക്കാൾ സംഭവബഹുലമായിരുന്നു സുപ്രീം കോടതിയുടെ നാല്‍പ്പത്തിയഞ്ചാമത് ചീഫ് ജസ്റ്റിസ് ആയി 2017 ആഗസ്ത് 28 നു നിയമിതനായ ജസ്റ്റിസ് ദീപക് മിശ്രയുടെ ആ പദവിയിലുള്ള ഔദ്യോഗിക കാലഘട്ടം. ബി ജെ പി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നു എന്ന ആക്ഷേപത്തിൽ തുടങ്ങി സുപ്രീം കോടതിയുടെ നടത്തിപ്പിൽ തികച്ചും ഏകപക്ഷീയമായ നിലപാടാണ് എടുക്കുന്നതെന്ന വിമർശനം വരെ ഉയർന്നു ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ. ഈ പ്രശ്നം ഉന്നയിച്ചുകൊണ്ടാണ് 2018 ജനുവരി 12 നു ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് മദൻ ലോക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നീ നാല് മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനോടുള്ള തങ്ങളുടെ അതൃപ്തി പരസ്യമായി പ്രഖ്യാപിച്ചത്. സുപ്രീം കോടതിയിലെ ഈ മുതിർന്ന ജഡ്ജിമാരുടെ പരസ്യ പ്രതിക്ഷേധം മറയാക്കികൊണ്ടായിരുന്നു കോൺഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ പാർട്ടികൾ ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നതും.

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല, സ്വവർഗ രതി ക്രിമിനൽ കുറ്റമല്ല, ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാം തുടങ്ങിയ ചരിത്ര വിധികൾ നല്കിയതിനു ശേഷമാണ് ദീപക് മിശ്ര തന്റെ കേവലം 13 മാസം മാത്രം നീണ്ട ഔദ്യോഗിക ജീവിതത്തിനു വിരാമമിടുന്നത്. ഈ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകളും അതിനു ഭരണഘടനാ ബെഞ്ചിൽ നിന്നും ലഭിച്ച പിന്തുണയും ഇന്ത്യയുടെ ചരിത്രത്തിൽ മായാതെ നിൽക്കുമെന്ന കാര്യത്തിൽ തര്‍ക്കമില്ല. സ്വവർഗ്ഗാനുരാഗികളുടെ കേസിൽ വിധി പറയവേ ദീപക് മിശ്ര ഉദ്ധരിച്ചത് ഗൊയ്‌ഥെയുടെ 'ഐ ആം വാട്ട് ഐ ആം. സോ ടേക്ക് മീ ആസ് ഐ ആം' എന്ന പ്രശസ്ത വരികളാണ്.

എന്നാൽ മുകളിൽ പറഞ്ഞ ചരിത്ര വിധികൾ കുറിച്ച ജസ്റ്റിസ് ദീപക് മിശ്ര തന്നെയാണ് യാക്കൂബ് മേമനെ തൂക്കിലേറ്റാൻ വിധിച്ചതും ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുൺ മിശ്രക്ക് കൈമാറിയതും ബി ജെ പി നേതാക്കൾ പ്രതികളായ മെഡിക്കൽ കോളേജ് കോഴക്കേസു ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനെ മറികടന്നു ഒരു പ്രത്യേക ബെഞ്ച് രൂപീകരിച്ചു അതിനു വിട്ടതും എന്ന കാര്യവും മറന്നുകൂടാ. ഏറ്റവും ഒടുവിലായി കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ എന്ന മട്ടിൽ ആധാറിന്‌ ഉപാധികളോടുകൂടിയാണെങ്കിലും സാധുത കല്പിച്ചതും പ്രശസ്ത തെലുഗു കവി വരവര റാവു ഉൾപ്പെടയുള്ള മനുഷ്യാവകാശ പ്രവർത്തകരെ പൂനെ പോലീസ് പ്രതികളാക്കിയ ഭീമ കൊറെഗാവ് സംഘർഷ കേസിൽ അന്വേഷണം തുടരാൻ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ ഏറെ കുപ്രസിദ്ധി നേടിയിട്ടുള്ള പൂനെ പൊലീസിന് പച്ചക്കൊടി വീശിയതെന്നതും മറന്നുകൂടാ.

ഇന്ന് പടിയിറങ്ങുമ്പോൾ ജസ്റ്റിസ് ദീപക് മിശ്ര ഒരു കേസിൽ കൂടി വിധി പറയുന്നുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി പ്രവർത്തകർ നൽകിയ കേസിലെ വിധി. ഇനിയിപ്പോൾ ആ വിധിക്കു വേണ്ടി നമുക്ക് കാതോർക്കാം.

https://www.azhimukham.com/india-five-charges-against-chiefjustice-dipakmisra-opposition-party-statement/

https://www.azhimukham.com/trending-supremecourt-reject-probe-demand-justiceloya-death-10points/

https://www.azhimukham.com/india-who-is-justice-chelemeswar/

https://www.azhimukham.com/trending-justice-ranjan-gogoi-chief-justice-of-india-names-his-successor/


Next Story

Related Stories