TopTop
Begin typing your search above and press return to search.

കൈവിട്ടു പോകുന്ന പൊതു ഇടങ്ങള്‍

കൈവിട്ടു പോകുന്ന പൊതു ഇടങ്ങള്‍
മനുഷ്യജീവിതത്തിന്റെ പരിസരങ്ങള്‍ പൊതുവെ പ്രത്യയശാസ്ത്ര നിബിഡമാണ്. വ്യക്തികളുടെ, പ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യം ഇടങ്ങളെ പലതായി മുറിക്കുമ്പോള്‍ അവയ്‌ക്കെല്ലാം മുകളിലായി ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം നില്‍ക്കുന്നു. അതിന്റെ സ്വന്തം ഉപകരണങ്ങളെ ഉപയോഗിച്ച് കൊണ്ട് സമൂഹത്തില്‍ വന്നേക്കാവുന്ന ശൈഥില്യത്തെ അത് ഒരു പരിധി വരെ ചെറുക്കുന്നു. എങ്കിലും ഭരണകൂടത്തിന്റെ മേല്‍ക്കോയ്മ ജനാധിപത്യ സമൂഹങ്ങളില്‍ വളരെ ദുര്‍ബലമാണ്. അത് പൗരന്മാരുടെയും പൗരികളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം കാലം വൈയക്തിക പ്രത്യയശാസ്ത്ര മേല്‍ക്കോയ്മയ്ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടേയിരിക്കും. ഭരണകൂടത്തിന്റെ ഒരേ ഒരു ആശ്വാസം എന്നത് വ്യക്തി സമൂഹത്തില്‍ ചെലുത്താന്‍ ഉദ്ദേശിക്കുന്ന പ്രത്യയശാസ്ത്ര ബലം എന്നത് പല അളവുകളില്‍ വ്യാഖ്യാനിക്കപ്പെടുകയും രൂപപ്പെടുകയും ചെയ്തിട്ടുള്ള ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ തന്നെയാണ് എന്നുള്ളതാണ്. എന്നാല്‍ ഇവയ്‌ക്കെല്ലാം മുകളിലായി ഒരു ദേശത്തെയും (പ്രദേശത്തെയും) സ്റ്റേറ്റിനെയും (ഭരണകൂടത്തെയും) പ്രത്യയശാസ്ത്രപരമായി നിര്‍വീര്യകരണം നടത്തുന്നതും വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള പാരസ്പര്യങ്ങളിലേയ്ക്ക് നയിക്കുന്നതും അതാതു പരിസരങ്ങളില്‍ പലവിധത്തില്‍ ദൃശ്യവും അദൃശ്യവുമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ധാര്‍മ്മികവും നൈതികവും, പലപ്പോഴും ഇവ രണ്ടിന്റെയും ഉപോല്‍പ്പന്നം എന്ന് പറയാവുന്ന സദാചാരവുമായി ബന്ധപ്പെട്ട ബലതന്ത്രങ്ങളാണ്. ഉദാഹരണത്തിന് മുതിര്‍ന്നവരെയും അധ്യാപകരെയും ബഹുമാനിക്കുക എന്നത്, കാല്‍നടക്കാരനെ വാഹനം ഓടിക്കുന്നവര്‍ ബഹുമാനിക്കുക എന്നത്, അപകടത്തില്‍ പെട്ട് പോകുന്നവരെ ആശുപത്രിയില്‍ എത്തിക്കുക എന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രത്യയശാസ്ത്ര നിരപേക്ഷവും നമ്മുടെ നൈതിക-ധാര്‍മ്മിക ബോധങ്ങളെ ആസ്പദിച്ചുള്ളതുമാണ്. (അവ എത്രമാത്രം ഇന്ന് പാലിക്കപ്പെടുന്നു എന്നത് വേറെ വിഷയമാണ്).

സമൂഹത്തിന്റെ കെട്ടുറപ്പ് നിലനിറുത്താനും അതിനെ പുരോഗതിയിലേക്കു നയിക്കാനും പ്രത്യയശാസ്ത്രങ്ങള്‍ക്കൊപ്പം തന്നെ അത്യാവശ്യമാണ് പ്രത്യയശാസ്ത്ര നിരപേക്ഷതയും. സമൂഹത്തിന്റെ കെട്ടുറപ്പ്, പുരോഗതി എന്നീ രണ്ടു സംവര്‍ഗങ്ങള്‍ ഏതൊക്കെ തലങ്ങളിലാണ് നാം അറിയുന്നത് എന്നതിനെ ആശ്രയിച്ചാണ് നമുക്ക് പ്രത്യയശാസ്ത്രങ്ങളെയാണോ അതോ പ്രത്യയശാസ്ത്ര നിരപേക്ഷമായ ഇടങ്ങളെയാണോ തെരഞ്ഞെടുക്കേണ്ടത് എന്ന് നാം തന്നെ തീരുമാനിക്കുന്നത്. മനുഷ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളെ വ്യക്തിഗത ജീവിതത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ് വ്യക്തികള്‍ സമൂഹത്തിന്റെ കെട്ടുറപ്പ് നിലനിറുത്തുന്നത്. അങ്ങിനെയുള്ള കെട്ടുറപ്പാണ് ഒരു സമൂഹത്തിന്റെ കൂട്ടായ പുരോഗതിയ്ക്കു കാരണമാകുന്നത് എന്ന് മനസ്സിലാകുന്നിടത്താണ്, പുരോഗതി എന്തെന്ന് നാം നിര്‍വചിക്കുന്നത്. ഒരു റോഡിന്റെ വീതി കൂട്ടുമ്പോള്‍ ഒന്നോ രണ്ടോ സെന്റ് ഭൂമി ചിലര്‍ക്ക് നഷ്ടപ്പെടുമെന്ന് വന്നാല്‍ റോഡ് നിമ്മാണത്തെ മൊത്തം തുരങ്കം വെച്ചുകൊണ്ട് സ്റ്റേ ഓര്‍ഡര്‍ വാങ്ങുന്നത് കൂട്ടായ പുരോഗതി എന്നതിനെതിരെ വ്യക്തിപരമായ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഒറ്റപ്പെട്ടു പോയ ഒരു സ്ഥലത്തെ റോഡോ പാലമോ കൊണ്ട് പ്രധാനകരയുമായി ബന്ധിപ്പിക്കുവാന്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ സഹിച്ചു കൊണ്ട് ജനങ്ങള്‍ തീരുമാനിക്കുമ്പോള്‍ അത് പുരോഗതി എന്നതിന് ഉദാഹരണമാകുന്നു. ഇനി മറ്റൊരു വശമുണ്ട്: ഒരു വിഭാഗം ആളുകള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടി ജനങ്ങളുടെ ജീവിതങ്ങളെ തകര്‍ത്തു കൊണ്ട് റോഡോ പാലമോ വരുത്തുക എന്നാകുമ്പോള്‍, അത് പ്രത്യയശാസ്ത്ര മേല്‍ക്കോയ്മയായി പരിണമിക്കുന്നു. അതിനെതിരെയുള്ള പ്രതിരോധത്തിനും പ്രത്യയശാസ്ത്ര സ്വഭാവം കൈവരുന്നു.

മനുഷ്യനെയും പ്രകൃതിയെയും പക്ഷി മൃഗ പ്രാണിജാലങ്ങളെയും ഒരു സമഗ്രതയുടെ ഭാഗമായി കണ്ടുകൊണ്ട് അവയ്‌ക്കെല്ലാം അതിജീവിക്കാന്‍ കഴിയുന്ന പരിസരങ്ങളുടെ സൃഷ്ടിയാണ് സത്യത്തില്‍ ഈ പുതിയ കാലത്ത് നാം സമൂഹത്തിന്റെ കെട്ടുറപ്പ്, പുരോഗതി എന്നിവയെക്കൊണ്ട് മനസിലാക്കേണ്ടത്. അപ്പോള്‍ കെട്ടുറപ്പ് എന്ന വാക്കിന് വിവിധ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള സമവായം എന്നതില്‍ കവിഞ്ഞ ഒരു അര്‍ഥം കൈവരുന്നു. പുരോഗതി എന്നതിന് മുന്നോട്ട് പോക്ക് എന്നുള്ള അര്‍ഥം മാറി മനസിന്റെ ഉദാത്തവത്ക്കരണം (സബ്ലിമേഷന്‍) എന്ന അര്‍ഥം ലഭിക്കുന്നു. എവിടെയാണ് ആ പരിസരങ്ങള്‍ കുടികൊള്ളുന്നത്? മതം, ജാതി, രാഷ്ട്രീയം, സമ്പത്ത് ഇവയുടെ വ്യാവര്‍ത്തനങ്ങളായ പ്രത്യയശാസ്ത്രങ്ങളാണ് സമൂഹത്തെ ഇന്ന് നിയന്ത്രിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ ഇവയുടെ പിടി മുറുകാത്ത പ്രത്യയശാസ്ത്ര ഇടങ്ങള്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമായിരിക്കുന്നു. ഒരു കാലത്ത് മാധ്യമ ഇടങ്ങള്‍ പ്രത്യയശാസ്ത്ര നിരപേക്ഷത ഒരു പരിധിവരെ പുലര്‍ത്തിയിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആദ്യകാല മാധ്യമങ്ങള്‍ എല്ലാം തന്നെ പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരണത്തിനും ഉറപ്പിനും വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടതെങ്കിലും പ്രത്യയശാസ്ത്ര നിരപേക്ഷമായ ഇടങ്ങള്‍ അതിനുള്ളില്‍ തന്നെ സൃഷ്ടിക്കാന്‍ പത്രമാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു. നമ്മുടെ ദൃശ്യ-നവമാധ്യമങ്ങളുടെ ആരംഭത്തില്‍ പോലും അത്തരം 'നിരപേക്ഷ ഇടങ്ങള്‍' ഉണ്ടാക്കാന്‍ അവ ശ്രമിച്ചിരുന്നു. ഇന്ന് പ്രത്യയശാസ്ത്ര നിരപേക്ഷ ഇടങ്ങള്‍ ലോകത്തെമ്പാടും അവ്യാകൃതമായി പടര്‍ന്നു കിടക്കുന്ന നവമാധ്യമങ്ങളില്‍ മാത്രം കാണുന്നു എന്ന് പറയാം. അവ മിക്കവാറും അയഥാര്‍ത്ഥപ്രതീതി പരിസരങ്ങളില്‍ ആയിരിക്കെ നമുക്ക് വ്യക്തമായി കാണാനും ഇടപെടാനും അനുഭവിക്കാനും പറ്റുന്ന പൊതു ഇടങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു, അല്ലെങ്കില്‍ നഷ്ടപ്രായമായ അവയെ തിരികെ പിടിക്കേണ്ടിയിരിക്കുന്നു.പ്രത്യയശാസ്ത്ര നിരപേക്ഷമായ പൊതു ഇടങ്ങള്‍ എന്നതിന് ഇന്നത്തെ വ്യവഹാരത്തില്‍ ഗൃഹാതുരത്വത്തിന്റെ ചുവയോടെ മാത്രമേ നില്‍ക്കാന്‍ കഴിയൂ. എവിടെയാണ് ആ പോയ സുവര്‍ണ്ണകാലത്തില്‍ നാം അത്തരം ഇടങ്ങള്‍ കണ്ടെത്തിയിരുന്നത്? വായനശാലകള്‍, പൊതു വഴികള്‍, കവലകള്‍, മൈതാനങ്ങള്‍, അമ്പല പരിസരങ്ങള്‍ (ഈ പരിസരങ്ങളില്‍ യുവാക്കള്‍ പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല കൂട്ടം കൂടാനും വെടിവട്ടം പറയാനും പോകുമായിരുന്നു), കവലകളിലെ ചില പുരോഗമന തത്പരരായവര്‍ നടത്തുന്ന കടകള്‍, ചീട്ടുകളി ക്‌ളബ്ബുകള്‍, കായിക പരിശീലന ഇടങ്ങള്‍. ഗ്രാമങ്ങളിലെ ഇത്തരം ഇടങ്ങള്‍ക്കു പ്രത്യശാസ്ത്രങ്ങളെ നിര്‍വീര്യമാക്കാന്‍ കഴിയുമായിരുന്നു. അമ്പലപ്പറമ്പ് ഹിന്ദുത്വവാദികളുടേതായിരുന്നില്ല; ഇന്ന് അവ കുടുംബങ്ങളും ഭക്തരും രാഷ്ട്രീയക്കാരും ഒക്കെ ഉള്‍പ്പെടുന്ന നവ ഹിന്ദുത്വവാദികളുടെ കൈകളില്‍ ആയിപ്പോയിരിക്കുന്നു. കവലകള്‍ ഒരിക്കലും ഇന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ മതത്തിന്റെയോ ആയിരുന്നില്ല. ആളുകള്‍ കൂടുന്നിടത്തു രാഷ്ട്രീയക്കാര്‍ പ്രസംഗിക്കാന്‍ വരും എന്നല്ലാതെ ഒരു കവലയും ഒരു പാര്‍ട്ടിയുടെയും ആയിരുന്നില്ല; പക്ഷെ ഇന്ന് ഓരോ പാര്‍ട്ടിയും കവലകള്‍ സ്വന്തമാക്കാന്‍ വെമ്പുകയാണ്. കളി സ്ഥലങ്ങളിലും വായനശാലകളിലും പ്രത്യയ ശാസ്ത്രത്തിന്റെ പിടി ഉണ്ടായിരുന്നില്ല; ഇന്നത് മാറിപ്പോയിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സാഹചര്യം സംജാതമായത് രണ്ടു സാമൂഹിക ബലങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിച്ചത് കൊണ്ടാണ്. അവയെ യഥാക്രമം സാങ്കേതിക വളര്‍ച്ച എന്നും സാമ്പത്തിക വളര്‍ച്ച എന്നും നിര്‍വചിക്കാം. സാങ്കേതിക വളര്‍ച്ച വന്നതോടെ ആളുകള്‍ കൂടുതല്‍ വീടുകളുടെ ഉള്ളിലേയ്ക്ക് ചുരുങ്ങി; ടെലിവിഷന്‍ പ്രേക്ഷകരായും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളായും. സാമ്പത്തിക വളര്‍ച്ച വന്നതോടെ സ്വകാര്യ മുറികളുള്ള വീടുകളുണ്ടായി- എല്ലാവരും സ്വന്തം മുറികളിലേക്ക് ഒതുങ്ങി. അങ്ങനെ വന്നപ്പോള്‍ മേല്‍പ്പറഞ്ഞ പൊതു ഇടങ്ങള്‍ അനാഥമാവുകയും അവ പ്രത്യയശാസ്ത്രങ്ങള്‍ കൈയടക്കുകയും ചെയ്തു. തിരിച്ചും സംഭവിച്ചിട്ടുണ്ട്- ഇത്തരം ഇടങ്ങള്‍ പ്രത്യയശാസ്ത്രങ്ങള്‍ കൈയടക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ക്രമേണ സ്വകാര്യ ഇടങ്ങളിലേക്ക് വലിയാനും കാരണമായി.

പുതിയകാലത്തെ പ്രത്യയശാസ്ത്ര നിരപേക്ഷ ഇടങ്ങളില്‍ അവസാനത്തേതായിരുന്നു പൊതു ഉദ്യാനങ്ങള്‍. ആളുകള്‍ പ്രഭാത -സായാഹ്ന സവാരികള്‍ക്കിറങ്ങുന്നതും (പണ്ട് ഈ യാത്രകള്‍ അമ്പലത്തിലേയ്‌ക്കോ, പള്ളിയിലേയ്‌ക്കോ, വായനശാലയിലേയ്‌ക്കോ ആയിരുന്നു എന്നോര്‍ക്കുക), അല്‍പം ചില വ്യായാമങ്ങള്‍ ചെയ്യുന്നതും ഒക്കെ ഇവിടങ്ങളില്‍ ആയിരുന്നു. തുറസ്സുകള്‍ ഇപ്പോഴും കുറച്ചെങ്കിലും അവശേഷിക്കുന്ന ഗ്രാമങ്ങളില്‍ ആളുകള്‍ നടക്കാനായി മൈതാനങ്ങളില്‍ പോകാറുണ്ട്. എന്നാല്‍ ഓരോ ഇഞ്ചും കെട്ടിടനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന നഗരങ്ങളില്‍ ഇത്തരം ഉദ്യാനങ്ങള്‍ ശ്വാസകോശങ്ങള്‍ പോലെ പ്രധാനമായി. ഓരോ ഗാര്‍ഹിക സമുച്ചയങ്ങളുടെ നിര്‍മാണത്തിലും ഉദ്യാനങ്ങള്‍ വേണമെന്ന് നഗര ആസൂത്രകര്‍ നിര്‍ബന്ധിച്ചു. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍, യുവാക്കള്‍ തുടങ്ങിയവര്‍ക്ക് സമയം ആരോഗ്യപ്രദമായ ചെലവഴിക്കാന്‍ ഉള്ള ഇടങ്ങളായാണ് ഈ പൊതു ഇടങ്ങള്‍ സങ്കല്പിക്കപ്പെട്ടത്. ഇന്ത്യയില്‍ വൈദ്യശാസ്ത്ര രംഗത്തുണ്ടായ വാണിജ്യവത്ക്കരണത്തിന്റെ ഭാഗമായാണ് സത്യത്തില്‍ കാട് പിടിച്ചു കിടന്ന ഈ പൊതു ഇടങ്ങള്‍ക്ക് പൊതു ഉദ്യാനങ്ങള്‍ എന്ന നിയതരൂപം കൈവന്നത്. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചതും, സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികള്‍ വന്നതും പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ അഭൂതപൂര്‍വമായ വര്‍ധനവും സര്‍വോപരി യുവത്വം എന്നത് കമ്പോളത്തിന്റെ മന്ത്രം ആയതും ആളുകളെ കൂടുതല്‍ വ്യായാമപ്രിയരാക്കി. പ്രത്യയശാസ്ത്രപരമായി നിരപേക്ഷത പുലര്‍ത്തുന്ന ഈ പൊതു ഇടങ്ങളിലേക്ക് ആളുകള്‍ തിരികെ വരാന്‍ തുടങ്ങി.

എന്നാല്‍ ഹിന്ദുത്വയുടെ വരവോടെ ഈ പൊതു ഇടങ്ങളിലും പ്രത്യയശാസ്ത്രത്തിന്റെ പിടി മുറുകിത്തുടങ്ങി എന്ന് പറയാതിരിക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ടു ദശകങ്ങളായി പ്രഭാത-സായാഹ്ന സവാരി ശീലമാക്കിയ വ്യക്തിയാണ് ഈ ലേഖകന്‍. ഡല്‍ഹിയിലെ വിവിധ പൊതു ഉദ്യാനങ്ങളില്‍ നടക്കാന്‍ പോയിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍, മുന്‍പൊരിക്കലും കാണാത്ത രീതിയില്‍ കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങള്‍ക്കിടെ ഡല്‍ഹിയിലെ മിക്കവാറും പൊതു ഉദ്യാനങ്ങള്‍ ഹിന്ദുത്വവാദികളുടെ കൈപ്പിടിയില്‍ ആയിക്കഴിഞ്ഞിരിക്കുന്നു. ഡല്‍ഹി ഒരു പഴയ സുല്‍ത്താന്‍-മുഗള നഗരമായതിനാല്‍ മിക്കവാറും ഉദ്യാനങ്ങള്‍ എല്ലാം തന്നെ മുഗള സൃഷ്ടികളാണ്. കൊളോണിയല്‍ ഭരണം അവസാനിച്ച ശേഷം വന്ന സര്‍ക്കാരുകള്‍ ഈ ഉദ്യാനങ്ങളെ പരിരക്ഷിക്കുകയും വികസിപ്പിക്കുകയും പുതിയ ഉദ്യാനങ്ങള്‍ക്കു രൂപം കൊടുക്കുകയും ചെയ്തിരുന്നു. ഇടത്തരം കോളനികളിലും താഴ്ന്ന ഇടത്തരം കോളനികളിലും ഉള്ള പൊതു ഉദ്യാനങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടെയാണ് സജീവമായത്. മിക്കവാറും ആളുകള്‍ പിക്‌നിക്കിനു പോകുന്നതും മറ്റും വലിയ മുഗള ഉദ്യാനങ്ങളില്‍ ആയിരുന്നു. എന്നാല്‍ അത് ക്രമേണ സ്വന്തം പരിസരങ്ങളിലുള്ള ഉദ്യാനങ്ങളിലേയ്ക്ക് മാറി. അതിനു കാരണം ഈ ഉദ്യാനങ്ങളില്‍ നടന്ന നവീകരണപ്രവര്‍ത്തനങ്ങളാണ്. കൂടാതെ മേല്‍പ്പറഞ്ഞ വൈദ്യശാസ്ത്ര രംഗത്തിന്റെ വാണിജ്യവത്ക്കരണവും കമ്പോളത്തിനു യുവതയോടുള്ള ആഭിമുഖ്യവും.ഹിന്ദുത്വ വാദികള്‍ ക്രമേണ ഈ പൊതു ഇടങ്ങള്‍ പിടിച്ചെടുക്കുന്ന കാഴ്ചയാണ് നഗരങ്ങളില്‍ നാം കാണുന്നത്. വലിയ മുഗള ഉദ്യാനങ്ങളില്‍ എല്ലാം തന്നെ പുരാതനമായ മുസ്ലിം പള്ളികളോ കബറുകളോ ഉണ്ട്. യഥാര്‍ത്ഥത്തില്‍ ഇവയെ ചുറ്റിപ്പറ്റിയാണ് ഉദ്യാനങ്ങള്‍ ഉടലെടുത്തതും. മുഗളരാജാക്കന്മാര്‍ക്കു ഉദാത്തജീവിതത്തിനോടുള്ള ആഭിമുഖ്യത്തിന്റെ ഭാഗമായാണ് അവര്‍ ഉദ്യാനങ്ങള്‍ വെച്ച് പിടിപ്പിച്ചതും വിദേശ ചെടികളും മരങ്ങളും കൊണ്ടുനടുകയും ചെയ്തത്. താജ്മഹല്‍ ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമല്ല എന്ന് പറയുന്നവര്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച വൈസ്രോയി ഭവനമായ രാഷ്ട്രപതി ഭവന്റെ ഉള്ളിലെ മുഗള്‍ ഉദ്യാനത്തെക്കുറിച്ചു സൗകര്യപൂര്‍വം നിശബ്ദത പാലിക്കുന്നു. പൊതു ഉദ്യാനങ്ങളില്‍ കാണപ്പെടുന്ന പള്ളികള്‍ക്കെല്ലാം സമാന്തരമായി ഹിന്ദുത്വവാദികള്‍ ഒരു ഹനുമാന്‍ ക്ഷേത്രമോ രാമക്ഷേത്രമോ സ്ഥാപിക്കുന്നു. ചെറിയൊരു കല്ലില്‍ ഭഗ്വ അഥവാ കുങ്കുമ നിറം പൂശി വെച്ച് അതില്‍ ആരാധന ചെയ്തു കൊണ്ടാണ് തുടങ്ങുന്നത്. ക്രമേണ അതിനെ ചുറ്റിപ്പറ്റി ഒരു ചെറിയ ക്ഷേത്രം ഉണ്ടാകുന്നു. നടക്കാന്‍ വരുന്ന ഹിന്ദുമത വിശ്വാസികള്‍ അവിടെ വന്ന് ഒന്ന് കൈയെടുത്തു തൊഴുത്തിട്ടു പോകുന്നതോടെ അതിനു സാധുത ലഭിക്കുന്നു. ഇത്തരം ക്ഷേത്രങ്ങളെ പാരമ്പര്യത്തിന്റെ ഭാഗമാക്കിക്കൊണ്ട് അവിടെ ഒരു ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം തുടങ്ങുന്നു. ഇതോടെ ആ ഉദ്യാനത്തിന് വേറൊരു സ്വഭാവം വരുന്നു. ഈ ലേഖകന്‍ സംസാരിച്ച പല സുഹൃത്തുക്കളുടെയും അനുഭവത്തില്‍ അവരെല്ലാം അത്തരം ഉദ്യാനങ്ങളില്‍ പ്രഭാത സവാരി മതിയാക്കി വീട്ടിനു തൊട്ടടുത്തുള്ള ചെറിയ ഉദ്യാനങ്ങളിലേയ്ക്ക് മാറി എന്നാണു അറിയിച്ചത്.

ചരിത്രത്തിന്റെ ഒരു തമാശ എന്ന് വേണമെങ്കില്‍ പറയാം, ഇന്ന് ഈ നെയ്‌ബര്‍ഹുഡ് പാര്‍ക്കുകള്‍ അഥവാ വീട്ടിനടുത്തുള്ള ഉദ്യാനങ്ങളും ഹിന്ദുത്വ വാദികളുടെ പിടിയില്‍ പെട്ട് കഴിഞ്ഞു. വാര ദിനങ്ങളിലും വാരാന്ത്യങ്ങളിലും ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തകര്‍ കൊടി കുത്തി അവരുടെ പരിശീലങ്ങള്‍ നടത്തുന്നു. അതില്‍ കുഴപ്പമില്ല. പക്ഷെ അതിനു ശേഷം അവര്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചുകൊണ്ടു ആക്രാമകമായ രീതിയില്‍ ചില കളികള്‍ കളിയ്ക്കുന്നു. പന്ത് കളിയും എറിഞ്ഞു കളിയും ഒക്കെയാണെങ്കിലും ഓരോ ചുവടിലും അട്ടഹസിച്ചു കൊണ്ടും മുദ്രാവാക്യം വിളിച്ചു കൊണ്ടും അവര്‍ ഉദ്യാനത്തിന്റെ ഒരു വശം പിടിച്ചടക്കുന്നു. സമാധാനമായി നടക്കാന്‍ പോകുന്ന ഒരാളുടെ മനസ്സില്‍ ഇത് അസ്വസ്ഥത ഉളവാക്കുന്നു എങ്കില്‍ അതില്‍ അതിശയിക്കേണ്ടതില്ല.

പൊതു ഇടങ്ങളില്‍ ഹിന്ദുത്വയുടെ മറവിലൂടെ കടന്നു കയറിയ മറ്റൊരു വിഭാഗമാണ് ബാബാ രാംദേവിന്റെ യോഗ. ഇന്നിപ്പോള്‍ യോഗ അന്തരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ അമിതമായി വിശ്വസിക്കുന്നവരെല്ലാം തങ്ങളുടെ മോക്ഷം യോഗയിലൂടെയാണ് എന്ന് വിശ്വസിച്ചു പാര്‍ക്കുകളില്‍ എത്തുന്നു. ഈ പാര്‍ക്കുകളിലെല്ലാം രാംദേവ് ബാബയുടെ ആളുകളാണ്. അവര്‍ ആളുകളെ ആകര്‍ഷിച്ചു കൊണ്ട് പോയി എല്ലാ രോഗങ്ങള്‍ക്കും ഉള്ള പ്രതിവിധി യോഗയില്‍ ഉണ്ടെന്നു പറഞ്ഞു പരിശീലിപ്പിക്കുന്നു. അവരുടെ പക്കല്‍ ചെറിയ ടെലിവിഷനും മൈക്കും ഒക്കെയുണ്ട്. ഇരകള്‍ യോഗയില്‍ വീണെന്ന് മനസിലാക്കിയാല്‍ ഉടന്‍ തന്നെ അവര്‍ രോഗങ്ങള്‍ക്ക് രാംദേവ് ബാബയുടെ കമ്പനിയായ പതഞ്ജലി ഉണ്ടാക്കുന്ന പല പല ഔഷധങ്ങള്‍ വില്‍ക്കാന്‍ തുടങ്ങുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് ഉദ്യാനങ്ങളില്‍ നടക്കുന്ന യോഗ വിവിധതരം മരുന്നുകളുടെയും ഉപഭോഗ വസ്തുക്കളുടെയും റീടെയ്ല്‍ വിപണിയാണ്. യഥാര്‍ത്ഥ യോഗയും ഉദ്യാന യോഗയും ആയി യാതൊരു ബന്ധവുമില്ല. രാം ദേവ് ബാബാ മാത്രമല്ല ഹിന്ദുത്വയുടെ വേഷം ധരിച്ച പലതരം ബാബാമാര്‍ ഉദ്യാനങ്ങളില്‍ പ്രത്യക്ഷപ്പെടുകയും അവരുടെ യോഗിനിമാര്‍ നടക്കാന്‍ പോകുന്ന സാധു വീട്ടമ്മമാരെ പ്രലോഭിപ്പിച്ചു യോഗ ഗുരുക്കന്മാര്‍ക്കു മുന്നില്‍ എത്തിക്കുകയും ചെയ്യുന്നു.പ്രത്യയശാസ്ത്ര നിരപേക്ഷമായ ഇടങ്ങള്‍ നമ്മുടെ നാട്ടിലെ കുളങ്ങളെപ്പോലെ വിസ്തൃതി കുറഞ്ഞു നഷ്ടപ്രായമായിക്കൊണ്ടിരിക്കുന്നു. ആ ഇടങ്ങളിലെല്ലാം പ്രത്യയ ശാസ്ത്രത്തിന്റെ അഴുക്കുകള്‍ വന്നു നിറയുന്നു. ഈ അഴുക്കുകള്‍ ഭീഷണവും ആക്രാമകവും ആയിരിക്കുന്നു. യോഗയും ദൈവവിശ്വാസവും തെറ്റല്ല. പ്രകൃതിജീവനത്തെ സഹായിക്കുമെങ്കില്‍ അത് തന്നെയാണ് പിന്‍പറ്റേണ്ടതും. പക്ഷെ ഇന്ന് സംഭവിക്കുന്നത് പ്രത്യയശാസ്ത്രപരമായ അക്രമമാണ്. ചിലപ്പോള്‍ ഈ യോഗ-മാര്‍ക്കറ്റിങ് ഇടങ്ങളില്‍ ഈ ലേഖകന്‍ ചെന്ന് നിന്ന് ശ്രദ്ധിക്കാറുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന് തോന്നിക്കുന്ന ഭാവവുമായി ഒരു നിരക്ഷരന്‍ അബദ്ധങ്ങള്‍ വിളിച്ചു പറയുന്നു. ഇതൊക്കെ കേട്ട് ഏതു വിധേനയും അസുഖം മാറിയാല്‍ മതി എന്ന് പറഞ്ഞു അവിടെ പലരീതിയില്‍ ഇരിക്കുന്ന ആളുകള്‍ (ഇവര്‍ക്ക് തറയില്‍ വിരിക്കാന്‍ കൊടുക്കുന്നത് എവിടെ നിന്നോ ഒക്കെ പറിച്ചെടുത്ത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ആണ്). താങ്കള്‍ പറയുന്നത് അങ്ങിനെയല്ല ഇങ്ങനെയാണ് എന്ന് പലപ്പോഴും പറയാന്‍ തോന്നിപ്പോകും. ആക്രാമകമായ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ഹിന്ദുത്വവാദികളോട് ആ ശബ്ദങ്ങള്‍ ഇല്ലാതെയും കളിക്കാന്‍ കഴിയുമെന്ന് പറയാന്‍ തോന്നും. പക്ഷെ പറയില്ല, കാരണം, പറഞ്ഞാല്‍ പോയ രൂപത്തില്‍ തിരികെ വരാന്‍ കഴിയില്ല. സംഭാഷണങ്ങള്‍ അനുവദിക്കാത്ത, ഏകപക്ഷീയമായ പ്രത്യയശാസ്ത്രബോധമാണ് ഹിന്ദുത്വ. അതില്‍ യുക്തിയ്ക്ക് യാതൊരു ഇടവുമില്ല എന്നതാണ് യുക്തിപൂര്‍വം ചിന്തിക്കുന്നവരെ (യുക്തിവാദികളെ അല്ല ഉദ്ദേശിച്ചത്) അതില്‍ നിന്ന് മാറ്റി നിറുത്തുന്നത്. ബാബാ രാംദേവിനെ അംഗീകരിക്കുന്നവര്‍ അദ്ദേഹത്തിന്റെ യോഗായിലോ മാന്ത്രിക സിദ്ധിയിലോ വിശ്വസിച്ചു മാത്രമല്ല അത് ചെയ്യുന്നത്. അവര്‍ ഒരു വലിയ പ്രത്യയശാസ്ത്രബോധത്തില്‍ അബോധമായി പങ്കാളികള്‍ ആവുകയാണ്. വൈരുധ്യങ്ങള്‍ അവരെ അലട്ടുന്നില്ല. താത്കാലിക ആശ്വാസങ്ങളും ദേശീയതയിലെ അംഗത്വവും അവരെ തൃപ്തിപ്പെടുതുന്നു. അവര്‍ തന്നെയാണ് പ്രത്യയശാസ്ത്ര നിരപേക്ഷമായ പൊതു ഇടങ്ങളെ പ്രത്യയശാസ്ത്രങ്ങള്‍ക്കു അടിയറ വെയ്ക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories