TopTop
Begin typing your search above and press return to search.

ഹൈക്കോടതിയുടെ കന്യാചര്‍മ്മ പരിശോധനകള്‍

ഹൈക്കോടതിയുടെ കന്യാചര്‍മ്മ പരിശോധനകള്‍

ഹിന്ദു സംരക്ഷണ സമിതിയുടെ ബൈഠക്കാണോ അതോ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നീതിവ്യവസ്ഥയുടെ നടത്തിപ്പാണോ എന്ന ന്യായമായ സംശയം തോന്നാവുന്ന തരത്തിലാണ് ഹാദിയ ഹേബിയസ് കോര്‍പസ് കേസിലെ കേരള ഹൈക്കോടതിയുടെ വിധി. അഖില എന്നു പേരുണ്ടായിരുന്ന ഹിന്ദു മതക്കാരിയായ യുവതി ഇസ്ലാം മതം സ്വീകരിച്ച് നടത്തിയ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതിയോ സാന്നിധ്യമോ ഇല്ലാത്തതിനാല്‍ അവരെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തിക്കാന്‍ നിര്‍ദേശം നല്കിയിരിക്കുന്നു കോടതി. ഹോമിയോ ഡോക്ടറായ ഹാദിയക്ക് 23 വയസ് പ്രായമുണ്ട്. അതായത് വോട്ടവകാശമുള്ള, പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൌര. ഹൈക്കോടതി ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കല്യാണം കഴിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണോ ഉള്ളത് അതൊക്കെത്തന്നെയെ ഹാദിയക്കും വേണ്ടൂ.

ഹൈക്കോടതി പ്രത്യക്ഷത്തില്‍ ലംഘിച്ച, ഒരു പൌരന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ഘോഷയാത്രയാണ് ഈ കേസിലെ ഉത്തരവ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍, ആരാധനാക്രമം പുലര്‍ത്താന്‍, അഭിപ്രായം രേഖപ്പെടുത്താന്‍, സ്വതന്ത്രമായ ജീവിതം ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ഇതിനൊക്കെയുള്ള ഒരു പൌരന്റെ അവകാശങ്ങളെക്കുറിച്ച് നിരവധിയായ സുപ്രീം കോടതി വിധികള്‍ വന്നിട്ടുണ്ട്. വിവാഹത്തിനുള്ള അവകാശം ജീവിക്കാനുള്ള മൌലികാവകാശത്തിന്റെ ഭാഗമാണെന്ന് പല തവണ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു വിധിയും നോക്കാതെ, ആര്‍ക്കും മനസിലാകുന്ന തരത്തില്‍ ഇതൊക്കെ ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ട്. കുടുംബം, ജീവിത പങ്കാളി, മതവിശ്വാസം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ചാര്‍ട്ടറിലെ അവിഭാജ്യ ഘടകം കൂടിയാണ്. എന്നാല്‍ കേസ് കേള്‍ക്കുന്ന സമയത്ത് കോടതി ഇതൊന്നും പരിഗണിച്ചതേയില്ല എന്നാണ് കരുതാനാവുക.

പ്രായപൂര്‍ത്തിയായ ഒരു പൌരന് തനിക്കിഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ മറ്റാരുടെയും സമ്മതം ആവശ്യമില്ല. അതില്‍ കൈകടത്താനും വിധിക്കാനും ഹൈക്കോടതിക്കോ ഭരണകൂടത്തിനോ തരിമ്പും അവകാശമില്ല. നാട്ടിലെ തര്‍ക്കം തീര്‍പ്പാക്കുന്ന അംശം അധികാരിയുടെ പ്രേതബാധയല്ല ഭരണഘടന നിലവിലുള്ള നാട്ടില്‍, അതനുസരിച്ച് ജീവിക്കുന്നവര്‍ തങ്ങള്‍ക്ക് മുമ്പാകെ വരുമ്പോള്‍ ന്യായാധിപന്മാര്‍ പുലര്‍ത്തേണ്ടത്. വിധി പറയുന്ന നേരത്തെങ്കിലും ടി കക്ഷികള്‍ ബുദ്ധിയും ബോധവും നിയമപരിജ്ഞാനവും അഭിനയിക്കേണ്ടതായിട്ടുണ്ട്.

ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കോടതിക്ക് ചെയ്യാനുള്ളത് അതില്‍ പറഞ്ഞ വ്യക്തിയെ കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുക എന്നതാണ്. അയാള്‍ ഭരണകൂടത്തിന്റെ അന്യായ തടങ്കലിലോ മറ്റേതെങ്കിലും തരത്തില്‍ നിര്‍ബന്ധപൂര്‍വം തടഞ്ഞുവെക്കപ്പെട്ടിരിക്കുകയോ അല്ല എന്നു ഉറപ്പാക്കുകയാണ്. അയാള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ലഭിക്കുന്നുണ്ട് എന്നുറപ്പാക്കുകയാണ്. ഇത് ആ വ്യക്തിയോട് കൂടി ചോദിച്ച്, മറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പാക്കിയാല്‍ പിന്നെ ആ വ്യക്തിയെ ആവശ്യമായ സംരക്ഷണത്തോടെ അയാളുടെ ഇഷ്ടത്തിന് വിടേണ്ട കടമ കോടതിക്കുണ്ട് (അയാള്‍ നിയമപ്രകാരം തടങ്കലില്‍ വയ്ക്കപ്പെടേണ്ട കുറ്റവാളി അല്ലെങ്കില്‍).

ഇവിടെ കോടതി അതിന് ഒരുതരത്തിലും ഇടപെടാന്‍ അവകാശമില്ലാത്ത ഒരു വിഷയത്തിലാണ് തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്. അതായത് പ്രായപൂര്‍ത്തിയായ ഒരു ഇന്ത്യന്‍ പൌരന് വിവാഹം കഴിക്കാന്‍ (ഈ സംഭവത്തില്‍ അവര്‍ പ്രത്യേക വിവാഹ നിയമം അനുസരിച്ചാണ് വിവാഹം കഴിച്ചതെന്നുകൂടി ഹാദിയയുടെ ഭര്‍ത്താവ് പറയുന്നുണ്ട്) എന്തിനാണ് മാതാപിതാക്കളുടെ സമ്മതം? ആ വിവാഹം സാധുവാണോ അല്ലയോ എന്നത് വിവാഹത്തിലെ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മാത്രം സംഗതമായ ഒന്നാണ്. അത് അവരിലൊരാള്‍ ഉന്നയിക്കാത്തിടത്തോളം കാലം വിവാഹ സാധുതയെക്കുറിച്ച് കോടതി ചിന്തിക്കേണ്ടതേയില്ല. കാരണം വിവാഹം കഴിച്ചില്ലെങ്കിലും പ്രായപൂര്‍ത്തിയായ രണ്ടു സ്ത്രീ പുരുഷന്‍മാര്‍ക്ക് ഒന്നിച്ചു താമസിക്കാനും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും സിനിമ കാണാന്‍ പോകാനും ബോബനും മോളിയും ഹൈക്കോടതി വിധികളുമൊക്കെ വായിച്ചു രസിക്കാനും സര്‍വ അധികാരാവകാശങ്ങളും ഈ രാജ്യത്തുണ്ട്. സുപ്രീം കോടതി തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ കോടതിക്കതിലെന്താണ് കാര്യം?

ഇനി മതംമാറ്റം. 23 വയസായ ഒരാള്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്ന് പറഞ്ഞാല്‍ അതില്‍ കോടതിക്കെന്താണ് അന്വേഷിക്കാനുള്ളത്? അവര്‍ കോടതിയില്‍ ആ മൊഴി നല്കിയത് ഭീഷണിയും ജീവഭയവും മൂലമാണെന്ന് സംശയം തോന്നിയാല്‍ തീര്‍ച്ചയായും അന്വേഷിക്കാം. പക്ഷേ അവരെ അതിനു പ്രേരിപ്പിച്ച യുക്തികളെപ്പറ്റി കോടതിക്ക് സംശയമുന്നയിക്കാന്‍ അധികാരമില്ല. യാതൊരുവിധ യുക്തിയുമില്ലാത്ത, സാമൂഹ്യ-സാമ്പത്തിക അധികാര പ്രയോഗങ്ങളുടെ, ചൂഷണത്തിന്റെ മറുപകര്‍പ്പായ മതം എന്ന അസംബന്ധ നാടകത്തില്‍ ഒന്ന് വേഷം മാറി നോക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യ നാഗരികതയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തില്‍ പെടുന്നതാണ്. അത് 'പെരുച്ചാഴി' കാണണോ 'കൂതറ' കാണണോ എന്ന പ്രേക്ഷകന്റെ തെരഞ്ഞെടുപ്പ് പോലെ ഒന്നാണ്. ഭരണഘടന നല്‍കുന്ന അവകാശം. അതില്‍ കോടതിക്കെന്ത് കാര്യം?

ഇസ്ലാം മതം സ്വീകരിച്ച ഒരാള്‍ ഉടന്‍ തന്നെ സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തയ്യാറെടുക്കും എന്ന് ആരാണ് കോടതിയെ പഠിപ്പിച്ചത്? അത്തരത്തിലൊരു സംശയത്തിന്റെ പേരില്‍ ഒരു സ്ത്രീയെ അവരുടെ ഭര്‍ത്താവില്‍ നിന്നും അകറ്റി നിര്‍ത്താന്‍ എന്തു തെളിവാണ് കോടതിയുടെ കയ്യില്‍ കിട്ടിയത്? അവരുടെ ഭര്‍ത്താവ് ആരോപിക്കും പോലെയാണെങ്കില്‍, ഹാദിയ തന്നെ കത്തില്‍ പറയുന്ന പോലെയാണെങ്കില്‍, കോടതിനിര്‍ദേശപ്രകാരം അവരെ പാര്‍പ്പിച്ച കേന്ദ്രത്തില്‍ അവര്‍ നേരിട്ട പരിശോധനകള്‍ എന്തടിസ്ഥാനത്തിലായിരുന്നു? ആരാണതിന് ഉത്തരം പറയേണ്ടത്?

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുമോ ഇല്ലയോ എന്നു പ്രത്യക്ഷത്തിലോ പരോക്ഷമായോ ഉള്ള സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട ബാധ്യത ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മുസ്ലീമിനിന്നുണ്ട് എന്നാണ് കോടതി ഈ വിധിയിലൂടെ ധ്വനിപ്പിക്കുന്നത്. ആയിരക്കണക്കിന് മുസ്ലീങ്ങളാണ് വര്‍ഗീയ ലഹളകളില്‍, ഏകപക്ഷീയമായ വംശഹത്യകളില്‍ സ്വതന്ത്ര ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. അതിലൊക്കെ ആര്‍എസ്എസിനും സംഘപരിവാറിനും ഹിന്ദു ഭീകരവാദികള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും പങ്കുമുണ്ടായിരുന്നു എന്ന് എക്കാലത്തും ആരോപണങ്ങളും അന്വേഷണ റിപോര്‍ട്ടുകളുമുണ്ട്. എന്നിട്ടും മക്കളെ ആര്‍എസ്എസുകാര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കരുതെന്ന് കോടതികള്‍ ഇണ്ടാസിറക്കിയതായി അറിയില്ല. അപ്പോള്‍ ഹിന്ദുത്വ വാദത്തിന്റെ മൂശയിലാണ് ഇത്തരത്തിലുള്ള ധാര്‍മികതയുടെ വിധിന്യായങ്ങള്‍ വാര്‍ത്തെടുക്കുന്നത്. ഇസ്ലാമിലേക്ക് മതം മാറിയെന്നാല്‍ ഭീകരവാദത്തിലേക്ക് മതം മാറി എന്ന ഇസ്ലാംവിരുദ്ധതയുടെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരണത്തിന്റെ യുക്തിയാണ് ഈ വിധിയെ നയിച്ചിരിക്കുന്നത്.

ഇസ്ളാമിക നിയമ പ്രകാരം വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം/സാന്നിധ്യം വേണമെന്ന് ഉത്തരവിന് ന്യായമായി കോടതി പറയുന്നുണ്ട്. അപ്പോള്‍ മകളുടെ വിവാഹം നടത്തണ്ട എന്ന് മാതാപിതാക്കള്‍ നിശ്ചയിച്ചാല്‍ ഹൈക്കോടതി നടത്തിക്കൊടുക്കുമോ? തര്‍ക്കിക്കാനും എന്തെങ്കിലും കുയുക്തി ഉണ്ടാകണം വിധിന്യായത്തില്‍!

ഞാന്‍ എനിക്കിഷ്ടമുള്ള ആളെ വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ആ സ്ത്രീ പറയുന്നതോടെ യോഗം പിരിച്ചുവിട്ടിരിക്കുന്നു, ബാക്കിയെല്ലാവരും വീട്ടില്‍ പൊയ്ക്കൊളൂ, അടുത്ത കേസ് വിളിക്കൂ എന്ന് പറയേണ്ട കോടതിയാണ് ഇപ്പോള്‍ പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ലംഘിച്ചുകൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് അയച്ചിരിക്കുന്നത്. നമ്മള്‍ ഏതു നാട്ടിലാണ് ജീവിക്കുന്നത്? ഖാപ് പഞ്ചായത്താണോ ഇവിടെ വിധി പറയുന്നത്?

ഒരാള്‍ ഇസ്ലാമിലേക്ക് മതം മാറുകയും അയാളുടെ മാതാപിതാക്കള്‍ ഹിന്ദുക്കളായി തുടരുകയും ചെയ്താല്‍ പിന്നെ ഇസ്ളാമിക നിയമപ്രകാരമുള്ള വിവാഹത്തില്‍ അവരുടെ സമ്മതം എങ്ങനെയാണ് സാധുവാകുന്നത്? ഇസ്ളാമിക നിയമം എങ്ങനെയാണ് മാതാപിതാക്കള്‍ക്ക് ബാധകമാകുന്നത്? സ്വന്തം ഇഷ്ടപ്രകാരം മതം മാറിയ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനാകില്ലേ? ഹിന്ദു സ്ത്രീകള്‍ കുടുംബത്തോടെയല്ലാതെ ഇസ്ലാം മതം സ്വീകരിക്കരുത് എന്നാണോ പറയുന്നത്? വാസ്തവത്തില്‍ ഹൈക്കോടതി എന്ത് നിയമം നോക്കിയാണ് ഈവക വിധിന്യായങ്ങള്‍ എഴുതുന്നത്?

സമൂഹത്തിലെ നിലനില്‍ക്കുന്ന സകല ജീര്‍ണതകളെയും വിധികളിലും കോടതികളിലെ നിരീക്ഷണങ്ങളിലും അതേപടി പകര്‍ത്തി വയ്ക്കുന്ന ന്യായാധിപന്‍മാര്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ദിവസങ്ങളോളം അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായ, ചുട്ടുപൊള്ളുന്ന പനിയും ജനനേന്ദ്രിയത്തിലെ പഴുപ്പുമായി അടച്ചിട്ട മുറികളിലെ മച്ചുകള്‍ക്ക് പോലും ലിംഗങ്ങളുണ്ടെന്ന് ഭയന്ന് നിലവിളിച്ചിരുന്ന, അപ്പോഴും പെരുന്നയില്‍ നിന്നും കുമളിയിലേക്കുള്ള കാറോട്ടമത്സരത്തിന്റെ സമയക്കണക്കും, നായന്‍മാരുടെ പോപ്പിന്റെ സാക്ഷ്യവും പറഞ്ഞ് ജനസ്മൃതിനാശത്തിന്റെ ശൂന്യതയില്‍ ഒളിക്കാന്‍ കഴിവുള്ളവരും ഭാവിയില്‍ ജനാധിപത്യത്തിന്റെ സഭാനടപടികളെ നിയന്ത്രിക്കേണ്ടവരുമായ തടിയന്‍മാര്‍ ആക്രമിച്ചുകൊണ്ടിരുന്ന, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നും അവള്‍ 'ബാലവേശ്യ'യാണെന്നും പറഞ്ഞ അധമന്‍മാരും ഹൈക്കോടതി ന്യായാധിപന്‍മാരായി വിരമിച്ചിട്ടുണ്ട്. അതുകൊണ്ടു ഇതൊക്കെ ജനം പ്രതീക്ഷിക്കുന്നുണ്ട്.

പക്ഷേ, ഇതിപ്പോള്‍ ഒരു കീഴ്വഴക്കം ഉണ്ടാക്കലായി. അതായത് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതം കൂടാതെ വിവാഹം കഴിക്കാന്‍ പാടില്ല, ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി ഇസ്ലാമായാല്‍ ഉടനെ 'നീ സിറിയയിലേക്ക് ആടുമേക്കാന്‍ പോവുകയാണോ' എന്ന് ചോദിച്ച് പൊലീസ് രമണന്‍മാര്‍ വരും. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സ്വന്തമായി എവിടെ താമസിക്കണം എന്ന് നിശ്ചയിക്കാനാകില്ല. ഇതൊക്കെയാണ് ഈ ഹൈക്കോടതി ഉത്തരവ് ബാക്കിവെക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഭരണഘടനയിലെ പൌരാവകാശങ്ങളും ഈ വിധിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ.

രാജ്യത്തു ലവ് ജിഹാദ് നടക്കുന്നു എന്ന സംഘ പരിവാറിന്റെ കുപ്രചരണം വെള്ളം ചേര്‍ക്കാതെ വിഴുങ്ങിയ മാധ്യമങ്ങള്‍ നമുക്കുണ്ട്. ഇങ്ങനെ ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ച് മതം മാറ്റി ഇസ്ലാം വളര്‍ത്തുന്ന പദ്ധതി ആവിഷ്കരിച്ചവന് ഒരു സുലൈമാനിയും ഉള്ളിവടയും കൊടുക്കണം. വേറൊരു വഴിയും കണ്ടില്ല! ഇതേ ലവ് ജിഹാദ് യുക്തിയിലാണ് കോടതി ഹാദിയയെ സകല മനുഷ്യാവകാശങ്ങളെയും ലംഘിച്ചുകൊണ്ട് പീഡിപ്പിച്ചത്.

ഇസ്ലാം വിരുദ്ധത ഒരു ഭരണകൂട അജണ്ടയായി മാറുന്ന ഒരു കാലത്ത് ഇത്തരം വിധികളും സദാചാര സംശോധന പ്രക്രിയകളും കോടതി പോലൊരു സ്ഥാപനം വഴി വരുമ്പോള്‍ അതുയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല. പശുക്കച്ചവടക്കാരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് ഒരു സ്വാഭാവികമായ പ്രതികരണമായി സ്വീകരിക്കപ്പെടുന്ന ഒരു സമൂഹമായി നാം മാറിയിയിട്ടുണ്ട്. ദേശീയഗാനം സിനിമ പ്രദര്‍ശന ശാലകളില്‍ കേള്‍പ്പിക്കണമെന്നും അപ്പോള്‍ ജനം എഴുന്നേറ്റുനിന്നു ദേശഭക്തി ഒന്നുകൂടി വര്‍ദ്ധിപ്പിക്കണമെന്നും നാട്ടിലെ സുപ്രീം കോടതി പറയുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. അപ്പുറത്ത് സങ്കുചിത ഹിന്ദുത്വ ദേശീയത, ഭരണകൂട ഭീകരതയായി രൂപം മാറുമ്പോഴാണ് ഈ വിധികളൊക്കെയെന്നത് യാദൃശ്ചികമല്ല.

എന്തിനാണ് ഒരാള്‍ ഇസ്ലാമാകുന്നത് എന്നത് അയാള്‍ തീരുമാനിക്കേണ്ട ഒന്നാണ്. അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് എല്ലാ മതങ്ങളും. നിലനില്‍ക്കുന്ന അധികാര സ്വരൂപങ്ങളെയും ചൂഷണത്തെയും ദൈവവിശ്വാസമെന്ന അസംബന്ധത്തിലേക്ക് ക്രമബദ്ധവും ശ്രേണീബദ്ധവുമായി കൂട്ടിച്ചേര്‍ത്താണ് അത് രൂപം കൊള്ളുന്നത്. ജാതിവ്യവസ്ഥ പോലുള്ള സാമൂഹ്യമായ ചൂഷണങ്ങളും കൊളോണിയല്‍ അധിനിവേശങ്ങളും വരെ ഈ ചട്ടക്കൂടില്‍ കയറിക്കോളും. ജനാധിപത്യ വിരുദ്ധതയാണ് അവയുടെ അടിസ്ഥാന സ്വഭാവം. പുരുഷ മേധാവിത്തമാണ് അതിന്റെ ഘടന. സ്ത്രീവിരുദ്ധതയാണ് അവയുടെ പ്രകടമായ ബലപ്രയോഗങ്ങളിലൊന്ന്.

ഇസ്ലാമും ഈ സ്ത്രീവിരുദ്ധതയെ, സ്ത്രീകളുടെ ജനാധിപത്യാവകാശ നിഷേധത്തെ ഏറ്റവും ഹീനമായ രീതിയില്‍ പ്രകടിപ്പിക്കുന്ന ഒരു മതമാണ്. ഇസ്ലാം ഒരു രാഷ്ട്രീയ പ്രയോഗമായ എല്ലാ രാജ്യങ്ങളിലും സ്ത്രീകളുടെ സാമൂഹ്യ സ്വാതന്ത്ര്യം രണ്ടാം തരം പൌരന്റെതാണ്. മറ്റ് മതക്കാരെ വിവാഹം കഴിച്ച മുസ്ലീം സ്ത്രീയോട്, 'നിനക്കു സ്വര്‍ഗത്തില്‍ പോണ്ടേ പെണ്ണേ' എന്നും 'വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നീ മറന്നോ' എന്നുമൊക്കെ നീട്ടിവിളിച്ചു ചോദിച്ചവര്‍ ഇപ്പോള്‍ പൌരന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വാദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഹാ, കാലമേ! എന്നാരും പറഞ്ഞുപോകും. പക്ഷേ അത് മറ്റൊരു വിഷയമാണ്. അത്തരമൊരു മതത്തില്‍ ചേരാനും ആളുകള്‍ക്ക് അവകാശമുണ്ട്. എന്റെ മതം കൂടുതല്‍ മെച്ചവും നീ വിശ്വസിക്കുന്ന ദൈവം ഇല്ലാത്ത ദൈവവും എന്റെ ദൈവം ബാഹുബലിയും ആണെന്ന വാദത്തില്‍ നിലനില്‍ക്കുന്ന ഈ സര്‍വമതാന്ധതയില്‍ അങ്ങനെ പലതും നടക്കുന്നുണ്ട്. അതൊന്നും കോടതിയുടെ ആകുലതയാകേണ്ട കാര്യമല്ല.

പൌരാവകാശങ്ങളെ കാറ്റില്‍ പറത്തിയ ഈ ഹൈക്കോടതി വിധിക്കെതിരെ ജനകീയമായ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്. പൌരാവകാശങ്ങള്‍ നിശ്ചയിക്കേണ്ടത് അഭിഭാഷകരും ന്യായാധിപനും കൂടിയാലോചിച്ചല്ല. പൌരസമൂഹത്തിന്റെ നിരന്തരമായ ഇടപെടലുകളാണ് നീതിപീഠത്തെ, നീതിയുടെ മാനവികമായ വ്യാഖ്യാനപീഠത്തില്‍ ഉറച്ചിരിക്കാന്‍ നിര്‍ബന്ധിതമാക്കേണ്ടത്. അതില്ലെങ്കില്‍ സ്വേച്ഛാധികാരത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും ചുറ്റികയുമായാകും കോടതികള്‍ നിയമം വ്യാഖ്യാനിക്കുക. കോടതികള്‍ക്ക് നീതിയോട് സ്ഥിരമായൊരു പ്രതിബദ്ധതയുണ്ടാകണമെന്ന് വാശി പിടിക്കരുത്. അതാതുകാലത്തെ രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങള്‍ രൂപപ്പെടുത്തുന്ന നീതിയുടെ കാഴ്ച്ചപ്പാടുകളെ അവിടെ സ്വാധീനിക്കപ്പെട്ടേക്കാം. അപ്പോള്‍ ആ കാഴ്ച്ചപ്പാടുകളാകട്ടെ, ആ സമൂഹത്തിലെ അധീശവര്‍ഗത്തിന്റെ ബോധത്തിന്റെ പ്രതിഫലനവുമായിരിക്കും. ആ ബോധത്തിനെതിരെ ബദല്‍ മൂല്യബോധത്തിന്റെ, നീതിബോധത്തിന്റെ, രാഷ്ട്രീയ ബോധത്തിന്റെ ചുഴിമലരികള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കുക എന്നതാണ് ഈ അധീശബോധത്തിന്റെ എതിര്‍പക്ഷത്തുനില്‍ക്കുന്ന രാഷ്ട്രീയ സമൂഹം ചെയ്യേണ്ട നിരന്തര കടമ.

കേരള ഹൈക്കോടതിയുടെ ഈ വിധി, രാജ്യത്തു നിലനില്‍ക്കുന്ന ജനാധിപത്യസ്ഥാപനങ്ങളെ ആകെ വിഴുങ്ങുന്ന ഹിന്ദുത്വ ഭീകരതയുടെ ഇരുട്ടിന്റെയും അതിന്റെ പ്രചാരണ തന്ത്രങ്ങളിലെ മുഖ്യ അജണ്ടയായ മുസ്ലീം വിരുദ്ധതയുടെയും രാഷ്ട്രീയത്തോട് ഭയാനകമായ വിധത്തില്‍ ചേര്‍ന്ന് നില്ക്കുന്നു എന്ന് തിരിച്ചറിയുക എന്നത് ഈ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമാണ്. ആ രാഷ്ട്രീയം കോടതിയുടെ ദയാദാക്ഷിണ്യത്തിനായി അപ്പീല്‍ നല്‍കി കാത്തിരിക്കാനുള്ളതല്ല; തെരുവുകളില്‍ ഉറക്കെ പറയാനുള്ളതാണ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories