TopTop
Begin typing your search above and press return to search.

ഗ്ലാസ്സിലെ നുരയും പ്ളേറ്റിലെ കറിയും അഥവാ സ്ത്രീകൾ മദ്യപിച്ചാല്‍ ആര്‍ക്കാണ് പ്രശ്നം?

ഗ്ലാസ്സിലെ നുരയും പ്ളേറ്റിലെ കറിയും അഥവാ സ്ത്രീകൾ മദ്യപിച്ചാല്‍ ആര്‍ക്കാണ് പ്രശ്നം?

ഭരണഘടന വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ജനാധിപത്യരാജ്യത്ത് ഏതൊരു പൗരനും തന്റെ വിശ്രമവേളകൾ ആനന്ദപ്രദമാക്കുന്നത് അവൻറെ വ്യക്തിസ്വാതന്ത്രത്തിന്റെ ഭാഗമാണ്. യാത്രകൾ, മദ്യപാനം, സിനിമ അങ്ങനെ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഉള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തന്നെ അതിൽ തന്നെ ലിംഗവിവേചനം സംഭവിക്കാറുണ്ട്; മദ്യപാനത്തിന്റെ കാര്യത്തിലാണെങ്കിൽ പ്രത്യേകിച്ചും. സദാചാരവിരുദ്ധതയെന്ന അവകാശപ്പെടലിൽ നിന്നാണ് ഈ ലിംഗ വിവേചനത്തിന്റെ തുടക്കം.

കേരളത്തിൽ മദ്യപാനം പുരുഷന്മാരുമായി മാത്രം ബന്ധപെട്ടതാണെന്നാണ് പൊതുവിലെ ധാരണ. സ്വന്തം പോക്കറ്റും ശരീരവും താങ്ങുമെങ്കിൽ പിന്നെ സ്ത്രീകളും മദ്യപിച്ചാൽ എന്ത് എന്ന ചോദ്യത്തിനു മുമ്പിൽ പാരമ്പര്യത്തിന്റെ അവകാശപ്പെടലുകൾക്ക് അപ്പുറത്തേക്ക് നിരത്തപ്പെടുന്ന ന്യായീകരണങ്ങളും നിരവധിയാണ്. പെണ്‍കുട്ടികള്‍ ബിയര്‍ ഉപയോഗിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നെന്നും അവരുടെ മദ്യപാനം പേടിപ്പെടുത്തുവെന്നുമുള്ള ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവന ഈ ഇടക്കാലത്ത് വലിയ തോതിൽ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ പരീക്കറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ട്വിറ്ററില്‍ #GirlsWhoDrinkBeer എന്ന ഹാഷ്ടാഗോടെ സ്ത്രീകള്‍ ബിയര്‍ കുടിക്കുന്നതും ബിയര്‍ ബോട്ടിലുമായി നില്‍ക്കുന്നതുമായ ഫോട്ടോകള്‍ സ്ത്രീകൾ തന്നെ പോസ്റ്റ് ചെയ്ത് വലിയ തരത്തിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു.

എന്നിരുന്നാലും കുലസ്ത്രീ സങ്കല്പങ്ങൾക്കിടയിൽ സ്വന്തമായി മദ്യം വാങ്ങാന്‍ വരിയില്‍ നില്‍ക്കുന്ന, ബാറിൽ കയറി മദ്യപിക്കുന്ന സ്ത്രീകളെ 'മോശക്കാരി'യായി ചിത്രീകരിക്കാനാണ് നമ്മൾ മലയാളികൾക്ക് ഇഷ്ടം. അതിൽ നിന്നാണ് അവൾക്കു നേരെ കുത്തഴിഞ്ഞവളെന്ന പേരും, ആസക്തനോട്ടങ്ങള്‍ക്കുള്ള ചരക്ക് എന്ന വിശേഷണവും ഉയർത്തെഴുന്നേൽക്കുന്നത്. ആണിനും പെണ്ണിനും ലഭിക്കുന്ന പൊതു-സ്വകാര്യ മണ്ഡലങ്ങളുടെ കൃത്യമായൊരു വേര്‍തിരിവിൽ നിന്നാണ് ഒട്ടുമിക്ക പെൺകുട്ടികളുടെയും ആദ്യത്തെയും അവസാനത്തെയും മദ്യപാന ഇടങ്ങൾ ഹോസ്റ്റൽ മുറികൾ ആയി മാറുന്നതും, തുറിച്ചു തോട്ടങ്ങളുടെ പുരുഷ കണ്ണുകളെ ഭയന്ന് അത്തരം താത്പര്യങ്ങളെ അവർ ഹോസ്റ്റൽ മുറികളിൽ തന്നെ അടക്കം ചെയ്യുന്നതും.

ലിംഗവിവേചനത്തിന്റെ 'അരുത്' ബോധങ്ങൾക്കും, നിയന്ത്രണമനോഭാവത്തിനും അപ്പുറം മദ്യപാനികളും അല്ലാത്തവരുമായ ആളുകളുടെ തുല്യതയോടെയുള്ള, ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം എന്ന ചിന്ത ഇവിടെ ഉണ്ടായിരുന്നെങ്കിൽ മദ്യപാനം സ്ത്രീകൾക്കും എന്ന ആശയം എന്നേ തന്നെ നമ്മൾ സമത്വപരമായി അംഗീകരിച്ചേനെ. അല്ലെങ്കിൽ ഈ അവകാശപ്പെടുന്ന പാരമ്പര്യത്തിന് പുറകിലേക്ക് ഒന്നു പോയി നോക്കൂ. നിങ്ങളുടെ അവകാശപ്പെടലിൽ എന്ത് യുക്തിയാണ് കാണാൻ സാധിക്കുന്നത്?

ഒരു സംശയനിവാരണത്തിന്റെ ഭാഗമായി നമുക്ക് ചരിത്രത്തിലേക്കു തന്നെ ഒന്ന് തിരിച്ചു പോയി നോക്കാം. അറുപത്തിനാലു കലകളിലേക്ക്. ഗീതം, വാദ്യം, നൃത്യം തുടങ്ങി ഛന്ദോജ്ഞാനം (വൃത്തശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവ്) ക്രിയാകല്‍പ്പം (വ്യാകരണം, അലങ്കാരം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അറിവ്)എന്നു തുടങ്ങി സങ്കീര്‍ണ ശാസ്ത്രങ്ങള്‍ വരെയുള്ള അറിവുകള്‍. അറുപത്തിനാലു കലകളും അറിയുന്ന സ്ത്രീയായിരിക്കുക അല്ലെങ്കില്‍ പുരുഷനായിരിക്കുക എന്നത് സൂത്രകാലത്ത് പ്രയത്നവും ജ്ഞാനവും ആവശ്യപ്പെടുന്ന ഒന്നായിരുന്നു. അതില്‍ ഇരുപത്തിനാലാമത്തേത് പാനകാദിയോജനം എന്നു പറയുന്ന പാനകം, രസം, രാഗം, ആസവം എന്നിവയുടെ നിര്‍മാണമാണ്. കോക്ക്ടെയിൽ മിക്സ് ചെയ്യുന്നതിന്റെ പ്രാക് രൂപമായിരിക്കണം.

ചരകസംഹിത എന്തു പറയുന്നുവെന്ന് നോക്കട്ടെ. ധാന്യങ്ങള്‍, പഴങ്ങള്‍, കിഴങ്ങുകള്‍, മരങ്ങളുടെ കാതല്‍, പൂക്കള്‍, തണ്ടുകള്‍, ഇല, തൊലി എന്നിവയില്‍ നിന്നും പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന പുളിപ്പിച്ച കൂട്ടാണ് ആസവങ്ങള്‍. ഫെർമെന്റേഷനും ഡിസ്റ്റിലേഷനുമെന്ന വാറ്റ് സങ്കേതം ആണിത്. ആസവം എന്ന പേര് സൂചിപ്പിക്കുന്നത് ആസൂതം അഥവാ പുളിപ്പിക്കപ്പെട്ടത് എന്നതാണ്. പുരാണങ്ങള്‍ പലതും സോമക്രീഡകളാല്‍ പുഷ്കലങ്ങളാണ്. അതിനാൽ സ്ത്രീപുരുഷ ഭേദമന്യേ പൌരാണിക ജീവിതവും അങ്ങനെ തന്നെയായിരിക്കണമെന്ന് അനുമാനിക്കാവുന്നതാണ്.

https://www.azhimukham.com/liquor-prohibition-gender-masculinity-representation-media-gendered-space-morality-women-victims-consumption-kerala-government-policy/

സമീപഭൂതകാലത്തും ആ പാരമ്പര്യമുണ്ടായിരുന്നിരിക്കണം എന്നു തന്നെ കരുതപ്പെടുന്നു. കള്ള് ഡോപ്പിങ്ങ് ഡ്രഗ്ഗായി അല്ലെങ്കില് സ്ത്രീകള്‍ക്കുള്ള ഉത്തേജകമായി കേരളത്തില്‍ ഉപയോഗിച്ചിരുന്നു. അതിനും വകഭേദങ്ങളുണ്ടായിരുന്നു. താമരയല്ലി ചേര്‍ത്ത ഇളംകള്ളായിരുന്നു ഏറ്റവും സ്ട്രൈക്കിങ്ങ് ആയ ഉത്തേജകം. കാര്‍ത്തികപ്പള്ളി ശാസനഭാഷയില്‍ വശംവദകളാക്കാന്‍ ഉപയോഗിച്ചിരുന്ന ലിക്വിഡ് ബോംബ്! കള്ളപ്പമുണ്ടാക്കാന്‍ കൊണ്ടുവരുന്ന കള്ളിലല്‍പ്പം കഴിക്കുന്നതോ അല്‍പ്പം വീഞ്ഞു കഴിക്കുന്നതോ വലിയ കാര്യമൊന്നുമായിരുന്നില്ല. പിന്നെ എപ്പോഴാണ് മദ്യത്തിന് സ്ത്രീജീവിതത്തില്‍ അസ്പർശ്യത വന്നു തുടങ്ങിയത്? കപടഅവബോധം വന്നു നിറഞ്ഞത്? മദ്യപിക്കുന്നതിൽ, ആചാരം പോലെയോ അനുഷ്ടാനം പോലെയോ അല്ലാതെ ആസ്വദിച്ച് മദ്യപിക്കുന്നതിൽ നിന്ന് സ്ത്രീകൾ പുറത്താക്കപ്പെട്ടത്? അറിയില്ല. എന്നാൽ ഇന്ന് കേരളത്തിലെ സ്ത്രീകൾ പരസ്യമായി തന്നെ ബാറുകളിൽ കയറി തുടങ്ങിയിരിക്കുന്നു. കൂട്ടുകാരനൊപ്പം, കൂട്ടുക്കാരിക്കൊപ്പം, ഭർത്താവിനൊപ്പം, അല്ലെങ്കിൽ തനിയെ... തങ്ങളുടെ ആനന്ദങ്ങളിൽ ചേരുവാനായി ചില പൊതുബോധങ്ങളിൽ കൂസാതെ തന്നെ.

17 ലക്ഷം പേരടങ്ങുന്ന മലയാളികളുടെ 'രഹസ്യ' ഫേസ്ബുക്ക് ഗ്രൂപ്പായ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജിഎൻപിസി) പോലെയുള്ള ഫേസ്ബുക്ക് കൂട്ടായ്മകള്‍ വ്യത്യസ്തമാകുന്നതും ഇവിടെയാണ്. ഇഷ്ട പാനീയങ്ങളും വിഭവങ്ങളും യാത്രകളും ഒക്കെയാണ് ഇവിടെ ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്. മലയാളികൾക്കു മദ്യം ഏറെ പ്രിയപ്പെട്ടതായത് കൊണ്ട് തന്നെ ഗ്രൂപ്പിൽ മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ, പടങ്ങൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോം ജിഎൻപിസി പ്രദാനം ചെയ്യുമ്പോള്‍ ഏറിയ പങ്കും അവിടെ പങ്കു വയ്ക്കാൻ ഇഷ്ടപ്പെടുന്നത് മദ്യപാനത്തിന്റെ ആഘോഷങ്ങൾ തന്നെയാണ്. എന്നാൽ പുരുഷന്മാർ മാത്രമല്ല അതിൽ പങ്കുചേരുന്നത്. സ്ത്രീകൾ കൂടിയാണ്. ഗ്രൂപ്പിൽ രണ്ട് ലക്ഷത്തോളം വരുന്ന വനിതാ അംഗങ്ങൾ, തങ്ങളും മദ്യപിക്കാറുണ്ട് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്നെ മദ്യപിക്കുന്ന തങ്ങളുടെ പടങ്ങൾ അപ്ലോഡ് ചെയ്തു കൊണ്ട് സ്വാഭാവികതയിലേക്ക് വരുന്നു. ജീവിതം എല്ലാ തലത്തിലും ആസ്വാദ്യകരമാക്കുക എന്ന രാഷ്ട്രീയത്തിൽ അവിടെ ലിംഗവിവേചനം കാണിക്കുന്നില്ല എന്നതും സന്തോഷകരമാണ്. അല്ലെങ്കിൽ പ്രായപൂര്‍ത്തിയായ, വിവേചന ബുദ്ധിയോടെ തീരുമാനമെടുക്കാന്‍ ശേഷിയുള്ള പൌരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ലിംഗവിവേചനത്തിൽ തളച്ചിടാൻ ശ്രമിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്?

അതുകൊണ്ടുതന്നെ ഗ്രൂപ്പിനകത്തും പുറത്തുമായി സ്ത്രീകളും ഇനി പറയട്ടെ, ചീയേഴ്സ്!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/alcohol-ban-statutory-use-liquor-drugs-drunkard-women-jayasree-ak/

https://www.azhimukham.com/azhimukhamclassic-mallu-male-a-sexual-offender-sangeeth-sebastian/

https://www.azhimukham.com/liquor-consumption-bar-license-ban-morality-religious-leaders-government-keralam-sreejith/


Next Story

Related Stories