Top

സാലെ മദ്രാസിയില്‍ നിന്ന് പാകിസ്ഥാനിലേക്ക്: ഇനിയുമെന്തൊക്കെ പേരുകളാണ് ഞങ്ങള്‍ക്കായി നിങ്ങള്‍ കരുതി വച്ചിരിക്കുന്നത്?

സാലെ മദ്രാസിയില്‍ നിന്ന് പാകിസ്ഥാനിലേക്ക്: ഇനിയുമെന്തൊക്കെ പേരുകളാണ് ഞങ്ങള്‍ക്കായി നിങ്ങള്‍ കരുതി വച്ചിരിക്കുന്നത്?
1960-കളില്‍ തീവ്ര മറാത്താ പ്രാദേശികവാദത്തോടെ മണ്ണിന്‍റെ മക്കള്‍ മുദ്രാവാക്യവുമായി മഹാരാഷ്ട്രയില്‍ രൂപം കൊള്ളുകയും തുടര്‍ന്നിങ്ങോട്ട് മതാത്മക യുക്തിയോടു കൂടിയുള്ള യാഥാസ്ഥിതികവും തീവ്രവുമായ പ്രാദേശിക വാദത്തില്‍ അടിയുറച്ച് സ്വന്തം രാജ്യത്തെ മറ്റു സംസ്ഥാനക്കാരെപ്പോലും തല്ലിയോടിച്ച ചരിത്രമാണ് ശിവസേന എന്ന പാര്‍ട്ടിക്കുള്ളത്. ഒരുകാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന പഴയ ബോംബെയില്‍ മതത്തിലും സങ്കുചിത ചിന്തയിലും അധിഷ്ടിതമായ തീവ്ര വലത് രാഷ്ട്രീയം പരക്കാന്‍ കാരണമായത് ശിവസേനയുടെ നേതൃത്വത്തിലുള്ള അക്രമോത്സുക രാഷ്ട്രീയമാണ്. ഇന്ദിരാ ഗാന്ധിയുടെ രഹസ്യ പിന്തുണയുണ്ടായിരുന്ന ശിവസേന അടിയന്തരാവസ്ഥയെ പരസ്യമായി പിന്തുണച്ചവരാണ്. മുംബൈ നഗരത്തിലെ മറാത്തികള്‍ക്കുള്ള മൂവ്മെന്റ് എന്നതായിരുന്നു ശിവസേനയുടെ ആരംഭ ലക്ഷ്യമെങ്കിലും തെക്കേ ഇന്ത്യക്കാരെ അടക്കിനിര്‍ത്തുക എന്നതായിരുന്നു അപ്രഖ്യാപിത അജണ്ട.

ശിവസേനയുടെ ആരംഭ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത്, തമിഴന്മാരും മലയാളികളും ധാരാളമടങ്ങുന്ന തെക്കേ ഇന്ത്യക്കാരും ഗുജറാത്തികളും കൂടുതലുള്ള ബോംബെ നഗരത്തില്‍ മറാത്തികള്‍ക്ക് ജോലിസ്ഥിരത ഉറപ്പുവരുത്തുക എന്നതായിരുന്നു. ശിവസേനയുടെ ആദ്യത്തെ മാനിഫെസ്റ്റോയില്‍ ബാല്‍താക്കറേ പ്രാദേശിക ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തെക്കേ ഇന്ത്യക്കാരാണെന്ന് എടുത്തു പറഞ്ഞ് കുറ്റപ്പെടുത്തുന്നുണ്ട്. 1969-ല്‍ കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ ബാല്‍താക്കറേ അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് ബോംബെയില്‍ ശിവസേന ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ബോംബെ നഗരത്തില്‍ അന്ന് നടമാടിയ അക്രമങ്ങള്‍ ഏതാണ്ട് മൂന്നു ദിവസങ്ങള്‍ നീണ്ടു. തെക്കേ ഇന്ത്യക്കാരെ തുടര്‍ച്ചയായി തിരഞ്ഞുപിടിച്ചു അക്രമിച്ചു. ലുങ്കിയുടുത്ത് പുറത്തിറങ്ങുന്നവരെ വളഞ്ഞിട്ട് തല്ലി. ദക്ഷിണേന്ത്യന്‍ ഭക്ഷണശാലകള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം, കമ്യൂണിസ്റ്റ് പാര്‍ട്ടി എംഎല്‍എ ആയിരുന്ന കൃഷ്ണ ദേശായിയെ കൊലപ്പെടുത്തുകയും ധാരാളം ശിവസേന അണികള്‍ അറസ്റ്റിലാവുകയും ചെയ്തു.അന്ന് തെക്കേയിന്ത്യക്കാരെ അഭിസംബോധന ചെയ്യാന്‍ അവരുപയോഗിച്ച പദമാണ് 'സാലെ മദ്രാസി ലോഗ്'. (@%$* മദ്രാസീ ജനങ്ങള്‍) തുടര്‍ന്ന് ഈ പ്രയോഗം തെക്കേ ഇന്ത്യക്കാരെ ആര്‍ഷഭാരത ഹിന്ദി ബെല്‍റ്റുകാര്‍ വിശേഷിപ്പിക്കുന്ന ഒരു സ്ഥിരം പദമായി മാറി, ഉത്തരേന്ത്യയില്‍ താമസിച്ചവരില്‍ ഏറിയും കുറഞ്ഞും ഈ പ്രയോഗം കേട്ടവര്‍ ധാരാളമുണ്ടാകും -സാലെ മദ്രാസി.

ഹിന്ദി ഹൃദയ ഭൂമിക്കാരില്‍ നല്ല ശതമാനം പേര്‍ക്കും ഇന്നും തെക്കേ ഇന്ത്യക്കാര്‍ ചുണ്ടിന്‍റെ കോണില്‍ ഒളിച്ചിരിക്കുന്ന പരിഹാസമാണ് താനും.

ആമുഖമായി ഈയൊരു ചരിത്രം പറയാന്‍ കാരണങ്ങളുണ്ട്. അനേകം കാരണങ്ങളാല്‍ തന്നെ ഈ പറഞ്ഞ ശിവസേനയാണ് പൊളിറ്റിക്കല്‍ ഹിന്ദുയിസത്തിന്‍റെ മുന്‍ഗാമികള്‍. ബിജെപി രൂപീകരണത്തിനു ഏറെ മുന്നേ തന്നെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിലൂന്നിയ ചര്‍ച്ചകളുടെടേയും അതിന്‍റെ രാഷ്ട്രീയമായ പ്രയോഗവത്ക്കരണവും നടത്തി ജനാധിപത്യം വിപുലീകരിക്കേണ്ട പലമാന ചര്‍ച്ചകളേയും മതാത്മക യുക്തിയിലേക്ക് ചുരുക്കിക്കെട്ടി കാണിച്ചു തന്നവരാണ്.

റിപ്പബ്ലിക് ഓഫ് ഇന്ത്യാ രൂപീകരണ കാലം തൊട്ട് ഈ രാജ്യവുമായി പാകിസ്ഥാന്‍ നിരന്തരം സംഘര്‍ഷത്തിലാണെന്നും യുദ്ധങ്ങളും നിരന്തരമായ തീവ്രവാദി അക്രമണങ്ങളും നിര്‍മ്മിച്ചെടുത്ത വിദ്വേഷത്തിന്‍റെ, പരസ്പര വൈര്യത്തിന്‍റെ വികാരമാണ് ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നതെന്നും ഏവര്‍ക്കും അറിയാവുന്ന സത്യമാണ്. പക്ഷേ പാകിസ്ഥാന്‍ എന്ന നാമം പതിവിനു വിപരീതമായി ഉയര്‍ന്നു കേള്‍ക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളിലാണ്‌.തീവ്ര വലത് ഹിന്ദുത്വ ശക്തികള്‍ രാഷ്ട്രീയാധികാരം കൈവരിച്ച അന്നുമുതല്‍ എതിര്‍ ശബ്ദമുയര്‍ത്തുന്ന എല്ലാവര്‍ക്കും അവര്‍ പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാറുണ്ട്. ദേശീയ പ്രസ്ഥാനങ്ങളുടെയോ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിലോ ഭംഗിക്ക് പോലുമൊരു പേര് വരുത്താന്‍ കഴിയാത്തവരാണെങ്കിലും ദേശസ്നേഹത്തിന്‍റെ മൊത്ത കച്ചവടക്കാര്‍ അധികാരത്തിലേറിയതില്‍ പിന്നെ അവര്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരെല്ലാം ദേശ ദ്രോഹികളാണ്, പാകിസ്ഥാനിലേക്ക് പോകേണ്ടവരാണ്. തീരെ സഹിക്ക വയ്യാത്ത ചിലര്‍ക്ക് അവര്‍ പാകിസ്ഥാനിലും മുകളിലുള്ള സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ട്. ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ധബോല്‍ക്കര്‍ തുടങ്ങിയ പ്രമുഖമായ പേരുകള്‍ അതില്‍ ചിലത് മാത്രമാണ്, മരക്കൊമ്പില്‍ തൂങ്ങിയാടിയതും, വെടിയുണ്ട ചങ്കില്‍ വാങ്ങിയവരൊക്കെയായി വേറെയും മനുഷ്യര്‍ ധാരാളമായി ഉണ്ട്.

സുപ്രസിദ്ധ സിനിമാ താരങ്ങള്‍ മുതല്‍ പ്രതിഷേധമുയര്‍ത്തുന്ന സാഹിത്യകാരന്മാരും കലാകാരന്മാരും ബുദ്ധിജീവികളും വിദ്യാര്‍ഥികളും തൊഴിലാളികളുമടങ്ങുന്ന വലിയൊരു നിര തന്നെ ഇത്തരത്തില്‍ പാകിസ്ഥാനിലേക്കുള്ള ടിക്കറ്റ് ലഭിക്കാന്‍ ഭാഗ്യം ചെയ്തവരാണ്.

കാവിയുടുത്ത ഭ്രാന്തന്മാരുടെ പാകിസ്ഥാന്‍ പരാമര്‍ശം നമുക്ക് മനസിലാക്കാവുന്നതാണ്‌; പക്ഷേ കാവി കാലത്തിന്‍റെ മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആ ജോലി രാജ്യത്തെ മുന്‍നിര വാര്‍ത്താ ചാനലുകള്‍ തന്നെ ഏറ്റെടുക്കുന്ന ഭയപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് നമ്മള്‍ കാണുന്നത്.കേരളം
ഇന്നലെ ത്രിദിന സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ ബിജെപിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ പ്രസംഗിച്ചത് രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും അധികാരത്തിലേറിയാല്‍ പോലും കേരളത്തില്‍ ഭരണത്തില്‍ എത്തിയാല്‍ മാത്രമേ തങ്ങള്‍ക്ക് തൃപ്തിയാകുകയുള്ളൂ എന്നാണ്. ഇന്ത്യാ മഹാരാജ്യത്തെ താരതമ്യേന ചെറിയൊരു സംസ്ഥാനമായ കേരളത്തിന് എന്താണ് അതിനു മാത്രം പ്രത്യേകത?

കേരളത്തിന്‍റെ പ്രത്യേകത കേരളം വര്‍ഷങ്ങളായി കാത്തു സൂക്ഷിക്കുന്ന സാമൂഹിക-രാഷ്ട്രീയ പരിതസ്ഥിതിയാണ് അതിനു കാരണം എന്നതാണ്. അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിന്ദുത്വ പ്രത്യയ ശാസ്ത്രം അതിന്‍റെ സര്‍വ്വാത്മകമായ ശക്തികളും പുറത്തെടുത്ത് രാജ്യം മുഴുവന്‍ രാഷ്ട്രീയാധികാരത്തില്‍ പ്രവേശിക്കുമ്പോഴും ആ ഒഴുക്കിനെ രാഷ്ട്രീയമായി  തടഞ്ഞു നിര്‍ത്തിയ ഒരേയൊരു സംസ്ഥാനമാണിത്. ഒരു പക്ഷേ ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള യാത്രയില്‍ വിഘാതമായി നില്‍ക്കാവുന്ന  പ്രതിരോധത്തിന്‍റെ കേന്ദ്രം എന്ന് സംഘ് ബുദ്ധിജീവികള്‍ വളരെ മുന്നേ തിരിച്ചറിഞ്ഞിടം.

ഈ കേരളത്തെ സംഘികള്‍ പാകിസ്ഥാനായി ചിത്രീകരിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായില്ല എന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മുപ്പത് വര്‍ഷം കഴിഞ്ഞ ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കാലഘട്ടത്തില്‍ ഇതിനു മുന്നേയും അവര്‍ കേന്ദ്രത്തില്‍ ഭരണത്തിലിരുന്നിട്ടുണ്ട്. എന്താണ് ഇപ്പോള്‍ കേരളത്തോട് ഇത്ര ശത്രുത എന്നാണെങ്കില്‍, പ്രത്യയശാസ്ത്രപരമായി തങ്ങളുടെ പ്രാതിനിധ്യം അന്യവത്ക്കരിച്ച് നിര്‍ത്തുന്ന എല്ലാത്തിനോടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന മറ്റൊരു സംസ്ഥാനം വേറെയുണ്ടാകാന്‍ തരമില്ല എന്നാണുത്തരം. അഥവാ അങ്ങനെ നിരന്തരമായ അപരവത്ക്കരണത്തിലൂടെ തങ്ങള്‍ സൃഷ്ടിച്ച ബിംബങ്ങളെ ബൌദ്ധികമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിന്‍റെ ചിന്താ മണ്ഡലത്തിന്‍റെ പ്രായോഗികവത്ക്കരണം ആന്തരികമായി നടന്ന ഒരു പ്രദേശമാണിവിടം.അതിനാല്‍ തന്നെ കേരളം നിലനിര്‍ത്തി പോകുന്ന ആ ഒരു ഇടതു രാഷ്ട്രീയത്തിന്‍റെ സാംസ്കാരിക മേല്‍ക്കോയ്മ അടിത്തട്ടില്‍ തകര്‍ക്കാതെ തങ്ങളുടെ വിളവെടുപ്പ് നടത്താന്‍ സാധ്യമല്ല എന്ന തിരിച്ചറിവിലാണീ കോപ്രായങ്ങള്‍. നവ മാധ്യമങ്ങളിലും മറ്റും കേരളത്തെ മിനി പാകിസ്താന്‍ എന്ന വിശേഷണത്തോടെ തീവ്ര വലതു ശിരസ്സുകള്‍ നിരന്തരം പ്രചരണം നടത്താറുണ്ട്‌. നുണ പ്രചാരണങ്ങളുടെ ചുമതല ഏറ്റെടുക്കുന്നതില്‍ മലയാളി സംഘികളുടെ നേതാക്കന്മാരും ഒട്ടും പുറകിലല്ല. വ്യാജ വീഡിയോയും ഫോട്ടോയും പ്രചരിപ്പിക്കുന്ന സംസ്ഥാന ബിജെപി അധ്യക്ഷന്‍റെയും ജനറല്‍ സെക്രട്ടറിയുടെയും നിലപാടുകളെ നമ്മള്‍ ഇവിടെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പശു ബെല്‍ട്ടില്‍ ആയിരങ്ങള്‍ കേരളത്തെ പാകിസ്ഥാനാക്കി ചിത്രീകരിച്ച് അവയെയൊക്കെ ഒഴുക്കികൊണ്ടിരിക്കുകയാണ്.

കേരളം നിലനിര്‍ത്തി പോകുന്ന ഈ ഇടതുപക്ഷ രാഷ്ട്രീയാന്തരീക്ഷം  തകര്‍ക്കാതെ തങ്ങള്‍ക്ക് വളര്‍ച്ച സാധിക്കില്ലെന്ന തിരിച്ചറിവിലാണ് നിരന്തരമായി ഈ മണ്ണിനെ കലാപ ഭൂമിയാക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു വര്‍ഗീയ കലാപം അത്ര എളുപ്പത്തില്‍ സാധ്യമാകാത്ത അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നതെങ്കിലും കലാപത്തിലൂന്നിയ വര്‍ഗീയ ഏകീകരണത്തിനായി അവര്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. കാസര്‍ഗോഡ് ഒരു സാധുവായ മുസലിയാരെ പള്ളിയില്‍ കയറി കഴുത്തറുത്ത് കൊന്നതും, മതം മാറിയ യുവാവിനെ വെട്ടി കൊലപ്പെടുത്തിയതും, അമ്പലങ്ങള്‍ ആക്രമിച്ചതുമൊന്നും അവിചാരിതമായ ഒറ്റപ്പെട്ട സംഭവങ്ങളല്ല. കൃത്യമായ ലക്ഷ്യങ്ങളും പ്ലാനുകളുമായി അവര്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന വര്‍ഗീയ കലാപങ്ങളിലേക്കുള്ള വഴികളാണ്. എങ്കിലും ഇന്നാട്ടിലെ ജനങ്ങളുടെ ആത്മസംയനവും സ്റ്റേറ്റിന്‍റെ ക്രിയാത്മകമായ ഇടപെടലുകളും മൂലം വന്‍ കലാപത്തിലേക്ക് വഴിമാറാത്ത ചില സംഭവങ്ങള്‍ മാത്രമാണവ.കേരളം നമ്മള്‍ മലയാളികള്‍ ഗ്ലോറിഫൈ ചെയ്യുന്ന പോലെ അത്ര കണ്ടു മതേതരമൊന്നുമല്ല, തീപ്പൊരികള്‍ പടര്‍ന്നാല്‍ കത്തിപ്പടരാന്‍ മാത്രമുള്ള വിശേഷണണങ്ങള്‍ ചരിത്രപരമായി തന്നെ അത് പേറുന്നുമുണ്ട്. പക്ഷേ ആധുനികത ഏറ്റവും ക്രിയാത്മകമായി ഫലം ചെയ്തതിന്‍റെ എല്ലാ മൂല്യങ്ങളും ധനാത്മകമായി മുന്നോട്ട് വെക്കുന്ന ഒരു പ്രദേശമാണിത്. മറ്റു പല സ്റ്റേറ്റുകളിലും നവോത്ഥാനം ഹിന്ദു മതത്തിന്‍റെ ആധുനികവത്ക്കരണത്തിലേക്ക് വഴിമാറിയപ്പോള്‍ ഇവിടെ നവോത്ഥാനമെന്നത് നിലനിന്നു പോന്നിരുന്ന സാംസ്കാരിക-അധികാര ഘടനയെ തന്നെ അട്ടിമറിച്ച ഒരു സാമൂഹിക വിപ്ലവമായി മാറി, നിരന്തരമായ ജന്മിത്വ വിരുദ്ധ കര്‍ഷക/തൊഴിലാളി സമരങ്ങളും ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തനം ചെയ്ത സവര്‍ണ്ണ-ചൂഷണവിരുദ്ധ സമരങ്ങളും ഊട്ടിയുറപ്പിച്ച ഒരു ഇടത് സാമൂഹിക ബോധം ഈ സംസ്ഥാനം പേറുന്നുണ്ട്. സംസ്കാരത്തിന്‍റെ കലര്‍പ്പുകളില്‍, പങ്കുവെക്കലിന്‍റെ സാംസ്കാരിക ചരിത്രം നിര്‍മിച്ചെടുത്ത ഒരു സാമൂഹിക സവിശേഷത ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ് ഇവിടുത്തുകാര്‍ ഗോവിനെ മാതാവെന്നു വിളിക്കുമ്പോള്‍ ചിരിക്കുന്നതും.

ഉത്തരേന്ത്യയില്‍ സാധാരണ സംഭവങ്ങളായ പലതും ഇവിടത്തുകാരുടെ ദൈനംദിന മണ്ഡലങ്ങളില്‍ നിന്ന് അന്യമാണ്. ജാതിയുടെ പേരിലുള്ള അഭിമാനക്കൊലപാതകങ്ങള്‍ ഇവിടുത്തുകാര്‍ കണ്ടു ശീലിച്ചതല്ല, പശുവിനെ കടത്തിയെന്നാരോപിച്ച് മനുഷ്യനെ മരത്തില്‍ കെട്ടി തൂക്കി കൊന്നതും, ബീഫ് കയ്യില്‍ വച്ചെന്ന് ആരോപിച്ചു മുസ്ലിം മധ്യ വയസ്കനെ തല്ലികൊന്നതും മൂക്കില്‍ വിരല്‍ വച്ചാണ് മലയാളികള്‍ കേട്ടത്, ഇവിടെ ദളിതരെ കെട്ടിയിട്ട് മര്‍ദ്ദിക്കാറില്ല, ഉന്നത ജീവിത നിലവാരം പുലര്‍ത്തുന്ന, വിദ്യാഭാസത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സാമാന്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ജനതയാണിവിടം. ഇവിടുത്തെ ജനങ്ങളെ പറ്റി ഹിന്ദി പത്രക്കാര്‍ക്കിടയില്‍ ഒരു തമാശയുണ്ട്. നിങ്ങള്‍ മലയാളികള്‍ക്ക് പണം നല്‍കി നിങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ ആ പണം വാങ്ങി പോക്കറ്റിലിട്ട് ചിരിച്ചു കാണിച്ച് സ്വന്തം പാര്‍ട്ടിക്ക് വോട്ട് കുത്തുന്ന ജനങ്ങളാണവരെന്ന്. ആ തമാശ ഈ മലയാളികളുടെ രാഷ്ട്രീയ പ്രബുദ്ധത തന്നെയാണ് സൂചിപ്പിക്കുന്നത്. ആയതിനാല്‍ തന്നെ തീര്‍ച്ചയായും 'സംഘ് ഇന്ത്യ'ക്കൊരു 'അപമാനമായ' സംസ്ഥാനം തന്നെയാണിത്. പാകിസ്ഥാനേക്കാള്‍ അവരെ പ്രകോപിപ്പിക്കുന്നത് ഈ സംസ്ഥാനമാകാന്‍ കാരണങ്ങളേറെയുണ്ട് തന്നെ.ഹിന്ദു ഏകീകരണത്തിനായി ചരിത്രപരമായി തന്നെ ഹിന്ദുത്വ ശക്തികള്‍ പ്രയോഗിച്ചു പോരുന്ന പശു രാഷ്ട്രീയത്തിലൂടെ ബീഫ് നിരോധനമെന്ന സംഘപരിവാര്‍ പ്രോപ്പഗണ്ട പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയും പരിഹാസ്യമായ വാദങ്ങള്‍ കൊണ്ട് അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന കാവി കൂട്ടങ്ങള്‍ക്ക് നടുവിലാണ് അതിനെതിരെ ഈ ചെറിയ സംസ്ഥാനം ചങ്കുറപ്പോടെ മുന്നോട്ട് വന്നത്. കശാപ്പ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ കേന്ദ്ര ബിന്ദുവായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുന്ന കാഴ്ചയും നമ്മള്‍ കണ്ടതാണ്. വിഷയവുമായി ബന്ധപ്പെട്ട് നിരോധനത്തെ എതിര്‍ക്കുന്ന തെക്കേ ഇന്ത്യക്കാര്‍ക്കിടയില്‍ കേരളാ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യത ചെറുതായോന്നുമല്ല പശു രാഷ്ട്രീയക്കാരെ അലട്ടുന്നത്. ഈ സംഭവങ്ങള്‍ക്ക് നടുവില്‍ തന്നെയാണ് അഖിലേന്ത്യാ ബിജെപി അധ്യക്ഷന്‍റെ സംസ്ഥാന സന്ദര്‍ശനവും.

ടൈംസ്‌ നൌ കേരളത്തെ വിശേഷിപ്പിച്ചത് പാകിസ്ഥാന്‍ എന്നാണ്!
പാകിസ്ഥാനികള്‍ എന്ന പ്രയോഗത്തില്‍ അരിശം കൊള്ളേണ്ട കാര്യം ആശയപരമായി നിലനില്‍ക്കുന്നില്ല എന്ന് പറയുമ്പോള്‍ തന്നെ രാഷ്ട്രീയപരമായി അതൊരു ബ്രാന്‍ഡിംഗാണ്. വിചാരധാരയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് മുസ്ലീങ്ങളും കമ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുക്കളില്‍ പ്രമുഖ സ്ഥാനത്തുള്ളവര്‍. കേരളമാകട്ടെ ഈ രണ്ടു കൂട്ടരും ധാരാളമായി അധിവസിക്കുന്ന പ്രദേശവുമാണ്. സ്വാഭാവികമായും സംഘിന്റെ പട്ടികയിലെ ദേശദ്രോഹികള്‍ തന്നെ. ടൈംസ് നൌ കേരളത്തെ പാകിസ്ഥാനാക്കി വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സാങ്കേതികമായ ന്യായങ്ങള്‍ കൊണ്ട് ആ ഖേദപ്രകടനത്തെ സ്വീകരിക്കാം. പക്ഷേ ആശയപരമായി അത് ഉത്പ്പാദിപ്പിച്ച രാഷ്ട്രീയം ഈ സംസ്ഥാനത്തോടുള്ള സമീപനം അവിടെ ബാക്കി നില്‍ക്കുന്നുണ്ട്. രാജ്യത്തെ ഒന്നാം നിര ദൃശ്യ മാധ്യമമാണ് ടൈംസ്‌ നൌ. ജനതയുടെ പൊതുബോധ രൂപീകരണത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ഇന്ന് എടുത്തു പറയേണ്ട കാര്യം ഒട്ടും തന്നെയില്ല. ബിജെപി എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് ചുവപ്പ് പരവതാനി വിരിച്ചില്ല എന്ന കാരണത്താല്‍ ഒരു സംസ്ഥാനത്തെ, രാജ്യം മുഖ്യശത്രുവായി കണ്ടു പോരുന്ന മറ്റൊരു രാജ്യത്തിന്‍റെ പേരിനോട് ഉപമിച്ചത് ഒട്ടും ലളിതവുമല്ല.

ഞാന്‍ കരുതുന്നില്ല പാകിസ്ഥാനെ ഇന്ത്യ ശത്രുരാജ്യമായി കാണുന്ന ലളിതയുക്തിയുടെ ഹിംസ മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചതെന്ന്. കേരളത്തില്‍ മുസ്ലീം ജനസംഖ്യ അപകടകരമാം വിധം വര്‍ദ്ധിക്കുന്നുവെന്നും ഇങ്ങനെ പോയാല്‍ കേരളം മറ്റൊരു പാകിസ്ഥാന്‍ ആവുമെന്ന തരത്തിലുള്ള പ്രചാരണം കാലങ്ങള്‍ക്ക് മുന്നേ തന്നെ സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്തിനകത്ത് തന്നെ നടത്തുന്നതാണ്. രാജ്യത്തെ തന്നെ ഏറ്റവും മെച്ചപ്പെട്ട ജീവിത നിലവാരം പുലര്‍ത്തുന്ന മുസ്ലീം ജനവിഭാഗത്തെ മുന്‍ നിര്‍ത്തിയുള്ള പ്രചാരണങ്ങളുടെ എസന്‍സും പാകിസ്ഥാന്‍ പ്രയോഗത്തിലുണ്ട്. ഇവിടുത്തുകാര്‍ ബ്രാഹ്മണ പ്രത്യയശാസ്ത്രം അനുശാസിക്കുന്ന ഹിന്ദുത്വ ജീവിത രീതി പുലര്‍ത്തുന്നവരല്ല. ജാതി-മത ഭേദമന്യേ ഈ നാട്ടുകാര്‍ ബീഫ് കഴിക്കുന്നവരാണ്‌. ഈ ഒരൊറ്റ പ്രയോഗം കൊണ്ട് പശു മനസ്സുകളിലെ വിദ്വേഷം ഇരട്ടിയാക്കാന്‍ നിങ്ങളെ കൊണ്ട് പറ്റും.അറിയാം നമുക്ക്, നിങ്ങള്‍ക്കുള്ള അപ്പവും വീഞ്ഞും നല്‍കുന്ന മുതലാളിമാര്‍ അവരാണ്, അവര്‍ക്കുള്ള കളമൊരുക്കുക എന്നത് നിങ്ങളില്‍ ചുമത്തപ്പെട്ട ദൌത്യമാണ്. ഇലക്ഷന്‍ വാഗ്ദാനങ്ങള്‍ വെറും വചോടോപങ്ങള്‍ മാത്രമായിരുന്നെന്ന് ജനം തിരിച്ചറിഞ്ഞു വരുന്ന കാലമാണിത്. വര്‍ഷം രണ്ടു കോടി തൊഴില്‍ വാഗ്ദാനം ചെയ്തവര്‍ക്ക് പത്തു ലക്ഷം പോലും നല്‍കാന്‍ കഴിഞ്ഞില്ലെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നു. ഫോട്ടോഷോപ്പ് വികസന മാതൃകകള്‍ക്ക് പരിധിയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു വരുന്നുണ്ട്. ജിഡിപി നിലംതൊടാന്‍ തുടങ്ങിട്ടുണ്ടെന്ന് ഈ ദിവസങ്ങളില്‍ നമ്മള്‍ മനസ്സിലാക്കി. പൊതുമേഖലാ സ്ഥാപങ്ങള്‍ അടച്ചു പൂട്ടുകയാണ്. സ്വന്തം തൊഴിലാളി സംഘടന തന്നെ പരസ്യമായി രംഗത്ത് വരുന്ന സാഹചര്യമാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു. പൊളിറ്റിക്കല്‍ റെസിസ്റ്റന്‍സ് വെപ്പണായി ഉപയോഗിക്കുന്ന പട്ടാളക്കാര്‍ പോലും സര്‍ക്കാരിനെതിരെ തിരിയുന്നു. ചെറുകിട മാര്‍ക്കറ്റുകള്‍ തകര്‍ന്നടിഞ്ഞു. മുതലാളിത്തം തിന്നു കൊഴുത്ത് പുതിയ പറുദീസകള്‍ കണ്ടെത്തുന്നു.

ജനം കഷ്ടപ്പാടിന്‍റെ തീച്ചൂളയിലേക്ക് നടന്നടുക്കുമ്പോള്‍ ഉയര്‍ന്നു വരാവുന്ന സ്വാഭാവിക കലാപങ്ങളെ തടഞ്ഞു നിര്‍ത്തണം. എങ്കില്‍ മാത്രമേ മാതൃസംഘടനയുടെ നൂറാം വാര്‍ഷികം ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിലൂടെ നടത്തുവാന്‍ സാധിക്കുകയുള്ളൂ. അതുവരെ ഇട്ടു കൊടുക്കുന്ന അപ്പക്കഷ്ണങ്ങളില്‍ പിടിച്ച് ജനം മതത്തിന്‍റെ പേരില്‍ തമ്മില്‍ത്തല്ലണം, ശ്രദ്ധ തിരിക്കണം. അതിനുള്ള പിരമിഡ് നിര്‍മ്മാണമാണ്. ജുഡീഷ്യറി, മീഡിയ, സൈന്യം, ബ്യൂറോക്രസി... റിക്രൂട്ട്മെന്റുകള്‍ എല്ലായിടത്തും നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. അതില്‍ ഒന്നില്‍ പെട്ടത് മാത്രമാണ് ടൈംസ്‌ നൌ. ചാനല്‍ സ്റ്റുഡിയോകളില്‍ അനുസരണയുള്ള വാലാട്ടി പട്ടികളായി സ്വയം ഗീബല്‍സുമാരായി മാറുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്വം. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന തൂണുകള്‍ ഓരോന്നായി പിഴുതു കൊണ്ടിരിക്കുകയാണ്, നാലാം തൂണ് മാത്രം മാറി നില്‍ക്കുന്നത് ശരിയില്ലല്ലോ. ന്യൂസ് അവറുകളെ ബഫൂണ്‍ ഷോയാക്കി മാറ്റി ചാനല്‍ വിട്ട് റിപ്പബ്ലിക്കന്‍ കള്ളത്തരങ്ങള്‍ എയര്‍ ചെയ്യുന്ന ഗോസ്വാമിമാരെ കവച്ചു വെക്കാനുള്ള കള്ളങ്ങള്‍ നിങ്ങള്‍ക്ക് മെനെഞ്ഞേ തീരൂ എന്ന പരിതാപകരമായ അവസ്ഥയും ഞങ്ങള്‍ മലയാളികള്‍ മനസ്സിലാക്കുന്നു.കലാപങ്ങളുടെ വിജയങ്ങളിലൂടെ അധികാരക്കസേരകളില്‍ അമര്‍ന്നിരിക്കുന്ന രാഷ്ട്രീയവംശത്തിനു മനസ്സിലാകാത്ത പലതുണ്ട്. ഞങ്ങളെ പാകിസ്ഥാനികളെന്നോ മദ്രാസികളെന്നോ ദേശദ്രോഹികളെന്നോ സൊമാലിയക്കാരെന്നോ എന്തുവേണമെങ്കിലും വിളിക്കാം. പശുത്തലയന്മാരുടെ ചാണക സേവയ്ക്ക് എളുപ്പം വശപ്പെടുന്നൊരു ജനതയല്ലിത്. വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും, പക്ഷേ നിലനില്‍പ്പില്ലെന്നറിയുക.

ചുണ്ട് കോട്ടി പുച്ഛത്തോടെ പറഞ്ഞിരുന്ന സാലെ മദ്രാസി ലോഗില്‍ നിന്നും പാകിസ്ഥാനികള്‍ എന്ന പ്രമോഷന്‍ ഞങ്ങള്‍ക്ക് 'ക്ഷ' പിടിച്ചിരിക്കുന്നു. അന്നം തരുന്ന മുതലാളിമാര്‍ക്കുള്ള ദാസ്യപ്പണി ചെയ്തു കൊണ്ടേയിരിക്കുക. സര്‍വ്വരും കാവിവത്ക്കരിച്ചാലും ഇങ്ങ് ഈ തെക്കേയറ്റത്ത് പ്രതിരോധത്തിന്‍റെ, പ്രതീക്ഷയുടെ തുരുത്തായി ഈ 'പാകിസ്ഥാനികള്‍' അതിലും കൂടുതല്‍ കാലം നിലനില്‍ക്കും; നന്നായി ബീഫ് കഴിച്ചു കൊണ്ട് തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories