UPDATES

ശബരിമല: ഇരുഭാഗവും ഒരുക്കത്തില്‍; 5000 പോലീസുമായി സര്‍ക്കാര്‍; 10000 ‘അമ്മ’മാരുമായി ബിജെപി, എന്താകുമെന്ന് പറയാനാകില്ലെന്ന് കര്‍മ സമിതി

മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ ട്രയല്‍ റണ്ണാവുമോ ചിത്തിരയാട്ടം?

ശബരിമല ഇനി എങ്ങോട്ട്? സര്‍ക്കാരും പോലീസ് സേനയും ഒരു വശത്തും ബിജെപിയും അയ്യപ്പ കര്‍മ്മ സമിതിയും മറുവശത്തും നിന്ന് വെല്ലുവിളികളും വാദപ്രതിവാദങ്ങളുമായി മുന്നോട്ട് പോവുമ്പോള്‍ സമൂഹം ഉറ്റുനോക്കുന്നത് നാലാം തീയതി ചിത്തിരയാട്ടത്തിനായി നടതുറക്കുന്ന ശബരിമലയിലേക്കാണ്. മണ്ഡലകാലത്തിനായി നടതുറക്കാനിരിക്കെ ഇതിനുള്ള മുന്നൊരുക്കങ്ങളുമായി ഇരുകൂട്ടരും മുന്നോട്ട് പോവുകയാണ്. സുപ്രീം കോടതി വിധി വന്നത് മുതല്‍ നിരന്തരം ചര്‍ച്ചയാവുന്ന ശബരിമലയില്‍ ആര് ജയിക്കും? സര്‍ക്കാരോ സംഘപരിവാറോ? ഇതാണ് ഏവരെയും ആശങ്കയിലാഴ്ത്തുന്ന ചോദ്യം. ഇരുകൂട്ടരും വിട്ടുവീഴ്ചകളില്ലാതെ ബലാബലം നില്‍ക്കുകയാണ്. ചിത്തിരയാട്ടത്തിനായി നടതുറക്കുന്ന ദിവസത്തെയും, തുടര്‍ന്ന് വരുന്ന മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തേയും മുന്നില്‍ കണ്ട് ഇരു വിഭാഗവും മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ശബരിമലയില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാരും പോലീസ് സേനയും വിവിധ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു യുവതി പോലും ശബരിമലയില്‍ പ്രവേശിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കര്‍മ്മസമിതിയും ബിജെപിയും അണിയറയില്‍ ഒരുക്കുന്നത്.

കേരളം പോരടിച്ച, ചര്‍ച്ച ചെയ്ത, സംഘര്‍ഷങ്ങളുടെ ഒരു മാസം

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് ശേഷമുള്ള ഒരു മാസം സംഭവബഹുലമായിരുന്നു. സെപ്തംബര്‍ 28-ന് വിധി പുറപ്പെടുവിച്ചയുടന്‍ കോടതിവിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ഒരു കാരണവശാലും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ആഹ്വാനവുമായി, പ്രതിഷേധിച്ചുകൊണ്ട് ഒരു വിഭാഗമാളുകള്‍ നിരത്തിലിറങ്ങി. സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള നാമജപ പ്രതിഷേധങ്ങളും ഘോഷയാത്രകളുമായി ഇവര്‍ സുപ്രീംകോടതി വിധിയ്ക്കും സര്‍ക്കാര്‍ നിലപാടനെതിരെയും പ്രതിഷേധിച്ചു. സമുദായസംഘടനകളും, സംഘപരിവാര്‍ സംഘടനകളുടെ കൂടിച്ചേരല്‍ ആയ അയ്യപ്പ കര്‍മ്മ സമിതിയും, രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗവും, രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി സ്വന്തം നിലയ്ക്കും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. തുലാം മാസ പൂജക്കായി ശബരിമല നട തുറന്നപ്പോള്‍ നിലയ്ക്കലും സന്നിധാനവും സംഘര്‍ഷ ഭൂമിയാവുന്ന കാഴ്ചയാണ് കണ്ടത്. ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ അമ്പത് വയസ്സില്‍ താഴെ പ്രായമുള്ള ഒമ്പത് സ്ത്രീകള്‍ക്ക് പാതിവഴിയില്‍ മടങ്ങിപ്പോവേണ്ടി വന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വലിയ ആക്രമണമുണ്ടായി. സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനായി ഒത്തുകൂടിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. രഹന ഫാത്തിമ എന്ന യുവതിയെയും മാധ്യമപ്രവര്‍ത്തകയായ കവിതയെയും പോലീസ് സംരക്ഷണയോടെ നടപ്പന്തല്‍ വരെ എത്തിച്ചെങ്കിലും, ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ല ശബരിമല എന്ന് പറഞ്ഞുകൊണ്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവരെ തിരിച്ചയച്ചു. ചുരുക്കത്തില്‍ നടതുറന്നിരുന്ന അഞ്ച് ദിവസവും ക്ഷേത്രത്തില്‍ യുവതീപ്രവേശനം സംഭവിച്ചില്ല. അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് ആകെ 517 കേസുകള്‍ ചാര്‍ജ് ചെയ്തു. 3505 പേരെ ഇതേവരെ അറസ്റ്റ് ചെയ്തു. ഇരുന്നൂറിലധികം പേര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു.

സുപ്രീംകോടതിയില്‍ നാല്‍പ്പതോളം പുന:പരിശോധനാ ഹര്‍ജികള്‍

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത് നാല്‍പ്പതോളം പുന:പരിശോധനാ ഹര്‍ജികള്‍. 37 പുന:പരിശോധനാ ഹര്‍ജികളും ആറ് റിട്ട് പെറ്റീഷനുകളും ലഭിച്ചതായാണ് വിവരം. ആദ്യം ഹര്‍ജി നല്‍കിയത് എന്‍എസ്എസ് ആണ്. ഇവര്‍ മുമ്പ് കേസില്‍ കക്ഷികളായിരുന്നു. ഏറ്റവുമൊടുവില്‍ ഹര്‍ജി ഫയല്‍ ചെയ്തത് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആണെന്നുമാണ് വിവരം. നവംബര്‍ 13-ന് ഹര്‍ജികളില്‍ സുപ്രീംകോടതി തീരുമാനം പറയുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനനുസരിച്ചായിരിക്കും 16ന് ആരംഭിക്കുന്ന മണ്ഡലമാസക്കാലത്തെ ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക.

ശക്തമായ സുരക്ഷാ പദ്ധതിയുമായി പോലീസ്

മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് ദര്‍ശനം ഉറപ്പാക്കാന്‍ ശക്തമായ സുരക്ഷാ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ് പോലീസ്. കമാന്‍ഡോകളും വനിതാ പോലീസ് ഉദ്യോഗസ്ഥരുമടക്കം 24,000-ലേറെ പോലീസുകാരെ നാല് ഘട്ടമായി ശബരിമലയില്‍ വിന്യസിക്കും. ഇതിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലെ പോലീസിനേയും കേന്ദ്രസേനയേയും ആവശ്യപ്പെട്ടതായി ഡിജിപി അറിയിക്കുന്നു. ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് ഇത്തവണ ദര്‍ശനത്തിനുള്ള അവസരം ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രണ്ട് എഡിജിപിമാര്‍, ആറ് ഐജിമാര്‍, എട്ട് എസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഓരോ ഘട്ടത്തിലും അയ്യായിരത്തിലേറെ പോലീസുകാര്‍ ശബരിമലയില്‍ ജോലിയിലുണ്ടാവും. മകരവിളക്ക് അടുക്കുമ്പോള്‍ ഇത് 7500 ആയി വര്‍ധിപ്പിക്കാനും പോലീസ് ഉദ്ദേശിക്കുന്നു. ദക്ഷിണമേഖലാ എഡിജിപി അനില്‍ കാന്തും ഐജി മനോജ് എബ്രഹാമും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് അനന്തകൃഷ്ണന്‍ സേനാവിന്യാസത്തിന് നേതൃത്വം നല്‍കും. ഓരോ ഘട്ടത്തിലും ഒാരോ ഐജിമാരുടെ നേതൃത്വത്തില്‍ പമ്പയിലും സന്നിധാനത്തും സുരക്ഷയൊരുക്കും. ഐജി പി വിജയന് സന്നിധാനത്തിന്റെയും തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറിന് നിലയ്ക്കല്‍ മുതല്‍ പമ്പ വരെയും ചുമതല നല്‍കും. മരക്കൂട്ടത്ത് എസ്പിയുടെ നിയന്ത്രണത്തില്‍ സേനയുണ്ടാവും. 32 ഡിവൈഎസ്പി, 42 സിഐ, 98 എസ്‌ഐ എന്നിവരും ഓരോ ഘട്ടത്തിലും ശബരിമലയില്‍ ഉണ്ടാവും. ആദ്യഘട്ടത്തില്‍ 165 വനിതാ പോലീസുകാരുണ്ടാവും. തുടക്കത്തില്‍ നിലയ്ക്കലായിരിക്കും ഇവരെ വിന്യസിക്കുക. ആവശ്യമെങ്കില്‍ മാത്രം സന്നിധാനത്ത് നിയമിക്കും. മണിയാര്‍ ക്യാമ്പിലും വനിതാ പോലീസിന്‍റെ റസര്‍വ് സംഘമുണ്ടാവും. ഐആര്‍ കമാന്‍ഡോ, കേരള പോലീസ് കമാന്‍ഡോ, എന്‍ഡിആര്‍എഫ്, സിആര്‍പിഎഫിന്റെ റാപിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവരും നിലയ്ക്കലിലും സന്നിധാനത്തും നിലയുറപ്പിക്കും.

ഓണ്‍ലൈന്‍ ബുക്കിങ്, പരമാവധി 24 മണിക്കൂര്‍ മാത്രം സന്ദര്‍ശന സമയം

മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമല സന്ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം തയ്യാറായി. കേരള പോലീസിന്റെ www.sabarimalaq.com എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്കിങ് ആംരംഭിച്ചത്. ഒരു ടിക്കറ്റില്‍ പത്ത് പേര്‍ക്ക് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ദര്‍ശന തീയതിയും സമയവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. തീര്‍ഥാടകരെ പമ്പയില്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. പരമാവധി 24 മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തിയിരിക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ വയ്ക്കുന്നത്. തീര്‍ഥാടകര്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കലാപാന്തരീക്ഷമുണ്ടാക്കാന്‍ ശബരിമലയില്‍ പലയിടത്തായി തമ്പടിക്കുന്നവരെ അകറ്റി നിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

രണ്ടും കല്‍പ്പിച്ച് ബിജെപിയും അയ്യപ്പ കര്‍മ്മ സമിതിയും

പോലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ചുകൊണ്ട് മുന്നേറുകയാണ് ബിജെപിയും അയ്യപ്പ കര്‍മ്മ സമിതിയും. പോലീസ് ഒരുക്കുന്ന സുരക്ഷാ വ്യൂഹത്തെ മറികടക്കാന്‍ ‘അമ്മമാ’രെ സന്നിധാനത്തെത്തിക്കാനാണ് ബിജെപി നീക്കം. അയ്യായിരം പോലീസിന് 10000 ഭക്തര്‍ അണിനിരക്കുമെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് മുന്നറിയിപ്പ് നല്‍കുന്നത്. ‘അയ്യായിരം പോലീസിന് പതിനായിരം ഭക്തര്‍ ശബരിമലയിലുണ്ടാവും. പോലീസാണോ ഭക്തരാണോ ജയിക്കുക എന്ന് കാണാം. പതിനായിരക്കണക്കിന് അമ്മമാര്‍ ശബരിമല നട തുറക്കുമ്പോള്‍ അവിടെ കാവലുണ്ടാവും. അറസ്റ്റ് ഭീഷണി വേണ്ട. ഭക്തരെ ജയിലിലടക്കാനാണ് തീരുമാനമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ മാളികപ്പുറം അമ്മമാരെക്കൊണ്ട് നിറയും. എവിടെ നാമം ജപിക്കണമെന്ന് ഭക്തര്‍ തീരുമാനിക്കും. എല്ലാവരും വീട്ടിലിരുന്ന് നാമം ജപിക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. പോലീസിനെ ഉപയോഗിച്ച് ഭക്തരെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട'”, എം.ടി രമേശ് പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ഓരോ ദിവസവും ആയിരക്കണക്കിന് മുതിര്‍ന്ന സ്ത്രീകളെ സന്നിധാനത്തേക്കെത്തിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി മുമ്പ് മാധ്യമ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെ ‘അമ്മമാരെ’ ഉപയോഗിച്ച് തിരിച്ചയയ്ക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇത് എം ടി രമേശിന്റെ വാക്കുകളില്‍ വ്യക്തം.

എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഇത് നിഷേധിച്ചു. ബിജെപിയ്ക്ക് അത്തരത്തില്‍ ഒരു പദ്ധതിയും ഇല്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കോടതിവിധി നടപ്പാക്കുന്നതിനെതിരെയും ആചാരസംരക്ഷണം ആവശ്യപ്പെട്ടും ബിജെപിയുടേയും എന്‍ഡിഎയുടേയും രണ്ടാംഘട്ട സമരങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമായി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു. ഇതിന് പുറമെ ബിജെപിയുടെ എല്ലാ മുഖ്യമന്ത്രിമാരേയും മണ്ഡലകാലത്ത് ശബരിമലയിലേക്കെത്തിക്കാനുമാണ് നീക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ശ്രീധരന്‍ പിള്ളയും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കുന്ന രഥയാത്ര നവംബര്‍ എട്ടിന് ആരംഭിച്ച് 13-ന് പത്തനംതിട്ടയില്‍ സമാപിക്കും. സമാപന ദിവസം ഒരു ലക്ഷം യുവതികളെ പങ്കെടുപ്പിച്ച് മഹിളാസംഗമം നടക്കുമെന്നും ഭാരവാഹികള്‍ പറയുന്നു.

വിപുലമായ പദ്ധതികളുമായാണ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല വര്‍ക്കിങ് പ്രസിഡന്റായ അയ്യപ്പ കര്‍മ്മ സമിതിയുടെ പ്രവര്‍ത്തനം. ചിത്തിരയാട്ടത്തിനായി നടതുറക്കുന്ന നാല്, അഞ്ച്, ആറ് തീയതികളില്‍ എന്ത് തരം പ്രതിഷേധങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ശബരിമലയില്‍ നടക്കുക എന്ന് വ്യക്തമായി പറയാനാവില്ലെന്നും അയ്യപ്പന്റെ ധര്‍മ്മം രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അയ്യപ്പന്‍ തന്നെ നിര്‍വ്വഹിക്കുമെന്നുമാണ് ശശികല പ്രതികരിച്ചത്. ജില്ല, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ കര്‍മ്മ സമിതി യൂണിറ്റുകള്‍ രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രണ്ടാംഘട്ട സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ കോട്ടയത്ത് നടക്കുമെന്നും അതിന് ശേഷം കൂടുതല്‍ പദ്ധതികള്‍ രൂപീകരിക്കുമെന്നും ശശികല പറയുന്നു, “ശബരിമലയില്‍ അമ്മമാരെ എത്തിക്കുന്നത് ബിജെപിയാണ്. ഞങ്ങള്‍ രണ്ട് സംവിധാനമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. 71 ഹിന്ദുസംഘടനകളുടെ പ്രവര്‍ത്തകര്‍ ഒന്നുചേര്‍ന്ന സമിതിയാണ് അയ്യപ്പ കര്‍മ്മ സമിതി. അഞ്ച് ആറ് തീയതികളില്‍ പറയത്തക്ക പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടില്ല. പക്ഷെ ആചാരലംഘനം നടക്കില്ല. അത്രമാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. അയ്യപ്പന്‍ തന്നെ തന്റെ ധര്‍മ്മം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യും. അന്ന് എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന കാര്യങ്ങള്‍ക്ക് ഒരു ആസൂത്രിതസ്വഭാവമില്ല. എന്നാല്‍ പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് തരത്തില്‍ വേണമെന്നുള്ള കാര്യം വ്യാഴാഴ്ച ചേരുന്ന രണ്ടാംഘട്ട സമരപ്രഖ്യാപന സമ്മേളനത്തില്‍ തീരുമാനിക്കും. ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലത്തില്‍ കര്‍മ്മ സമിതി യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവയുടെ പ്രവര്‍ത്തനം ബുധനാഴ്ചയോടെ പൂര്‍ത്തിയായി. പലയിടത്തും യൂണിറ്റുകളുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധങ്ങള്‍ നടന്നു. വ്യാഴാഴ്ച കോട്ടയം കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ സാമുദായിക സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും, സന്ന്യാസിമാര്‍, ആധ്യാത്മികമതാചാരങ്ങള്‍ പിന്തുടരുന്നവര്‍, പെരിയോന്മാര്‍ എന്നിവരടക്കം പലരും പങ്കെടുക്കുന്നുണ്ട്. എല്ലാവരുടേയും അഭിപ്രായമനുസരിച്ചേ ഭാവി പരിപാടികള്‍ തീരുമാനിക്കൂ. ഗൃഹസമ്പര്‍ക്ക പരിപാടിയും, ഒപ്പുശേഖരണവുമടക്കമുള്ള കാര്യങ്ങളാണ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതരസംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. അയ്യപ്പന്‍മാര്‍ കൂടുതലായി എത്തുന്നത് ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതിനാല്‍ അയ്യപ്പ സേവാ സമാജം അവിടെ വിപുലമായ പരിപാടികളാണ് നടപ്പാക്കുന്നത്. ഇതിനെ സാധാരണ സമരം പോലെ കാണരുത്. ഇത് ധാര്‍മ്മിക സമരമാണ്. സംഘര്‍ഷമുണ്ടാക്കരുതെന്ന് ഭരണകൂടമാണ് വിചാരിക്കേണ്ടത്. ഞങ്ങള്‍ സംഘര്‍ഷത്തിനില്ല. ആചാരം സംരക്ഷിക്കപ്പെടണമെന്ന തീരുമാനം മാത്രമാണുള്ളത്”, അവര്‍ അഴിമുഖത്തോട് വ്യക്തമാക്കി.

എന്തായാലും ഇരുകൂട്ടരും അല്‍പ്പംപോലും അയവില്ലാതെ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന സൂചനയാണ് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഇത്തവണത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ ട്രയല്‍ റണ്ണാവുമോ ചിത്തിരയാട്ടം?

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

‘വീട് സംഘപരിവാറുകാര്‍ വളഞ്ഞിരിക്കുന്നു; അങ്ങോട്ട് ചെന്നാല്‍ കൊല്ലുമെന്നാണ് ഭീഷണി’; മല കയറിയ യുവതികള്‍ വേട്ടയാടപ്പെടുകയാണ്

‘മാന്‍ ടു മാന്‍ മാര്‍ക്കിംഗ്’ കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍