TopTop

ശബരിമലയിലേക്ക് യുവതികള്‍ക്ക് ഒപ്പം പോവാന്‍ പത്ത് ആണുങ്ങളെ കിട്ടിയില്ല; കേരളത്തിലെ 'ആണത്തം' എന്ന അശ്ലീലം

ശബരിമലയിലേക്ക് യുവതികള്‍ക്ക് ഒപ്പം പോവാന്‍ പത്ത് ആണുങ്ങളെ കിട്ടിയില്ല; കേരളത്തിലെ
"സംഘപരിവാർ സ്പോൺസർ ചെയ്ത ആക്രമണങ്ങളുടെ ഫലമായാണ് ശബരിമല സംഘർഷ ഭൂമിയായത്. അതുകൊണ്ട് തന്നെയാണ് ഇതുവരെ അവിടെ ദർശനം നടത്താൻ സ്ത്രീകൾക്ക് സാധിക്കാതിരുന്നത്. പക്ഷെ, ഇപ്പോൾ എനിക്ക് തോന്നുന്നു ഇങ്ങനെ തന്നെയാണ് ശബരിമല സ്ത്രീ പ്രവേശനം നടക്കേണ്ടിയിരുന്നത്." ശ്രേയാസ് കണാരൻ പറയുന്നു.

ബിന്ദുവിനെയും കനക ദുർഗ്ഗയെയും മഞ്ജുവിനെയും ഒക്കെ അറിയുന്ന പലർക്കും ഇദ്ദേഹത്തെ പരിചയമുണ്ടാവില്ല. പോലീസ് - ആൾക്കൂട്ട വയലൻസോ, രക്തച്ചൊരിച്ചിലോ മറ്റ് അനിഷ്ട സംഭവങ്ങളോ ഒന്നുമില്ലാതെ തികച്ചും സ്വാഭാവികമായി പൊതുസമൂഹത്തിനു തന്നെ അവിശ്വസനീയമായ രീതിയിൽ ശബരിമല സ്ത്രീ പ്രവേശനം സാധ്യമായതിനു സാഹചര്യമൊരുക്കിയതിൽ ശ്രേയാസിന്റെയും സുഹൃത്തുക്കളുടെയും പങ്ക് വളരെ വലുതാണ്. സിപിഐഎംഎൽ മുൻ പ്രവർത്തകനും ബയോ മെഡിക്കൽ എഞ്ചിനീയറുമായ ശ്രേയാസ് കണാരൻ വടകര സ്വദേശിയാണ്. ഹരിയാനയിൽ താമസിക്കുന്ന സീനയുമായി ചേർന്നു ശ്രേയാസ് ഉണ്ടാക്കിയ 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയാണ് ശബരിമല സ്ത്രീ പ്രവേശനത്തിന് വഴിയൊരുക്കിയത്. ഈ കൂട്ടായ്മയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങൾ വിജയത്തിലെത്തിയതിനെപ്പറ്റിയും അദ്ദേഹം അഴിമുഖത്തോട് സംസാരിക്കുന്നു.

സെപ്റ്റംബർ 28 നു സുപ്രീം കോടതി വിധി വന്നതിനു ശേഷം ശബരിമല കയറാൻ എത്തിയ സ്ത്രീകളെല്ലാം ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു. ശബരിമലയിൽ നിന്ന് തിരികെ പോന്നതിനു ശേഷവും അവർ വേട്ടയാടപ്പെടുകയായിരുന്നു. ഇങ്ങനെ പോയാൽ ശബരിമല സ്ത്രീ പ്രവേശനം ഉടനെയൊന്നും സാധ്യമാവില്ല എന്ന് ഞങ്ങൾ കുറച്ച് പേർക്ക് ബോധ്യപ്പെട്ടു. എന്നാൽ ലിംഗനീതിയുടെ അന്തസത്ത ഉയർത്തിക്കാട്ടിയ സുപ്രീം കോടതി വിധി ഈ മണ്ഡല കാലത്ത് തന്നെ നടപ്പാക്കണം എന്ന ചിന്ത ഏതൊരു പൗരബോധമുള്ള വ്യക്തിയെയും പോലെ എനിക്കുമുണ്ടായി. അപ്പോഴാണ് ശബരിമലയ്ക്ക് പോവാൻ താത്പര്യമുള്ള യുവതികളെയും സ്ത്രീ പ്രവേശനത്തെ പിന്തുണക്കുന്ന പുരുഷന്മാരെയും സംഘടിപ്പിച്ചുകൊണ്ട് ഒരുമിച്ച് ഒരു ഗ്രൂപ്പായി പോവുക എന്ന ആശയം ഉയർന്നു വരുന്നത്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ നവംബർ 10നു ഇങ്ങനെ ഒരു ഗ്രൂപ്പ് ആരംഭിച്ചതും താൽപര്യമുള്ളവരെ കണ്ടെത്തിയതും. ഇതിനിടയിൽ ഞാൻ എന്റെ കുടുംബത്തോടൊപ്പം ഒരു ശബരിമല യാത്രയ്ക്ക് ശ്രമിച്ചിരുന്നു പക്ഷേ നിലയ്ക്കൽ എത്തുന്നതിനു മുൻപ് തന്നെ ഞങ്ങൾക്ക് തിരികെ പോരേണ്ടി വന്നു. പക്ഷെ അതുകൊണ്ട് അവിടുത്തെ അവസ്ഥ എന്താണെന്ന് എനിക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ സാധിച്ചു.


ടെസ്റ്റ് ഡോസ്

ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഫോൺ നമ്പരിലേക്ക് വിളിച്ച, യുവതി പ്രവേശനത്തിൽ താത്പര്യമുള്ള സ്ത്രീകളും പുരുഷന്മാരും നൂറിലധികം അംഗങ്ങളുള്ള മറ്റൊരു ഗ്രൂപ്പ് രൂപീകരിച്ചു. അങ്ങനെ നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് മനിതിയുമായി ബന്ധപ്പെടുന്നത്. അവരോടു സംസാരിച്ചതിൽ നിന്നും എടുത്ത ഒരു പ്രധാന തീരുമാനം ഡിസംബർ 23നു ഒരു ടെസ്റ്റ് ഡോസ് എന്ന രീതിയിൽ ശബരിമലയിലേക്ക് പോവാം എന്നതായിരുന്നു. ഒരു ഗ്രൂപ്പ് ആയി പോയാൽ യുവതി പ്രവേശനം സാധ്യമാകുമോ എന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു. പക്ഷെ ആ സമയത്ത് സ്റ്റേറ്റിന്റെ ഇടപെടൽ ഞങ്ങൾക്ക് എതിരായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മധുരയിൽ വച്ച് സെൽവിയുടെ ടീമിനെയും വസുമതിയുടെ ടീമിനെയും സ്പ്ലിറ്റ് ചെയ്തത്. അതുവഴി ഞങ്ങൾക്ക് ഒരുമിച്ച് ഒരു വലിയ ഗ്രൂപ്പാവാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. ഞങ്ങൾ കേരളത്തിൽ നിന്ന് ഒരുമിച്ച് കൂട്ടിയ സ്ത്രീകളിൽ ബിന്ദു, കനക ദുർഗ, സീന, ദിവ്യാ ദിവാകർ, അമ്മിണി, മഞ്ജു, ലിബിയ എന്നിവരൊക്കെ ഉണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള സ്ത്രീകളെല്ലാം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒത്തുചേർന്നിട്ട് പോകാം എന്നാണ് വിചാരിച്ചിരുന്നത്. മനിതിയുടെ ടീമും അവിടേയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷെ അവരുടെ ടീമിനെ ആദ്യം തന്നെ സ്പ്ലിറ്റ് ചെയ്തതുകൊണ്ട് ആ പദ്ധതി നടന്നില്ല. ചേരമ സാംബവ മഹാസഭ ചെയർമാൻ കെ കെ സുരേഷ്, സണ്ണി എം കപിക്കാട് ഇവരൊക്കെ ഞങ്ങളെ പിന്തുണച്ചിരുന്നു. ആർഎംപിയുമായി സംസാരിച്ചിരുന്നെങ്കിലും അവർ ഇതിൽ ഇടപെടാൻ അത്ര താത്പര്യം കാണിച്ചില്ല. ദിവ്യാ ദിവാകർ, ടീന, ബിന്ദു, കനക ദുർഗ്ഗ ഈ നാലു സ്ത്രീകൾക്കും പാലാ മുതൽ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് കെകെ സുരേഷ് ആയിരുന്നു. പക്ഷെ അന്നത്തെ അവരുടെ ശ്രമം വിഫലമായി.


ബിന്ദു, കനക ദുർഗ്ഗ

ബിന്ദുവും കനക ദുർഗ്ഗയും കോട്ടയം മെഡിക്കൽ കോളേജിൽ നിരാഹാര സമരം ആരംഭിക്കും എന്ന ഘട്ടം വന്നപ്പോൾ സ്റ്റേറ്റിന് അവരെ പിന്തുണയ്ക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥ വന്നു. ആ രണ്ടു സ്ത്രീകളുടെ ആത്മവിശ്വാസവും ധൈര്യവുമാണ് ഇത്ര പ്രയാസകരമായ ഒരു ദൗത്യം പൂർത്തിയാക്കാൻ അവരെ സഹായിച്ചത്. രണ്ട് സ്ത്രീകളുടെ സ്ഥൈര്യത്തിനു മുന്നിൽ ഇവിടുത്തെ ആൺ ആൾക്കൂട്ടങ്ങളുടെ മസിൽ പവർ ഒന്നുമല്ല എന്ന് അവർ തെളിയിച്ചു. ആ കാരണം കൊണ്ട് തന്നെ ഇവിടുത്തെ ആത്മാഭിമാനുള്ള ഓരോ സ്ത്രീയും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടതാണ്. കനക ദുർഗ്ഗയ്ക്കും ബിന്ദുവിനും ഇപ്പോഴും അവരുടെ സ്വന്തം വീട്ടിലേയ്ക്കും സാധാരണ ജീവിതത്തിലേക്കും തിരികെ പോവാനാവാത്ത അവസ്ഥയാണ്. ഈ ഒരു ഘട്ടത്തിൽ പോലും സാമൂഹ്യമായ ഒരിടപെടൽ നടത്താൻ ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങൾ തയ്യാറാവാത്തത് ഏറെ നിരാശാജനകമാണ്.


സ്റ്റേറ്റും പോലീസും ചെയ്യുന്നത്

സ്റ്റേറ്റിന് ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന പ്രത്യേക താത്പര്യമൊന്നുമില്ല. മഞ്ജുവിനെയും കൊണ്ട് കഴിഞ്ഞ ദിവസം പോയപ്പോഴും നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ നിന്നു മാറി വഴിയിൽ ഒന്നര മണിക്കൂറോളം കാത്തു നിന്ന ശേഷമാണ് ഞങ്ങൾ ബസ്സിൽ കയറിയത്. കാരണം അവിടുന്ന് ഏതെങ്കിലും സ്ത്രീകൾ ബസ്സിൽ കയറിയാൽ സ്റ്റാൻഡ് കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് ഒരു പെട്രോൾ പമ്പിനോട് ചേർന്നുള്ള പോലീസ് ചെക് പോസ്റ്റാണ്. വനിതാ പോലീസുകാർ ഉൾപ്പെടെ പതിനഞ്ചോളം പോലീസുകാർ അവിടെ സ്ഥിരം ഡ്യുട്ടിയിലുണ്ട്. അവർ ബസ്സിൽ കയറി യുവതികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതും അവരെ തിരിച്ചയക്കുന്നതും സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ദിവസം മാതൃഭൂമി പത്തനംതിട്ട എഡിഷൻ റിപ്പോർട്ട് ചെയ്തതനുസരിച്ചു ദിവസേന അറുപതു മുതൽ നൂറു വരെ സ്ത്രീകൾ നിലയ്ക്കൽ വരെ എത്തുന്നുണ്ട്. അവരെ പറഞ്ഞു മടക്കി അയക്കുന്നത് പൊലീസാണ് . കഴിഞ്ഞ ദിവസം ഞങ്ങളുടെ കണ്‍ മുൻപിൽ വച്ചാണ് തെലങ്കാനയിൽ നിന്നുള്ള ഒരു യുവതി പമ്പ വരെയെങ്കിലും പൊയ്ക്കോട്ടേ എന്ന് പോലീസിനോട് അഭ്യർത്ഥിച്ചത്. പക്ഷെ അവരെയും പോലീസ് മടക്കി അയക്കുകയാണുണ്ടായത്. സുപ്രീം കോടതി വിധി വരുന്നതിനു മുൻപ് സ്ത്രീകൾക്ക് സുഗമമായി പമ്പ വരെ പോവാൻ സാധിച്ചിരുന്നതാണ് ഇപ്പോൾ അതിനും അവരെ അനുവദിക്കുന്നില്ല. അവിടെ കാവൽ നിക്കുന്ന സംഘപരിവാറിന്റെ ഏറ്റവും വലിയ ആത്മവിശ്വാസവും ഇതു തന്നെയാണ്. അതായത് പോലീസ് നടത്തുന്ന ഇത്തരം ഇടപെടലുകളെ മറികടന്ന് ഒരു സ്ത്രീയ്ക്കും അവിടെ എത്താൻ സാധിക്കില്ല എന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ബിന്ദുവിന്റേയും കനക ദുർഗ്ഗയുടെയും രണ്ടാം ശ്രമത്തെക്കുറിച്ചു പൊലീസിലെ നാലു ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. നിരാഹാരം നിർത്തുവാൻ ഉണ്ടാക്കിയ കരാർ പോലീസ് പാലിക്കണം എന്നാവശ്യപ്പെട്ട് അവരെ ഞങ്ങൾ നിരന്തരം വിളിച്ചു സമ്മർദ്ദം ചെലുത്തിയിരുന്നു. വാക്ക് പാലിച്ചില്ലെങ്കിൽ കേരളത്തിലെ അഞ്ചു ജില്ലകളിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനായിരുന്നു ഞങ്ങൾ പദ്ധതിയിട്ടിരുന്നത്. അത് പോലീസിനും അറിയാമായിരുന്നു. വനിതാ മതിലിന്റെയൊക്കെ പശ്ചാത്തലത്തിൽ വയലൻസില്ലാതെ ഒരു സ്ത്രീയെങ്കിലും അവിടെ കയറണമെന്ന രാഷ്ട്രീയ താത്പര്യം സർക്കാരിനുമുണ്ടായി തുടങ്ങിയിരുന്നു.


പൊതുമുതൽ നശിപ്പിക്കാനും അശ്ലീലം പറയാനും മാത്രം അറിയുന്ന ആൺകൂട്ടം

കേരളത്തിൽ സ്ത്രീകൾ കാണിക്കുന്ന ധീരതയുടെ നാലിലൊന്ന് കാണിക്കാനുള്ള ശേഷി ആണുങ്ങൾക്കില്ല. ആൾക്കൂട്ട ആക്രമണങ്ങളും പൊതുമുതൽ നശിപ്പിക്കലും സംഘം ചേർന്ന് ഏതെങ്കിലും വ്യക്തികളുടെ കയ്യും കാലും വെട്ടലും സമൂഹ മാധ്യമങ്ങളിൽ അശ്ലീല തെറികൾ പരസ്പരം വിളിച്ചാനന്ദിക്കുകയും ചെയ്യുന്നതിനപ്പുറമുള്ള ഇടപെടലുകൾ കേരളത്തിലെ ആൺകൂട്ടങ്ങളിൽ നിന്ന് പ്രതീക്ഷിക്കുകയും അരുത്. ശബരിമലയിൽ കയറാൻ സന്നദ്ധരായ 4 യുവതികൾക്ക് കൂട്ടു പോവാൻ 10 ആണുങ്ങളെ കിട്ടാൻ രണ്ട് ദിവസം ശ്രമിച്ചിട്ടും നടക്കാതെ പോയതിനാൽ യുവതികൾ തൽക്കാലം ശ്രമമുപേക്ഷിച്ച് മടങ്ങി. ഭയം കൊണ്ട് പുറത്തിറങ്ങാതെ ആൺകൂട്ടങ്ങൾ അന്നേരവും കനകയേയും, ബിന്ദുവിനേയും, മഞ്ജുവിനേയും വാഴ്ത്തി സാമൂഹ്യ മാധ്യമങ്ങളിൽ കവിതയെഴുതി ഞാനുമൊപ്പം എന്ന പോസ്റ്റിട്ട് അഭിരമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 'ആണത്തം' എന്ന വാക്ക് മലയാളത്തിലെ ഒരശ്ലീല പദമായി ഇപ്പൊഴും നിലനിൽക്കുന്നു എന്നതാണ് തമാശ.


മനഃശാസ്ത്രജ്ഞന്റെ സഹായം

ബിന്ദുവിന്റേയും കനക ദുർഗ്ഗയുടെയും ശബരിമല ദർശനത്തിനു ഒരു ശാസ്ത്രീയ മാർഗ്ഗം ഒരുക്കാൻ സഹായിച്ചത് മനഃശാസ്ത്രജ്ഞനായ ഡോക്ടർ പ്രസാദ് അമോർ ആണ്. ഞങ്ങളുടെ ഫെയ്സ് ബുക്ക് കൂട്ടായ്മ ആരംഭിച്ച സമയം മുതൽ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന അദ്ദേഹം ശബരിമല യാത്രയിൽ അവരുടെ ഒപ്പം പോവുകയും ചെയ്തു. ഇത്രയും ശാന്തമായ രീതിയിൽ ശബരിമല സ്ത്രീ പ്രവേശനം സാധ്യമായതിൽ ഡോ. പ്രസാദിന്റെ പങ്ക് വളരെ വലുതാണ്.

ഇനിയും സ്ത്രീകൾ വരും


ബിന്ദുവിന്റേയും കനക ദുർഗ്ഗയുടെയും ശബരിമല ദർശനം ദേശീയ തലത്തിൽ തന്നെയുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആയിരുന്നു. എത്ര വലിയ പ്രതിബന്ധങ്ങൾ നേരിട്ടും സ്ത്രീകൾ അവിടെ എത്തും എന്നത് ഇന്ന് ശബരിമല കർമ്മ സമിതിയും സംഘപരിവാറുമൊക്കെ അംഗീകരിച്ചു കഴിഞ്ഞു. സ്ത്രീകൾ ചെന്നുവെന്ന് പറഞ്ഞ് നടയടച്ചു ശുദ്ധികലശം നടത്തിയ തന്ത്രി ഇപ്പോൾ അത്തരം കാര്യങ്ങളൊക്കെ മറന്ന മട്ടാണ്. പതിയെപ്പതിയെ എല്ലാവർക്കും അത് അംഗീകരിക്കേണ്ടി വരും. ശബരിമല ദർശനം നടത്തണമെന്ന് താത്പര്യമുള്ള ധാരാളം സ്ത്രീകൾ ഞങ്ങളെ ഇപ്പോൾ കോൺടാക്ട് ചെയ്യുന്നുണ്ട്. ജനുവരി 15 നും 20 നും ഇടയിലായി മുപ്പതോളം സ്ത്രീകൾ അടങ്ങുന്ന ഒരു സംഘമായി ശബരിമലയിലേക്ക് പോവാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്.

https://www.facebook.com/navothana.keralam/


Next Story

Related Stories