TopTop
Begin typing your search above and press return to search.

പടയപ്പാ... യാര്‍ പണിയപ്പാ...

പടയപ്പാ... യാര്‍ പണിയപ്പാ...
രജനികാന്ത് എന്ന സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം വാര്‍ത്തയാകുന്നത് സ്വാഭാവികം. എന്നാല്‍ അത് നമ്മുടെ ചലച്ചിത്ര നടന്‍ ദേവന്റെ രാഷ്ട്രീയ പ്രവേശനം പോലെ കേവലം ഒരു കൌതുക വാര്‍ത്തയായി ഒടുങ്ങുമോ എന്നതാണ് സംശയം. ദേവനല്ല രജനി എന്നത് ശരിയാണ്, സിനിമയില്‍ ആയാലും സമൂഹത്തിലായാലും രജനിക്ക് ഉള്ള സ്വാധീനത്തെ, ജനപ്രിയതയെ ദേവന്‍റേതുമായി താരതമ്യം ചെയ്യാനേ പറ്റില്ല. എങ്കിലും ചില സംശയങ്ങള്‍ ബാക്കിയാണ്.

സിനിമാ താരങ്ങള്‍ക്ക് ഇറങ്ങി പെട്ടെന്ന് വിജയി ആവാന്‍ പറ്റുന്ന തരത്തില്‍ തിരശീലയോട് വിധേയത്വം ഉള്ള ഒരു നാടാണ് തമിഴകം എന്ന ഒരു പൊതുധാരണയുണ്ട്. അണ്ണാദുരൈ മുതല്‍ എം ജി ആര്‍, കരുണാനിധി, ജയലളിത വരെയുള്ള തമിഴ് രാഷ്ട്രീയത്തിലെ അതികായര്‍ക്ക് ഒക്കെയും സിനിമയുമായി ഏറിയോ കുറഞ്ഞോ ബന്ധമുണ്ടായിരുന്നു എന്നതാവാം ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. എം ജി ആര്‍ അത് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ സാക്ഷാല്‍ എം ജി രാമചന്ദ്രന്‍ തന്നെയും ഒരു സുപ്രഭാതത്തില്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് ഇലക്ഷനിറങ്ങി തമിഴകം പിടിക്കുകയായിരുന്നില്ല. താരമായി ഇരിക്കുമ്പോഴും സമാന്തര രാഷ്ട്രിയ ബന്ധങ്ങള്‍ ഉണ്ടായിരുന്ന എം ജി ആര്‍ തമിഴ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന അണ്ണാദുരൈയുടെ പേരില്‍ അണ്ണാ ഡി എം കെ രൂപീകരിച്ച് ആ ലെഗസിയെ ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. ആ ഉള്‍കാഴ്ച രാഷ്ട്രീയ പരിചയത്തില്‍ നിന്ന് ഉണ്ടായതാണ്, താര പദവിയില്‍ നിന്നല്ല.

സമീപ കാലത്ത് അന്തരിച്ച ജയലളിതയെ എടുത്താല്‍ അവരും ഒരു ഇന്‍സ്റ്റന്റ് രാഷ്ട്രീയ വിജയമായിരുന്നില്ല. ദിര്‍ഘകാലം എം ജി ആറിന്റെ നിഴല്‍ പോലെ പ്രവര്‍ത്തിച്ച അവര്‍ക്ക് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പാര്‍ട്ടി പിടിച്ചെടുക്കാനായതും എം ജി ആറിന്റെ ഭാര്യയ്ക്ക് കഴിയാതെ പോയതും അവരുടെ വിജയത്തിലെ ഒരു സുപ്രധാന ഘടകമാണ്. രാഷ്ട്രീയ പരിചയം. അത് ഉണ്ടായിട്ടും ജയലളിതയ്ക്ക് തമിഴ് രാഷ്ട്രീയത്തില്‍ എം ജി ആര്‍ ഒക്കെ ഉണ്ടാക്കിയതിന് സമാനമായ ഒരു ലെഗസി ഉണ്ടാക്കാന്‍ കഴിഞ്ഞത് ഈ അവസാന കാലത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്. വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങിയ താരങ്ങള്‍ ഇറങ്ങിയിട്ടും എങ്ങും എത്തിയില്ല എന്നതുകൂടി കൂട്ടിവായിച്ചാല്‍ സംഗതി വ്യക്തമാകും. താരമാണ് എന്നതുകൊണ്ട് തമിഴകം വാഴാം എന്നത് ഒരു മിഥ്യാധാരണയാണ്.

http://www.azhimukham.com/filmnews-to-become-successfull-politician-one-need-something-above-name-money-fame-says-rajanikanth-to-kamalhasan/

ഇതറിയാവുന്നതിനാല്‍ ആവണം ബാഷയും പടയപ്പയും ഒക്കെ കത്തി നില്‍ക്കുന്ന കാലത്ത് പോലും രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായപ്പോള്‍ രജനി അറച്ച് നിന്നത്. അതില്‍ നിന്ന് തന്നെ തോണ്ണുറുകളില്‍ അറച്ച് മാറ്റിവച്ച ഒരു നീക്കത്തിന് ഇപ്പോള്‍ സ്‌റ്റൈല്‍ മന്നന്‍ ഇറങ്ങുന്നത് തമിഴ് രാഷ്ട്രീയം അത് വല്ലാണ്ടങ്ങ് ആവശ്യപ്പെടുന്നു എന്നതിനാലോ തമിഴ് രാഷ്ട്രീയം അഴിമതിയില്‍ മുങ്ങി നിവരാനാവാത്ത അവസ്ഥയായി എന്നതിനാലോ മാത്രമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇതര സംസ്ഥാനങ്ങള്‍ക്ക് മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ ആവാത്തവണ്ണം തമിഴ് രാഷ്ട്രീയം അപചയം നേരിടുന്ന ഒരു കാലത്തിന്റെ വിളി കൈക്കൊണ്ടാണ് ഈ ഇറക്കം എന്നത് റെട്ടറിക്ക് മാത്രമാണ്, വസ്തുത മറ്റെന്തോ തന്നെയാണ് എന്ന ശങ്ക സാധുവാകുന്നത് ഇതുകൊണ്ടൊക്കെയാണ്. ഒപ്പം സുബ്രഹ്മണ്യ സ്വാമി എന്ന ബി ജെ പിക്കാരന്‍ കുടിയായ പയറ്റി തെളിഞ്ഞ രാഷ്ട്രീയക്കാരന്റെ ഇതിനോടുള്ള പ്രതികരണങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ചിത്രം കൂടുതല്‍ അവ്യക്തമാകുന്നു.

http://www.azhimukham.com/cinema-tamil-cinema-and-actors-show-courage-against-fascism-malayalam-keep-silents-rakeshsanal/

സുബ്രഹ്മണ്യ സ്വാമി രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന വിളംബരത്തെ കേവലം ഒരു മീഡിയ ഹൈപ്പായി, ഒരു തമാശയായി മാത്രമേ കാണുന്നുള്ളൂ. അതിനദ്ദേഹം കാണുന്ന കാരണങ്ങള്‍ രജനി നിരക്ഷരനാണെന്ന ആരോപണം മുതല്‍ തമിഴര്‍ ബുദ്ധിമാന്മാര്‍ ആണെന്ന അഭിമാനം വരെയാണ്. അതും ഒരു ബി ജെ പി നേതാവിന്റെ പതിവ് റെട്ടറിക് എന്ന് കരുതി ഒഴിവാക്കാം. എന്നാല്‍ കള്ളപ്പണ ശേഖരം പിടിക്കും എന്ന ഭയത്താല്‍ ആണ് ഒരു രാഷ്ട്രീയ മറ ഉണ്ടാക്കാന്‍ അയാള്‍ ശ്രമിക്കുന്നത് എന്ന വിമര്‍ശനം അങ്ങനെ അല്ല. ന്യുസ് 18 സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്,
"This is a joke, Tamil Nadu requires something serious. The mood in Tamil Nadu is to get rid of all the film stars in politics. Rajini is entering politics at the wrong time and place. He should be worried, in fact, that all his black money trail will come into the limelight. The people of Tamil Nadu will not fall into Rajini fan clubs' song and dance. Fans club cannot become a political outfit."
തന്റെ പാര്‍ട്ടിയായ ബി ജെ പിയെ കണ്ടാണ് രജനി പനിക്കുന്നതെങ്കില്‍ അത് നടപ്പില്ല എന്നും സ്വാമി പറയുന്നു. ഒപ്പം എന്തായാലും രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കും എന്നും പുള്ളിയുടെ രാഷ്ട്രീയ ഉള്ളടക്കം വ്യക്തമാകുന്ന മുറയ്ക്ക് അതിലെ പൊള്ളത്തരം തുറന്ന് കാട്ടുമെന്നും സുബ്രഹ്മണ്യം സ്വാമി തുറന്നടിക്കുന്നു. അതായത് അഴിമതിരഹിതമായ ഒരു "സ്പിരിച്വല്‍ രാഷ്ട്രീയ"മെന്നതൊക്കെ വെറും പുകമറ മാത്രമെന്ന് തുറന്ന് കാട്ടുമെന്ന്.

http://www.azhimukham.com/jayalalitha-disproportionate-assets-case-corruption-bangalore-crucial-court-verdict-protest-tamilnadu-mgr-tamil-cinema-politics-aiadmk/

മക്കളുടെ സിനിമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാല്‍ വന്‍ കടക്കെണിയില്‍ ആയ പശ്ചാത്തലത്തിലാണ് ബി ജെ പിയുടെ രാഷ്ട്രീയ പ്രലോഭനത്തിന് രജനി വഴങ്ങുന്നത് എന്ന സ്ഥിരീകരിക്കാത്ത ചില പിന്നാമ്പുറ വര്‍ത്തമാനങ്ങളും ഉണ്ട്. അവ കൂടി ആവുമ്പോള്‍ അഴിമതി രഹിത സംശുദ്ധ ആത്മീയ രാഷ്ട്രീയമെന്ന കാലത്തിന്റെ ആവശ്യത്തെ തമിഴ് മക്കള്‍ക്കായി അഭിസംബോധന ചെയ്തുകൊണ്ട് ഈ വയസ്സ് കാലത്ത് താന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന പ്രസംഗ വാചകത്തെ ഒരു പൊളിറ്റിക്കല്‍ സ്ലോഗനായി വികസിക്കുന്നതില്‍ നിന്ന് തടയാന്‍ മറുപക്ഷത്തിന് പല ഉപകരണങ്ങള്‍ ആയി. ഒന്നും ഇങ്ങോട്ട് പ്രതീക്ഷിച്ചല്ല, പണവും അധികാരവും മഹിമയുമൊക്കെ തമിഴ് മക്കള്‍ നല്‍കി, ഇനി അവര്‍ക്ക് എന്തെങ്കിലും തിരികെ നല്‍കാന്‍ സമയമായി എന്നതിനാല്‍ മാത്രം ഇതിനിറങ്ങുന്നു എന്ന വൈകാരിക നിക്ഷേപവും മേല്‍പറഞ്ഞ കാര്യങ്ങള്‍ വേണ്ട വിധം പ്രചരിച്ചാല്‍ വിജയിക്കുക പ്രയാസമാവും.

എന്നാല്‍ ഇതൊക്കെ ഉള്ളപ്പോഴും ചില ഘടകങ്ങള്‍ രജനിക്ക് അനുകൂലമായി ഉണ്ട്. അതില്‍ ഒന്നാമത്തേത് ദ്രാവിഡ രാഷ്ട്രീയത്തിന് തമിഴ്നാട്ടില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന അപ്രമാദിത്വവും സുപ്പര്‍ സ്റ്റാര്‍ മത്സരിച്ചാല്‍ നേരിട്ട് മുഖ്യമന്ത്രി ആകാം എന്നപോലെ ഒരു അബദ്ധ സമവാക്യമാണ് എന്ന വസ്തുതയാണ്. പെരിയാറും അണ്ണാദുരൈയും ഒക്കെ മുന്നോട്ട് വച്ച ദ്രാവിഡ രാഷ്ട്രീയത്തിലെ പുരോഗനപരമായ നവോത്ഥാന മുല്യങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞ് ജയലളിതയുടെയും സ്റ്റാലിന്റെയും ഒക്കെ കാലമാകുന്നതോടെ വെറും സ്വത്വരാഷ്ട്രീയമായി ചുരുങ്ങിയത് നാം കണ്ടു. മുഖ്യമന്ത്രിക്ക് മുന്‍പില്‍ കുമ്പിടുകയല്ല, നിലത്തുവീണു കുമ്പിടുന്ന ഒരു രാഷ്ട്രീയത്തില്‍ സംഘപരിവാറിന് ഒളിച്ച് കടക്കാന്‍ നിരവധി പഴുതുകള്‍ ഉണ്ട്.

http://www.azhimukham.com/cinema-tamil-cinema-and-actors-show-courage-against-fascism-malayalam-keep-silents-rakeshsanal/

രജനിയുടെ മുഖ്യ വാചകമായ ആത്മീയ രാഷ്ട്രീയം എടുക്കുക. സംഘപരിവാര്‍ പ്രത്യയശാസ്ത്രം പൊതുസമൂഹത്തിലേക്ക്, വ്യക്തികളിലേക്ക് മുന്‍കൂര്‍ പണിഞ്ഞുവച്ചിരിക്കുന്ന നിരവധി പാലങ്ങളില്‍ ഒന്നാണ് ആത്മീയത. അപ്പോള്‍ രജനിയുടെ സംശുദ്ധ സ്പിരിച്വല്‍ പോളിറ്റിക്‌സും ഒരു പാലമാകാന്‍ ഉള്ള സാദ്ധ്യത ഏറെയാണ്. പ്രത്യേകിച്ച് ഇരുപത് വര്‍ഷം മുമ്പ് ഇതുപോലൊരു സാഹചര്യത്തില്‍ അറച്ച് നിന്ന രജനിയാണ് ഇക്കുറി കച്ച മുറുക്കി ഇറങ്ങുന്നത് എന്നോര്‍ക്കുമ്പോള്‍. അതിന് പിന്നില്‍ മാറിയ തമിഴ്‌നാട് രാഷ്ട്രീയം മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയവുമുണ്ട്. രജനി വന്നാല്‍ തമിഴകം ഇരമ്പും എന്ന നിലയില്‍ കേരളത്തിലെ ബി ജെ പി പ്രതിനിധികളുടെ ആവേശം കൂടി കാണുമ്പോള്‍ ആ കാര്യം വ്യക്തമാകുന്നു. രജനി തമിഴ്നാടിന് നല്‍കിയ നവവത്സര വാഗ്ദാനത്തിന് പിന്നില്‍ പുള്ളി മാത്രമല്ല. അതില്‍ ഒരു പിന്നാമ്പുറ രാഷ്ട്രീയമുണ്ട്.

രണ്ടായിരത്തി പത്തൊമ്പതില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും മിണ്ടാതെയാണ് രജനി സാധാരണ ഗതിയില്‍ പിന്നെയും കൊല്ലങ്ങള്‍ കഴിഞ്ഞ് മാത്രം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും എന്ന് ഇന്നേ പ്രഖ്യാപിക്കുന്നത്. പാര്‍ട്ടിക്ക് പേരോ, ചിഹ്നമോ, പ്രവര്‍ത്തി പരിപാടിയോ, നിലപാടോ ഒന്നും ആയിട്ടില്ല. ആകെ ഇപ്പോള്‍ ഉള്ളത് തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കാം എന്ന രജനിയുടെ തീരുമാനം പ്രഖ്യാപിക്കപ്പെട്ടു എന്നത് മാത്രമാണെന്ന് ഓര്‍ക്കണം. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തം.

http://www.azhimukham.com/tamil-politics-twists-and-turns-pk-sreenivasan/

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശത്തിലുടെ പ്രഖ്യാപിക്കുന്നത് താന്‍ ഒരുവട്ടം പറഞ്ഞാല്‍ അത് നുറുവട്ടം പറഞ്ഞ മാതിരി എന്നല്ല. ആദ്യം കോണ്‍ഗ്രസ്സിനെയും പിന്നെ നാളിതുവരെ ബി ജെ പിയെയും പിന്തുണച്ച ഒരു മാറി മറിയല്‍ ചരിത്രം രാഷ്ട്രീയത്തില്‍ ഈ 'ബാഷ'യ്ക്കുണ്ട്.

കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം എന്നതൊന്നും സംഘപരിവാര്‍ ഇന്‍ഫില്‍ട്രേഷനെ തകര്‍ക്കാന്‍ തമിഴ്നാടിനുണ്ട് എന്ന് കരുതാന്‍ പോന്ന ഒരു ഇന്‍ബില്‍റ്റ് പരിചയല്ല. അതിന് ഹിന്ദുത്വ വാദവുമായി ഒരുനിലയ്ക്കും സഹവാസം സാദ്ധ്യമല്ലാത്ത ഒരു പ്രത്യയശാസ്ത്രവും സംഘടനയും മറുവശത്ത് ഉണ്ടാവുക തന്നെ വേണം. അങ്ങനെയൊന്ന് അവിടെയുണ്ടോ?

അപ്പോള്‍ 'പടയപ്പ'യെ മുന്നില്‍ നിര്‍ത്തി ഒരു പടയൊരുക്കം നടക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് പേരിട്ടമാതിരി ഒരു മിമിസ്‌ക് പരേഡ് അല്ല അത്. "ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളി" എന്ന് പറയാന്‍ തമിഴിലെ മോഹന്‍ലാല്‍ അല്ല രജനി എന്നും മനസിലാക്കണം. അതായത് ചലച്ചിത്ര താരങ്ങളുടെ സ്വതവേ ഉള്ള ജോക്കറുകളിയാവില്ല അവരെ മുന്‍നിര്‍ത്തി പയറ്റി തെളിഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞര്‍ സംവിധാനം ചെയ്യുന്ന കളി. അത് വേറെ കളി.

അതില്‍ തോറ്റാല്‍... അതായത് ആ നീക്കം വിജയിച്ചാല്‍....

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/kabali-rajanikanth-popular-culture-film-review-aparana/

http://www.azhimukham.com/aiadmk-crisis-tamil-politics-bjp-tactics-sasikala-paneerselvam/

http://www.azhimukham.com/tamil-nadu-political-scenario-after-jayalalitha-era-rajanikanth-ajith-bjp-dravidian-parties-future-azhimukham/


Next Story

Related Stories