Top

മോദി, താക്കറെ, മോഹന്‍ഭാഗവത്, അണ്ണഹസാരെ.... ചങ്ങാതിമാര്‍ ഏറെയുണ്ട് ഭയ്യൂജി മഹാരാജിന്

മോദി, താക്കറെ, മോഹന്‍ഭാഗവത്, അണ്ണഹസാരെ.... ചങ്ങാതിമാര്‍ ഏറെയുണ്ട് ഭയ്യൂജി മഹാരാജിന്
മാതാജി, ബാബാജി, സ്വാമി, സ്വാമിനി, ഗുരുജി, ഗുരു, ആചാര്യന്‍, യോഗി, ദൈവദാസന്‍, സിദ്ധൻ, ബ്രദര്‍... ‘ഫെഡറിക് നീഷേ’ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ദൈവം മരിച്ചുവെന്ന് ഒരിക്കലും പറയുകയില്ലായിരുന്നു. പ്രശസ്തരും അപ്രശസ്തരുമായിട്ടുളള അത്രയധികം ‘ആൾ'ദൈവങ്ങള്‍ അരങ്ങുവാഴുന്ന ലോകത്തെ ഏറ്റവും വലിയ ആത്മീയ കമ്പോളമായി മാറിയിരിക്കുന്നു ഇന്ത്യ. അതുകൊണ്ടുതന്നെ കംപ്യൂട്ടര്‍ ബാബയും, ചുംബന ബാബയും, റാം റഹീമും, അസാറാം ബാപ്പുവുമെല്ലാം നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇവരില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലാത്ത ആളാണ്‌ ഇന്നലെ മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ സില്‍വര്‍ സ്പ്രിങ്സ് ടൌണ്‍ഷിപ്പിലെ വീട്ടില്‍ വെച്ചു സ്വയം വെടിവച്ച് മരിച്ച ഭയ്യൂജി മഹാരാജ്. മാനസിക ക്ളേശങ്ങളും വ്യഥകളും രോഗങ്ങളും കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പിരിമുറുക്കങ്ങളുമായി തന്നിലേക്ക് പാഞ്ഞടുക്കുന്ന അസംഖ്യം ‘ഭക്ത ജനങ്ങള്‍’ക്ക് സുഖവും ശാന്തിയും മനഃസ്സമാധാനവും പ്രധാനംചെയ്ത് അനുഗ്രഹിച്ചിരുന്ന, നരേന്ദ്ര മോദിയടക്കമുള്ള വിവിഐപികളുടേയും പട്ടിണിപ്പാമരരുടേയും കണ്‍കണ്ട ‘ദൈവം’ പക്ഷെ, ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മര്‍ദ്ദവും കുടുംബ പ്രശ്നങ്ങളും താങ്ങാന്‍ കഴിയാഞ്ഞിട്ടാണത്രേ!

രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും മുതല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ വരെ ശീതികരിച്ച മുറികളില്‍ ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്‌ ശൃംഖലയുടെ അധിപനായ ഭയ്യൂജി മഹാരാജിന്‍റെ ജീവിതവും ഏറെക്കുറെ മറ്റുള്ള ആള്‍ദൈവങ്ങളുടേതിന് സമാനയിരുന്നു. വെളുത്ത ജുബ്ബയും റോളക്സിന്‍റെ വാച്ചും കറുത്ത ലെതര്‍ ചെരുപ്പും ധരിച്ച് പുറത്തിറങ്ങുന്ന, ബെന്‍സ് കാറില്‍ മാത്രം സഞ്ചരിക്കുന്ന, പ്രൌഡഗംഭീരമായ ആശ്രമമുള്ള, ആഡംബര റിസോര്‍ട്ടുകളില്‍ മാത്രം അന്തിയുറങ്ങാറുള്ള ഭയ്യൂജിയെ വ്യത്യസ്തനാക്കുന്നത് രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന് ലഭിച്ചിരുന്ന പിന്തുണയാണ്. മഹാരാഷ്ട്ര - മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാര്‍ ഇൻഡോറിലെ ബാപത് സ്ക്വയറിലുള്ള അദ്ദേഹത്തിന്‍റെ ആശ്രമം പതിവായി സന്ദര്‍ശിക്കാറുണ്ട്. ആര്‍എസ്എസ് തലവൻ മോഹൻ ഭഗവത്, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയ ഒട്ടനവധിപേര്‍ ഇതില്‍പ്പെടും.

http://www.azhimukham.com/trending-the-god-men-in-india-and-their-activities/

നരേന്ദ്ര മോദിയുടെ അടുത്ത അനുയായികൂടിയായ ഭയ്യൂജി 2014-ല്‍ പ്രധാനമന്ത്രിയായുള്ള അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നിറസാന്നിധ്യമായിരുന്നു. അണ്ണ ഹസാരെ നിരാഹാര സമരം അവസാനിപ്പിക്കാതിരുന്ന ഘട്ടത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ഇദ്ദേഹത്തിന്‍റെ സഹായമാണ് തേടിയിരുന്നത്. നിലവിലെ മധ്യപ്രദേശിലെ ബിജെപി ഗവൺമെന്‍റ് കാബിനറ്റ് റാങ്കോടെയുള്ള മന്ത്രി പദവി വാഗ്ദാനം ചെയ്തുവെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് ഭയ്യൂജിക്ക് പദവി നിരസിക്കേണ്ടിവന്നു.

എന്നാല്‍ അത്രയധികം പ്രശസ്തനല്ലാത്ത കാലത്തും മദ്ധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നുമുള്ള ഒരു സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് ഭരണാധികാരികള്‍ക്കിടയില്‍ എങ്ങനെയാണ് ഇത്രയധികം സ്വാധീനം ലഭിച്ചത്? അദ്ദേഹം പേറ്റന്‍റ് ചെയ്ത ആത്മീയ ഉത്പന്നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വിതരണം ചെയ്തിട്ടില്ല, ആയുർവേദ മരുന്നുകൾ കെട്ടിച്ചമച്ച് പുറത്തിറക്കിയിട്ടില്ല, വിദേശികളായ ശിഷ്യഗണങ്ങളുടെ കൂടെ ആടിപ്പാടിയിട്ടില്ല, കാവിത്തുണിച്ചുറ്റി അഭ്യാസ പ്രകടനങ്ങള്‍ നടത്തിയിട്ടില്ല, ഒരുതരത്തിലുള്ള മാധ്യമ പ്രൊഫൈലും നിലനിർത്തിയിരുന്നില്ല. എന്നിട്ടും എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് ഇത്രമാത്രം സ്വാധീനം ലഭിച്ചത്? ഭരണാധികാരികള്‍ അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ കുനിഞ്ഞു മുത്തമിട്ടത്? അനുഗ്രഹത്തിനും ആശ്ലേഷത്തിനും വേണ്ടി ക്യൂ നിന്നത്? ആള്‍ദൈവമെന്നത് ലാഭകരമായ ഒരു വ്യവസായ നാമമാണ്. വായുവില്‍നിന്ന് എന്തെടുക്കുന്നു എന്നതല്ല, ജനങ്ങളില്‍നിന്ന് എന്തു കവരുന്നു എന്നതാണ് പ്രധാനം.

http://www.azhimukham.com/conversation-between-sadgurujaggivasudev-and-sasikumar-at-keralaliteraryfesitival-kozhikode-on-hisbook-innerengineering/

മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ഭയ്യൂജിയുടെ ജനനം. ഉദൈസിംഗ് ദേശ്മുഖ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബി എസ് സി ഡിഗ്രിക്ക് ചേര്‍ന്നു. മഹീന്ദ്ര സിമന്‍റ് പ്ലാന്‍റില്‍ പ്രോജക്ട് എൻജിനിയറായി ജോലി ചെയ്തു. അതേസമയം തന്നെ ഒരു ടെക്സ്റ്റൈല്‍ കമ്പനിയുടെ മോഡലായും പ്രവര്‍ത്തിച്ചു. പക്ഷെ, ഇതില്‍ നിന്നൊന്നും യാതൊരു ആത്മസംതൃപ്തിയും ലഭിക്കാതെ വന്നതോടെയാണത്രെ ഉദൈസിംഗ് ആത്മീയതയുടെ സാമ്രാജ്യത്തിലേക്ക് ചുവടുമാറ്റുന്നതും, ഭയ്യൂജി മഹാരാജ് എന്ന പേര് സ്വീകരിക്കുന്നതും, 1999-ൽ ഇൻഡോറില്‍ ആശ്രമം സ്ഥാപിക്കുന്നതും.

‘വെസ്റ്റ്‌ലാന്‍റ് ബുക്സ്’ പുറത്തിറക്കിയ ‘ഗുരൂസ്’ എന്ന പുസ്തകത്തില്‍ ഭയ്യൂജിയുടേയും ജീവചരിത്രമുണ്ട്. എല്ലാ ആള്‍ദൈവങ്ങളുടേയും ജീവചരിത്രം പറയുന്നതുപോലെ അദ്ദേഹത്തിന്‍റെയും കുട്ടിക്കാലം ആത്മീയതയില്‍ അധിഷ്ഠിതമായിരുന്നത്രേ. പതിനൊന്നാം ക്ളാസിൽ പഠിക്കുന്ന സമയത്ത് ഉദയ് ഒരു സന്ന്യാസിയെ സ്വപ്നം കണ്ടത്രെ. തന്‍റെ കിടക്കയ്ക്ക് അടുത്ത് വന്ന അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് അവനെ അനുഗ്രഹിച്ചുപോലും! മാത്രവുമല്ല, കുട്ടിക്കാലം മുതല്‍തന്നെ കാര്യങ്ങള്‍ മുന്‍കൂട്ടികാണുവാനുള്ള ദിവ്യദൃഷ്ടിയും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ജീവചരിത്രത്തില്‍ പറയുന്നുണ്ട്.

2002 മുതലാണ്‌ ഭയ്യൂജി മഹാരാജ് വാര്‍ത്തകളില്‍ ഇടംനേടാന്‍ തുടങ്ങിയത്. അന്ന് മഹാരാഷ്ട്ര നിയമസഭയിലെ ചില സംഭവവികാസങ്ങള്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴിയൊരുക്കും എന്ന ഘട്ടമെത്തിയപ്പോള്‍ കോൺഗ്രസ് പാര്‍ട്ടിയുടെ എംഎൽഎമാർ അദ്ദേഹത്തിന്‍റെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. 2011-ൽ ലോക്പാൽ ബില്ലിനെതിരായുള്ള അണ്ണാ ഹസാരെയുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെട്ടതോടെ ദേശീയ ശ്രദ്ധയും പിടിച്ചുപറ്റി. തൊട്ടടുത്ത വര്‍ഷമാണ്‌ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അഹമ്മദാബാദിലെ അദ്ദേഹത്തിന്‍റെ മൂന്നു ദിവസത്തെ സദ്ഭാവന നിരാഹാര സമരത്തിലേക്ക് ഭയ്യൂജിയെ ക്ഷണിക്കുന്നത്.

ഭയ്യുജി മഹാരാജ് തന്‍റെ മകന്‍റെ പിതാവാണെന്ന് അവകാശപ്പെട്ടുകൊണ്ട് 2005-ൽ ഒരു യുവതി വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അവരുടെ അവകാശവാദം നിഷേധിച്ചു. തുടര്‍ന്ന് അത് കൂടുതല്‍ നിയപോരാട്ടങ്ങള്‍ക്ക് വഴിവച്ചിരുന്നു. താന്‍ സന്യാസം സ്വീകരിക്കുവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ച് തൊട്ടടുത്ത വര്‍ഷം തന്നെ ഡോ. ആരുഷി ശർമയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് ഭക്തര്‍ക്കിടയില്‍ വലിയ രീതിയിലുള്ള അവമതിപ്പിനിടയാക്കിയിരുന്നു.

http://www.azhimukham.com/baba-rampal-god-man-arrested-by-murder-case-hariyana-hisar-ashram-manohar-lal-khattar/

ജനാധിപത്യത്തിന്‍റെ സത്തയറിയാത്ത രാഷ്ട്രീയ നേതാക്കളാണ് രാഷ്ട്രീയ വ്യാപാരം കൊഴുപ്പിക്കാനുള്ള താത്ക്കാലിക മാര്‍ഗമായി വ്യാജ പൗരോഹിത്യത്തെ സ്വീകരിക്കുന്നത്. വിശ്വാസം - ആള്‍ദൈവം - വര്‍ഗീയത - ഫാസിസം എന്ന രീതിയില്‍ തീവ്ര വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഭരണം നടത്തുവാന്‍ അവസരം ഉണ്ടാക്കികൊടുത്തതില്‍ ആത്മീയകമ്പോളത്തിനു വലിയ പങ്കുണ്ട്. 2018-ൽ മധ്യപ്രദേശിലെ ബിജെപി സർക്കാർ ഭയ്യുജി മഹാരാജ് അടക്കമുള്ള അഞ്ച് ആള്‍ദൈവങ്ങള്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് അവര്‍ പറയുന്നത്പോലെ നർമ്മദയെ പുനരുജ്ജീവിപ്പിക്കാനൊന്നുമല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്.

എന്തായാലും ഭയ്യുജി മഹാരാജിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് ആത്മീയ-രാഷ്ട്രീയ ലോകം. അദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് സന്ദര്‍ശകപ്രവാഹമാണ്. ദൂരഹ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാന്ധിജി പറഞ്ഞ ചില വാക്കുകളാണ് ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത്. “എനിക്കൊരു ഗുരു ഉണ്ടായിരുന്നുവെങ്കിൽ, ഞാൻ എന്‍റെ ശരീരവും ആത്മാവും അദ്ദേഹത്തിൽ അർപ്പിക്കുമായിരുന്നു, ഇപ്പോഴും ഒരു യഥാർത്ഥ ഗുരുവിനെ തേടി നടക്കുകയാണ് ഞാൻ. എന്നാൽ അവിശ്വാസത്തിന്‍റെ ഒരു ലോകത്തിൽ സത്യസന്ധനായ ഒരു ഗുരുവിനെ കണ്ടെത്താൻ കഴിയുക പ്രയാസകരമായ കാര്യം തന്നെയാണ്”.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/offbeat-who-is-rockstar-baba-gurmeet-ram-rahim-and-allegations-against-him/

http://www.azhimukham.com/offebeat-godmen-and-women-caught-and-others-ram-rahim-amrithanandamayi/

http://www.azhimukham.com/india-chandraswami-manipulator-godman-controversies-cases-life/

http://www.azhimukham.com/news-wrap-what-ramrahim-says-to-godman-fertile-kerala-sajukomban/

Next Story

Related Stories