TopTop
Begin typing your search above and press return to search.

തൊഴിലുടമയോ, സര്‍ക്കാരോ? ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ആരുടെ ഉത്തരവാദിത്തമാണ്?

തൊഴിലുടമയോ, സര്‍ക്കാരോ? ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ആരുടെ ഉത്തരവാദിത്തമാണ്?

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള വാദത്തിന്റെ കാതല്‍ കുഞ്ഞുങ്ങളുടെ നിസഹായാവസ്ഥയും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് മാതാപിതാക്കളും ഭരണകൂടവും പങ്കിടേണ്ട ഉത്തരവാദിത്തവുമാണ്. പക്ഷേ ഈ വാദം പ്രായോഗികമായി ഫലവത്താക്കാന്‍ നമുക്കെത്രത്തോളം കഴിഞ്ഞിട്ടുണ്ട്? തൊഴില്‍ സേനയില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന കണക്കിന്റെ പശ്ചാത്തലത്തില്‍ ശിശുസംരക്ഷണകേന്ദ്രങ്ങള്‍ അ പ്രവണതയെ ചെറുക്കാന്‍ എത്രത്തോളം സഹായിക്കും? തൊഴിലാളിയുടെ ക്ഷേമത്തിന് തൊഴിലുടമയെ ഉത്തരവാദിയാക്കുന്നത് ശരിയാണോ? ഭരണകൂടത്തിന്റെ പങ്കെന്താണ്, ആധുനികലോകത്തെ തൊഴിലെടുക്കുന്ന സ്ത്രീ എങ്ങനെയൊക്കെയാണ് വെല്ലുവിളികള്‍ നേരിടുന്നത്?

വിവര സാങ്കേതിക വിദ്യ വിപ്ലവം വരുന്നതുവരെയും 2000-ത്തിന്റെ ആദ്യദശകത്തിന്റെ അവസാനം വരെയും ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഒന്നായിരുന്നില്ല. സാമ്പത്തിക സൂചകങ്ങളാണ് ഇതിന്റെ ഒരു കാരണമായി പറയുന്നത്. തൊഴില്‍ മേഖലയില്‍ 1999-00 ത്തില്‍ 34.1% ആയിരുന്ന സ്ത്രീകളുടെ പങ്കാളിത്തം 2011-12ല്‍ 27.2% ആയി കുറഞ്ഞിരുന്നു (1). സര്‍ക്കാര്‍ വളരെ വേഗത്തില്‍ അംഗനവാടി-ശിശുസംരക്ഷണകേന്ദ്രങ്ങളും രാജീവ ഗാന്ധി ദേശീയ ശിശുസംരക്ഷണ പദ്ധതിയുമായും രംഗത്തെത്തി. (2&3)

ഒരു രാജ്യം എന്തുകൊണ്ട് ശിശുസംരക്ഷണ സേവനങ്ങളില്‍ നിക്ഷേപിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്റെ ഒരു പഠനം വിശദീകരിക്കുന്നു; മികച്ച ശിശുസംരക്ഷണ സേവനങ്ങള്‍ തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും എന്നതാണ് കാലങ്ങളായുള്ള ഒരു വാദം. തൊഴിലവസരങ്ങളുമായി തുലനം ചെയ്താല്‍, താങ്ങാവുന്നതും ഗുണമേന്‍മയുള്ളതുമായ ശിശുസംരക്ഷണ സേവനങ്ങള്‍ ഒരു കുഞ്ഞുണ്ടാവുക എന്നതിലെ ചെലവ് ഗണ്യമായി കുറയ്ക്കും എന്നതിനാല്‍ അത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കൂട്ടുകയും സാമ്പത്തിക വളര്‍ച്ചയെ മുന്നോട് കൊണ്ടുപോവുകയും ചെയ്യും എന്നതാണ് മറ്റൊരു പരികല്‍പന (4). എന്നാല്‍, വര്‍ഷങ്ങളായുള്ള കേന്ദ്ര പദ്ധതികള്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കിലെ ഇടിവിനെ പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ശിശുസംരക്ഷണ കേന്ദ്ര പദ്ധതികളുടെ ലക്ഷ്യവും ഫലവും തമ്മിലുള്ള പൊരുത്തക്കേട് അധികൃതരെയും നയനിര്‍മ്മാതാക്കളെയും കുഴപ്പിക്കുകയാണ്.

എവിടെയാണ് ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ സ്ഥാനം?

സ്ത്രീകളുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിരക്ക് ഉണ്ടായിട്ടും കേരളത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് വളരെയേറെ ഉയര്‍ന്നതാണ് (5). തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തം ക്രമമായി കുറഞ്ഞുവരികയും ചെയ്യുന്നു. വികസിത സമ്പദ് വ്യവസ്ഥകളില്‍ നടത്തിയ പഠനങ്ങള്‍ (ബാള്‍ഡ്വിന്‍/പ്രെസ്സര്‍, 1980) കാണിക്കുന്നത് കുടുംബത്തില്‍ ചെറിയ കുട്ടികള്‍ ഉണ്ടാകുന്നത് വിവാഹിതകളായ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത സാധ്യത കുറയ്ക്കുന്നു എന്നാണ് (6). കൂട്ടുകുടുംബത്തിന്റെ പിന്തുണയോ, താങ്ങാവുന്ന നിരക്കിലുള്ള ശിശുസംരക്ഷണ സംവിധാനങ്ങളോ ഇല്ലെങ്കില്‍, പ്രത്യേകിച്ചും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍, ജോലിയുള്ള മാതാപിതാക്കളെ തൊഴില്‍ സ്ഥലത്തേക്കാള്‍ കൂടുതല്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. കുറഞ്ഞ ചെലവുള്ള, ഗുണമേന്‍മയുള്ള, തൊഴില്‍ സ്ഥലത്തുനിന്നും പ്രാപ്യമായ ഒരു ശിശുസംരക്ഷണ കേന്ദ്രം തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഗുണം ചെയ്യും. ഇതൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്തു ഇപ്പോഴും അപൂര്‍വമായ ഒന്നായി തുടരുന്നത് എന്ന് ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്.

ചട്ടങ്ങളില്‍ ഒതുങ്ങുന്നു

ദി കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് റൂള്‍സ്, 1961 പ്രകാരം 20-ഓ അതിലധികമോ സ്ത്രീ ജീവനക്കാരുള്ള കടകളും വാണിജ്യ സ്ഥാപനങ്ങളും തൊഴില്‍സ്ഥലത്തോ അല്ലെങ്കില്‍ അതിനടുത്തോ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും അതിനുള്ള ദൂരപരിധി വെച്ചതും അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ നിയമത്തിലെ ചില കര്‍ശനവ്യവസ്ഥകള്‍ കാരണം ഉടമകള്‍ മിക്കപ്പോഴും കരുതുന്നത് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ഒരു ഭ്രാന്തന്‍ ആശയമാണെന്നോ, അതുമല്ലെങ്കില്‍ അപ്രായോഗികമാണെന്നോ ഒക്കെയാണ്.

[3.) ഓരോ 30 കുട്ടികള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച രീതിയിലുള്ള ശിശു,ബാല സംരക്ഷണത്തില്‍ പരിചയവും പരിശീലനവും ലഭിച്ച ഒരു സ്ത്രീയെ ശിശുസംരക്ഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിനായി തൊഴിലുടമ നിയമിക്കണം.

4.) ഓരോ കാലത്തും സര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്ന അത്രയും പാലും മറ്റു ഭക്ഷണവും തൊഴിലുടമ കുട്ടികള്‍ക്ക് നല്കണം. ഓരോ കുട്ടിക്കും 15 ചതുരശ്ര അടിയില്‍ കുറയാത്ത സ്ഥലം വേണം. -(അവലംബം: കേരള കടകള്‍, വാണിജ്യ സ്ഥാപന ചട്ടങ്ങള്‍, 1961)]

മിക്ക കടകളും വാടകയ്ക്കോ പാട്ടത്തിനോ എടുത്ത സ്ഥലങ്ങളിലായതിനാല്‍ പല തൊഴിലുടമകള്‍ക്കും ഈ മാതൃകയില്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയില്ല എന്ന വസ്തുത കണക്കിലെടുക്കാത്തതാണ് ഈ നിബന്ധനകളുടെ പിഴവ്. പങ്കാളിത്ത രീതിയിലുള്ള ശിശുസംരക്ഷണ സൌകര്യങ്ങളെക്കുറിച്ച് നിയമം പറയുന്നുണ്ട്. എന്നാല്‍ നഗര സാഹചര്യങ്ങളിലെ പ്രായോഗിക വൈഷമ്യങ്ങള്‍ കാലഹരണപ്പെട്ട ഈ നിയമം കണക്കിലെടുക്കുന്നില്ല.

http://www.azhimukham.com/offbeat-if-women-are-ready-to-do-work-during-night-why-they-are-stopped-cppr/

ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ ചുമതലകള്‍

ഒരു കുട്ടിയുടെ സമഗ്ര വികാസത്തിന്റെ അവിഭാജ്യഭാഗമായാണ് യൂറോപ്യന്‍ യൂണിയന്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളെ കാണുന്നത്. സൂക്ഷ്മമവശങ്ങള്‍ പോലും വിശദമാക്കുന്ന നിയമങ്ങളിലെ പ്രബോധനവാചകങ്ങള്‍ പോലും ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഭരണകൂടം കാണുന്ന ധാര്‍മ്മിക ബാധ്യതയെ കാണിക്കുന്നുണ്ട്. ഒരു കുട്ടിയുടെ സമഗ്ര വികാസത്തെ മുന്നോട്ട് കൊണ്ടുപോകലും കുട്ടിയെ അതിന്റെ നിസഹായാവസ്ഥകളില്‍ നിന്നും സംരക്ഷിക്കുകയുമാണ് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ചെയ്യുന്നതെങ്കില്‍, ഇതില്‍ തങ്ങള്‍ക്കും ഒരു പങ്ക് വഹിക്കാനുള്ളതായി സര്‍ക്കാരിന് തോന്നുന്നില്ലേ? ഈ വാദം, ശിശുസംരക്ഷണ കേന്ദ്രങ്ങളെ തൊഴിലുടമയുടെ ഉത്തരവാദിത്തത്തിന്റെ പരിധിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു.

ഒരു അടിസ്ഥാന ക്ഷേമ ഘടകം എന്ന നിലയില്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലെ ഉത്തരവാദിത്തം തൊഴിലുടമയും വഹിക്കണമെന്ന് വാദിക്കാം. എന്നാല്‍ ഒരു “ശിശുസംരക്ഷണ കേന്ദ്ര സംസ്കാരം” തൊഴിലാളികളുടെ സമൂഹവും പിന്തുടരണം. അതിനു മുന്നോടിയായി ബോധവത്കരണവും സൌകര്യങ്ങളും ആവശ്യമാണ്.

മുന്നോട്ടുള്ള വഴി

2016-ല്‍ കേന്ദ്രം അംഗീകരിച്ച മോഡല്‍ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ്സ് ആക്ട് 30 സ്ത്രീകളിലോ, 50 തൊഴിലാളികളിലോ കൂടുതല്‍ ജോലിക്കാരുള്ള തൊഴിലുടമകള്‍ക്ക് മാത്രമായി ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ബാധ്യത ഇളവ് ചെയ്യുന്നു. ഇതുകൂടാതെ, നിലവിലുള്ള നിരവധിയായ സാമൂഹ്യക്ഷേമ നിയമങ്ങളെ ഒന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട സാമൂഹ്യ സുരക്ഷാ, ക്ഷേമ തൊഴില്‍ ചട്ടങ്ങള്‍,(labour code for social security and welfare) സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ക്ഷേമ സമിതി, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പണം നല്‍കണമെന്നും മറ്റ് ക്ഷേമ വ്യവസ്ഥകളില്‍ ജോലിക്കാരുടെ യാത്രയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നു. ചെലവ് തൊഴിലുടമയില്‍ നിന്നും ക്ഷേമ സമിതികളിലേക്ക് മാറ്റുന്ന നിര്‍ദ്ദിഷ്ട ചട്ടം ഉത്തരവാദിത്തം പങ്കുവെക്കുന്നതും നടപ്പാക്കലും വ്യക്തമാക്കുന്നില്ല. നിയമനിര്‍മ്മാണത്തില്‍ ഇതേ പാകപ്പിഴ വരാതിരിക്കാന്‍ നിയമനിര്‍മ്മാണവേളയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിയ്ക്കേണ്ടതാണ്.

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ അനിവാര്യമാണെന്ന് തോന്നുന്നെങ്കില്‍ ഇത് സംബന്ധിച്ച നിയമപരിഷ്കാരങ്ങളില്‍ കേരള സര്‍ക്കാര്‍ ഒരു ബഹുമുഖ സമീപനം കൈക്കൊള്ളണം. കേന്ദ്രസഹായം സംസ്ഥാനത്തിന് കിട്ടുന്ന സാഹചര്യത്തില്‍ കേരളത്തിലൊട്ടാകെയായി 200-ലേറെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ നടത്തുന്ന രാജീവ്ഗാന്ധി ദേശീയ ശിശുസംരക്ഷണ കേന്ദ്ര പദ്ധതി സംസ്ഥാനം ഉപയോഗപ്പെടുത്തണം (7&8). അത്തരം ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ ഗുണനിലവാരം ആ പദ്ധതികളുടെ വിജയത്തെ നിര്‍ണയിക്കുന്ന ഒരു വലിയ ഘടകമാണ്. പ്രത്യേകിച്ചും നഴ്സറി വിദ്യാഭ്യാസത്തിനായി സ്വകാര്യ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍. (9)

http://www.azhimukham.com/keralam-how-agriculture-sector-destroyed-by-governments-in-kerala-cppr-research-article/

ശിശുസംരക്ഷണ കേന്ദ്രങ്ങളും ക്ഷേമപരിപാടികളും നല്‍കുന്നതില്‍ സര്‍ക്കാരും തൊഴിലുടമയും ഉത്തരവാദിത്തം പങ്കുവെക്കണമെന്നതില്‍ തര്‍ക്കമില്ല. എന്നാലിത് ക്ഷേമ ബോര്‍ഡിലേക്കുള്ള സംഭാവന മാത്രമായി ചുരുക്കരുത്. മറിച്ച് ക്ഷേമപരിപാടികള്‍ നടപ്പാക്കുന്നതിലേക്ക് നീട്ടണം. തൊഴിലുടമകളെ ഉത്തരവാദികളാക്കുന്നത് ന്യായമല്ല. അതേ സമയം ക്ഷേമപദ്ധതികള്‍ നല്‍കുകയും നടപ്പാക്കുകയും ചെയ്യേണ്ട രണ്ടു ഉത്തരവാദിത്തവും സര്‍ക്കാരിലേക്ക് നല്‍കുന്നത് പ്രായോഗികവുമല്ല. ഈ ഉത്തരവാദിത്തം കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കുന്നതായിരിക്കും ഉചിതം.

വിപണിയുടെ ഇന്നത്തെക്കാലത്തെ ആവശ്യങ്ങളും മാറ്റങ്ങളും കണക്കിലെടുക്കുന്ന മോഡല്‍ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ്സ് ആക്ട് ഒരു പുരോഗമനപരമായ നീക്കമാണ്. ഈ വ്യാപാര സൌഹൃദ നിയമം തൊഴിലാളികള്‍ക്കും കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യവും അയവും നല്കുന്നു. ക്ഷേമ വ്യവസ്ഥകള്‍ പകല്‍ക്കിനാവുകളായി അവശേഷിക്കാതിരിക്കണമെങ്കില്‍ നിയമത്തിന്റെ നടത്തിപ്പിനായി കൂടുതല്‍ യുക്തമായ നിയമങ്ങള്‍ ഇനി ഉണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.

Reference

1‘Women’s labour force participation in India: Why is it so low?’, Sher Verick, ILO, http://www.ilo.org/wcmsp5/groups/public/---asia/---ro-bangkok/---sro-new_delhi/documents/genericdocument/wcms_342357.pdf

2ICDS establishes crèches in anganwadis to help working mothers, The Hindu

3Rajiv Gandhi National Creche Scheme for the Children of Working Mothers

4‘The provision of childcare services: A comparative review of 30 European countries’, European Community Program for Employment and Social Solidarity, PROGRESS (2007–2013)

5‘Education, Employment, and Job Preference of Women in Kerala: A micro-level case study’, Lakshmy Devi K R, Centre for Development Studies

6‘Child Care as a Constraint on Employment: Prevalence, Correlates, and Bearing on the Work and Fertility Nexus’, Harriet B Presser, Wendy Baldwin

7http://www.swb.kerala.gov.in/images/pdf/voluntary%20organizations.pdf

8http://wcd.nic.in/sites/default/files/Kerala_2.PDF

9‘Need Assessment for Crèches and Child Care Services’, Forum for Crèches and Child Care Services( FORCES) and Centre for Women's Development Studies (CWDS)


Next Story

Related Stories