TopTop

റാം റഹിം സിംഗ്; വെറുമൊരു കോമാളിയല്ല കരുണാമയനായ ഈ പഞ്ചനക്ഷത്ര ബാബ

റാം റഹിം സിംഗ്; വെറുമൊരു കോമാളിയല്ല കരുണാമയനായ ഈ പഞ്ചനക്ഷത്ര ബാബ
ഗുര്‍മീത് റാം റഹിം സിംഗ് ഇന്‍സാന്‍ ഒരു ബഹുമുഖ വ്യക്തിത്വമാണ്. അദ്ദേഹം ഒരു ആത്മീയഗുരുവാണ്, മൂന്ന് മക്കളുള്ള കുടുംബസ്ഥനാണ്, ഗായകനാണ്, നടനാണ് സര്‍വോപരി സംരംഭകനാണ്. അദ്ദേഹം ബലാത്സംഗ കുറ്റം ആരോപിക്കപ്പെടുന്ന ഒരു പ്രതിയുമാണ്. കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറെടുത്ത് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് അനുയായികളാണ് ചണ്ഡിഗഢിലും പഞ്ചകുളയിലും ഇപ്പോള്‍ കുത്തിയിരിക്കുന്നത്.

എന്നാല്‍ റാം റഹിമിന്റെ കോമാളി തുല്യമായ പെരുമാറ്റങ്ങള്‍ നല്‍കുന്ന തമാശകള്‍ക്ക് അപ്പുറം ഇന്ത്യയിലെ ജാതി വിവേചനത്തിന്റെയും കീഴാളരായ മനുഷ്യരുടെ അപമാനകരമായ നിലനില്‍പ്പിന്റെയും പ്രതിഫലനം കൂടിയാണിത്. പഞ്ചാബിലും ഹരിയാനയിലും മറ്റ് സ്ഥലങ്ങളിലും മുഖ്യധാര മതങ്ങളില്‍നിന്നും ഒരു പരിഗണനയും ലഭിക്കാത്ത ദളിതരും ചവിട്ടിമെതിക്കപ്പെട്ടവരുമായ ജനങ്ങള്‍ അടങ്ങുന്നതാണ് ആത്മീയ ഗുരുവിന്റെ വന്‍ അനുയായി വൃന്ദം. ഏകദേശം അഞ്ച് കോടി അനുയായികള്‍ ഇയാള്‍ക്കുണ്ടെന്നാണ് ചിലര്‍ കണക്കാക്കുന്നത്.

1990 സെപ്തംബര്‍ 23-നാണ് സാമൂഹിക, ആത്മീയ സംഘടനയായ ദേര സച്ച സൗദയുടെ തലവനായി റാം റഹിം സ്ഥാനമേല്‍ക്കുന്നത്. ഇസ്ഡ് കാറ്റഗറി സുരക്ഷയുള്ള 36 ഇന്ത്യക്കാരില്‍ ഒരാളാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ സിഖ് തീവ്രവാദികള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് റാം റഹീമിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. ആക്രമണത്തില്‍ ഒരു ഡസന്‍ ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.

ദേര തലവന്‍ സിഖ് തീവ്രവാദികളുടെ രോഷത്തിന് നേരത്തെ തന്നെ പാത്രമായിരുന്നു. ഇയാള്‍ പത്താം സിഖ് ഗുരു, ഗുരു ഗോബിന്ദ് സിംഗിനെ പോലെ വസ്ത്രം ധരിക്കുന്നു എന്ന് 2007-ല്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കുറെ ദിവസങ്ങള്‍ പഞ്ചാബ് നിരവധി ദിവസങ്ങള്‍ സംഘര്‍ഷ കലുഷിതമായിരുന്നു.

ചില വിചിത്ര അവകാശവാദങ്ങള്‍
വോളിബോള്‍, കബഡി, ലോണ്‍ ടെന്നീസ്, ക്രിക്കറ്റ്, ഫുഡ്‌ബോള്‍, ബില്യാര്‍ഡ്‌സ്, ടേബിള്‍ ടെന്നീസ്, സ്‌നൂക്കര്‍, ബാസ്‌കറ്റ്‌ബോള്‍, വാട്ടര്‍ പോളോ തുടങ്ങി അനവധി കളികള്‍ ഇദ്ദേഹം കളിക്കുമെന്നാണ് റാം റഹീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്. യുകെ ആസ്ഥാനമായുള്ള വേള്‍ഡ് റെക്കോഡ്‌സ് സര്‍വകലാശാല ഇദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി റാം റഹീമിന്റെ പേരില്‍ 53 ലോക റെക്കോഡുകള്‍ ഉണ്ട്.ഇവയില്‍ 17 എണ്ണം ഗിന്നസ് റെക്കോഡും 27 എണ്ണം ഏഷ്യന്‍ ബുക്ക് റെക്കോഡും ഏഴെണ്ണം ഇന്ത്യന്‍ ബുക്ക് റെക്കോഡും രണ്ടെണ്ണം ലിംക റെക്കോഡുമാണ്. 'അടിസ്ഥാനപരമായി ഒരു ഓള്‍ റൗണ്ട് വ്യക്തിത്വമാണ് ബാബാജിയുടേത്. അതാണ് ഞങ്ങള്‍ പരിഗണിച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ 100 ഇന്ത്യക്കാര്‍ക്ക് സര്‍വകലാശാല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്,' എന്ന് ഈ സര്‍വകലാശാല ഒരു പ്രസ്താവനയില്‍ പറയുന്നു.

അദ്ദേഹം ഒരു സിനിമ താരം കൂടിയാണ്. ഇതുവരെ അദ്ദേഹം മൂന്ന് ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍മ്മാണവും അഭിനയവും നിര്‍വഹിച്ചിട്ടുണ്ട്. ഇവയിലെല്ലാം അദ്ദേഹം വര്‍ണാഭമായ വസ്ത്രങ്ങള്‍ ധരിക്കുകയും മോട്ടോര്‍ സൈക്കിള്‍ ഓടിക്കുകയും സാഹസിക കൃത്യങ്ങള്‍ നിര്‍വഹിക്കുകയും ദുഷ്ടശക്തികളെ അടിച്ചോടിക്കുകയും ചെയ്യുന്നു. ദാരുണമായ രീതിയില്‍ വൃത്തികെട്ട ചിത്രങ്ങളാണെങ്കിലും മൂന്ന് ചിത്രങ്ങളും വന്‍ സാമ്പത്തിക വിജയങ്ങളാണെന്ന് അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് അനുയായികള്‍ ഉറപ്പാക്കിയിട്ടുണ്ട്.

തന്റെ ചിത്രങ്ങളുടെ വിജയങ്ങള്‍ ഇതുപോലെയുള്ള നിലവാരമില്ലാത്ത ചിത്രങ്ങള്‍ വീണ്ടും നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കുകയും ചെയ്യുന്നു. ഭ്രമാത്മകമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനമാകാം, ദാദസാഹിബ് ഫാല്‍ക്കെ ഫിലിം ഫൗണ്ടേഷന്‍ അദ്ദേഹത്തെ മിക ജനപ്രിയ നടനും സംവിധായകനും എഴുത്തുകാരനുമായി തിരഞ്ഞെടുത്ത് ആദരിച്ചിട്ടുണ്ട്.

ക്രിമിനല്‍ കേസുകള്‍
മൂന്ന് ക്രിമിനല്‍ കേസുകളിലാണ് റാം റഹിം വിചാരണ നേരിടുന്നത്. ദേരയില്‍ നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുകയും അതിനെ കുറിച്ച് എഴുതുകയും ചെയ്ത സിര്‍സയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതിയെ കൊന്ന കേസില്‍ അദ്ദേഹത്തെ പ്രതിയാക്കിയിട്ടുണ്ട്. ദേര മതവിഭാഗത്തിന്റെ മനേജര്‍ രഞ്ജിത് സിംഗിനെ 2002 ജൂലൈയില്‍ വധിച്ച കേസിലും ഇദ്ദേഹം പ്രതിയാണ്.

2002-ല്‍ റാം റഹീമിനെതിരെ ബലാത്സംഗ കുറ്റം ആരോപിച്ചുകൊണ്ട് ഒരു ശിഷ്യ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് കത്തയച്ചു. ലൈംഗിക അതിക്രമം നടത്താന്‍ തനിക്ക് ശാരീരികമായോ മാനസികമായോ ശേഷിയില്ലെന്നാണ് തന്നെ ന്യായീകരിക്കുന്നതിനായി ഈ സ്വയം പ്രഖ്യാപിത മനുഷ്യദൈവം പഞ്ചകുള കോടതിയില്‍ പറഞ്ഞത്. അതിനൊപ്പം മറ്റൊന്നു കൂടി നടന്നു, ഈ കത്തയച്ച ശിഷ്യയുടെ സഹോദരനായിരുന്നു രഞ്ജിത് സിംഗ്. പ്രധാനമന്ത്രിക്ക് കത്തയച്ച വാര്‍ത്ത ദേരയില്‍ എത്തിയതോടെ രഞ്ജിത് സിംഗ് ദേരയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് മനസിലാക്കി അയാളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.ഈ ക്രിമിനല്‍ കേസുകളാണ് 2002 വരെ ഒരു ചെറുകിട ആത്മീയ ഗുരുവായിരുന്ന ഇയാളെ കരുണാമയനായ പഞ്ചനക്ഷത്ര ബാബയായി മാറാന്‍ പ്രേരിപ്പിച്ചത്. രണ്ട് കൊലപാതങ്ങളുടെയും തന്റെ ദേരയിലെ സാധ്വിമാരെ പീഡിപ്പിച്ചതിന്റെയും പേരില്‍ 2002-ലും 2003-ലും സിബിഐ ഇയാള്‍ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന് ദ്വിതല തന്ത്രമാണ് സിംഗ് സ്വീകരിച്ചുവന്നത്.

പ്രതിച്ഛായ മെച്ചപ്പെടുത്താനായി നടത്തിയ കാര്യങ്ങള്‍
നിരാലംബരായ സ്ത്രീ വിശ്വാസികളുടെ മേല്‍ ചാടിവീഴുന്ന വിഷലമ്പടനായ ദൈവമനുഷ്യന്‍ എന്ന പ്രതിച്ഛായ മാറ്റുന്നതിനായി നിരവധി പൊതുജന ക്ഷേമ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും അതേസമയം തന്നെ പഞ്ചാബിലും ഹരിയാനയിലും മറ്റ് സ്ഥലങ്ങളിലുമുള്ള ദളിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ തന്റെ വിശ്വാസികളെ നാണംകെട്ട രാഷ്ട്രീയ കളികള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

വലിയ രീതിയിലുള്ള രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ഇയാളുടെ സംഘം പൊതുജന ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയത്. 2003 ഡിസംബര്‍ ഏഴിന് നടത്തിയ ഇത്തരത്തിലുള്ള ഒരു ക്യാമ്പ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. അഞ്ച് ലക്ഷം യൂണിറ്റിലേറെ രക്തം ശേഖരിച്ചുകൊണ്ട് തങ്ങള്‍ ഇന്ത്യന്‍ കരസേനയുടെ ഏറ്റവും വലിയ രക്തദാതാവാണെന്ന് സംഘടനയുടെ അനുയായികള്‍ അവകാശപ്പെടുന്നു. 60,000 പേരില്‍ നിന്നും ദാനം സ്വീകരിച്ചുകൊണ്ട്, അവയവ, ശവശരീര ദാനത്തിലും സംഘടന റെക്കോഡിട്ടിട്ടുണ്ട്. കൂടാതെ വലിയ മരം നടീല്‍ പരിപാടികളും സംഘടിപ്പിക്കുന്നു.

എന്നാല്‍ 1500 സ്ത്രീകളെ ലൈംഗിക തൊഴില്‍ ഉപേക്ഷിക്കാനും വിവാഹിതരാവാനും പ്രേരിപ്പിച്ച റാം റഹീമിന്റെ ലൈംഗിക തൊഴില്‍ വിരുദ്ധ പ്രചാരണങ്ങളാണ് ഇന്ന് 'ആള്‍ ദൈവ'ത്തെ പിന്തുണച്ചുകൊണ്ട് ഛണ്ഡിഗഢിലെയും പഞ്ചഗുളയിലെയും ജനവാസ മേഖലകള്‍ക്കടുത്തുള്ള റോഡുകളിലും പാതയോരങ്ങളിലും തുറന്ന സ്ഥലങ്ങളിലും കുത്തിയിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന അദ്ദേഹത്തിന്റെ അനുയായികളെ ഏറ്റവും ആകര്‍ഷിച്ചത് എന്നതാണ് രസകരം.

വ്യാപകമായ പ്രചാരണോപാധികളിലൂടെ വിശ്വാസികള്‍ക്കിടയില്‍ ഈ കാര്യങ്ങള്‍ പരസ്യപ്പെടുത്തി തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള റാം റഹീമിന്റെ ശ്രമങ്ങള്‍ക്കിടയിലാണ്, 'ദൈവവുമായി താതാത്മ്യം പ്രാപിക്കുന്നതിന്' എന്ന പേരില്‍ 400-ല്‍ പരം വരുന്ന അനുയായികളെ വന്ധീകരിച്ചു എന്ന ഇദ്ദേഹത്തിന്റെ ഒരു വിശ്വാസിയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചത്.

2010-ല്‍ സിര്‍സയില്‍ മുന്‍ ലൈംഗിക തൊഴിലാളികളുടെ സമൂഹവിവാഹം സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭിന്നലിംഗക്കാരെയും സ്വവര്‍ഗ്ഗാനുരാഗികളെയും പിന്തുണയ്ക്കുന്നതാണ് ദേരയുടെ ക്ഷേമ പരിപാടികളില്‍ സുപ്രധാനമായ മറ്റ് പ്രവര്‍ത്തനങ്ങള്‍.

അതിനൊപ്പം തന്നെ ഏതു പാര്‍ട്ടിയിലും തന്റെ സ്വാധീനം ഉറപ്പിക്കാനും റാം റഹിമിന് കഴിയുന്നു. കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു ഇയാളുടെ പിന്തുണ. മത്സരിച്ചവരില്‍ 40-ലേറെ പേരാണ് 'അനുഗ്രഹം' തേടി ഇയാളെ ആശ്രമത്തിലെത്തി കണ്ടത്; അവരൊക്കെ വിജയിക്കുകയും ചെയ്തു.

Next Story

Related Stories