TopTop
Begin typing your search above and press return to search.

ദിലീപിനെ ജയിലില്‍പ്പോയി കണ്ടു എന്നു വിശേഷിപ്പിക്കുന്ന ആ 'ബിസിനസുകാരന്‍' ആരെന്നറിയുമോ?

ദിലീപിനെ ജയിലില്‍പ്പോയി കണ്ടു എന്നു വിശേഷിപ്പിക്കുന്ന ആ ബിസിനസുകാരന്‍ ആരെന്നറിയുമോ?

ഇപ്പോള്‍ കേരളത്തിലെ പ്രധാന വാര്‍ത്തകളിലൊന്ന് ആലുവ സബ് ജയിലാണ്. അവിടെ എന്ത് ഭക്ഷണം വിളമ്പുന്നു, ഏത് സിനിമ കാണിക്കുന്നു തുടങ്ങിയ നിരവധി വാര്‍ത്തകള്‍ക്ക് പുറകെ കൂടിയാണ് മാധ്യമപ്രവര്‍ത്തകര്‍. ഈ വാര്‍ത്തകളുടെ കൂട്ടത്തിലാണ് ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയും ബിസിനസുകാരനുമായ ഒരാള്‍ ആലുവ സബ് ജയില്‍ സന്ദര്‍ശിച്ച വാര്‍ത്തയും വരുന്നത്. ഞായറാഴ്ച ജയിലിലെത്തിയ ഇയാള്‍ ദിലീപിനെ കാണാനെത്തിയതാണെന്നായിരുന്നു മാധ്യമങ്ങള്‍ മുന്നോട്ട് വച്ച സംശയം. എന്നാല്‍ അന്ന് തന്നെ ജയില്‍ സൂപ്രണ്ട് ഇക്കാര്യം നിഷേധിക്കുകയും ആ സന്ദര്‍ശകന്‍ തന്റെ സുഹൃത്താണെന്നും തന്നെ കാണാനാണ് വന്നതെന്നും പറയുകയുമുണ്ടായി. എന്നാല്‍ ജയില്‍ രജിസ്റ്ററില്‍ പോലും പേരോ മറ്റ് വിവരങ്ങളോ രേഖപ്പെടുത്താതെ ഇയാള്‍ ജയിലില്‍ പ്രവേശിച്ച് തിരിച്ച് പോയത് സൂപ്രണ്ടിന്റെ കൃത്യവിലോപമായി മാധ്യമങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് സൂപ്രണ്ടിനെതിരെയും നടപടിക്കെതിരെയും അന്വേഷണം വരെയെത്തി നില്‍ക്കുകയാണ്.

മാധ്യമ വാര്‍ത്തകളിലും ജയില്‍ സൂപ്രണ്ടിന്റെ നിഷേധ പ്രസ്താവനയിലും കൗതുകം തോന്നിയാണ് ആ ബിസിനസുകാരനെക്കുറിച്ച് അന്വേഷിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പലരുമായി സംസാരിച്ചതിനെ തുടര്‍ന്ന് ആരോപിതനായ വ്യക്തി ആരെന്ന് തിരിച്ചറിഞ്ഞു. ആലുവ മാര്‍ക്കറ്റിന് സമീപം കുടുംബവുമൊത്ത് താമസിക്കുന്ന ജിമ്മി തൊമ്മി എന്നയാളാണത്. മാധ്യമങ്ങളോടുള്ള പേടിയാല്‍ നേരിട്ട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ആലുവ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന പലരോടായി അന്വേഷിച്ചപ്പോള്‍, ഇരട്ടക്കൊലപാതക കേസിലെ പ്രതിയും ബിസിനസുകാരനുമായ ജിമ്മിയെ ആര്‍ക്കും പരിചയമില്ല; മറിച്ച്, മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലപാതക്കേസില്‍ ശിക്ഷ ലഭിച്ച്, ജയിലില്‍ കിടന്ന, ഒടുവില്‍ മാനസാന്തരപ്പെട്ട് തിരിച്ചുവന്ന്, ചെറിയ രീതിയില്‍ ഒരു സാമ്പത്തിക ഇടപാട് സ്ഥാപനം നടത്തുന്ന, കുടുംബത്തോടൊപ്പം സമാധാന ജീവിതം നയിക്കുന്ന ജിമ്മിയെ മാത്രമേ അവര്‍ക്കറിയൂ. തന്റെ ശിക്ഷാനന്തര ജീവിതത്തില്‍ സത്പ്രവൃത്തികള്‍ ചെയ്ത് ജീവിക്കുന്ന ജിമ്മിച്ചായനെക്കുറിച്ചേ അവര്‍ക്ക് പറയാനുണ്ടായിരുന്നുള്ളൂ.

ആലുവ മുന്‍സിപ്പാലിറ്റി കൗണ്‍സിലറായ ജെറോം മാധ്യമ വാര്‍ത്തകളെക്കുറിച്ചും ജിമ്മി തൊമ്മിയെക്കുറിച്ചും പറയുന്നതിങ്ങനെ-'ആലുവയിലെ മറ്റേതൊരാള്‍ക്കും ദിലീപിനെ അറിയുന്ന പോലെയേ ജിമ്മിക്കും അദ്ദേഹത്തെ അറിയൂ. ഒരിക്കല്‍ ഒരാള്‍ ഒരു തെറ്റ് ചെയ്തു. അയാള്‍ കൊലപാതകിയാണെങ്കില്‍ എല്ലാക്കാലവും അയാളെ അങ്ങനെ തന്നെ വിളിക്കാനാണ് സമൂഹം ഇഷ്ടപ്പെടുന്നത്. അയാള്‍ക്ക് പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതംഗീകരിക്കാതെ, അയാള്‍ ചെയ്യുന്ന നല്ല പ്രവൃത്തികളെ അംഗീകരിക്കാതെ, ഇരട്ടക്കൊലപാതക കേസിലെ പ്രതിയായി തന്നെ അയാളെ കാണാനാണ് സമൂഹവും മാധ്യമങ്ങളും ശ്രമിക്കുന്നത്. ഇത് ശരിയായ കാര്യമായി തോന്നുന്നില്ല.

എനിക്ക് ജിമ്മി തൊമ്മിയുമായി വളരെക്കാലത്തെ അടുപ്പമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൂട്ടുകൂടി നടക്കുന്ന ചോരത്തിളപ്പുള്ള പ്രായത്തില്‍ അയാള്‍ക്ക് ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടാവാം. ആലുവയിലെ ജോസ് കെ.തോമസ്, ജോളി കെ. തോമസ് സഹോദരങ്ങളെ കൊന്ന കേസില്‍ ജിമ്മി മൂന്നാം പ്രതിയായിരുന്നു. ഇരട്ട ജീവപര്യന്തത്തിനാണ് അന്നയാള്‍ ശിക്ഷിക്കപ്പെട്ടത്. പിന്നീട് ജയിലില്‍ നിന്നിറങ്ങുമ്പോള്‍ പരമ ദരിദ്രനായി മാറിയിരുന്ന അയാള്‍ സ്വന്തം പരിശ്രമം കൊണ്ടാണ് ചെറിയ ഒരു ഫിനാന്‍സ് സ്ഥാപനം നടത്തുന്നതിലേക്കെത്തിയത്. ഇപ്പോഴും സമ്പന്നനായ ഒരാള്‍ എന്ന് അയാളെ വിശേഷിപ്പിക്കാനാവില്ല. എന്നിരുന്നാലും പണ്ട് ചെയ്തുപോയ തെറ്റിന്റെ പ്രായശ്ചിത്തമെന്നോണം തന്നാലാവുന്ന വിധം ആരേയും സഹായിക്കാനേ അയാള്‍ ശ്രമിക്കാറുള്ളൂ.

എന്റെ അറിവില്‍ ജിമ്മി ആദ്യമായല്ല ജയിലില്‍ പോവുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ജയിലിലെ അന്തേവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് ജിമ്മി. മിക്കവാറും എല്ലാ ആഴ്ചകളിലും ജയില്‍ സന്ദര്‍ശിക്കുകയും തടവുകാര്‍ക്ക് വേണ്ട കാര്യങ്ങള്‍ തന്നാലാവും വിധം ചെയ്ത് കൊടുക്കുകയും ചെയ്യുന്നയാളാണ്. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞതിനാല്‍, ജയിലിലെ ജീവിതത്തെക്കുറിച്ച് നന്നായി അറിയാവുന്ന ആളായതിനാല്‍ ഈ പ്രവൃത്തിയില്‍ അദ്ദേഹം ഉത്സാഹം കാണിക്കാറുമുണ്ട്.

തടവുകാരെ ഉപദേശിച്ച് നല്ല വഴിക്ക് നടത്തുക, ജയിലിലേയ്ക്ക് പ്രാര്‍ഥനാ സംഘങ്ങളെ കൊണ്ടുപോവുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും അദ്ദേഹം ചെയ്യാറ്. ജയില്‍ ആഘോഷം സംഘടിപ്പിക്കുന്നതില്‍ പോലും അദ്ദേഹം ഉത്സാഹം കാണിക്കാറുണ്ട്. ആലുവ സബ് ജയിലില്‍ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ജയിലുകളിലും അദ്ദേഹം എത്താറുണ്ടെന്നാണ് എന്റെ നേരിട്ടുള്ള അറിവ്. അത്തരത്തിലൊരു സന്ദര്‍ശനമായിരുന്നു ഞായറാഴ്ചയും അദ്ദേഹം നടത്തിയത്. പക്ഷെ ആലുവ ജയിലിന് മുന്നില്‍ കൂടി നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്കാണ് അദ്ദേഹം സന്ദര്‍ശനം കഴിഞ്ഞിറങ്ങിയത്. അപ്പോള്‍ ആ പരിസരത്തുണ്ടായിരുന്ന ഒരു ആലുവ സ്വദേശി ജിമ്മി ഇരട്ടക്കൊലപാതക കേസില്‍ പ്രതിയാണെന്നും ചിട്ടിസ്ഥാപനം നടത്തിപ്പുകാരനുമാണെന്ന വിവരം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉടനെ അത് ഒരു വാര്‍ത്തയായി മാറുകയായിരുന്നു എന്നാണ് എന്റെ വളരെ അടുത്ത മാധ്യമ സുഹൃത്തുക്കള്‍ പറഞ്ഞത്.

വീണ്ടും തന്നെ കൊലപാതകിയായി മാത്രം കാണുകയും, ദിലീപിനെ കാണാനാണ് താന്‍ ചെന്നതെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ ഇപ്പോള്‍ ജിമ്മി ഭയക്കുകയാണ്. ഈ ഭയം അദ്ദേഹം എന്നോട് നേരിട്ട് പങ്കുവച്ചിട്ടുള്ളതുമാണ്. രണ്ട് മക്കളുമായി താമസിക്കുന്ന ജിമ്മി തന്റെ മക്കള്‍ക്ക് കൊലപാതകിയുടെ മക്കള്‍ എന്ന പേര് കേള്‍ക്കേണ്ടി വരുമോ എന്ന ഭയത്താലാണ് ന്യായീകരണത്തിന് പോലും മാധ്യമങ്ങളുടെ മുന്നില്‍ വരാത്തത്. ജിമ്മിയുടെ ഭൂതകാലവും ഇപ്പോഴത്തെ ജീവിതവും വളരെ അടുത്ത് നിന്ന് കണ്ടിട്ടുള്ളയാളാണ് ഞാന്‍. ഞാന്‍ ഒരു ജനപ്രതിനിധിയുമാണ്. അതിനാല്‍ ദിലീപിന്റെ കേസുമായി അദ്ദേഹത്തിന് നേരിട്ട് ഒരു ബന്ധവുമില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും'- ജെറോം വ്യക്തമാക്കി.

ആലുവ മാര്‍ക്കറ്റിലെ ജോലിക്കാരനായ ജെയ്‌സണും ഇതിന് സമാനമായ കാര്യങ്ങളാണ് അഴിമുഖത്തോട് പങ്കുവച്ചത്. 'ഒരിക്കല്‍ ജിമ്മിച്ചായന് ഒരു തെറ്റ് പറ്റി. പക്ഷെ ഇന്ന് അദ്ദേഹത്തിന്റെ ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി മാറ്റി വച്ചിട്ടുള്ളതാണ്. ജയിലിലെ അന്തേവാസികളുടെ നല്ലതിനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് ജയില്‍ അധികൃതരുമായും നല്ല ബന്ധമാണ്. ജയിലിലെ ആവശ്യങ്ങള്‍ക്കുള്ള പണം പോലും ചെലപ്പോള്‍ അദ്ദേഹം നല്‍കി സഹായിക്കാറുണ്ട്. മിക്കപ്പോഴും ജയില്‍ സന്ദര്‍ശിച്ച് അന്തേവാസികളെ നേരിട്ട് കണ്ട് സംസാരിക്കുന്നയാളാണ് ജിമ്മിച്ചായന്‍. അവര്‍ക്ക് നല്ല പാഠങ്ങള്‍ ഓതിക്കൊടുക്കാനേ അദ്ദേഹം ശ്രമിക്കാറുള്ളൂ. ദിലീപുമായി അകന്ന ബന്ധം പോലും ജിമ്മിച്ചായനുണ്ടാവില്ലെന്ന് ഞങ്ങള്‍ ആലുവക്കാര്‍ക്ക് ഉറപ്പാണ്. കാരണം അതുപോലുള്ള കാര്യങ്ങളിലല്ല അദ്ദേഹത്തിന്റെ ശ്രദ്ധ. സാധാരണ തിരക്ക് കുറവുള്ള ഞായറാഴ്ചകളിലാണ് അദ്ദേഹം ജയില്‍ സന്ദര്‍ശിക്കാറ്. കഴിഞ്ഞയാഴ്ചയും അതാണ് സംഭവിച്ചത്. പക്ഷെ പത്രമാധ്യമങ്ങള്‍ ഒരു വാര്‍ത്തയ്ക്ക് വേണ്ടി നോക്കി നില്‍ക്കുകയായിരുന്നു. പഴയ പ്രവൃത്തികളില്‍ പശ്ചാത്തപിച്ച് നല്ല രീതിയില്‍ ജീവിക്കുന്ന ജിമ്മിച്ചായനെ ഒരു കാര്യവുമില്ലാതെയാണ് ഈ വിഷയത്തിലേക്ക് വലിച്ചിട്ടിരിക്കുന്നത്'.

ഈ വിഷയം ജിമ്മിയുമായി സംസാരിച്ചതിന് ശേഷമാണ് പ്രതികരിക്കുന്നതെന്നാണ് ജെറോമും ജെയ്‌സണും പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇത് ജിമ്മിയുടെ പ്രതികരണമായി തന്നെ കണക്കാക്കേണ്ടതുണ്ട്. ജയിലില്‍ എത്തുന്ന സന്ദര്‍ശകരുടെ പേരും വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്ന നിയമം അനുസരിക്കപ്പെട്ടില്ല എന്നത് വസ്തുതയായിരിക്കുമ്പോഴും ആലുവ സബ് ജയിലില്‍ കഴിയുന്ന പ്രമുഖ നടന്‍ ദിലീപിനെ കാണാനാണ് ജിമ്മി എത്തിയതെന്ന പ്രചാരണത്തിന്റെ യാഥാര്‍ഥ്യം വെളിപ്പെടേണ്ടത് തന്നെയാണ്. 'അയാള്‍ ജയിലില്‍ പോയത് ദിലീപിനെ കാണാനൊന്നുമല്ല, അയാള്‍ അത് സ്ഥിരം ചെയ്യുന്ന കാര്യമാണ്. പിന്നെ, ചാനലുകളും മറ്റും അത് വാര്‍ത്തയാക്കിയപ്പോള്‍ ഒരു മാധ്യമത്തിനും അതില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി എന്നതാണ് സത്യം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയാണല്ലോ പ്രധാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതും വലിയ വാര്‍ത്തയാവും. അങ്ങനെ ജിമ്മിയുടെ ജയില്‍ സന്ദര്‍ശനവും വാര്‍ത്തയായി. ഇവിടുത്തെ പത്രക്കാര്‍ക്കെല്ലാം അത് തെറ്റായ വാര്‍ത്തയാണെന്നറിയാം. പക്ഷെ ആ വാര്‍ത്ത നല്‍കാതിരിക്കാനാവാത്ത സാഹചര്യമായിരുന്നു.' ഒരു പ്രമുഖ പത്രത്തിലെ ലേഖകന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories