Top

ബൈ ദി ബൈ അമിത് ജി, ഗോപിയണ്ണനെ അങ്ങ് അധ്യക്ഷനാക്കിയാലോ?

ബൈ ദി ബൈ അമിത് ജി, ഗോപിയണ്ണനെ അങ്ങ് അധ്യക്ഷനാക്കിയാലോ?
“കുമ്മനം രാജശേഖരന് ഗവര്‍ണ്ണര്‍ പദവി, അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രിപദം, വി മുരളീധരന് എംപി സ്ഥാനം. ഇത്രയുമൊക്കെ തന്നില്ലേ?” ലോകസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാന ബിജെപിയെ സജ്ജമാക്കാന്‍ എത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തോണ്ടപൊട്ടുമാറ് ഉച്ചത്തില്‍ ചോദിച്ചു. “എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ ബിജെപി വലിയ പരാജയമായി മാറുന്നത്?” ഹൃദയ വേദനയോടെ ഷാ.

ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഷാ ഇങ്ങനെ ചോദിച്ചപ്പോള്‍ സംസ്ഥാന നേതാക്കള്‍ക്ക് ഉത്തരംമുട്ടി എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

“വലിയ പ്രതീക്ഷയോടെയാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ദേശീയ തലത്തില്‍ ശ്രദ്ധേയമായ പദവികള്‍ നല്‍കിയതെന്നും എന്നാല്‍ അത് ഉദ്ദേശിച്ച പോലെ ഫലം കണ്ടില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു. ഈ നേതാക്കളെ ഉയര്‍ത്തിക്കാട്ടി ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നതില്‍ സംസ്ഥാന നേതൃത്വം അമ്പേ പരാജയപ്പെട്ടു.” മനോരമ തുടരുന്നു.

ഷായുടെ കോര്‍ കമ്മിറ്റി വിമര്‍ശനത്തിന് എന്തെങ്കിലും മറുപടി, ചര്‍ച്ച നടന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. "
രാജാവേ, ഇത് കേരളമാണ്. കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ രാജ്യസഭ എം.പി സ്ഥാനം, ഗവര്‍ണര്‍ പദവി, കണ്ണന്താനത്തിനുള്ള മന്ത്രിപദവി ഇത്തരം എല്ലിന്‍ കഷ്ണങ്ങളൊന്നും ഫലിക്കില്ല. നാട്ടിലിറങ്ങി പണി എടുക്കണം, കുറെ വെയില്‍ കൊള്ളണം, ഗുണമുള്ളവരാണ് എന്നു ജനങ്ങള്‍ക്ക് തോന്നണം, ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളില്‍ ഇടപെടണം, പേരിനെങ്കിലും ജനാധിപത്യ- മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം… ഇങ്ങനെയൊക്കെ ചെയ്താല്‍ ചിലപ്പോള്‍ കുറച്ചു സീറ്റ് കിട്ടിയേക്കാം. അല്ലാതെ ഇപ്പോള്‍ ചില നേതാക്കള്‍ ചെയ്യുന്നതുപോലെ ചാനലുകള്‍ക്ക് മുന്‍പിലിരുന്നു ചിലയ്ക്കല്‍ മാത്രമാണ് നടക്കുന്നതെങ്കില്‍ ബിജെപി എവിടേയും എത്താന്‍ പോകുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ കേള്‍ക്കുന്ന ബിജെപി നേതാക്കളുടെ ജനാധിപത്യരഹിതമായ, ഭീഷണി നിറഞ്ഞ വാക്കുകള്‍ മാത്രം മതി ഈ പാര്‍ട്ടി രക്ഷപ്പെടില്ല എന്നുറപ്പിക്കാന്‍"
, ഇങ്ങനെയൊക്കെ അമിത് ജിയെ പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ കോമണ്‍സെന്‍സുള്ള ബിജെപിക്കാര്‍ ആരുമില്ലേ ആ പാര്‍ട്ടിയില്‍? (ഉണ്ടാവാന്‍ തരമില്ല. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നിയമനവുമായി ബന്ധപ്പെട്ട സ്റ്റോറി ചെയ്യുന്നതിന്റെ ഭാഗമായി അഭിപ്രായമറിയാന്‍ വിളിച്ച അഴിമുഖം പ്രതിനിധിയെ 'നിങ്ങളുടെ പേര് നോട്ട് ചെയ്തിട്ടുണ്ട്' എന്നാണ് ശോഭാ സുരേന്ദ്രന്‍ തിരിച്ചുവിളിച്ചു ഭീഷണിപ്പെടുത്തിയത്.)

Read Also: കേരളത്തില്‍ അമിത് ഷാ ലക്ഷ്യമിടുന്നത് 11 മണ്ഡലങ്ങൾ; ആർഎസ്എസ്സുമായി കൂടിക്കാഴ്ച


 ഇനി അമിത് ഷാ കേരളത്തിന് നല്‍കിയ സമ്മാനങ്ങളുടെ അവസ്ഥ നോക്കാം.

മിസോറാമില്‍ ചെന്നിറങ്ങിയതു മുതല്‍ എന്തെങ്കിലും സമാധാനം ആ മനുഷ്യനു കിട്ടിയിട്ടുണ്ടോ? ക്വിറ്റ് മിസോറാം മുദ്രാവാക്യവുമായി തെരുവില്‍ ഇറങ്ങിയ ക്രിസ്ത്യാനികളെയും മനുഷ്യാവകാശ സംഘടനകളെയും ഒതുക്കാന്‍ ഒടുവില്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ കാല്‍ക്കല്‍ വീഴേണ്ടി വന്നില്ലേ. അതും പോകട്ടെ, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടയില്‍ അധ്യക്ഷനെ നീക്കിയത് പ്രവര്‍ത്തകര്‍ക്ക് തന്നെ ദഹിച്ചിട്ടില്ല. പിന്നെ എന്തു പറഞ്ഞിട്ടാണ് ഈ നേട്ടത്തെ ആഘോഷിക്കുക? കുമ്മനത്തിന് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ ആണെന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രചരണത്തെ തടയാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞോ? മിസോറാം പോലെ ഒരു കൊച്ചു സംസ്ഥാനത്ത് ഗവര്‍ണ്ണറാക്കി ഉയര്‍ത്തിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്? അതിനു മാത്രം വലിയ പദവിയാണോ ഗവര്‍ണ്ണര്‍? കേരളത്തിലെ ബഹുഭൂരിപക്ഷം പേരും കരുതുന്നത് സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍ പദവി പൊതുപണത്തിന്റെ ധൂര്‍ത്താണ് എന്നാണ്. അടുത്തൂണ്‍ പറ്റാന്‍ പോകുന്ന വൃദ്ധ രാഷ്ട്രീയ നേതാക്കള്‍ക്ക് ജീവിത സായാഹ്നത്തില്‍ സ്വസ്ഥതയോടെ ജീവിക്കാനുള്ള ഒരു ലാവണം. അതില്‍ കവിഞ്ഞൊന്നും കുമ്മനത്തില്‍ നിന്നും സംസ്ഥനത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

ഇനി മഹാരാഷ്ട്രയില്‍ നിന്നും എം പിയായ വി മുരളീധരന്‍. സ്വന്തം പാര്‍ട്ടിയില്‍ തന്നെ പൂര്‍ണ്ണ പിന്തുണയില്ലാത്ത ഇദ്ദേഹത്തിനെ എന്തിന്റെ പേരിലാണ് കേരള ജനത അംഗീകരിക്കേണ്ടത്. സംസ്ഥാന ബിജെപിയിലെ ഒരു ഗ്രൂപ്പിനെ നയിക്കുന്നത് മുരളീധരനാണ് എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. മെഡിക്കല്‍ കോഴയില്‍ എം ടി രമേശിനെതിരെയുള്ള ആരോപണത്തിന് ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമാണ് എന്നാണ് വാര്‍ത്തകള്‍. മുരളീധര പക്ഷക്കാരനായ വിവി രാജേഷ് എന്ന വക്താവ് ഇപ്പോഴും മാരാര്‍ജി ഭവന് പുറത്തുനില്‍ക്കുന്നത് എന്തുകൊണ്ടെണെന്ന് നാട്ടില്‍ പാട്ടായ കാര്യമാണല്ലോ.

Read Also : വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഞങ്ങള്‍ തയ്യാര്‍: ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് കോബ്ര പോസ്റ്റിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

അടുത്തത് കണ്ണന്താനമാണ്. മണ്ടത്തരങ്ങളുടെ അയ്യരുകളിയാണ് കണ്ണന്താനം. മുന്‍ ഐഎഎസുകാരനില്‍ നിന്നും സിപിഎം സ്വതന്ത്രനായത് തന്നെ നാട്ടുകാര്‍ക്ക് ദഹിച്ചിട്ടില്ല. പിന്നെയാണ് വിനോദ സഞ്ചാര സഹമന്ത്രിപദം. മന്ത്രി പദത്തില്‍ ഏറിയതിന് ശേഷം ഇത്രയേറെ ട്രോള്‍ ചെയ്യപ്പെട്ട മറ്റൊരു ബിജെപി നേതാവ് ഉണ്ടാകുമോ കേരളത്തില്‍? ചിലപ്പോള്‍ സ്മൃതി ഇറാനിക്ക് ശേഷം ഏറ്റവും ട്രോള്‍ ചെയ്യപ്പെട്ട മന്ത്രി. ഇദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോട് കാണിക്കുന്ന 'സ്നേഹ ബഹുമാന'ങ്ങള്‍ കാണുമ്പോള്‍ ഏത് ബിജെപി പ്രവര്‍ത്തകര്‍ക്കാണ് സഹിക്കുക.

ഇനി അമിത് ഷാ വിട്ടുപോയ ചില പേരുകളുണ്ട്. തലശ്ശേരിയില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ, ഏഷ്യാനെറ്റ് മുതലാളി രാജീവ് ചന്ദ്രശേഖരന്‍, പിന്നെ നമ്മുടെ പ്രിയ താരം സുരേഷ് ഗോപി. (പോണ്ടിച്ചേരിയിലെ 'കൃഷിയിടത്തില്‍ പോകാന്‍ വാങ്ങിയ ഓഡി കാറി'ന്റെ രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസ് മനസില്‍ വെച്ച് അമിത് ജി ബോധപൂര്‍വ്വം വിട്ടു കളഞ്ഞതായിരിക്കും ചിലപ്പോള്‍ ഗോപിയേട്ടന്‍റെ പേര്)

കഴിഞ്ഞ ദിവസം എ എം എം എയിലെ പ്രശ്നങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മുന്‍ സൂപ്പര്‍ താരമായ ഈ എം പി പറഞ്ഞത്, "എന്നെ ഇപ്പോള്‍ ചില പണികള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അത് ഞാന്‍ വൃത്തിയായി എടുത്തുകൊണ്ടിരിക്കുകയാണ്" എന്നാണ്.

ബൈ ദി ബൈ, ഗോപിയണ്ണനെ അങ്ങ് പ്രസിഡണ്ടാക്കിയാലോ അമിത് ജി? നാലാള്‍ അറിയുന്ന പ്രസിഡന്റിനെ എങ്കിലും കിട്ടുമല്ലോ പാര്‍ട്ടിക്ക്!

Next Story

Related Stories