UPDATES

ട്രെന്‍ഡിങ്ങ്

എന്തിന് ആലഞ്ചേരി പിതാവിനെ മാത്രം ക്രൂശിക്കുന്നു? സഭാ അന്വേഷണസമിതിയുടെ റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ

മാധ്യമങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ്‌ ഉണ്ടാക്കുവാൻ, ബന്ധപ്പെട്ടവർ അതിസമർത്ഥമായി ചോർത്തി നൽകിയെങ്കിലും, സഭയിലെ സിവിൽ-കാനൻ നിയമവിദഗ്ദരായ വൈദികർക്കുപോലും ഈ റിപ്പോർട്ട്‌ കിട്ടിയിട്ടില്ല എന്നത്, ഏറെ അതിശയപ്പെടുത്തുന്നു

എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സാമ്പത്തിക-ഭൂമി ഇടപാടുകൾ അന്വേഷിക്കാൻ, മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്‌ കാണുവാനിടയായി. പ്രധാന റിപ്പോർട്ട് 33 പേജുകളിലും, അനുബന്ധഭാഗം 150 പേജുകളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. കുറ്റക്കാരായി ആരോപിക്കപ്പെടുന്ന നാലുപേർക്കെതിരെയും കേസെടുത്തു അന്വേഷിക്കണമെന്ന, കോടതിയുടെ നിർദ്ദേശത്തെപ്പോലും ഒരു പരിധിവരെ സ്വാധീനിച്ച ഈ റിപ്പോർട്ട്‌, കൂടുതൽ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. മാധ്യമങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ്‌ ഉണ്ടാക്കുവാൻ, ബന്ധപ്പെട്ടവർ അതിസമർത്ഥമായി ചോർത്തി നൽകിയെങ്കിലും, സഭയിലെ സിവിൽ-കാനൻ നിയമവിദഗ്ദരായ വൈദികർക്കുപോലും ഈ റിപ്പോർട്ട്‌ കിട്ടിയിട്ടില്ല എന്നത്, ഏറെ അതിശയപ്പെടുത്തുന്നു. ഈ റിപ്പോർട്ട്‌ ശ്രദ്ധാപൂർവം വായിച്ചതിന്റെ വെളിച്ചത്തിൽ, താഴെപ്പറയുന്ന നിരീക്ഷണങ്ങൾ നടത്തുന്നു.

അന്വേഷണകമ്മീഷന്റെ ഘടനയും ഉത്തരവാദിത്തവും

അന്വേഷണകമ്മീഷനിൽ മൂന്ന് വൈദികരും, മൂന്ന് അൽമായരുമാണുള്ളത്. കമ്മീഷന് രണ്ട് Terms of Reference ആണ് നൽകിയിരിക്കുന്നത്.

ആദ്യത്തേത്, 2015 ഏപ്രിൽ 1 മുതൽ 2017 നവംബർ 30 വരെയുള്ള അതിരൂപതയുടെ വരവ്ചിലവ് കണക്കുകളും ഭൂമികൈമാറ്റ ഇടപാടുകളും പരിശോധിക്കുകയും, അതിൽ വന്നിരിക്കുന്ന പോരായ്മകളും സാമ്പത്തികനഷ്ടങ്ങളും വിലയിരുത്തുകയും, അവ റെക്കോർഡ് ചെയ്യുകയും ചെയ്യുക.

രണ്ടാമതായി, വന്നിരിക്കുന്ന പോരായ്മകൾ നിയമപരമായും സാമ്പത്തികമായും പരിഹരിക്കുവാൻ സാധിക്കുന്ന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.

കമ്മീഷൻ അംഗങ്ങളായ മൂന്ന് അൽമായരിൽ ഒരാൾ തഹസിൽദാരും, മറ്റൊരാൾ വക്കീലും, മൂന്നാമത്തെയാൾ ചാർട്ടേർഡ് അക്കൗണ്ടന്റുമാണ്.

ഈ കമ്മീഷനിൽ, സ്വാഭാവികമായും കൂടുതൽ സ്വാധീനവും അധികാരവുമുള്ള മൂന്ന് വൈദികർക്ക്, ഇത്തരം സങ്കീർണമായ അന്വേഷണം നടത്തുവാനുള്ള എന്ത് യോഗ്യതയും അനുഭവപരിചയവുമാണുള്ളതെന്ന് വ്യക്തമല്ല. സാമ്പത്തിക ഇടപാടുകൾക്ക്‌ കൃത്യമായ വിശദീകരണം നൽകാൻ കഴിവുണ്ടെന്ന് അനുമാനിക്കപ്പെടുന്ന ചാർട്ടേർഡ് അക്കൗണ്ടന്റാകട്ടെ, ജോലി സംബന്ധമായ കാരണങ്ങളാൽ ഈ റിപ്പോർട്ടിൽ ഒപ്പിട്ടില്ല (പേജ് 3). ഈ റിപ്പോർട്ടിൽ പിന്നീട് കണ്ടെത്തിയേക്കാവുന്ന ന്യൂനതകൾ, അദ്ദേഹത്തിന്റെ പേരിനെയും കരിയറിനെയും ബാധിക്കുമെന്ന് കരുതി ബുദ്ധിപൂർവം ഒഴിവായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, അവസാനഭാഗത്ത് ചേർത്തിരിക്കുന്ന നിർദേശങ്ങളിൽ ആദ്യത്തേത് എറണാകുളം അതിരൂപതയിലെ സാമ്പത്തിക-ഭൂമി ഇടപാടുകൾ വീണ്ടും ഒരു പ്രൊഫഷഷണൽ ഏജൻസിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കണം എന്നതാണ് (പേജ് 31). ഇത് അന്വേഷണക്കമ്മിറ്റിയുടെ തീർച്ചയില്ലായ്മ തുറന്നുകാട്ടുകയും, അതിന്റെ നിഗമനങ്ങളുടെ സാധുതയെ വളരെ ശക്തമായി ചോദ്യംചെയ്യുകയും ചെയ്യുന്നു.

മുഖ്യധാരാമാധ്യമങ്ങളിൽ, ചില വൈദികരെ ഉദ്ധരിച്ചുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ പ്രശ്നം വൈദികസമിതിയിൽ ആദ്യം ഉന്നയിച്ചത് ഫാ. ബെന്നി മാരാംപറമ്പിലാണ്‌. അദ്ദേഹത്തെ തന്നെ കമ്മീഷന്റെ ചെയർമാൻ ആയി നിയമിച്ചത് എന്ത് യുക്തിയാണ്. സോളാർ വിവാദം സരിതാ നായർ അന്വേഷിച്ചാലെന്നപോലെ! ആരന്വേഷിച്ചാലും കുഴപ്പമില്ല, തെറ്റ് പറ്റിയിട്ടില്ല എന്ന കർദ്ദിനാളിന്റെ ഉത്തമബോധ്യമായിരിക്കാം, അത്തരമൊരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മറ്റൊന്ന് ഇതിലെ ആരോപണവിധേയരെല്ലാം, സഭയുടെ അധികാര സംവിധാനങ്ങളനുസരിച്ചു അന്വേഷണ കമ്മീഷനിലെ അംഗങ്ങളെക്കാൾ വളരെ ഉയർന്നവരാണ്‌. അതുകൊണ്ടുതന്നെ ഈ അന്വേഷണ കമ്മീഷന് ഒരു കങ്കാരു കോടതിയുടെ പരിവേഷമാണുള്ളത്.

അതേസമയം, കമ്മീഷനു നൽകിയ Terms of Reference അനുസരിച്ചു, അതിരൂപതയുടെ മേല്പറഞ്ഞ കാലയളവിലുള്ള വരവ്-ചെലവ് കണക്കുകൾ വസ്തുനിഷ്ഠമായി വിശകലനം ചെയ്തിട്ടില്ല എന്നുമാത്രമല്ല, അന്വേഷണം ഏതാണ്ട് പൂർണ്ണമായും വിവാദമായ ഭൂമിഇടപാടുകളിലേക്കു മാത്രമായൊതുക്കുകയും ചെയ്തു. റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ പലതും ഉപരിപ്ലവമാണ്. നിയമപരമായ പ്രശ്നങ്ങൾ (ഉദാഹരണത്തിന് ടാക്സ് വെട്ടിപ്പ് പോലുള്ള സംശയാതീതമല്ലാത്ത ആരോപണങ്ങൾ) പരിഹരിക്കുന്നതിന് ഒരു നിർദ്ദേശവും കമ്മീഷൻ മുന്നോട്ട് വച്ചിട്ടില്ല. അതിനാൽത്തന്നെ കമ്മീഷന്റെ Terms of Reference പലതരത്തിലും ലംഘിക്കപ്പെട്ടു എന്നനുമാനിക്കാവുന്നതാണ്.

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

റിപ്പോർട്ടിന്റെ സ്വഭാവവും രീതിയും

ഈ റിപ്പോർട്ട്‌ പ്രത്യക്ഷത്തിൽതന്നെ, മേജർ ആർച്ചുബിഷപ്പിനെയും, മുൻവികാരി ജനറലായ വടക്കുംപാടനച്ചനെയും, മുൻപ്രൊക്കുറേറ്ററായ ജോഷി പുതുവയച്ചനെയും, ഇടനിലക്കാരനായ സാജു വർഗീസ് കുന്നേലിനെയും കുറ്റപ്പെടുത്തുന്നതാണ്. എന്നാൽ 150 പേജുകൾ നീണ്ട അനുബന്ധത്തിൽ ചേർത്തിരിക്കുന്ന രേഖകളുമായി കൂട്ടിവായിച്ചാൽ, റിപ്പോർട്ടിലെ പല അനുമാനങ്ങൾക്കും ഗുരുതരമായ ന്യൂനതകളുണ്ട്. ഈ റിപ്പോർട്ടിലെ അന്തിമ നിഗമനങ്ങൾക്കായി, ആരോപണവിധേയർ കൊടുത്തിരിക്കുന്ന മൊഴികളൊന്നും കാര്യമായി പരിഗണിച്ചിട്ടില്ലെന്ന് മാത്രമല്ല, രേഖാ തെളിവുകളെയാടിസ്ഥാനമാക്കിയാണ് അവ രൂപപ്പെടുത്തുവാൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഈ രേഖാതെളിവുകൾ പലപ്പോഴും റിപ്പോർട്ടിലെ നിഗമനങ്ങൾക്കെതിരുമാണ്. ഉദാഹരണത്തിന് ഭൂമിയിടപാടുകൾക്കു യാതൊരുവിധ കാനോനിക സാധുതയുമില്ല എന്ന നിരീക്ഷണം. അതോടൊപ്പം, ഈ ക്രയവിക്രയങ്ങളിൽ വിവിധരീതിയിൽ പങ്കെടുത്ത വ്യക്തികൾക്ക് പൊതുചോദ്യാവലിയാണ് (മെത്രാന്മാർക്ക്‌ ഒന്ന്, വികാരി ജനറൽമാർക്കു ഒന്ന് എന്നിങ്ങനെ) നൽകിയത് (Annexure 20). പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷം ഒരു customized ചോദ്യാവലി രൂപപ്പെടുത്തി വിവരങ്ങൾ വേണ്ടപ്പെട്ടവരിൽനിന്നും (പ്രൊക്യൂറേറ്റരൊഴികെ) വേണ്ടതുപോലെ ശേഖരിക്കാൻ ശ്രമിച്ചിട്ടില്ല എന്നത് അത്ര നിസാരമല്ലാത്ത ഒരു methodological deficit ആണ്.

റിപ്പോർട്ടിന്റെ ഭാഷയും നിറവും, ഏറെ മുൻവിധികൾ നിറഞ്ഞതാണ്. കമ്മീഷന്റെ കാലാവധി പൂർത്തിയാകുന്നതിനും ഏകദേശം ഒരുമാസം മുൻപ്, ജനുവരി നാലിന് റിപ്പോർട്ട്‌ സമർപ്പിച്ചു. അതിനാൽ, ജനുവരിയിൽ നടന്ന എറണാകുളം അതിരൂപതാവൈദിക സമിതിയിലും സിറോ മലബാർ സഭാ സിനഡിലും അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, അസാധാരണ ധൃതിയിൽ പൂർത്തിയാക്കിയതാണ് ഈ റിപ്പോർട്ടെന്ന് സാമാന്യമായും അനുമാനിക്കാം. ഒത്തിരി വ്യാകരണത്തെറ്റുകളും വെട്ടിത്തിരുത്തലുകളും (പ്രത്യേകിച്ച് അനുബന്ധഭാഗത്ത്) വ്യക്തമാണ്. പ്രൂഫ് റീഡിങ് നടത്താനുള്ള സാമാന്യ മര്യാദ പോലും കാണിച്ചിട്ടില്ല. ഇന്ത്യൻ രൂപയിലുള്ള കണക്കുകൾ ഡോളറിലേക്ക് മാറ്റി നൽകിയിരിക്കുന്നു. ഒപ്പം, സാമ്പത്തിക സമിതിയുടെയും, ഉപദേശക സമിതിയുടെയും മിനുട്സ് മലയാളത്തിൽനിന്നും ഇംഗ്ലീഷിലേക്കു തർജമ ചെയ്തിരിക്കുന്നു (Annexure 2). ഇവ, വത്തിക്കാനിലേക്ക് ചില വൈദികർ അയച്ച പരാതിയോടൊപ്പം ചേർക്കുക എന്ന ദുരുദ്ദേശത്തോടെ ചെയ്തതും, കമ്മിഷനു നല്കിയൊരിക്കുന്ന Terms of Reference ന് വിരുദ്ധവുമാണ്. ഇതിന് പിന്നിൽ മറ്റാരുടെയോ ചരടുവലികളുണ്ടെന്നതും വ്യക്തമാണ്. ഇത് കമ്മീഷന്റെ ധാർമികതയെയും, നിഗമനങ്ങളുടെ സമഗ്രതയെയും സംശയത്തിന്റെ മുൾമുനയിലാക്കുന്നു.

അതോടൊപ്പം, Terms of References മലയാളത്തിൽനിന്നും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തപ്പോൾ, to examine (പരിശോധിക്കുക) എന്നു വരേണ്ടിടുത്തു “to assertain the irregularities…” (പേജ് 4) എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് കമ്മീഷന്റെ മുൻവിധി വളരെ വ്യക്തമായി പുറത്ത് കൊണ്ടുവരുന്നു. അന്വേഷണ കമ്മീഷൻ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് annexure 1-ൽ ഉൾപ്പെടുത്തിയെങ്കിലും, അതിന്റെ കൃത്യമായ വിവർത്തനം അവിടെ ഉൾപ്പെടുത്തിയിട്ടില്ല. ഒരുപക്ഷേ വത്തിക്കാനിലേക്ക് പരാതിയുടെ ഭാഗമായി അയക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നോ എന്ന് സ്വാഭാവികമായും ആർക്കും സംശയിക്കാം.

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

സ്ഥലം വില്പനയിൽ കാനോനിക സമിതികളുടെ ഇടപെടൽ.

സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും, Finance Council (സാമ്പത്തിക സമിതി), College of Consultors (ഉപദേശക സമിതി) എന്നീ കാനോനിക സമിതികൾ, 18 ജൂലൈ 2012 മുതലുള്ള വിവിധ മീറ്റിംഗുകളിൽ അംഗീകരിച്ചതായി കാണുന്നു. പ്രധാന റിപ്പോർട്ടും, annexure-ലെ ആദ്യപേജുകളും, ചേർത്ത് വായിച്ചാൽ മനസിലാക്കാം (annexure 2 & 3).

ഈ കാനോനിക സമിതികളുടെ തീരുമാനങ്ങൾക്ക്, മറിച്ചു തീരുമാനിക്കാത്തിടത്തോളം കാലം, തുടർച്ചയുള്ളതായി അനുഭവസമ്പന്നരായ കാനൻ നിയമവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. ഈ സാമ്പത്തിക സമിതി തന്നെയാണ്, പ്രൊക്യൂറേറ്റർ അച്ചന് ഇത് സംബന്ധിച്ച എല്ലാ അധികാരങ്ങളും നൽകിയത്. ഇതുപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എടയന്ത്രത്ത് പിതാവാണ് എന്ന് Annexure 4.2. ൽ നിന്നും വ്യക്തമാണ്.
ഈ കാനോനിക സമിതികൾ കൈക്കൊണ്ട തീരുമാനത്തിന്, ശരിക്കും കുറ്റപ്പെടുത്തേണ്ടത് അവരെയല്ലേ? കാനൻ-സിവിൽ നിയമങ്ങളും സിറോ-മലബാർ സഭയുടെ വ്യക്തിനിയമങ്ങളും, എറണാകുളം അതിരൂപതയുടെ നിയമാവലികളും അറയാത്തവരാണോ, ഈ കാനോനിക സമിതികളിലുണ്ടായിരുന്നത്? ഇവർക്ക് കൂട്ടുത്തരവാദിത്തം എന്നൊന്നില്ലേ? സകല പദ്ധതികളും അപ്രതീക്ഷിതമായി പാളിയപ്പോൾ, അവസാനം ആധാരങ്ങളിൽ ഒപ്പുവച്ച കർദ്ദിനാളിനെയും, ഈ ഇടപാടുകൾ നടപ്പിലാക്കിയ വടക്കുംപാടനച്ചനെയും പ്രൊക്യൂറേറ്ററെയും മാത്രം കുറ്റപ്പെടുത്തി, ഈ റിപ്പോർട്ടിലൂടെ മറ്റുള്ളവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നത് എത്രമാത്രം യുക്തിസഹമാണ്?

കാനോനിക സമിതികളുമായി കൂടിയാലോചിക്കാതെ, ഇടയന്ത്രത്ത് പിതാവ് മുൻകൈ എടുത്ത് 2017 – ൽ നടത്തിയ രണ്ട് വസ്തു ഇടപാടുകൾ ഈ കമ്മീഷൻ അന്വേഷിച്ചിട്ടില്ല. ലിസി ആശുപത്രിക്കുവേണ്ടി 5 ഏക്കർ പാടം 50 കോടി രൂപയ്ക്കു വാങ്ങിച്ചതും, തൃക്കാക്കരയിൽ ഇടയന്ത്രത്ത് പിതാവിന്റെ സഹപാഠി വികാരിയായ കാർഡിനൽ നഗർ പള്ളിക്ക് 35 കോടി വിലയുള്ള 2.5 ഏക്കർ സ്ഥലം ദാനമായി നൽകിയതും, ഫിനാൻസ് കൗൺസിലും ഉപദേശക സമിതിയും അറിയാതെ, കൂരിയ തീരുമാനത്തിന്റെ മാത്രം പിൻബലത്തിലാണ്. ഈ ഇടപാടുകൾ അന്വേഷിക്കാതിരുന്നത് കമ്മീഷന്റെ Terms of Reference ന് ഘടകവിരുദ്ധമാണ്. ലക്ഷ്യം ആലഞ്ചേരി പിതാവ് മാത്രമായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്. റിപ്പോർട്ടിൽ കർദ്ദിനാൾ മുൻകൈ എടുത്ത് നടത്തി എന്നുപറയുന്ന ഭൂമിയിടപാടുകളിലെ സാമ്പത്തിക ബാധ്യതയേക്കാളും, വലിയ ബാധ്യതതന്നെയല്ലേ ഈ രണ്ട് ഇടപാടുകളും വരുത്തിവച്ചത്?

സിറോ മലബാര്‍ സഭയുടെ ‘പുത്തന്‍പണം’ മോഡല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; ആലഞ്ചേരി പിതാവിനെ നീക്കാനുള്ള ശ്രമമെന്ന് ഒരു വിഭാഗം വൈദികര്‍

സ്ഥലം വില്പനയിൽ ആലഞ്ചേരി പിതാവ്‌ കുറ്റവാളിയോ?

സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കാനോനികസമിതികളുമായി ആലോചിച്ചെടുത്തതും അതിനാൽതന്നെ നിയമാനുസൃതവുമാണെന്ന, കർദ്ദിനാളിന്റെ നിലപാട് പൂർണ്ണമായും ശരിയാണ്. അനുബന്ധത്തിൽ ചേർത്തിരിക്കുന്ന മിനുട്സ് ഈ വാദത്തെ സാക്ഷ്യപ്പെടുത്തുന്നു (annexure 2, 3, & 4). എന്നാൽ, പണം കിട്ടിയില്ലെന്നറിയാതെയൊ, അത് കിട്ടിയെന്നു ഉറപ്പുവരുത്താതെയോ ആധാരങ്ങളിൽ ഒപ്പിട്ടു നൽകിയത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതികവീഴ്ച തന്നെയാണ്. വലിയ പിതാവിന്റെയടുത്ത് ഒപ്പ് വാങ്ങാൻ പോകുമ്പോൾ, പണം കിട്ടിയെന്നും, ഒപ്പിടുക എന്നത് അവസാന ഔപചാരികത മാത്രമാണെന്നും ഉറപ്പുവരുത്തേണ്ടത് അതിരൂപതയുടെ അനുദിനഭരണചുമതലകൾ വഹിക്കുന്ന ഇടയന്ത്രത്തു പിതാവിന്റെയും പ്രൊക്കുറേറ്ററായ ജോഷിയച്ചന്റെയും കടമയായിരുന്നില്ലേ? രൂപതാ/അതിരൂപതാ ഭരണസംവിധാനത്തിൽ പണം വാങ്ങുന്നതും സൂക്ഷിക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതും പ്രൊക്കുറേറ്ററുടെ പൂർണ്ണ ഉത്തരവാദിത്തമായതിനാലാണ്, കർദിനാളിന്റെ വീഴ്ച ഇവിടെ സാങ്കേതികം മാത്രമാകുന്നത്. കാനോനിക സമിതികൾ തീരുമാനിച്ചാൽ, ഒപ്പിടുവാനുള്ള നിയമപരവും സാമാന്യവുമായ ബാധ്യത കർദ്ദിനാളിനില്ലേ?
ഇവിടെ ആലഞ്ചേരി പിതാവിനെ മാത്രം ക്രൂശിക്കുന്നത്, മന്ത്രിസഭാ തീരുമാങ്ങൾക്കു അംഗീകാരം നല്കുന്ന പ്രസിഡന്റിനേയൊ ഗവർണറേയോ കുറ്റക്കാരനാക്കണം എന്ന് പറയുന്നതുപോലെ ബാലിശമാണ്. മാത്രവുമല്ല ഇപ്പോൾ പൊതുബോധത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട ചില നിഗമനകൾക്കു ഈ സംഭവവികാസങ്ങൾ സാധുത നല്കുന്നു.

റിപ്പോർട്ടിൽ, സാജു വർഗീസ് കുന്നേൽ എന്ന ഇടനിലക്കാരനെ ആലഞ്ചേരി പിതാവ് പരിചയപ്പെടുത്തി എന്ന പ്രൊക്യൂറേറ്ററിന്റെ മൊഴിക്ക് അമിത പ്രാധാന്യം നൽകുകയും, എന്നാൽ പിതാവ് വഴിവിട്ടൊന്നും ചെയ്യാൻ നിർദേശിച്ചിട്ടില്ല എന്ന അദ്ദേഹത്തിന്റെതന്നെ നിലപാടിനെ തമസ്കരിക്കുകയും ചെയ്തു. മുൻ ഇടപാടുകാർ വിട്ടുപോയപ്പോൾ, സാജു വർഗീസ് എന്ന പുതിയ ഇടപാടുകാരനെ പരിചയപ്പെടുത്തി എന്നതുകൊണ്ട് മാത്രം ആലഞ്ചേരി പിതാവ്‌ കുറ്റക്കാരനാകുന്നതെങ്ങനെ?

ഈ റിപ്പോർട്ടിൽ മുഴുവനും, ആലഞ്ചേരി പിതാവിനെ കുറ്റക്കാരനാക്കുക എന്ന ലക്ഷ്യത്തോടെ, തിരഞ്ഞെടുത്ത (cherry-picked) ‘തെളിവുകൾ’ അതിവിദഗ്ധമായി വിളക്കിചേർത്തിരിക്കുകയാണ്. അതോടൊപ്പം പിതാവിനും മറ്റ് മൂന്നുപേർക്കും എതിരെ ഫയൽ ചെയ്തിരിക്കുന്ന FIR – ൽ പറയുന്നതുപോലെ, ഗൂഡാലോചനയോ, വഞ്ചനയോ നടന്നിട്ടില്ല. ഒരു പരിധിവരെ രഹസ്യസ്വഭാവമുള്ള കാനോനിക സമിതികളായ കൂരിയയിലും, ഫിനാൻസ് കൗൺസിലിലും, ഉപദേശകസമിതിയിലും നടത്തിയ കൂടിയാലോചനകൾ, വഞ്ചനാപരമായ ഗൂഢാലോചനകളായി വ്യാഖ്യാനിച്ചു സിവിൽ നിയമനടപടികളിലേക്കു വലിച്ചിഴക്കുന്നത് സാമാന്യ യുക്തിക്കും നീതിക്കും ചേരാത്തതാണ്.

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

യഥാർത്ഥത്തിൽ ടാക്സ് വെട്ടിപ്പ് നടന്നോ?

സ്റ്റാമ്പ്‌ ഡ്യൂട്ടിയിൽ വെട്ടിപ്പ് നടത്തിയെന്ന ആരോപണം കോടതി പരിശോധിക്കുമ്പോൾ, മുഖവിലക്കെടുക്കുക രേഖാമൂലമുള്ള തെളിവുകൾ മാത്രമാണ്. എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ സ്ഥലവില്പനയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സ്ഥലം വാങ്ങിയവർ തീർച്ചയായും ടാക്സ് അടച്ചിട്ടുണ്ടാവണം. അതുപോലെ മറ്റൂരിൽ 55.42 കോടി രൂപയ്ക്കു വാങ്ങിയ 23.22 ഏക്കർ സ്ഥലത്തിന് 3.36 കോടി രൂപയും, ദേവികുളത്തു 1.6 കോടി രൂപയ്ക്കു വാങ്ങിയ 17 ഏക്കർ സ്ഥലത്തിന് 16.04 ലക്ഷം രൂപയും, കോട്ടപ്പടിയിൽ 6 കോടിക്ക് വാങ്ങിയ 25 ഏക്കറിന് 60 ലക്ഷം രൂപയും സ്റ്റാമ്പ്‌ ഡ്യൂട്ടി – ടാക്സ് ഇനത്തിൽ അതിരൂപത നൽകിയിട്ടുണ്ട് (പേജ് 25).

ഇനി ഇതുമായി ബന്ധപ്പെട്ടു തുടർപരിശോധനയിൽ എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽത്തന്നെ, അത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇൻകം ടാക്സ് ആക്ട് അനുസരിച്ചുള്ള 100 ശതമാനം പിഴ അടക്കുക എന്ന ബാധ്യത മാത്രമല്ലേ, നിയമപരമായി അതിരൂപതയും മേജർ ആർച്ച്ബിഷപ്പും അഭിമുഖീകരിക്കേണ്ടതുള്ളൂ?
കാര്യങ്ങളെക്കുറിച്ചു കേട്ടറിവ് മാത്രമുള്ള ഒരു മൂന്നാംകക്ഷി, നിഗൂഢലക്ഷ്യങ്ങളോടെ നൽകിയ പരാതിയിൽ, കേസെടുത്തെന്നത് ഒരു ധാർമികപരാജയമായി ആരും കാണേണ്ടതില്ല. അത് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്.

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

സ്ഥലം വാങ്ങലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ.

സ്ഥലം വിറ്റതിലൊന്നും കുഴപ്പമില്ല, വാങ്ങിയിടത്താണ് കുഴപ്പങ്ങൾ മുഴുവനുമെന്ന് വ്യാഖാനിക്കാനും ഈ റിപ്പോർട്ട്‌ ചിലപ്പോൾ ഇടവരുത്തിയേക്കാം. എന്നാൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ മണവാളനച്ചൻ പ്രൊക്യൂറേറ്റർ ആയിരുന്നു കാലത്ത്, മെഡിക്കൽ കോളേജിന് സ്ഥലം വാങ്ങുന്നതിനും, വേണ്ടിവന്നാൽ അഡ്വാൻസ്‌ വരെ കൊടുക്കുന്നതിനുള്ള പൂർണ്ണ അധികാരം, പ്രൊക്യൂറേറ്റർ അച്ചനെ ഏല്പിച്ചതായി annexure ൽ കാണുന്നു (annexure 2 & 3). 2013 – ലെടുത്ത ഫിനാൻസ് കൗൺസിലിന്റെ ഈ തീരുമാനത്തിന്, അത് തിരുത്താത്തിടത്തോളം കാലം തുടർച്ച (continuity) ഉണ്ടെന്ന് കാനൻ നിയമവിദഗ്ദർ പറയുന്നു. ലോൺ എടുത്ത് സ്ഥലം വാങ്ങാമെന്നും, പിന്നീട് രൂപതയുടെ ചില വസ്തുക്കൾ വിറ്റു കടം വീട്ടാമെന്നും, ഫിനാൻസ് കൌൺസിലും ഉപദേശകസമിതിയും തീരുമാനിച്ചതായും, അനുബന്ധത്തിൽ ചേർത്തിരിക്കുന്ന രേഖകളിൽ കാണുന്നു (Annexure 2 & 3). പിന്നെങ്ങനെയാണ്, മറ്റൂർ സ്ഥലം വാങ്ങൽ, കാനൻനിയമങ്ങൾക്കു വിരുദ്ധമാകുന്നത്?

മറ്റൂർ സ്ഥലം വാങ്ങുന്നതിനുമുമ്പായി, 50 കോടിക്കുമുകളിലുള്ള ഇടപാടെന്ന നിലയിൽ, മേജർ ആർച്ച് ബിഷപ്പിന്റെ അനുവാദം മേടിക്കണമെന്നും, മേജർ ആർച്ച് ബിഷപ്പ് അതിനായി സിനഡിന്റെ അനുവാദം മേടിക്കണമെന്നുള്ള Particular Law of the Syro Malabar Church (214), പൂർണമായും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെങ്കിലും, മേജർ ആർച്ച് ബിഷപ്പ് അധ്യക്ഷനായ ഒരു അതിരൂപതയിൽ, അത്തരം ഒരു സാങ്കേതികതയ്ക്ക്, എതിർപ്പിനുവേണ്ടിയുള്ള എതിർപ്പ് എന്നതിലപ്പുറം അമിതപ്രസക്തി നൽകേണ്ടതുണ്ടോ?

59 കോടിയുടെ കടം 90 കോടിയിലെത്തിച്ച ‘മിടുക്ക്’! മാര്‍ ആലഞ്ചേരി അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി ആക്ഷേപം

അതിരൂപതയുടെ കടങ്ങൾ വീട്ടുന്നതിനു വേണ്ടി സ്ഥലംവിൽക്കുന്ന അവസരത്തിലാണ് കേന്ദ്രസർക്കാർ നോട്ടുനിരോധനം നടപ്പിലാക്കിയത്. തുടർന്നു നിശ്ചയിച്ചുറപ്പിച്ചിരുന്ന തുക ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ടുവന്നപ്പോൾ, അതിന് ഈടായി കോട്ടപ്പടിയിലും, ദേവികുളത്തും സ്ഥലം സ്വീകരിക്കാൻ തീരുമാനിച്ചു. ഈയാവശ്യത്തിനായി 10 കോടി രൂപ വീണ്ടും കടമെടുത്തത് ആലഞ്ചേരി പിതാവിന്റെ അറിവോടെ, വടക്കുംപാടനച്ചനും പുതുവയച്ചനും ചേർന്നുണ്ടാക്കിയ കെട്ടിച്ചമച്ച ഒരുരേഖയുടെ പിൻബലത്തിലാണെന്ന നിഗമനത്തിൽ കമ്മീഷൻ എത്തിച്ചേരുന്നുണ്ട്.

എന്ത് തെളിവാണ് അത്തരമൊരു നിഗമനത്തിനാധാരം? Annexure 8- ൽ കാണുന്ന ഡോക്യുമെന്റ് തയ്യാറാക്കിയിരിക്കുന്നത് പ്രസ്തുത സൊസൈറ്റിയുടെ ഒറിജിനൽ ലെറ്റർ പാഡിൽ, ഔദ്യോഗികസീലോടുകൂടി, ജോഷി പുതുവയച്ചൻ authorized signatory ആയാണ്. എങ്ങനെയാണ് ആ ഡോക്യുമെന്റ് forged ആണെന്ന് കമ്മീഷൻ സ്ഥാപിക്കുന്നത്? അതുപോലെ ഇക്കാര്യത്തിൽ forgery സൂചിപ്പിക്കുന്ന മൊഴികളാരും നൽകിയിട്ടില്ല; ചോദ്യാവലിയിൽ ചോദിച്ചിട്ടുമില്ല! യാതൊരുവിധ രേഖാതെളിവുകളും, മൊഴികളുടെ പിൻബലവുമില്ലാതെ നടത്തിയ ഈ നിഗമനം, അന്വേഷണകമ്മീഷനെ, ആരോപണമുന്നയിക്കുന്നവരുടെ നിലയിലേക്ക് താഴ്ത്തിയിരിക്കുന്നു.

ഈ ക്രയവിക്രയങ്ങൾ ഒന്നും ഫിനാൻസ് കൌൺസിൽ അറിഞ്ഞിട്ടില്ല എന്ന വാദവും ദുരൂഹമാണ്. അസിസ്റ്റന്റ് പ്രൊക്യൂറേറ്റർ ആയ പാലാട്ടിയച്ചൻ, കോട്ടപ്പടിയിലുള്ള സ്ഥലം പോയി കണ്ടത് ഫിനാൻഷ്യൽ കൗൺസിലിനെ അറിയിച്ചിട്ടാണെന്നു, രേഖാമൂലം എഴുതി നൽകിയിരിക്കുന്നു (Annexure 20 H). ഇക്കാര്യത്തിൽ പരിപൂർണ്ണ അജ്ഞത സഹായമെത്രാന്മാർ അവകാശപ്പെടുന്നത് സത്യമാണോ? ആരെങ്കിലും ഒരുകൂട്ടർ നുണ പറയുന്നില്ലേ?

ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുത്ത ബിഷപ്പ് എടയന്ത്രത്ത് രാജിവയ്ക്കുക; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പോര് മുറുകുന്നു

വിചിത്രമായ നഷ്ടക്കണക്കുകൾ!

സ്ഥലം വാങ്ങൽ, വിൽക്കൽ, വിറ്റ സ്ഥലത്തിന്റെ estimated market value എന്നീ ഘടകങ്ങൾ പരിഗണിച്ചു മൊത്തം 46.03 കോടി നഷ്ടം വന്നതായാണ് കമ്മീഷൻ കണക്കാക്കിയിരിക്കുന്നത്. (പേജ് 26)

മറ്റൂർ ഭൂമി വാങ്ങലിൽ ഒന്നര വർഷം മുൻപുള്ള വിലയുമായി താരതമ്യപ്പെടുത്തി (20% വർദ്ധനവ് – 2 ലക്ഷത്തിൽനിന്നും 2.39 ലക്ഷം), 8.98 കോടി രൂപ നഷടമുള്ളതായി കാണിക്കുന്നു. എന്നാലിത്, ഒന്നര വർഷത്തിനിടയിൽ ആ സ്ഥലത്തിന്റെ വിലപേശൽ മൂല്യം കൂടിയതുകൊണ്ടുണ്ടായ സ്വാഭാവിക വർദ്ധനവല്ലേ?

മാര്‍ ആലഞ്ചേരിയെ തടഞ്ഞു വച്ചോ, അതോ ഒത്തുകളിയോ? കള്ളം പറയുന്നതാര്? കര്‍ദ്ദിനാളോ അല്‍മായരോ?

സ്ഥലം വില്പനയിൽ, ആകെ കിട്ടിയ 9.13 കോടി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. അതായത്, sale deed – ൽ പറഞ്ഞിരിക്കുന്ന 13.51 കോടി പ്രകാരം, ബാക്കി കിട്ടാനുള്ള 4.38 കോടി, കണക്കിൽ പെടുത്തിയിട്ടില്ല. (വേണ്ട എന്നാണോ ഉദ്ദേശിച്ചിരിക്കുന്നത്?). അതിലും രസകരമായി ഫിനാൻഷ്യൽ കൌൺസിൽ അംഗീകരിച്ചതനുസരിച്ചുള്ള 27.15 കോടി (9.05 ലക്ഷം X 300 cents) യുടെ ബാക്കിയായി കിട്ടേണ്ട 18.02 കോടിയെക്കുറിച്ചു നഷ്ടക്കണക്കുകൾ തിരയുമ്പോൾ ഓർത്തതേയില്ല.

അവസാനം പറഞ്ഞ രണ്ടുകാര്യങ്ങൾക്കു സാങ്കേതികപൂർണത ഇല്ലെന്ന് വേണമെങ്കിൽ പറയാം. ഒരുപക്ഷെ, വസ്തുവിൽപനവേളയിൽ നടത്തിയ വാഗ്‌ദാനങ്ങൾ ഇനി ഒരു കാരണവശാലും പാലിക്കപ്പെടരുതെന്നും, നഷ്ടം സംഭവിക്കുകതന്നെ വേണം എന്ന ശാഠ്യത്തിൽനിന്നുമാകാം, അത്തരം, കണക്കുകൾ ഉരുത്തിരിഞ്ഞത്.

ദാനം കിട്ടിയ ഭൂമിയും വിറ്റോ പിതാവേ! തൃക്കാക്കര കരുണാലയത്തിന്റെ ഭൂമി വില്‍പ്പനയില്‍ വന്‍ തിരിമറിയെന്ന് ആക്ഷേപം

തുടർന്നുള്ള നഷ്ടക്കണക്കുകളും വിചിത്രമാണ്.

വിറ്റ സ്ഥലങ്ങളുടെ estimated market value (as on 3 January 2018) അനുസരിച്ചു 37.05 കോടി (46.19 – 9.13) നഷ്ടവും കണക്കാക്കുന്നു. എന്നാൽ ഈ വസ്തു വിൽക്കാൻ തീരുമാനിച്ചപ്പോൾ, എന്തുകൊണ്ട് estimated market value അതിരൂപതാ കൂരിയയോ, ഫിനാൻസ് കൗൺസിലോ, ഉപദേശകസമിതിയോ പരിഗണിച്ചില്ല? എല്ലാത്തിനും ഉത്തരവാദി കർദിനാൾ മാത്രമോ?

എന്നാൽ, മറ്റൂരിൽ വാങ്ങിയ 23.22 ഏക്കർ സ്ഥലത്തിന്റെ estimated current market value-വും വാങ്ങിയവിലയും തമ്മിലുള്ള വ്യത്യാസവും, ദേവികുളത്തുള്ള 17 ഏക്കറിന്റെയും, കോട്ടപ്പടിയിലുള്ള 25 ഏക്കറിന്റെയും
estimated market value വും സൗകര്യപൂർവം ഒഴിവാക്കി. കാരണം, മൊത്തം കണക്കുകൂട്ടുമ്പോൾ നഷ്ടം കൂടണമല്ലോ. എന്നാലല്ലേ വിനോദ് റായിയുടെ CAG റിപ്പോർട്ട്‌ പോലെ, ഇതിനും ഒരു ഗമയൊക്കെയുണ്ടാവുകയുള്ളൂ!

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

ചില അനുബന്ധ ചിന്തകൾ

കമ്മീഷന്റെ റിപ്പോർട്ട്‌ പ്രകാരം അതിരൂപതക്ക് അതിരൂക്ഷമായ സാമ്പത്തികബാധ്യതയുള്ളതായി കാണിക്കുന്നു. എന്നാൽ, അതിരൂപതയുടെ 2015 ഏപ്രിൽ 1 മുതലുള്ള മുഴുവൻ സാമ്പത്തിക വരവ്-ചിലവ് കണക്കുകൾ, കമ്മീഷന്റെ Terms of Reference പ്രകാരം വിശദമായി അപഗ്രഥിച്ചിരുന്നെങ്കിലേ, അത്തരമൊരു നിഗമത്തിനു സാധുതയുള്ളൂ. അവിടെ കമ്മീഷന് ഗുരുതര വീഴ്ചപറ്റി. സാമ്പത്തിക പ്രതിസന്ധിയുള്ള അതിരൂപത എങ്ങനെയാണ് ലിസി ആശുപത്രിക്കു സമീപം 50 കോടി മുടക്കി സ്ഥലം വാങ്ങിയത്? എന്തിനാണ് 35 കോടി രൂപ വിപണിമൂല്യമുള്ള വസ്തു ഒരു പള്ളിക്ക് (അതിരൂപതയുടേതാണെങ്കിൽ കൂടി) ദാനം ചെയ്യുന്നത്?

ഇനി അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങൾ താറുമാറായെന്ന് കരുതുക. ഇക്കാര്യത്തിൽ മേജർ ആർച്ച്ബിഷപ്പ്, സഹായ മെത്രാന്മാർ, പ്രൊക്യൂറേറ്റർ, വികാരി ജനറാൾമാർ, ഫിനാൻസ് കൌൺസിൽ, ഉപദേശകസമിതി എന്നിവർക്ക് കൂട്ടുത്തരവാദിത്തമല്ലേ ഉള്ളത്? പിന്നെ എന്തിന് ആലഞ്ചേരി പിതാവിനെ മാത്രം ക്രൂശിക്കുന്നു? ആലഞ്ചേരി പിതാവ് മാത്രമാണ് കുറ്റക്കാരനെങ്കിൽ, തിരുത്തൽ ശക്തിയായി തെരുവിലിറങ്ങിയ വൈദികർക്ക്, അത്തരം തീരുമാനങ്ങളെടുത്ത അവസരത്തിൽ തന്നെ എന്തുകൊണ്ട് അരമനയുടെ അന്തപുരങ്ങളിൽ സുതാര്യതയുടെ വിപ്ലവം സൃഷ്ടിക്കാൻ സാധിച്ചില്ല? അതിന്റെ അർത്ഥം, ഈ വിവാദങ്ങളുടെയെല്ലാം ആത്യന്തികലക്ഷ്യം ആലഞ്ചേരി പിതാവിനെ മേജർ ആർച്ച്ബിഷപ്പ് സ്ഥാനത്തുനിന്നും നിഷ്കാസിതനാക്കുക എന്നതും, ഭൂമിയിടപാടും സാമ്പത്തികത്തകർച്ചയുമൊക്കെ അതിനുള്ള മാർഗ്ഗങ്ങൾ മാത്രവുമാണെന്നാണ്.

വാൽക്കഷ്ണം: സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുവാനുള്ള അമിതമായ വ്യഗ്രത, ആത്മീയ പ്രസ്ഥാനങ്ങളുടെ നടുവൊടിക്കും എന്ന വലിയപാഠം കൂടിയാണ് സിറോ മലബാർ സഭയിലെ ദൗർഭാഗ്യകരമായ ഈ സംഭവവികാസങ്ങൾ എല്ലാവർക്കും പകർന്നു നൽകുന്നത്.

അജലേഖനം അഥവ ആടെഴുത്ത്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ആല്‍ബര്‍ട്ട് എബ്രഹാം

ഡോ. ആല്‍ബര്‍ട്ട് എബ്രഹാം

അസിസ്റ്റന്റ് പ്രൊഫസര്‍, ഡല്‍ഹി സര്‍വകലാശാല

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍