TopTop
Begin typing your search above and press return to search.

മൂക്കുമുട്ടെ ബീഫ് കഴിക്കുന്ന പാതിരിമാരെന്തേ മോദിക്കെതിരേ മിണ്ടുന്നില്ല?

മൂക്കുമുട്ടെ ബീഫ് കഴിക്കുന്ന പാതിരിമാരെന്തേ മോദിക്കെതിരേ മിണ്ടുന്നില്ല?

ഓര്‍ത്തോര്‍ത്തു ചിരിക്കുമ്പോഴും ആകുലതയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട് കേന്ദ്ര സര്‍ക്കാറിന്റെ മൂന്നാം പിറന്നാള്‍ വാര്‍ഷിക വേളയില്‍ മോദിയും പരിവാറും. ഇത് ഇക്കഴിഞ്ഞ ദിവസം മുതല്‍ ചര്‍ച്ചാവിഷയമായ മൃഗ സംരക്ഷണ നിയമത്തിന്റെ മറവില്‍ രാജ്യത്താകമാനം പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന മാട്ടിറിച്ചി നിരോധനത്തെ ബന്ധപ്പെടുത്തി മാത്രമല്ല. മനുഷ്യ ജീവിതത്തിന്റെ ഓരോ അണുവിലും കയറി കാവി പൂശുന്ന കുടില തന്ത്രത്തെക്കൂടി ഓര്‍ത്തിട്ടാണ്. മാട്ടിറച്ചി പ്രശനം അത്ര പുതിയ കാര്യമല്ല. നോട്ടു നിരോധനത്തിനും മുന്‍പ് തന്നെ അത് പ്രഖ്യാപിക്കപ്പെട്ടതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ മനുഷ്യക്കുരുതികളും നടന്നതാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ ഇത്തരം കൊലപാതങ്ങള്‍ തുടരുന്നതിനിടയില്‍ തന്നെയാണ് ഈ മൂന്നാം പിറന്നാള്‍ ആഘോഷവേളയില്‍ ഇത്തിരി വളഞ്ഞ വഴിയിലൂടെ തങ്ങളുടെ ഗോ അജണ്ട രാജ്യത്താകമാനം നടപ്പിലാക്കാനുള്ള ആര്‍എസ്എസ്സിന്റെ അജണ്ടക്ക് മോദി കാവിക്കൊടി വീശിയിരിക്കുന്നത്.

പതിവുപോലെ ഇക്കുറിയും മാട്ടിറച്ചി നിരോധന നീക്കത്തിനെതിരെയുള്ള പ്രതിഷേധം കറിയായും, വരട്ടിയത്, പെരളന്‍, ചില്ലി, വറുത്ത് എന്നിങ്ങനെ പല കോലത്തില്‍ എഴുത്തുമേശകളില്‍ നിന്നും പുറത്തേക്കു വരുന്നുണ്ട്. നല്ല കാര്യം തന്നെ. കേരളം, കര്‍ണാടകം തുടങ്ങിയ ചില സംസ്ഥാനങ്ങളും ആര്‍എസ്എസ്സിന്റെ ഈ പരിപ്പ് തങ്ങളുടെ നാട്ടില്‍ വേവില്ലെന്നു കട്ടായം പറഞ്ഞിട്ടുമുണ്ട്. അതും നല്ലതു തന്നെ. പതിവുപോലെ മുസ്ലിം ലീഗ് നേതാക്കളും പ്രസ്താവനകളുമായി കളം നിറയുന്നുണ്ട്. എന്തുകൊണ്ടോ മൂക്കുമുട്ടെ ബീഫ് കഴിക്കുന്ന പാതിരിമാര്‍ ഒന്നും പറഞ്ഞു കണ്ടില്ല. പള്ളിമേടകളില്‍ വീഞ്ഞ് സല്‍ക്കാരം ഒരുക്കുമ്പോഴും മദ്യവര്‍ജനം പാടി നടക്കുന്ന ഇത്തരം ഇടയന്മാര്‍ക്ക് മോദിയെ പേടിക്കാതെ തരമില്ലല്ലോ. വിദേശ ഫണ്ട്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍, അരമനകള്‍ എന്നിവയെ കുറിച്ച് ചിന്തിച്ചുകൂടിയാവണം ഈ മൗനം. അല്ലെങ്കില്‍ മൂക്കുമുട്ടെ ബീഫ് കഴിക്കുന്ന ഇവര്‍ക്ക് നാവിറങ്ങിപോകേണ്ട കാര്യമില്ലല്ലോ. മിഷനറിമാര്‍ ഒരു കാലത്തു വിളനിലമായി കണ്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പരിവാര്‍ കൊണ്ടുപോയതിന്റെ പൊരുളും മറ്റൊന്നാവാന്‍ തരമില്ല.

അതേസമയം, നമ്മുടെ അടുക്കള, നമ്മുടെ തീന്‍മേശ എന്ന പതിവ് പല്ലവികൊണ്ട് എത്രകാലം മോദിക്കാലത്തെ സംഘികളുടെ കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയും എന്ന് ഉണര്‍ന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു.

സത്യത്തില്‍ പ്രതിഷേധം എഴുത്തിലും പ്രസ്താവനയിലുമൊക്കെ ഒതുങ്ങേണ്ട ഒന്നല്ല. അത് അങ്ങനെ മാത്രം ആകുന്നിടത്താണ് ഇത്തരം കടന്നാക്രമണങ്ങള്‍ക്കു മുന്‍പില്‍ നമ്മള്‍ നിസ്സഹായരായി നില്‍ക്കേണ്ടിവരുന്നത്. പറഞ്ഞുവരുന്നത് കൊടുവാള്‍ എടുത്തു നിരത്തില്‍ ഇറങ്ങണമെന്നോ സംഘികളുടെ തല അറുക്കണം എന്നോ അല്ല. തര്‍ക്കശാസ്ത്രത്തില്‍ പറയുന്നതുപോലെ, കാളയെ അതിന്റെ കൊമ്പില്‍ പിടിച്ചു ഒതുക്കുക തന്നെ വേണം. രാമ ലക്ഷണന്മാര്‍ നായാടിയാല്‍, അതും മാന്‍ വേട്ട നടത്തിയാല്‍ അത് ശരിയും, അല്ലാത്തവര്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നു തിന്നാല്‍ അത് പാപവും ആക്കി മാറ്റുന്ന ഈ ഗീര്‍വാണക്കാരെ കൊമ്പു കുത്തിക്കുക തന്നെ വേണം.

ഒരു കാര്യം കൂടി. പുതുക്കിയ ലിസ്റ്റില്‍ കാമദേനുവിന്റെ ഭൂമിയിലെ പ്രിതിനിധിയായ പശു മാത്രമല്ല ഹൈന്ദവ വിശ്വാസവുമായി പുല ബന്ധം പോലും ഇല്ലാത്ത ഒട്ടകം പോലും ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇക്കൂട്ടര്‍ ഈ ലിസ്റ്റില്‍ എലിയെ പെടുത്തിയില്ല എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. വളര്‍ത്തുമൃഗമല്ലെങ്കിലും വീട്ടിലെ ഒരംഗത്തെ പോലെയാണല്ലോ എലി! ഗണപതിയുടെ വാഹനം എന്ന നിലയില്‍ എലിയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തേണ്ടതായിരുന്നില്ലേ എന്നുള്ളതാണ് സന്ദേഹം. അധികം വൈകാതെ തന്നെ എലിയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെടും എന്ന് കരുതാം. ഇക്കാര്യത്തില്‍ ശശികല ടീച്ചറോ ടി ജി മോഹന്‍ദാസിന്റെ ഹൈന്ദവ ബുദ്ധിജീവി സെല്ലോ അടിയന്തരമായി ഇടപെടാതിരിക്കില്ല എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories