TopTop
Begin typing your search above and press return to search.

എനിക്ക് നൃത്തം പഠിക്കാനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും കഴിയുന്ന ഈ കേരളം നിലനില്‍ക്കേണ്ടതുണ്ട്; ജാതി വിവേചനത്തിനിരയായ നര്‍ത്തകി ഹേമലത എഴുതുന്നു

എനിക്ക് നൃത്തം പഠിക്കാനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും കഴിയുന്ന ഈ കേരളം നിലനില്‍ക്കേണ്ടതുണ്ട്; ജാതി വിവേചനത്തിനിരയായ നര്‍ത്തകി ഹേമലത എഴുതുന്നു

ജാതീയമായ അധികാരങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മറ്റേതു മേഖലയിലേതുപോലെ തന്നെ കലാ മേഖലയിലും ഇന്നും സജീവമാണ് എന്നതാണ് 1994 മുതലുള്ള എന്‍റെ അനുഭവം തെളിയിക്കുന്നത്. പിന്നോക്ക സമുദായത്തിൽ പെട്ടവർക്ക് മനുഷ്യൻ എന്ന പരിഗണന പോലും ലഭ്യമാകാതിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്നത്തെ അധികാര രൂപമായ ജാതി-ജന്മി-നാടുവാഴി വ്യവസ്ഥിതിയോട് കലഹിച്ച ആശയങ്ങൾക്ക് ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, അയ്യാ വൈകുണ്ഠനും, പൊയ്കയിൽ അപ്പച്ചനും, സഹോദരൻ അയ്യപ്പനും, ഡോ. പൽപ്പുവും നേതൃത്വം കൊടുത്തപ്പോൾ ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളും പുരോഗമന ചിന്താഗതിക്കാരും അധഃകൃത വർഗം എന്ന് മുദ്രണം ചെയ്യപ്പെട്ടവരും ആ സമരത്തെ ഏറ്റെടുത്തു. ഇത്തരം കലഹങ്ങൾ നടക്കുമ്പോൾ സ്ത്രീകൾ ആണ് ഈ സമരങ്ങളുടെ എല്ലാം മുൻപന്തിയിൽ ഉണ്ടായിരുന്നത്. കല്ലുമാല പൊട്ടിച്ചെറിയുന്നതിനും, മുലക്കരം ചോദിച്ചുവന്നവരുടെ മുന്നിൽ മുല അറുത്തു കൊടുത്തും നാടിനെ മുന്നോട്ട് നയിച്ച സമരങ്ങളുടെ എല്ലാം ധീരമായ നായികത്വം സ്ത്രീകൾ ആയിരുന്നു. നാടിനെ ഇളക്കിമറിച്ച നവോത്ഥാനത്തിന്‍റെ തുടർച്ചയിൽ സ്ത്രീ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വരാൻ നവോത്ഥാനം ആഹ്വാനം ചെയ്തപ്പോൾ അവിടെ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും സ്ത്രീകൾ മുന്നേറി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിൽ ആദ്യമായി ഡിഗ്രി പാസായ 'ഭരണഘടന നിർമ്മാണ സഭ' യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദാക്ഷായണി വേലായുധൻ. നവോത്ഥാനത്തിന്‍റെ തുടർച്ചയിൽ ദേശീയ പ്രക്ഷോഭത്തോട് കൂടി രാഷ്ട്രീയ സമരം ഏറ്റെടുത്ത നമ്മുടെ നാട് ഐക്യ കേരളം രൂപീകരണാനന്തരം നടന്ന തിരഞ്ഞെടുപ്പിൽ അധികാരം ഏൽപ്പിച്ചത് തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെയാണ്. മനുഷ്യന് അവന്‍റെ അന്തസ്സ് ഉയർത്തി പിടിച്ചു ജീവിക്കാൻ ആവശ്യമായ നടപടി ആയിരുന്നു ഇ. എം. എസ്. സർക്കാർ അവതരിപ്പിച്ച ഭൂപരിഷ്‌ക്കരണ, വിദ്യാഭ്യാസ ബില്ലുകള്‍. ജാതി കേന്ദ്രീകൃതമായ അധികാരത്തിന്‍റെ നട്ടെല്ല് തകർക്കുന്നതായിരുന്നു. ഈ പരിഷ്‌കരണത്തിന്‍റെ അടിസ്ഥാനത്തിൽ ജന്മി- കുടിയാൻ ഇല്ലാതായി. പക്ഷേ ജാതി തുടച്ചുമാറ്റാൻ കഴിയാതെ പലയിടത്തും മുഴച്ചുനിന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും ലഭ്യമാക്കപ്പെട്ടപ്പോഴും പലപ്പോഴും വിവേചനത്തിന്‍റെയും മാറ്റിനിർത്തപ്പെടലിന്‍റെയും പല രൂപങ്ങൾ തെളിഞ്ഞുനിന്നു. അതിൽ പ്രധാന മേഖലയാണ് കലാരംഗം. ഇവിടെ ജാതീയമായ അധികാരം ഇപ്പോഴും നിലനിൽക്കുന്നു. കഴിവുകൾക്ക് അപ്പുറം ജാതീയമായ അടയാളങ്ങൾ മാനദണ്ഡങ്ങളായി മാറുന്നു. നിലനിൽക്കണമെങ്കിൽ സവർണ അധികാരങ്ങൾ പേറേണ്ടി വരുകയോ പ്രതാപികളുടെ കാൽക്കൽ കഴിയേണ്ടി വരികയോ ചെയ്യണം.

https://www.azhimukham.com/art-dalit-dance-teacher-hemalatha-facing-cast-atrocities-in-rlv-college-tripunithura/

ജാതി രൂപത്തെ പറ്റിയുള്ള ബോധമാണ് 'തിമിലയിലെ ജാതിക്കാലം' എന്ന പുസ്തകം. സിപിഎം തൃപ്പുണിത്തുറ ഏരിയ സെക്രട്ടറി പി. വാസുദേവൻ എഴുതിയ ഈ പുസ്തകത്തിൽ കലാമേഖലയിൽ ജാതി ഏതു തരത്തിൽ പ്രവർത്തിക്കുന്നു എന്നുള്ളത് തന്നെയാണ് പുസ്തകത്തെ പ്രസക്തമാക്കുന്നതും. ജാതി വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട ജീവിതാവസ്ഥ ലഭ്യമാക്കാനുള്ള അന്തരീക്ഷം നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് വിവേചനങ്ങൾ അനുഭവിക്കുമ്പോഴും എനിക്ക് നൃത്തം അഭ്യസിക്കുവാനും എന്‍റെ വിയോജിപ്പുകൾ പറയുവാനും സാധിക്കുന്നത്. ഇതു ഇന്നോ ഇന്നലെയോ കൊണ്ട് നേടിയെടുത്തതല്ല. നവോത്ഥാന മുന്നേറ്റങ്ങളുടെ ആശയങ്ങൾ സ്വാംശീകരിച്ചു നമ്മുടെ മുൻപോട്ടുള്ള പോരാട്ടത്തിന്‍റെ ആകെത്തുകയാണ്. അതുകൊണ്ട് തന്നെ നാടിനെ പുറകോട്ടു നടത്താനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കുക എന്നത് എന്‍റെ കൂടി കടമയാണ് എന്നതിൽ യാതൊരു സംശയവുമില്ല. അതിനാൽ വനിത മതിലിന്‍റെ ഭാഗമാവുക എന്നത് തർക്കമില്ലാത്ത കാര്യമാണ്. ജാതി മേൽക്കോയ്മയുടെ ഹിന്ദുത്വ ശക്തികൾക്കു മുന്നിൽ തളരാതെ നമ്മുടെ നാടിനെ മുന്നോട്ട് നയിക്കാൻ ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിന്, നിലനിർത്തുന്നതിന് വേണ്ടി വനിത മതിൽ തീർത്തുകൊണ്ടുള്ള ഉജ്ജ്വല മുന്നേറ്റത്തിൽ ഞാനും പങ്കാളിയാകും.

https://www.azhimukham.com/kerala-rlv-college-caste-discrimination-continus-and-hemalatha-teachers-experience/


Next Story

Related Stories