Top

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം ഉയര്‍ത്തിവിട്ട നിരവധി ചോദ്യങ്ങളുണ്ട്. അതിലൊന്ന് കിര്‍താഡ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളതാണ്. പട്ടിണി, ആട്ടിപ്പായിക്കല്‍, കുടിയൊഴിപ്പിക്കല്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്ന ആദിവാസി ജനത മരിക്കാതിരിക്കാനായി പോരാട്ടം തുടരുമ്പോള്‍ കിര്‍താഡ്‌സ് പോലൊരു സ്ഥാപനം എന്ത് ചെയ്യുന്നു? സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കാനുള്ള സംവിധാനം മാത്രമായി കിര്‍താഡ്‌സ് മാറിയോ? അഴിമുഖം അന്വേഷണം തുടരുന്നു. ഈ പരമ്പരയിലെ ആദ്യ റിപ്പോര്‍ട്ട് - 
ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന 
- ഇവിടെ വായിക്കാം.


ആദിവാസി ജനവിഭാഗത്തിന്റെ വികസനത്തിനായി നയരേഖയുണ്ടാക്കേണ്ട കിര്‍താഡ്‌സ് എന്തിനാണ് ആദിവാസികളുടെ ആചാരങ്ങളില്‍ കൈ കടത്തുന്നത്? ഇത് വയനാട് പുല്‍പ്പള്ളി പാക്കത്തെ കുറുമാ വിഭാഗക്കാരില്‍ ചിലരുടെ ചോദ്യമാണ്. തിരുമുഖം കുറുമാ കോളനിയില്‍ കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും കിര്‍താഡ്‌സ് അനുവാദമില്ലാതെ കടന്നുവരികയായിരുന്നു എന്ന ആരോപണമാണ് കോളനിവാസികളായ ചിലര്‍ ഉന്നയിക്കുന്നത്.

തിരുമുഖം കോളനിയിലെ മധ്പ്പുരയുടെ നിര്‍മ്മാണവും 'ഉച്ചാര്‍' ഉത്സവം നടത്തിപ്പുമായും ബന്ധപ്പെട്ടാണ് കോളനിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കാലങ്ങളായി ജീര്‍ണാവസ്ഥയിലായിരുന്ന ആരാധനാകേന്ദ്രം 'മധ്പ്പുര' പൊളിച്ച് മറ്റൊന്ന് നിര്‍മ്മിക്കാമെന്ന് തീരുമാനിച്ചത് ടൂറിസം വകുപ്പാണ്. ഇതനുസരിച്ച് പഴയ മധ്പ്പുര പൊളിച്ചുനീക്കുകയും ചെയ്തു. കോളനിനിവാസികളുടെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് തന്നെ മധ്പ്പുര കെട്ടി നല്‍കുമെന്ന ഉറപ്പിലാണ് അത് പൊളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതിക്ക് സാങ്കേതികാനുമതിയില്ല എന്ന കാരണത്താല്‍ നിര്‍മ്മാണം മുടങ്ങി. കുറുമ കോളനി നിവാസിയായ സരീഷ് പറയുന്നതിങ്ങനെ: "
25 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നു. പിന്നീട് സാങ്കേതികാനുമതി ഇല്ലെന്ന് പറഞ്ഞ് നിര്‍മ്മാണം പാതിവഴിക്ക് നിര്‍ത്തി വച്ചു. എന്നാല്‍ എംഎല്‍എ അടക്കമുള്ളവരുടെ നിരന്തരമായ ഇടപെടല്‍ ഉണ്ടായതോടെ പദ്ധതി പുനരാരംഭിക്കുകയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു"
.

എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത് തങ്ങളുടെ മേല്‍നോട്ടത്തിലാണെന്ന് കിര്‍ത്താഡ്‌സ് അധികൃതര്‍ പറഞ്ഞുപരത്തി തെറ്റിദ്ധാരണയുണ്ടാക്കിയതായും അനാവശ്യമായി തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിലേക്ക് കടന്നുകയറുകയുമാണുണ്ടായതെന്നും സരീഷ് പറയുന്നു: "
ഞാന്‍ ടൂറിസം വകുപ്പിലെ ജീവനക്കാരനും കൂടിയായതിനാല്‍ എനിക്ക് പദ്ധതി എങ്ങനെയാണ് നടപ്പിലായത് എന്നത് സംബന്ധിച്ച് നല്ല ബോധ്യമുണ്ട്. എംഎല്‍എയുടെ ഇടപെടലിലൂടെ സാങ്കേതികാനുമതി ലഭിച്ചപ്പോള്‍ സ്വാഭാവികമായും പദ്ധതി പുനരാരംഭിക്കുകയായിരുന്നു. അറുപതോളം കുറുമ കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയാണ് തിരുമുഖം. പാരമ്പര്യാചാരങ്ങളും കലാരൂപങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും മാറ്റമില്ലാതെ പിന്തുടരുന്ന ഏതാനും ആദിവാസിക്കോളനികളില്‍ ഒന്നാണിത്. എന്നാല്‍ ഇതിനിടയിലാണ് കിര്‍താഡ്‌സിന്റെ കടന്നുകയറ്റമുണ്ടായത്. കിര്‍താഡ്‌സില്‍ നിന്നെത്തിയ ഇന്ദു മേനോന്‍ എന്ന ഉദ്യോഗസ്ഥ ഈ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമെല്ലാം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തു. എന്നുമാത്രമല്ല ഞങ്ങള്‍ പണിതുകൊണ്ടിരിക്കുന്ന മധ്പ്പുരയുടെ ഉയരം കുറവാണ്, തൂണുകളുടെ എണ്ണം പോര, പുല്ല് മേഞ്ഞിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ കാണിച്ച് കുറ്റപ്പെടുത്തുകയും അധികാരികളുടെ പക്കല്‍ പരാതി പറയുകയും ചെയ്തു. ഞങ്ങളുടെ കോളനിയില്‍ വളരെ സ്വകാര്യമായി നടത്തുന്ന ഉച്ചാറിനെക്കുറിച്ചും ഞങ്ങളുടെ മധ്പ്പുരയെക്കുറിച്ചും അഭിപ്രായം പറയാന്‍ കിര്‍താഡ്‌സില്‍ നിന്നെത്തിയ ഉദ്യോഗസ്ഥ ആരാണ്? ഞങ്ങള്‍ക്കല്ലേ ഞങ്ങളുടെ പാരമ്പര്യവും അതിന്റെ രീതികളുമൊക്കെ അറിയുക. ഇന്നത്തെ കാലത്ത് മേയാന്‍ പുല്ല് ലഭ്യമാവില്ല എന്ന് മാത്രമല്ല പുല്ല് മേയാന്‍ വൈദഗ്ധ്യമുള്ളയാളുകളുമില്ല. കോളനിയിലെ ദൈവപ്പുരയുടെ നിര്‍മ്മാണം അവിടെ വന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശാനുസരണം കിര്‍താഡ്‌സ് ആണ് നിര്‍വ്വഹിച്ചതെന്ന തരത്തില്‍ കോളനിക്കാര്‍ക്കിടയില്‍ അവര്‍ വ്യാജപ്രചരണം നടത്തുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ കിര്‍താഡ്‌സ് ഇത്രയും കാലം എവിടെയായിരുന്നു? കാലങ്ങളായി ജീര്‍ണാവസ്ഥയിലായിരുന്ന മധ്പ്പുര പൊളിച്ചുപണിയണമെന്ന് അവര്‍ക്ക് തോന്നിയില്ലല്ലോ? ടൂറിസം വകുപ്പ് ചെയ്ത കാര്യം സ്വന്തം ക്രെഡിറ്റിലാക്കാനാണ് ഈ ഉദ്യോഗസ്ഥയും കിര്‍താഡ്‌സും ശ്രമിക്കുന്നത്.
"

മധ്പ്പുര പുതുക്കി പണിയുന്നതിന് മുമ്പ്

കോളനിക്കാര്‍ സ്വകാര്യമായി ആഘോഷിക്കുന്ന 'ഉച്ചാര്‍' ഉത്സവം നടത്തിപ്പ് തങ്ങള്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞ് കിര്‍താഡ്‌സ് സമീപിച്ചുവെന്നും അന്നദാനം അവര്‍ ഏറ്റെടുത്തത് ഉച്ചാര്‍ കമ്മിറ്റി അറിഞ്ഞതുപോലുമില്ലെന്ന് കമ്മിറ്റി മുന്‍ പ്രസിഡന്റ് അടക്കം ആരോപിക്കുന്നു. ഉത്സവത്തിലെ ആചാരങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് കിര്‍താഡ്‌സ് നിര്‍ബന്ധിച്ചിരുന്നെങ്കിലും കോളനിക്കാരും ഉച്ചാര്‍ കമ്മിറ്റിയും എതിര്‍ത്തതോടെ ആ ശ്രമം ഒഴിവായതായും ഇവര്‍ പറയുന്നു. കോളനിയിലെ ആളുകളെ രണ്ട് ചേരികളിലാക്കി കിര്‍താഡ്‌സ് അവരുടെ കാര്യങ്ങള്‍ നടപ്പാക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. ഉച്ചാര്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് സുകുമാരന്‍ പറയുന്നു: "
ഫെബ്രുവരി 13, 14, 15 തീയതികളിലാണ് ഉച്ചാര്‍ നടത്തിയത്. കിര്‍താഡ്‌സിന്റെ ഇടപെടലും അനാവശ്യമായ അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയില്‍ പെട്ടപ്പോള്‍ ജനുവരി 31-ന് ഞങ്ങള്‍ ഇതെല്ലാം കാണിച്ച് ഒരു പരാതി കിര്‍താഡ്‌സിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതേവരെ അതില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഞാനായിരുന്നു അന്നത്തെ പ്രസിഡന്റ്. പക്ഷെ കിര്‍താഡ്‌സിന്റെ ഇടപെടലില്‍ വലിയ ബുദ്ധിമുട്ടുണ്ടായതോടെ ഞാന്‍ സ്ഥാനമൊഴിയുകയും ഉച്ചാര്‍ ഉത്സവത്തോടനുബന്ധിച്ച് പുതിയ കമ്മിറ്റി രൂപം കൊള്ളുകയും ചെയ്തു. പക്ഷെ ഗുരുതരമായ പ്രശ്‌നം എന്താണെന്നുവച്ചാല്‍, ഈ ഒരു പ്രശ്‌നത്തിന്റെ പേരില്‍ കോളനിക്കാരെ രണ്ട് ചേരിയിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. കിര്‍താഡ്‌സിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന തരത്തില്‍ കോളനിനിവാസികള്‍ രണ്ടായി. ഇപ്പോള്‍ കിര്‍താഡ്‌സിനെ അനുകൂലിക്കുന്നവരാണ് പുതിയ കമ്മിറ്റിക്കാര്‍. അതുകൊണ്ട് തന്നെ ഞങ്ങള്‍ സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം വന്നാലും ഇപ്പോഴത്തെ കമ്മിറ്റിക്കാര്‍ അതിന് കൂട്ടുനില്‍ക്കില്ല. അത്രമാത്രം പ്രശ്‌നങ്ങളാണ് കിര്‍താഡ്‌സ് ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടാക്കിയിട്ട് പോയത്. അന്നദാനം കിര്‍താഡ്‌സാണ് നടത്തുന്നതെന്ന കാര്യം ഉച്ചാര്‍ കമ്മിറ്റിക്കാരെ അറിയിച്ചിരുന്നില്ല. കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് അവര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇത് പരാതിയായി ഉയര്‍ന്നുവന്നപ്പോള്‍ അവര്‍ കമ്മിറ്റിക്കാരുമായി സംസാരിക്കുകയും അന്നദാനം നടത്തുന്നതിനും അതിനുള്ള പന്തല്‍ കെട്ടുന്നതിനുമുള്ള സന്നദ്ധതയറിയിച്ചു. അതവര്‍ ചെയ്യുകയും ചെയ്തു. പക്ഷെ കോളനിയില്‍ കുത്തിത്തിരിപ്പുണ്ടാക്കി ഞങ്ങളെയൊക്കെ പരസ്പരം ശത്രുക്കളാക്കിയതെന്തിനാണെന്ന് അവര്‍ പറയണം."


സുകുമാരന്‍ കിര്‍താഡ്സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ്

എന്നാല്‍ ഗോത്രോത്സവ നടത്തിപ്പ് എന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണ് തങ്ങള്‍ തിരുമുഖം കോളനിയില്‍ ഉച്ചാര്‍ നടത്തിപ്പിനും ഡോക്യുമെന്റേഷനും എത്തിയതെന്ന് കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥയായ ഇന്ദു മേനോന്‍ പറയുന്നു. ഉച്ചാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ആദ്യ കമ്മിറ്റി കൂടുവാന്‍ തിരുമുഖം പാക്കം കോളനിയില്‍ എത്തിയപ്പോള്‍ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച മധ്പ്പുരയാണ് കണ്ടത്. കുറുമ സമുദായത്തിന്റെ അധീശത്വവും ഗര്‍വ്വും വിളിച്ചോതുന്ന മധ്പ്പുര അവസാനത്തേതാണ്. അതിനാല്‍ ഇത് കിര്‍താഡ്‌സ് ഡയറക്ടറെ അറിയിക്കുകയുമായിരുന്നു എന്നും ഇന്ദു മേനോന്‍ പറയുന്നു:
"വകുപ്പ് ഡയറക്ടര്‍ ഈ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി. അങ്ങനെയാണ് ഉച്ചാറിന് വേണ്ടി ഗോത്രക്ഷേത്രം പൊളിച്ചവരെക്കൊണ്ട് അത് പുതുക്കിപ്പണിയിച്ചത്. കിര്‍താഡ്‌സ് വകുപ്പ് നിരന്തരം പ്രയത്‌നിച്ചാണ് ടൂറിസം വകുപ്പ് അത് കെട്ടിത്തന്നത്. വകുപ്പ് സെക്രട്ടറി, എസ് ടി ഡയറക്ടര്‍, കിര്‍താഡ്‌സ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ അതിദ്രുത പ്രവര്‍ത്തനവും ഉദ്യോഗസ്ഥ പരിശ്രമവും കൊണ്ട് 10 ദിവസത്തിനുള്ളില്‍ ഗോത്രക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. കിര്‍താഡ്‌സ് ആയിരുന്നു മോണിറ്ററിങ് ഏജന്‍സി. ഞങ്ങളുടെ ഇടപെടലിനെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും കോളനിയിലെ ബഹുഭൂരിപക്ഷത്തിനും എതിരഭിപ്രായമില്ല. ചിലര്‍ക്കു മാത്രമാണ് അതുണ്ടായിട്ടുള്ളത്. കിര്‍താഡ്‌സിന് കമ്മറ്റിക്കാര്‍ എന്ന പേരില്‍ നല്‍കിയിട്ടുള്ളത് കള്ളപ്പരാതിയാണ്"
ഇന്ദുമേനോന്‍ പറഞ്ഞു.

എന്നാല്‍ ഈ പരാതി നല്‍കിയതിന്റെ പേരിലും കിര്‍താഡ്‌സിന്റേയും ഇന്ദു മേനോന്റേയും പ്രവര്‍ത്തനങ്ങളെയും പ്രചരണങ്ങളേയും എതിര്‍ത്തതിന്റെ പേരില്‍ ഇന്ദു മേനോന്‍ തന്നെ ഫോണില്‍ വിളിച്ച് അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന് സരീഷ് ആരോപിക്കുന്നു. 'വൃത്തികെട്ട ശവം' പോലുള്ള വാക്കുകള്‍ അവര്‍ സംസാരിത്തിനിടെ ഉപയോഗിച്ചതായും സരീഷ് പറയുന്നു. സരീഷ് ഇക്കാര്യം കാണിച്ച് പുല്‍പ്പള്ളി പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ടപ്പോഴാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നാണ് ഇന്ദുമേനോന്‍ നല്‍കുന്ന വിശദീകരണം. ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ അപമാനിക്കുന്ന തരത്തിലാണ് സരീഷുള്‍പ്പെടെയുള്ളവര്‍ പ്രചരണങ്ങള്‍ നടത്തിയതെന്നും അവര്‍ ആരോപിക്കുന്നു.

ഇന്ദു മേനോന്‍ ഫോണില്‍ വിളിച്ച് അപമാനിച്ചു എന്നാരോപിച്ച് സിരീഷ് നല്‍കിയ പരാതിയുടെ പകര്‍പ്പ്

ജനുവരി 31-ന് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കുകയോ പരാതിക്കാര്‍ക്ക് മറുപടി നല്‍കുകയോ ചെയ്തില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പരാതി അന്വേഷിച്ചെന്നും അതില്‍ ഒപ്പിട്ടിരിക്കുന്നവര്‍ക്ക് അത്തരമൊരു പരാതിയെക്കുറിച്ച് അറിവില്ലെന്ന് അറിയാന്‍ കഴിഞ്ഞതെന്നും കിര്‍താഡ്‌സ് ഡയറക്ടര്‍ ഡോ. ബിന്ദു പറഞ്ഞു.

http://www.azhimukham.com/kerala-what-is-kirtads-doing-for-tribes-and-dalit-community-report-by-kr-dhanya/

http://www.azhimukham.com/kerala-new-brahmanic-invasion-on-pulaya-dalit-community-in-north-malabar-by-kr-dhanya/

http://www.azhimukham.com/idamalakkudi-tribal-settlement-school-government-dhanya/

http://www.azhimukham.com/kerala-the-propaganda-is-still-on-defame-madhu-who-lynched-by-mob-in-attappady-by-kr-dhanya/

Next Story

Related Stories