Top

ഇടതർ കേരളം ഭരിക്കുമ്പോൾ എന്തേ മാണിക്കിത്ര ചന്തം?

ഇടതർ കേരളം ഭരിക്കുമ്പോൾ എന്തേ മാണിക്കിത്ര ചന്തം?
സി ബി ഐ എന്നാൽ കൂട്ടിലടച്ച തത്തയാണെന്നു പറഞ്ഞത് ഉന്നത നീതിപീഠമായ സുപ്രീം കോടതി തന്നെയാണ്. ഇതാ ഇപ്പോൾ വിജിലൻസും കൂട്ടിലടച്ച തത്ത തന്നെയല്ലേയെന്ന പൊതു ചോദ്യത്തിനുള്ള മറുപടിയായി തന്നെ വേണം ബാർ കോഴക്കേസിൽ കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ എം മാണിയെ കുറ്റവിമുക്തനാക്കി നമ്മുടെ വിജിലൻസ് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിനോട് 'നോ' പറഞ്ഞുകൊണ്ടുള്ള ഇന്നത്തെ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടി. വിജിലൻസ് കൂട്ടിലടച്ച തത്തയല്ലെന്നു വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് പറയുക മാത്രമല്ല അത് പ്രൂവ് ചെയ്യാനും ശ്രമിച്ചിരുന്നു. തത്തയല്ലെന്നു പറഞ്ഞയാൾ പറത്തിവിടപ്പെട്ടു എന്നതാണ് യാഥാർഥ്യം. ആ യാഥാര്‍ഥ്യത്തിൽ നിന്നുകൊണ്ടു തന്നെ വേണം ബാർ കോഴ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിയെ നോക്കിക്കാണാൻ.

ആർക്കും മനസ്സിലാകുന്ന കാര്യങ്ങളെ പറഞ്ഞിട്ടുള്ളു. അതിൽ പ്രധാനം മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിജിലൻസിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടും പൂർണമായി അന്വേഷണം നടത്തി സമർപ്പിച്ച ഒന്നല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥനും പിഴവ്‌ പറ്റിയിട്ടുണ്ടെന്നുമാണ്. എന്നുവെച്ചാൽ യു ഡി എഫ് ഭരണ കാലത്തു അട്ടിമറിക്കപ്പെട്ട ഒരു കേസ് അതിന്റെ മെറിറ്റിൽ കൂടി അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരിന്റെ കാലത്തു എങ്ങിനെ അട്ടിമറിക്കപ്പെടുന്നുവെന്ന വളരെ ലളിതമായ ഒരു ചോദ്യം കൂടി കോടതിയുടെ ഈ നടപടിയിൽ ഒളിഞ്ഞിരുന്നു ഊച്ചാളി രാഷ്ട്രീയ സംവിധാനങ്ങളോട് ഇളിച്ചു കാട്ടുന്നുമുണ്ട്. കൂട്ടത്തിൽ ഒരാളെ കൂടി കോടതി പ്രതിസ്ഥാനത്തു നിര്‍ത്തുന്നുണ്ട്; സർക്കാരിന്റെ ഭാഗമായ പ്രോസിക്യൂഷനെയും. ഫ്രാൻസ് കാഫ്ക പരിഹസിച്ച, അതേ പ്രോസിക്യൂഷൻ എന്നു തന്നെ വേണം കാണാൻ. എന്നുവെച്ചാൽ മാണിക്ക് മാത്രമല്ല ബാർ കോഴ ഉന്നയിച്ചു അധികാരത്തിലേറിയ ഇടതു സർക്കാരിനു കൂടി ഏറ്റ കനത്ത തിരിച്ചടിയായി തന്നെവേണം ഇതിനെ കാണാൻ.

അന്വേഷണ ഏജൻസികൾ വെറും കൂലിത്തൊഴിലാളികളോ എന്ന ചോദ്യം കൂടി ഈ ഘട്ടത്തിൽ കോടതി ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യം ഇടക്കാലത്തു മാണിയോട് സന്ധി ചെയ്ത സി പി എമ്മിനോടുള്ള ചോദ്യം കൂടിയാണ്. ഭരണത്തിലെത്താൻ ആരോടും കൂട്ട് കൂടുമെന്ന ആ ചീഞ്ഞ വിചാരം അട്ടത്തു വെക്കാൻ സമയമായി. ചോദിക്കാനും പറയാനും ആരുമില്ലെന്ന രാഷ്ട്രീയ മേധാവികളുടെ ധാർഷ്ട്യത്തിനു ഏറ്റ ഒരു പ്രഹരം തന്നെയാണിത്. ബാർ കോഴക്കേസിനെ ചൊല്ലി സ്പീക്കറുടെ ഇരിപ്പടം താഴേക്കു തള്ളിയിട്ട ശ്രീരാമകൃഷ്ണൻ ആണ് നിലവിൽ സ്പീക്കർ. സഹായിച്ച ഇ പി ജയരാജൻ താനാണ് രണ്ടാമൻ എന്നു പറഞ്ഞു നടക്കുന്നു. ശിവൻകുട്ടിക്ക് പിന്നീടൊരു ഇടം നിയമസഭയിൽ കിട്ടിയില്ല എന്നതും ആരെ തള്ളണം കൊള്ളണം എന്ന പുതുക്കാല മാർക്സിയൻ ചിന്തക്ക് ഉതകേണ്ടതാണ്. ഗുണ്ടക്കൊരിടം, സുന്ദര പൈങ്കിളിക്കു മേലെ ഒരിടം എന്നതൊന്നും ആ പാവം സഖാവ് മനസ്സിൽ പോലും നിനച്ചിരിക്കാൻ ഇടയില്ല. കെ വേണുവിന് അഭയം നൽകിയതിന്റെ പേരിൽ നിഴലിൽ കിടന്ന പി ഗോവിന്ദപിള്ളക്ക് വി എസ് അച്യുതാനന്ദനും സംഘവും ചേർന്ന് വിധിച്ച ശിക്ഷ അറിയാത്തവരല്ല പി ജി യുടെ മക്കൾ. പക്ഷെ പര്‍വ്വതിയെ പരിണയിച്ച ആൾ ശിവനല്ല വെറും ശിവൻകുട്ടിയായതിന്റെ ശിക്ഷ മാത്രമാവാം. ആയാലും ഇല്ലെങ്കിലും കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടയാൻ കാണിച്ച നിയമസഭാ കോപ്രായങ്ങൾ ഒരു പക്ഷെ ഇന്നിപ്പോൾ തിരിഞ്ഞു കുത്തുകയോ കത്തുകയോ ചെയ്യുന്നുണ്ടാവണം.

ഇന്നത്തെ കോടതി വിധി വരുന്നതിനും മുൻപ് പതിവുപോലെ പള്ളിയിൽ പോയി തിരികെ വന്ന കെ എം മാണിക്ക് ഒട്ടേറെ ആശ്വാസങ്ങൾ ബാക്കിവെക്കുന്നത് പണ്ടേ താൻ എൽ ഡി എഫിലേക്ക് ഒരു പാലം പണിതിട്ടുണ്ടെന്ന ആത്മവിശ്വാസം മാത്രമായിരിക്കാം. വിശ്വാസം വിഷത്തിന്റെ വഴിക്കായിരിക്കാം പക്ഷെ കോടതികൾ തോറും കൂട്ടിവെക്കുന്ന നീതി ജനം നടപ്പിലാക്കും. കരിങ്കോഴക്കൽ മാണി പുത്രൻ മാണി താൻ കൂടി മന്ത്രിയായ യു ഡി എഫ് സർക്കാർ പൂട്ടിച്ച ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് കോഴ വാങ്ങിയെന്നതായിരുന്നു കേസ്. പരാതിക്കാരൻ അന്തരിച്ച അബ്‌കാരി മുതലാളി രമേശൻ കോണ്ട്രക്ടറുടെ പുത്രനും ബാർ മുതലാളിയുമായ ബിജു രമേശും. പ്രസ്തുത കേസ്സ് ഏറ്റെടുത്തു മാണിയുടെ രാജി ആവശ്യപ്പെട്ടു കേരളമാകെ പ്രക്ഷുബ്ദരാക്കിയവർ ഇടതന്മാരും. ഇടതർ കേരളം ഭരിക്കുമ്പോൾ എന്തേ മാണിക്കിത്ര ചന്തം എന്ന ചോദ്യം തന്നെയാണ് പ്രസക്തമാകുന്നത്. മാണിയെ ഇടതനാക്കാൻ ശ്രമിച്ച കോടിയേരിക്കും വലത്തേ നിൽക്കാവൂ എന്നു പറഞ്ഞ രമേശ് ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കും കച്ചവട രാഷ്ട്രീയമേ അറിയൂ. അത് അവരുടെ നിലനിൽപ്പിന്റെ രാഷ്ട്രീയം. പക്ഷെ അവസാന തുരുത്തായ കേരളം കൂടി നഷ്ട്ടപ്പെടുത്താൻ ഇടയാക്കാതിരുന്നാൽ നന്ന്.

https://www.azhimukham.com/kerala-politics-k-m-mani-had-a-bitter-experience-in-chengannur-by-election/

https://www.azhimukham.com/kerala-cleanchit-ro-kmmani-delayed-again/

Next Story

Related Stories