UPDATES

ട്രെന്‍ഡിങ്ങ്

നേരാം വണ്ണം കൂലി നല്‍കാത്ത മാധ്യമ മുതലാളിമാര്‍ക്ക് വേണ്ടി തൊഴിലാളി പണിമുടക്കിനെ അവഹേളിച്ചെഴുതിയവരോട്

സത്യത്തിൽ എന്തിനായിരുന്നു ഈ പണിമുടക്ക് എന്ന കാര്യം പോലും ജനങ്ങളിൽ നിന്നും മറച്ചു വെച്ചുകൊണ്ടായിരുന്നു ഒരർത്ഥത്തിൽ വിടുപണി എന്നു തന്നെ വിശേഷിപ്പിക്കേണ്ട ഈ കൂലി പ്രചാരണം

കെ എ ആന്റണി

കെ എ ആന്റണി

‘അങ്ങനെ രണ്ടു ദിവസത്തെ പണിമുടക്ക് അത്യധികം’ വിജയകരമാക്കി എന്നതിൽ നേതാക്കൾക്കും അണികൾക്കും അഭിമാനിക്കാം. മറ്റേതൊരു സംസ്ഥാനത്തുമില്ലാത്ത വിധം കേരളത്തെ സ്തംഭിപ്പിച്ചതിന്റെ ‘പെരുമ’ ചെറുതല്ലല്ലോ. മലയാളത്തിലെ ദേശീയ പത്രം എന്നിടത്തു നിന്നും ഒടുവിൽ അന്തർദേശീയ പത്രമെന്നും ലക്ഷോപലക്ഷം വായനക്കാരെകൊണ്ട് സംപുഷ്ടമെന്നും സ്വയം അവകാശപ്പെടുന്ന ഒരു പത്രത്തിന്റെ ഇന്നത്തെ മുഖപ്രസംഗം ഇങ്ങനെ തുടങ്ങുന്നു. അങ്ങനെ എന്നു പറഞ്ഞു എവിടെയും തൊടാതെ എന്നു വരുത്തി തീർത്തു വായനക്കാരനെ തുടർ വായനയിലേക്കു നയിച്ച് തൊഴിലാളി വിരുദ്ധ ആശയ പ്രചാരണം നടത്താൻ കെല്പുള്ള പത്രം ഏതെന്നു പേരെടുത്തു പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ചെയ്തില്ലെങ്കിലും തികച്ചും സ്വതന്ത്രമെന്നു സ്വയം അവകാശപ്പെടുകയും അങ്ങനെ പല ശുദ്ധാത്മാക്കളെയും തെറ്റിദ്ധരിപ്പിക്കുകയും അതുവഴി ആത്യന്തികമായി കമ്മ്യൂണിസ്റ്റ് വിരുദ്ധമാകുകയും അതുവഴി തൊഴിലാളി വിരുദ്ധമാകുകയും ചെയ്യുന്ന മലയാളത്തിന്റെ ആ മുത്തശ്ശി പത്രത്തിനെ സ്വാഭാവികമായും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടാകണം. അല്ലെങ്കിലും പേരിലെന്തു പ്രസക്തി?

ഹർത്താലിന് തുല്യമായിരുന്നു ജനുവരി 8, 9 തിയ്യതികളിൽ നടന്ന പൊതു പണിമുടക്കെന്നും അതു കേരളത്തിൽ ബന്ദിന് തുല്യം തന്നെയായിരുന്നുവെന്നും സ്ഥാപിക്കാൻ പല മാധ്യമങ്ങളും മാസ ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത തങ്ങളുടെ പണിയാളുകളെ വളരെ കൃത്യമായി തന്നെ ഉപയോഗപ്പെടുത്തിയിരുന്നു എന്നത് ഒരു വസ്തുതയാണ്. അതിന്റെ പ്രതിഫലനം ഒട്ടു മിക്ക പത്രങ്ങളിലും വാർത്താ ചാനലുകളിലും പ്രകടവുമായിരുന്നു. എന്നാൽ അതുക്കും മീതെ എന്ന മട്ടിൽ തന്നെയാണ് നടേ പറഞ്ഞ നമ്മുടെ പത്രം വർത്തിച്ചത് എന്നത് വാർത്തകളിൽ തുടങ്ങി ഒടുവിൽ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയ തൊഴിലാളി വിരുദ്ധ, ദല്ലാൾ ബൂർഷ്വായുടെ കൃത്യവും അത്യന്തം ഭയാനകമായ ഒരു മുഖം തന്നെയാണ് പ്രകടമാക്കുന്നത്. അവർ മുന്നോട്ടു വെക്കുന്നതാവട്ടെ രാജീവ് ഗാന്ധി കാലഘട്ടത്തിൽ തുടങ്ങി ഇപ്പോൾ നരേന്ദ്ര മോദി എല്ലാ അർത്ഥത്തിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ഒരവസരം കൂടി നൽകിയാൽ പൂർണമായും നടപ്പിലാക്കി കാണിച്ചു തരുമെന്നും വീമ്പിളക്കുന്ന തികച്ചും തൊഴിലാളി നശീകരണ സിദ്ധാന്തം തന്നെയാണ്.

ആരംഭം മുതൽ തൊഴിലാളി വിരുദ്ധ നിലപാടും അതിലൂടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടും പ്രഭാത ഭക്ഷണം പോലെ മലയാളിക്ക് വിളമ്പി ശീലിച്ച ഒരു പത്രം എന്തൊക്കെ പറയും പറയണം എന്നൊക്കെ മുതലാളി ആശങ്കപ്പെടുമ്പോൾ ഉണരുന്ന കിച്ചൻ ക്യാബിനറ്റും അവിടെ പാചകം ചെയ്യപ്പെടുന്ന വിഭവങ്ങളും ഇക്കുറിയും ‘മികച്ചത്’ എന്നു വ്യക്തമാകുന്നതാണ് ഇന്നത്തെ മുഖ പ്രസംഗവും ഒന്നാം പേജിലും മറ്റു പേജുകളിലുമായി വിളമ്പിയിരിക്കുന്ന പൊതു പണിമുടക്കിനെതിരായ വാർത്താ വിഭാങ്ങളും.

മാസങ്ങൾക്കു മുൻപേ അറിയിപ്പ് നൽകി നടന്ന ഒന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ഇത്തവണത്തെ പൊതുപണിമുടക്ക്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ തൊഴിലാളി സംഘടനായ ബി എം എസ് മാത്രമാണ് ഇത്തവണത്തെ പൊതു പണിമുടക്കിൽ നിന്നും വിട്ടു നിന്നത്. നിവർത്തികേടുകൊണ്ടു മാത്രം എന്നു പറയേണ്ടിവരുന്നത് പൊതു പണിമുടക്ക് ഉയർത്തിയ ന്യായമായ ആവശ്യങ്ങൾ നേരത്തെ ഉന്നയിച്ച അവർക്കു ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ വിട്ടു നിൽക്കാതെ തരമില്ലാതെ വന്നു എന്നത് തന്നെയാണ്. തർക്കമുള്ളവർക്കു ബി എം എസ് നേതാക്കളോട് തന്നെ വാർത്തക്ക് വേണ്ടിയല്ലെന്നു പറഞ്ഞു ചോദിച്ചു ബോധ്യപ്പെടാവുന്ന കാര്യമേയുള്ളു. അവർ ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമെന്ന് മുഖപ്രസംഗം എഴുതിയവനും പണിമുടക്കിനെ പാട്ട കൊട്ടിച്ചു പൊതുജന മദ്ധ്യേ അപഹസിച്ചു വാർത്ത ചമച്ചവർക്കും അറിയാവുകയല്ല. ‘അങ്ങനെ’ ചെയ്തില്ലെങ്കിൽ തങ്ങളുടെ പണി പോകുമെന്നും അവര്‍ക്കറിയാമെന്നതിനാൽ കരിങ്കാലി പണി ചെയ്തു എന്നും വേണമെങ്കിൽ കരുതാം.

Explainer: 20 കോടി തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കുന്നതെന്തിന്?-ദ്വിദിന പൊതുപണിമുടക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടവ

തൊട്ടതിനും പിടിച്ചതിനും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഹർത്താൽ നടക്കുന്ന കേരളത്തിൽ അതിനെതിരെ ഉയർന്ന പൊതുവികാരത്തെയും കോടതി വിധികളെയും നിരീക്ഷണങ്ങളെയും മുതലെടുത്തു ഒരു മോദി സഖ്യ മുതലാളിത്ത അജണ്ട സൃഷ്ടിക്കാനുള്ള പെടാപ്പാടാണ് നടേ പറഞ്ഞ മുഖപ്രസംഗത്തിൽ ഉടനീളം കാണുന്നത്. മോദി സഖ്യ മുതലാളിത്ത അജണ്ട നവലിബറൽ ഇക്കണോമിക് ഓർഡറിൽ ബന്ധിതമായ മൻമോഹൻ സിംഗ് സർക്കാർ നടപ്പിലാക്കി തുടങ്ങിയ ഒന്നാണെന്നും ഇത്തരം ഒരു വ്യവസ്ഥക്കെതിരെ പടപൊരുതണമെന്നുമുള്ള ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ തിരിച്ചറിവിൽ നിന്നുകൊണ്ട് തന്നെയാണ് കോൺഗ്രസിന്റെ തൊഴിലാളി സംഘഘടനയായ ഐ എൻ ടി യു സി കൂടി പണിമുടക്കിൽ സജീവമായി പങ്കെടുത്തതെന്ന യാഥാർഥ്യത്തെ മറച്ചുവെക്കുന്നതായിരുന്നു ഇക്കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലെ മാധ്യമ മുതാളിമാര്‍ക്ക് വേണ്ടി പണി ചെയ്യുന്നവരും നടേ പറഞ്ഞ പത്രവും അതിന്റെ പാചകക്കാരും ചെയ്തത്.

കേരളത്തിനെ അലോസരപ്പെടുത്തുന്ന ഹർത്താലായിരുന്നില്ല ഇക്കഴിഞ്ഞ രണ്ടു ദിവസത്തെ പൊതുപണിമുടക്ക്. തൊഴിലാളികളും അവരുടെ കുടുംബങ്ങളും മാത്രമല്ല, കേരള ജനതയുടെ വലിയൊരു പരിച്ഛേദം തന്നെ പ്രസ്തുത പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. എന്നിട്ടും ഹർത്താലിൽ നിന്നും വിഭിന്നമായ ഒരു തൊഴിലാളി വർഗ സമരത്തെ ‘എങ്ങനെ’ തേജോവധം ചെയ്യാം എന്നു നമ്മുടെ നേരാംവണ്ണം കൂലി നൽകാത്ത നമ്മുടെ മാധ്യമ മുതലാളിമാരും അവരുടെ ചട്ടുകങ്ങളും വളരെ വൃത്തിയായി തന്നെ വ്യക്തമാക്കി തന്നിരിക്കുന്നു.

സത്യത്തിൽ എന്തിനായിരുന്നു ഈ പണിമുടക്ക് എന്ന കാര്യം പോലും ജനങ്ങളിൽ നിന്നും മറച്ചു വെച്ചുകൊണ്ടായിരുന്നു ഒരർത്ഥത്തിൽ വിടുപണി എന്നു തന്നെ വിശേഷിപ്പിക്കേണ്ട ഈ കൂലി പ്രചാരണം. പണിമുടക്കിൽ ഏർപ്പെട്ട തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടത് തികച്ചും ന്യായമായ അവരുടെ അവകാശങ്ങൾ മാത്രമായിരുന്നു. മിനിമം വേതനം, പെൻഷൻ തുടങ്ങി പൊതുമേഖല സ്ഥാപങ്ങളുടെ വിറ്റഴിക്കൽ തടയുക തുടങ്ങിയ ലോകത്തെവിടെയും ഏതു തൊഴിലാളി സംഘടനയും മുന്നോട്ടു വെക്കാവുന്ന പരിമിതമായ ആവശ്യങ്ങൾ. അവരുടെ ആവശ്യങ്ങളോട് പുറം തിരിഞ്ഞവരും അവരെ അനുകൂലിക്കുന്നവരും അറിയേണ്ട ഒരു കാര്യം നവ ലിബറൽ ഉദാവൽക്കരണത്തിന്റെ ഭാഗമായി ഇന്നിപ്പോൾ എല്ലാ സമ്പത്തും ഉന്നതാരായ ഒരു ശതമാനത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെടുകയും ബാക്കിയുള്ളവർ പട്ടണിയുടെ പടുകുഴിയിലേക്ക് ഘട്ടം ഘട്ടമായി എഴുതി തള്ളപ്പെടുകയും ചെയ്‌യുന്നുവെന്നതാണ്. ഇന്ത്യയിൽ മാത്രമല്ല യുറോപ്പിലടക്കം സംജാതമായ ഈ പുതിയ അവസ്ഥാ വിശേഷത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാവാത്തവർ ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്. ഇന്ത്യയിലെ സംഘിടത മേഖലയിൽ ജോലിചെയ്‌യുന്നവർ വെറും ഏഴ് ശതാമാനം മാത്രണന്നും ബാക്കി 73 ശതമാനവും അസ്സംഘടിത മേഖലയിൽ ആണെന്നും യാഥാർഥ്യം. ഒരു ശതമാനം വരുന്ന മുതലാളി വർഗം തൊഴിലാളിയുടെ ചൂര ഊറ്റിക്കുടിച്ചു കൊഴുത്തു വളരുമ്പോൾ പ്രിയ കൂലി എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ മക്കളെക്കുറിച്ചെങ്കിലും ഓർത്തു ഈ വിടു പണി അവസാനിപ്പിക്കണം എന്നു മാത്രം കുറിക്കട്ടെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍