Top

ഇരുട്ടിന്റെ മറവില്‍ ഒരു ഗ്രന്ഥശാലയ്ക്ക് കൂടി സംഘപരിവാര്‍ തീയിട്ടു; അക്ഷരങ്ങളോട് എന്തുകൊണ്ട് ഈ വെറുപ്പ്?

ഇരുട്ടിന്റെ മറവില്‍ ഒരു ഗ്രന്ഥശാലയ്ക്ക് കൂടി സംഘപരിവാര്‍ തീയിട്ടു; അക്ഷരങ്ങളോട് എന്തുകൊണ്ട് ഈ വെറുപ്പ്?
ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അയ്യപ്പ കര്‍മസമിതി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ പാലക്കാട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വായനശാലയ്ക്ക് തീയിട്ടു. പാലക്കാട് വെണ്ണക്കരയിലെ ഇ.എം.എസ്. സ്മാരക വായനശാലയാണ് തീവച്ച് നശിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഹര്‍ത്താല്‍ അനുബന്ധ സംഘര്‍ഷങ്ങള്‍ രൂക്ഷമായ പാലക്കാട് ജില്ലയില്‍ ഇന്നലെ മുതല്‍ക്കു തന്നെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഹര്‍ത്താല്‍ പ്രഖ്യാപനത്തിനു ശേഷം ഇന്നലെ രാത്രി എട്ടരയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം വായനശാലക്ക് തീയിട്ടു കടന്നു കളഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ബൈക്കിലെത്തിയ സംഘം വായനശാല പ്രവര്‍ത്തിക്കുന്ന ഷെഡിന് തീകൊളുത്തിയ ശേഷം കടന്നുകളയുന്നതാണ് പരിസരവാസികള്‍ ശ്രദ്ധിച്ചത്. വായനശാല ഏതാണ്ട് പൂര്‍ണമായും കത്തിനശിക്കുകയും പുസ്തകങ്ങളെല്ലാം തന്നെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനമാരംഭിച്ച് അധികനാളുകളായിട്ടില്ലാത്ത ചെറിയ വായനശാലയാണ് ഇ.എം.എസ് സ്മാരക വായനശാലയെന്നും അതുകൊണ്ടു തന്നെ മറ്റു വായനശാലകളെ അപേക്ഷിച്ച് ഇവിടെ പുസ്തകങ്ങളുടെ എണ്ണം കുറവായതിനാല്‍ നഷ്ടം താരതമ്യേന ചെറുതാണെന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അധികൃതര്‍ പറയുന്നു.

ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ സ്ഥാപനമാണെങ്കിലും, പ്രദേശത്തെ യുവജനങ്ങളുടെ സാംസ്‌കാരിക കൂട്ടായ്മ കൂടിയായിരുന്ന ഇ.എം.എസ് വായനശാലയ്‌ക്കെതിരെയുണ്ടായ അക്രമത്തില്‍ പ്രദേശവാസികളും സാമൂഹികപ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. യുവാക്കളുടെ ബൗദ്ധികമായ ഉന്നമനത്തിനും ചിന്തകള്‍ക്കും പശ്ചാത്തലമാകുന്ന വായനശാലകള്‍ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും, വ്യക്തമായ അജണ്ട ഇത്തരം അതിക്രമങ്ങള്‍ക്കു പിന്നിലുണ്ടെന്നുമാണ് പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അധ്യക്ഷന്‍ കാസിമിന്റെ പക്ഷം.

'പാലക്കാട് ജില്ലയിലെ പല വായനശാലകള്‍ക്കു നേരെ മുന്‍പും ഹര്‍ത്താലുകളുമായി ബന്ധപ്പെട്ടും അല്ലാതെയും അക്രമങ്ങളുണ്ടായിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയെല്ലാം അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന ലൈബ്രറി കൂടെയാണിത്. എല്ലാ കാലത്തും അക്ഷരങ്ങളേയും പുസ്തകങ്ങളേയും ഭയപ്പെടുന്ന ആര്‍.എസ്.എസ് സംഘമാണല്ലോ അക്രമികള്‍.'

എന്നാല്‍, പാലക്കാട് ജില്ലയില്‍ മാത്രം ആവര്‍ത്തിക്കുന്ന സംഭവമല്ലിത്. രാഷ്ട്രീയമായ വിയോജിപ്പുകളുടെയും പ്രതിഷേധങ്ങളുടെയും പേരിലും അല്ലാതെയും വായനശാലകളെ ലക്ഷ്യം വച്ച് അക്രമമഴിച്ചുവിടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് വെണ്ണക്കരയിലേത്. യുക്തിയിലൂന്നിയ ചര്‍ച്ചകള്‍ക്കും ആശയരൂപീകരണത്തിനും ഇടമൊരുക്കുന്ന വായനശാല എന്ന സ്ഥാപനത്തോട് ഒരു വിഭാഗത്തിനുള്ള എതിര്‍പ്പിന്റെ ഭാഗമായി ഇത്തരം തീവയ്പ്പുകളെ വിലയിരുത്തേണ്ടതുണ്ട്.

2016ലാണ് മലപ്പുറം തിരൂരില്‍ എ.കെ.ജി സ്മാരക വായനശാല ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീയിട്ടു നശിപ്പിച്ചത്. എണ്ണായിരത്തിനടുത്ത് പുസ്തകങ്ങളും ഫര്‍ണ്ണിച്ചറും വാദ്യോപകരണങ്ങളും കത്തിയമര്‍ന്ന അന്നത്തെ അക്രമത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ശേഷം നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി വായനശാലയെ പുനര്‍നിര്‍മിക്കുകയായിരുന്നു. പത്തനാപുരത്ത് ഇ.കെ. നായനാര്‍ സ്മാരക വായനശാല കത്തിച്ചതും വടകരയില്‍ കേളുവേട്ടന്‍ സ്മാരക വായനശാല നശിപ്പിച്ചതുമെല്ലാം ഇതേ സംഘപരിവാര്‍ അക്ഷരവിരോധത്തിന്റെ തെളിവുകളാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 11 വായനശാലകള്‍ ഈയടുത്ത കാലത്ത് ആക്രമിക്കപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്ക് വളരാനുള്ള വിളനിലം ഇല്ലാതെയാക്കാന്‍ ഒരു പരിധിവരെ വായനശാല എന്ന ഇടത്തിന് സാധിക്കുന്നുണ്ട് എന്ന തിരിച്ചറിവു തന്നെയാണ് ഏതു വിഷയത്തിന്റെ പുറത്തും വായനശാലകള്‍ക്കു നേരെയുണ്ടാകുന്ന നീക്കങ്ങളുടെ ആധാരം.

ഇതേ ആശങ്ക തന്നെയാണ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ഭാരവാഹി ഡോ. കെ.വി കുഞ്ഞികൃഷ്ണനും പങ്കുവയ്ക്കുന്നത്. 'സംഘപരിവാര്‍ ശക്തികളുടെ ആശയങ്ങള്‍ക്കെതിരെ കുറച്ചധികം കാലമായി ഞങ്ങള്‍ പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് സ്ഥിരമായി ഞങ്ങളുടെ മാന്‍ഡേറ്റില്‍ വരുന്ന സംഗതിയാണ്. 2016ല്‍ ഇതുമായി ബന്ധപ്പെട്ട് 'ഉണര്‍വ്' എന്ന പേരില്‍ സാംസ്‌കാരിക ജാഥ നടത്തിയിരുന്നു. ഇവര്‍ പ്രചരിപ്പിക്കുന്ന വിഭജനത്തിന്റെ രാഷ്ട്രീയത്തിനെതിരെയായാണ് ആ ക്യാംപയിന്‍ മുഴുവനും നടന്നിരുന്നത്. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും വലിയ സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചിരുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് സമാനമായ രണ്ട് ജാഥകള്‍ 'ജാഗ്രത' എന്ന പേരില്‍ നടത്തിയത്. ഇപ്പോള്‍ കത്തി നില്‍ക്കുന്ന സമകാലിക പ്രശ്‌നങ്ങളും അതിലുനീളം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതാണ്. ഭരണഘടനാ തത്വങ്ങള്‍ മുന്‍നിര്‍ത്തേണ്ടതിന്റെ ആവശ്യകതയേയും, വര്‍ഗ്ഗീയത രാജ്യത്തെ തകര്‍ക്കുന്ന വഴികളെയും കുറിച്ചൊക്കെ സംസാരിക്കുന്ന ഒരു ക്യാംപയിന്‍ തന്നെയായിരുന്നു അത്. അത്തരത്തിലൊരു സംസ്ഥാന വ്യാപക ക്യാംപയിന്‍ ആദ്യം നടത്തി പൂര്‍ത്തീകരിച്ചത് ഞങ്ങളായിരിക്കും.


ഇക്കാരണങ്ങള്‍ കൊണ്ടും, അതിനു മുന്നേയും, ലൈബ്രറി ഇവരുടെ വലിയൊരു ടാര്‍ഗറ്റാണ്. വായന, ചിന്ത, ചോദ്യം - ഇതൊക്കെ എല്ലാ വിശ്വാസങ്ങള്‍ക്കും എതിരാണല്ലോ. ഇവര്‍ പ്രവര്‍ത്തിക്കുന്നത് അന്ധമായ വികാരത്തിന്റെ പുറത്താണ്, റീസണ്‍ ഇവര്‍ക്കൊരു വിഷയമല്ല. വികാരവും വിചാരവും തമ്മിലുള്ള ഒരു അന്തരം അവിടെയുണ്ട്. ലൈബ്രറി കൗണ്‍സിലും പ്രാദേശിക ലൈബ്രറികളും എല്ലാ കാലത്തും ഇവര്‍ ലക്ഷ്യം വച്ചിട്ടുമുണ്ട്. ഈയൊരു റൗണ്ട് കഴിയുന്നതിനിടെ ഇനി എത്ര ലൈബ്രറികള്‍ നശിപ്പിക്കപ്പെടുമെന്നറിയില്ല. പ്രളയത്തിന്റെ നഷ്ടക്കണക്കുകള്‍ എടുത്തുകൊണ്ടിരിക്കുന്നതേയുള്ളൂ. അതിലേക്ക് ഇതുകൂടി കൂട്ടേണ്ടി വരും. ഇവരുടെ പദ്ധതികള്‍ക്ക് തടസ്സമായി ലൈബ്രറികള്‍ എപ്പോഴും നില്‍ക്കും. യുവതയുടെ വേറെ തരത്തിലുള്ള സംഗമഭൂമിയാണല്ലോ ലൈബ്രറികള്‍. അതുകൊണ്ടുള്ള ആജന്മവൈരാഗ്യം ഇവര്‍ക്ക് ഗ്രന്ഥശാലകളോടുണ്ട്. അതാണ് ഇത്തരം ആക്രമണങ്ങളുടെ പശ്ചാത്തലം. ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചത് ഒരു കാരണം മാത്രമാണ്.'


ഹര്‍ത്താലിന്റെ മറവില്‍ വായനശാല നശിപ്പിച്ചതിനെതിരെ നാളെ മലപ്പുറം ജില്ലയിലെ എല്ലാ വായനശാലകളിലും പ്രതിഷേധക്കൂട്ടായ്മകള്‍ നടക്കും. വായനശാലകള്‍ക്കെതിരെ അക്രമമഴിച്ചുവിടുന്ന ആര്‍.എസ്.എസ് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യം. തുടര്‍നടപടികളെക്കുറിച്ച് ചിന്തിച്ചു തീരുമാനിക്കാനായി നാളെ ജില്ലാ കമ്മറ്റി യോഗം കൂടുമെന്നും ലൈബ്രറി കൗണ്‍സില്‍ അധ്യക്ഷന്‍ അറിയിച്ചു. വായനശാലകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ ശക്തമായി അപലപിക്കുകയാണ് പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍.

Next Story

Related Stories