UPDATES

സോഷ്യൽ വയർ

എന്തുകൊണ്ട് ആരോ നിങ്ങള്‍ക്ക് ലൈംഗികാവയവങ്ങളുടെ ചിത്രം അയക്കുന്നു? സൈബര്‍ ഫ്ലാഷിങ് എന്ന ലൈംഗിക കുറ്റകൃത്യത്തിനു പിന്നില്‍

എന്തുകൊണ്ട് പുരുഷന്മാര്‍ തങ്ങളുടെ ലൈംഗികാവയവങ്ങളുടെ ഫോട്ടോ അത് കാണാന്‍ തീരെ താല്പര്യമില്ലാത്ത യുവതികള്‍ക്ക് അയച്ചു കൊടുക്കുന്നു എന്ന് മനഃശാസ്ത്രപരമായി കൂടി അന്വേഷിക്കുകയാണ് ദി ഗാര്‍ഡിയന്‍

കേരളത്തെയാകെ ഉലച്ചു കളഞ്ഞ പ്രളയകാലം. അതിജീവിനത്തിനായി പരസ്പരം കൈകോര്‍ത്തു പിടിക്കുന്ന മനുഷ്യര്‍. സോഷ്യല്‍ മീഡിയ വിര്‍ച്യുല്‍ കണ്‍ട്രോള്‍ റൂമുകളാകുന്നു. സഹായങ്ങള്‍ എത്തിക്കുന്നതിനായി പരസ്പരം നമ്പറുകള്‍ കൈമാറുന്നു. മനുഷ്യത്വം എന്തെന്ന് തിരിച്ചറിഞ്ഞ സമയം. അപ്പോഴാണ് ചില പെണ്‍കുട്ടികള്‍ ചില ഗ്രൂപ്പുകളില്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവം പോസ്റ്റ് ചെയ്യുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സഹായ സന്നദ്ധരായി നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആരൊക്കെയോ ഈ പെണ്‍കുട്ടികളുടെ വാട്‌സ് ആപ്പിലേക്ക് ലൈംഗികാവയവങ്ങളുടെ ഫോട്ടോ അയക്കുന്നു. അവരുടെ ലൈംഗിക വൈകൃതങ്ങളെല്ലാം അയക്കുന്നു. പ്രളയദുരതത്തില്‍ നാടകപ്പെട്ടിരിക്കുന്ന സമയത്ത് പോലും ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരെക്കുറിച്ച് അന്ന് സൈബര്‍ കൂട്ടായ്മകള്‍ ചര്‍ച്ചചെയ്തു.

ഇത് കേരളത്തിലെ മാത്രം കഥയല്ല. ഒറ്റപ്പെട്ട സംഭവവുമല്ല. എന്തുകൊണ്ട് പുരുഷന്മാര്‍ തങ്ങളുടെ ലൈംഗികാവയവങ്ങളുടെ ഫോട്ടോ അത് കാണാന്‍ തീരെ താല്പര്യമില്ലാത്ത യുവതികള്‍ക്ക് അയച്ചു കൊടുക്കുന്നു എന്ന് മനഃശാസ്ത്രപരമായി കൂടി അന്വേഷിക്കുകയാണ് ദി ഗാര്‍ഡിയന്‍.

ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ പുറത്തുവന്നത്. 2018 ലെ യോഗോവ് അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 18 നും 36 നും ഇടയില്‍ പ്രായമുള്ള പത്തില്‍ നാലു സ്ത്രീകള്‍ക്കും ഇത്തരത്തില്‍ ഉള്ള ഫോട്ടോകള്‍ അപ്രതീക്ഷിതമായി ലഭിക്കുന്നുണ്ട്. വെറും അഞ്ചു ശതമാനം പുരുഷന്മാര്‍ മാത്രമേ തങ്ങള്‍ ലൈംഗികാവയവങ്ങളുടെ ഫോട്ടോ സ്ത്രീകള്‍ക്ക് അയക്കാറുണ്ട് എന്ന് തുറന്ന് സമ്മതിക്കുന്നുള്ളൂ. ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ തൊട്ടടുത്ത ആപ്പിള്‍ ഡിവൈസുകളിലേക്ക് വയര്‍ലെസായി ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ പറ്റുന്ന സംവിധാനം ഉപയോഗിച്ച് അശ്ലീല ഫയലുകള്‍ സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ അയക്കുന്നു. ഇത് നിസാര പ്രശനമായിട്ട് കാണരുതെന്നാണ് ലോറ തോംപ്‌സനെപോലുള്ള ഗവേഷകര്‍പറയുന്നത്. ഈ മേഖലയെ കുറച്ചുകൂടി പ്രാധാന്യം കൊടുത്തു പഠിക്കേണ്ടതുണ്ട്. സമ്മതമില്ലാതെ ഇത്തരം ചിത്രങ്ങള്‍ കാണേണ്ടി വരുമ്പോളുണ്ടാകുന്ന അറപ്പും മനം പുരട്ടലും സ്ത്രീകള്‍ക്കുണ്ടാകുന്ന മറ്റ് വൈകാരിക പ്രശനങ്ങളും അരക്ഷിതാവസ്ഥയും കൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്ന് വിദഗ്ദര്‍ പറയുന്നു.

ഇവരെയൊക്കെ കുഴക്കിയ ചോദ്യം എന്തുകൊണ്ട് എന്നതായിരുന്നു. എന്തായിരിക്കാം സുഹൃത്തുക്കള്‍ക്കോ, അല്ലെങ്കില്‍ പരിചയം പോലും ഇല്ലാത്ത സ്ത്രീകള്‍ക്കോ അവര്‍ക്കു കാണാന്‍ യാതൊരു താല്പര്യവുമില്ലാഞ്ഞിട്ടും സ്വന്തം ലൈംഗികാവയവത്തില്‍ ഫോട്ടോഗ്രാഫുകള്‍ അയക്കാന്‍ തോന്നുന്നത്..? പല സൈബര്‍ ഇടങ്ങളിലും ചര്‍ച്ചകള്‍ നടത്തി. ആളുകളുടെ പ്രതികരണങ്ങള്‍ പലതും രസകരമായിരുന്നു. ഒരാള്‍ അയാളുടെ ലൈംഗികാവയവം മറ്റൊരാള്‍ക്കുമുന്നില്‍ പ്രത്യേകിച്ചും എതിര്‍ലിംഗത്തില്‍ പെട്ട ഒരാള്‍ക്ക് അയയ്ക്കുന്നുണ്ടെങ്കില്‍ അതിനു വിത്യസ്ത അര്‍ത്ഥങ്ങളാണുള്ളത്. ലൈംഗിക ദാരിദ്ര്യവും അസംതൃപ്തിയും അനുഭവിക്കുന്ന , സ്വന്തം ശരീരത്തെക്കുറിച്ച് തീരെ ആത്മവിശ്വാസമില്ലാത്തവരാണ് മറ്റുള്ളവര്‍ക്കുമുന്നില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ അധികവും എന്നതാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്ന ഒരു രസകരമായ വസ്തുത.

ഇത് കാണുന്നവര്‍ ഉള്ളിന്റെ ഉള്ളില്‍ ഇയാള്‍ ആകര്‍ഷണീയനാണെന്ന് വിചാരിച്ചില്ലെങ്കില്‍ കൂടി തരക്കേടില്ലല്ലോ എന്നെങ്കിലും കരുതും എന്ന് ആലോചിച്ച് ഇക്കൂട്ടര്‍ സംതൃപ്തി നേടുന്നു. ചിലരാണെങ്കിലോ ഈ ചിത്രങ്ങള്‍ ഒരുപാട് പേര്‍ക്ക് അയക്കുമ്പോള്‍ അതില്‍ ഒരു സ്ത്രീ എങ്കിലും അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിച്ചേക്കും എന്ന പ്രതീക്ഷയിലാണ് പലര്‍ക്കും അയക്കുന്നത്. ഇടവഴികളില്‍ കൂടി നടന്നു പോകുമ്പോള്‍ ഇത്തരത്തിലുള്ള ചില നഗ്‌നത പ്രദര്ശനങ്ങള്‍ ഒക്കെ പല സ്ത്രീകള്‍ക്കും നേരിടേണ്ടി വരാറുണ്ട്. സൈബര്‍  ഫ്ലാഷിങ്   എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ പ്രവര്‍ത്തി കണ്ടെത്താനും തടയപ്പെടുന്നതിനും ഒട്ടനവധി പരിമിതികളുണ്ട്. മിക്ക ആളുകളും വ്യാജ ഐഡികളില്‍ നിന്നോ, അല്ലെങ്കില്‍ കണ്ടെത്താന്‍ പറ്റാത്ത ചില സേഫ് ഇടങ്ങളില്‍ ഇരുന്നുകൊണ്ടോ ആണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സ്ത്രീകള്‍ക്ക് അയക്കുന്നത്. ഇരയെ തൊടാതെ തന്നെയുള്ള ചില ലൈംഗിക കുറ്റകൃത്യങ്ങളുണ്ട്. ഇത് അത്തരത്തിലുള്ള ഒന്നാണ്. ഇവിടെ സ്ത്രീകളുടെ താല്പര്യത്തിനും ഇച്ഛയ്ക്കും വിപരീതമായി അവളെ അസ്വസ്ഥതപ്പെടുത്തുന്ന തരത്തില്‍, പക്ഷെ അവളെ തൊടാതെ തന്നെ ഒരു ലൈംഗിക കുറ്റകൃത്യം നടക്കുകയാണ്. അതിനാല്‍ തന്നെ ഈ പ്രശനം സങ്കീര്‍ണ്ണമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍