TopTop
Begin typing your search above and press return to search.

അല്‍പ്പം സദാചാരഭ്രംശം ആരോപിക്കപ്പെടുമ്പോൾ പ്രബുദ്ധരായ അധ്യാപകർക്ക് ഇത്രയും ദേഷ്യം വരുമോ?

അല്‍പ്പം സദാചാരഭ്രംശം ആരോപിക്കപ്പെടുമ്പോൾ പ്രബുദ്ധരായ അധ്യാപകർക്ക് ഇത്രയും ദേഷ്യം വരുമോ?

പുതിയ പാഠ്യപദ്ധതിയും പൊതുവിദ്യാഭ്യാസ സമ്പ്രദായവും ഒന്നല്ല.

നൂറ്റാണ്ടുകൾ നീണ്ട സമരങ്ങളുടെയും സാമൂഹ്യ സമ്മർദ്ദങ്ങളുടെയും ഫലമായാണ് കേരളത്തിൽ പൊതു വിദ്യാഭ്യാസ സമ്പ്രദായം പിറവി എടുത്തത്. 'പാഠമില്ലെങ്കിൽ പാടത്തേക്കില്ല' എന്ന അയ്യങ്കാളിയുടെ മുദ്രാവാക്യവും മിഷനറി പ്രവർത്തനങ്ങളും കൊളോണിയൽ ഭരണവുമടക്കം അനേകം ചരിത്ര സമ്മർദ്ദങ്ങളുടെ സൃഷ്ടിയാണത്. ഒപ്പം മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ല് തുടങ്ങിയ ഭരണപരമായ നിലപാടുകൾ വേറെയും. ഇങ്ങനെ അനേകം വൈവിദ്ധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ പ്രതിഭാസങ്ങളുടെ ബലതന്ത്രം പലതരത്തിൽ പൊതു വിദ്യാഭ്യാസത്തിൽ ഉൾച്ചേർന്നതാണ്. അതുകൊണ്ട് തന്നെ ഏകശിലാരൂപമല്ല അതിന്റെ ഉള്ളടക്കവും രീതിശാസ്ത്രവും.

വിശദാംശങ്ങളിൽ അനേകം ഉൾപ്പിളർപ്പുകൾ ഉള്ളപ്പോഴും നവോത്ഥാനം അതിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച സമഗ്ര മനുഷ്യ സങ്കല്പം കേരളീയ പൊതുവിദ്യാഭ്യാസത്തിന്റെ ആന്തരികമായ ഒരു സ്പിരിറ്റ്‌ തന്നെയാണ്. പ്രകൃതിയെ, സ്ത്രീയെ, ലൈംഗിക വൈവിദ്ധ്യത്തെ, ജാതീയ ബന്ധങ്ങളെ ഒക്കെ പരിഗണിക്കാത്ത ആ സമഗ്ര മനുഷ്യ സങ്കല്പത്തിലെ പരിമിതികൾ ആധുനികതയുടെ തന്നെ പ്രതിസന്ധികളാണ്. ആ പ്രതിസന്ധികൾ വിചാരണ ചെയ്തുകൊണ്ടാണ് മലയാളിയുടെ ആധുനികാനന്തര ആലോചനാ ലോകം പിറവി കൊള്ളുന്നത്.

നൂറ്റാണ്ടിലേറെ ചരിത്രമുള്ള പൊതുവിദ്യാഭ്യാസത്തിൽ പുതിയ പാഠ്യപദ്ധതി സമീപനങ്ങൾ പലതും കടന്നു വന്നിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ട് ആവുന്നേയുള്ളൂ. പ്രാദേശിക പഠനങ്ങൾ, മനുഷ്യന്റെ ശകലീകൃത സ്വത്വം, പങ്കാളിത്ത ക്ലാസ്സ്‌ മുറികൾ തുടങ്ങി, പഠനത്തിൽ അടിസ്ഥാന വിചാര മാതൃകകളിൽ തന്നെയുള്ള മാറ്റമാണ് പുതിയ പാഠ്യ പദ്ധതി. ആധുനികതയോടെന്നതിനേക്കാൾ ഉത്തരാധുനികതയോടാണ് അതിന് ആഭിമുഖ്യം. (അതൊരു മോശം കാര്യമൊന്നുമല്ല). ആധുനികത സൃഷ്ടിച്ച സമഗ്ര മനുഷ്യ നിർമിതിയല്ല അതിന്റെ ദർശനം. സ്വത്വ ശകലീകരണം സംഭവിച്ച മനുഷ്യപ്പലമകളെ സാധൂകരിക്കുക എന്നതാണ്.

മറ്റേതു സർഗ്ഗാത്മക സംവാദത്തിനും കേരളത്തിൽ സംഭവിക്കാറുള്ള വിപര്യയം തന്നെയാണ് പാഠ്യപദ്ധതി സംവാദത്തിനും സംഭവിച്ചത്. അത്‌ വളരെ വേഗം വിവാദങ്ങളിൽ വീണുപോയി. ഭക്തിയും വിഭക്തിയും മുൻവിധികളോടെ ഏറ്റുമുട്ടിയപ്പോൾ ചോദിക്കേണ്ട കാര്യങ്ങൾ ആരും ചോദിച്ചില്ല, ഞാൻ പാഠ്യപദ്ധതിയെ അന്ധമായി എതിർക്കുന്ന ആളല്ല. കേരളത്തിലെ ക്ലാസ്സ്‌ മുറികളിൽ അത്‌ അനിവാര്യമാക്കിയ ജനാധിപത്യ ബോധവും ശിശുവാണ്‌ പഠന പ്രവർത്തനത്തിന്റെ കേന്ദ്രം എന്ന നിലപാടും പരിമിതമായ തോതിലെങ്കിലും ഉണ്ടാക്കിയ തുറസ്സുകൾ കാണാതിരിക്കാനാവില്ല. ഓർമ്മ പരിശോധനയ്ക്കപ്പുറം മറ്റും സർഗ്ഗശേഷികൾ കൂടി പഠന പ്രക്രിയയുടെ ഭാഗമാവുന്നതും വിലയിരുത്തപെടുന്നതും നല്ല കാര്യങ്ങൾ തന്നെ.

പക്ഷേ, പാഠ്യപദ്ധതി സംബന്ധിച്ച് ഉയർന്നു വന്ന വിമർശനങ്ങൾ പലതും ഏറെ പ്രസക്തമാണ്. പ്രാഥമിക പഠന സമീപനത്തെ സൈദ്ധാന്തികമായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്. കുഞ്ഞു ക്ലാസ്സിൽ തന്നെ തീമാറ്റിക് സമീപനത്തിന്റെ പേരിൽ ഭാഷാ പഠന ക്ലാസ്സിൽ നല്കുന്ന കഥകൾ ഭാഷാ പഠനത്തിനല്ല, സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഭാഗമായ ശുചിത്വ ശീലങ്ങൾ ഒക്കെ നേരിട്ട് പരിശീലിപ്പിക്കുന്നവയാണ്. ഭാവനാ സമ്പന്നവും സംസ്കാര ബന്ധിയുമായ മുത്തശ്ശികഥകൾ കേൾക്കേണ്ട പ്രായത്തിലാണ് ഭാവനാദരിദ്രവും ഉപരിപ്ളവവും ക്ഷുദ്രവുമായ കാര്യങ്ങൾ കഥ എന്ന പേരിൽ കുട്ടി കേൾക്കുന്നതും.

http://www.azhimukham.com/school-education-system-in-kerala-new-challenges-n-prabhakaran/

ഏറ്റവും പ്രധാന പരിമിതി, ഇത്രയും വലിയ ഒരു പരിവർത്തനത്തിന് ആധാര ശിലകളായ സൈദ്ധാന്തിക സമീപനങ്ങൾ ഉൾകൊള്ളുന്ന കൃതികളുടെ സ്വതന്ത്ര വിവർത്തനങ്ങൾ ഇനിയും മലയാളത്തിൽ ഉണ്ടായില്ലെന്നതാണ്. (സാമൂഹ്യ ജ്ഞാന നിർമ്മിതി വാദം, ഭാഷാ സമഗ്രതാ ദർശനം, ബഹുമുഖ ബുദ്ധി, ചോംസ്കിയൻ ഭാഷാശാസ്ത്രം) ഇവയെ കുറിച്ചൊക്കെ മറ്റുള്ളവർ എഴുതിയ പരാമർശങ്ങളല്ലാതെ, സ്വതന്ത്ര വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടോ ? പല സംസ്ഥാന RP മാരോടും ചോദിച്ചിട്ട് ഇല്ല എന്നാണ് കേട്ടത്. ഞാൻ തന്നെ, എഫ്.ബിയിൽ ഒരിക്കൽ സ്റ്റാറ്റസ് ഇട്ടു ചോദിച്ചിരുന്നു. അങ്ങനെ വല്ല പുസ്തകങ്ങളുമുള്ളതായി അറിയാമെങ്കിൽ ആ വിവരം ആരെങ്കിലും പങ്കിടുമല്ലോ? അക്ഷരം, അക്കം എന്നിവ ഹൃദിസ്ഥമാവുന്നതിൽ ഈ സമീപനത്തിൽ പരിമിതികൾ ഉണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ഏഴാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലുമൊക്കെ ആ മേഖലയിൽ അധിക പരിശീലനം നൽകേണ്ടി വരുന്നത് അതുകൊണ്ടാണല്ലോ?

വിമർശനാതീതമായ വിശുദ്ധ പശുവല്ല പാഠ്യപദ്ധതിയും.

അതുകൊണ്ട് തന്നെ പുതിയ പാഠ്യപദ്ധതിയെ പരിഹസിച്ചു കൊണ്ട് എൻ പ്രഭാകരൻ എഴുതിയ കഥ പൊതു വിദ്യാഭ്യാസത്തിന് എതിരാണ് എന്ന വാദത്തിൽ കഴമ്പില്ല. പൊതുവിദ്യാഭ്യാസത്തിൽ കടന്നു പോയ അനേകം പരീക്ഷണങ്ങളിൽ ഒന്ന്.

ലോകത്തെ ഏതെങ്കിലും ഒരു ക്രിസ്ത്യൻ സെക്ടിന്റെ വീക്ഷണങ്ങളെ എതിർക്കുന്നവർ ഈശോയുടെ, ബൈബിളിന്റെ എതിരാളികൾ ആണെന്ന് അവർ പറയും പോലെ,

ഏതെങ്കിലും ഇസ്ലാമിക സെക്ടിന്റെ എതിരാളികൾ മുഹമ്മദ്‌ നബിയുടെയും ഖുർആൻ ന്റെയും എതിരാളികൾ എന്നു വരുത്തി തീർക്കും പോലെ, ഒരു പാർട്ടി പരിപാടിയോട് വിയോജിക്കുന്നവൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനാവും പോലെയാണ് പാഠ്യ പദ്ധതി വിമർശനങ്ങൾ പൊതുവിദ്യാഭ്യാസത്തെ തകർക്കും എന്ന വാദം.

ആ കഥയുടെ പേരിൽ അദ്ദേഹത്തിന് വ്യക്തിപരമായ ഭീഷണി നേരിടേണ്ടി വന്നിരിക്കുന്നു. അധ്യാപകർക്ക് പൊതുവിദ്യാഭ്യാസത്തോടും പുതിയ പാഠ്യ പദ്ധതിയോടുമുള്ള സ്നേഹമാണോ ഈ ഭീഷണിക്ക് പിറകിലുള്ളത്? അല്ലെന്നാണ് മനസ്സിലാക്കേണ്ടത്.

ആ കഥ മികച്ച കഥയാണെന്ന അഭിപ്രായവുമില്ല. മോശം കഥയാണത്. പക്ഷേ നമുക്ക് ഇഷ്ടമല്ലാത്തത് എഴുതാൻ മറ്റൊരാൾക്ക്‌ സ്വാതന്ത്ര്യമുണ്ട്. അതറിയാത്തവരല്ല മാഷെ ഭീഷണിപ്പെടുത്തിയത്. കഥയിലെ ലൈംഗിക സൂചനകളാണ് അധ്യാപക സമൂഹത്തിൽ ചിലരെ എങ്കിലും പ്രകോപിപ്പിക്കുന്നത്. സ്വന്തം സ്വത്വഛായയിൽ അല്പം സദാചാര ഭ്രംശം ആരോപിക്കപ്പെടുമ്പോൾ ആധുനികരും പ്രബുദ്ധരുമായ അധ്യാപകർക്ക് ഇത്രയും ദേഷ്യം വരുമെങ്കിൽ ദൈവത്തെ വിമർശിക്കുന്നവരെ മതവാദികൾ തല്ലിക്കൊല്ലുന്നതിൽ തെറ്റു പറയാമോ?

മറ്റൊരു കാര്യം, കേരളത്തിലെ പ്രബലമായ രാഷ്ട്രീയ കക്ഷികൾക്കും ഒപ്പമല്ല, എൻ പ്രഭാകരൻ. പലപ്പോഴും അവയെ ആഴത്തിൽ വിമർശിക്കാറുമുണ്ട്. ആ വിമർശനങ്ങൾ മറുപടിയില്ലാത്ത രാഷ്ട്രീയ വിമർശനങ്ങളുമാണ്. ആ വിമതത്വോടുള്ള വിദ്വേഷം കൂടിയുണ്ടോ ഇപ്പോഴുണ്ടായ പ്രതികരണത്തിൽ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories