Top

പെണ്ണുങ്ങളുടെ തുറന്നുപറച്ചിലിനെ നിങ്ങളെന്തിനാണ് ഭയപ്പെടുന്നത്?

പെണ്ണുങ്ങളുടെ തുറന്നുപറച്ചിലിനെ നിങ്ങളെന്തിനാണ് ഭയപ്പെടുന്നത്?
സമീപകാലത്ത് സോഷ്യല്‍ മീഡിയ കണ്ട ഏറ്റവും ശക്തമായ കാമ്പെയ്‌നിംഗ് ആയിരുന്നു Metoo ഹാഷ് ടാഗ് പ്രചരണം. ഏതെങ്കിലും വിധത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ളവര്‍ ഇതിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഹോളീവുഡ് നടി എലിസ മിലാനോയാണ് ഈ കാമ്പെയ്‌നിംഗിന് തുടക്കം കുറിച്ചത്. 'നിങ്ങള്‍ എപ്പോഴെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഈ ട്വീറ്റിന് മറുപടിയായി മീ ടൂ എന്ന് എഴുതുക' എന്നായിരുന്നു എലിസയുടെ ട്വീറ്റ്. ഹോളീവുഡിലെ പ്രശസ്ത നിര്‍മ്മാതാവായ ഹാര്‍വേ വെയ്ന്‍സ്റ്റീന്‍ നിരവധി നടിമാരെ പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ആഗോള തലത്തില്‍ ഈ കാമ്പെയ്ന്‍ ആരംഭിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ചൂടില്‍ നില്‍ക്കുന്ന മലയാള സിനിമ ലോകവും പിന്നാലെ കേരള സമൂഹവും ഈ കാമ്പെയ്‌നിംഗിനെ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഈ കാമ്പെയ്‌നിംഗ് ശക്തമായതോടെ ഒട്ടനവധി സ്ത്രീകളാണ് തുറന്നു പറച്ചിലുമായി രംഗത്തെത്തിയത്. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിന്റെ ദുരനുഭവം തുറന്നുപറയാന്‍ പലര്‍ക്കും കിട്ടിയ ഒരു വേദിയായി മാറുകയായിരുന്നു Metoo കാമ്പെയ്‌നിംഗ്. ബസില്‍, ക്ലാസ് മുറികളില്‍, ഓഫീസ് മുറികളില്‍, നാട്ടിന്‍പുറത്തെ ഇടവഴികളില്‍, നഗരമധ്യത്തില്‍ എന്നിങ്ങനെ പലയിടത്തും ലൈംഗികമായി അവഹേളിക്കപ്പെട്ടതിന്റെ അനുഭവങ്ങളാണ് പലര്‍ക്കും പറയാനുണ്ടായിരുന്നത്. പൊതുസ്ഥലത്ത് വച്ച് അനാവശ്യമായ ഒരു സ്പര്‍ശനത്തിലൂടെയെങ്കിലും ലൈംഗികമായി അവഹേളിക്കപ്പെട്ടവരാണ് ഇതിന്റെ ഭാഗമായത്. ഇതുവരെയും തുറന്നുപറയാതിരിക്കാനുണ്ടായ കാരണം എന്തുതന്നെയായാലും അതിനെ അതിജീവിച്ചാണ് പലരും ഇപ്പോള്‍ ഈ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭിന്നാഭിപ്രായങ്ങള്‍ ഇവിടെയും ഉണ്ടായി. ചലച്ചിത്ര നാടക പ്രവര്‍ത്തക സജിത മഠത്തില്‍ Metoo കാമ്പെയ്‌നിംഗിന്റെ ഭാഗമായി നിന്നുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.


'കുട്ടിക്കാലത്തും മുതിര്‍ന്നപ്പോഴും പരിചിതരും അപരിചിതരുമായ പുരുഷന്മാര്‍ എന്നെയും ലൈംഗികമായി അവഹേളിച്ചിട്ടുണ്ട്. ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവരും പ്രതിഭാശാലികളും സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരും എല്ലാം അതില്‍ ഉള്‍പ്പെടുന്നു. ലൈംഗിക അധിക്ഷേപമെന്നത് അനിവാര്യമായ ഒന്നോ അപ്രതീക്ഷിതമായി സംഭവിക്കുന്നതോ അല്ലെന്ന് നിങ്ങള്‍ അറിയണം. അത് എല്ലായ്‌പ്പോഴും മനപ്പൂര്‍വവും കരുതിക്കൂട്ടിയുള്ളതുമാണ്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്' എന്നാണ് ഈ കാമ്പെയ്‌നിംഗില്‍ പങ്കെടുത്ത് സജിത പറഞ്ഞത്. എന്നാല്‍ അങ്ങേയറ്റം രൂക്ഷമായ ഭാഷയിലുള്ള മറുപടികളാണ് ഇതിന് സജിതയ്ക്ക് ലഭിച്ചത്. 'അറിയാവുന്നവരും അറിയാത്തവരുമായ നിരവധിപേര്‍ പീഡിപ്പിച്ചുവെന്ന് പറയുന്ന സജിതയുടെ തൊഴിലെന്താണെന്ന് മനസിലായെന്നാണ് പ്രദീപ് കെ പിള്ളയെന്ന പ്രൊഫൈലില്‍ നിന്നും വന്ന മറുപടി. കൂടാതെ സ്ത്രീകള്‍ ഓരോരുത്തരും വരിവരിയായി വന്നു അഭിമാനപൂര്‍വം തന്റെ പീഡനങ്ങളുടെ എണ്ണം പറഞ്ഞാല്‍ പീഡകരെല്ലാം നാണിച്ച് നാളെ പണി നിര്‍ത്തുമെന്ന് തോന്നുന്നുണ്ടോയെന്നാണ് ഇയാള്‍ ചോദിക്കുന്നത്. അന്ന് അതെല്ലാം ആസ്വദിച്ചിട്ട് ഇപ്പോള്‍ എന്തിനാണ് ഇതെല്ലാം വിളിച്ചുപറയുന്നതെന്നാണ് നസീര്‍ ബാബു വടക്കന്‍ എന്നയാള്‍ ചോദിക്കുന്നത്. അതേസമയം കുടുംബിനികള്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത് മോശമാണെന്ന തരത്തിലുള്ള മറുപടികളും സജിതയ്ക്ക് ലഭിച്ചിട്ടുണ്ട്. ഏലിയാമ്മ വിജയന്‍ എന്ന സുഹൃത്തിന്റെ പോസ്റ്റ് തന്റെ പേജിലും ചേര്‍ക്കുകയായിരുന്നെന്നും എല്ലാം തന്റെ തെറ്റാണെന്നും ഇത്തരം വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട് സജിത പിന്നീട് മറ്റൊരു പോസ്റ്റും ഇടുകയുണ്ടായി. 'ഡാന്‍സ് ക്ലാസ്സ് വിട്ടു വരുമ്പോള്‍ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം, എന്റെ പിഴ. ബസ്സില്‍ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയില്‍ അവന്‍ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ. ട്യൂഷ്യന്‍ പഠിപ്പിച്ച മാഷ് പത്തു വയസ്സുകാരിയുടെ പാവാടക്കിടയിലൂടെ കൈയിട്ടുവാന്‍ ശ്രമിച്ചപ്പോള്‍ പേടിച്ചരണ്ടു കരയാതെ പോലീസ് സ്റ്റേഷനില്‍ പോവേണ്ടതായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരന്‍ വാട്ട്‌സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകള്‍ക്ക്, എന്റെ പിഴ. തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പേടിച്ച് ഓടിയതിന്, എന്റെ പിഴ. ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡില്‍ പകല്‍ നടന്നു പോയ എന്നെ 'മദ്യപിച്ച ആണ്‍കൂട്ടം കയറി പിടിച്ചതും ഞാന്‍ ഓടി രക്ഷപ്പെട്ടതിനും, എന്റെ പിഴ. ഇപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് നിങ്ങള്‍ ചൊരിയുന്ന ഈ തെറിക്കും ഭീഷണിക്കും, എന്റെ പിഴ' എന്നാണ് സജിത ഈ പോസ്റ്റില്‍ പറയുന്നത്.


ബലാത്സംഗത്തിന് ഇരയായവര്‍ മാത്രമാണ് Metoo പ്രചരണത്തില്‍ പങ്കെടുക്കുന്നത് എന്ന തെറ്റിദ്ധാരണയാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് പ്രധാന കാരണം. ഒരു തുറിച്ചുനോട്ടം പോലും ലൈംഗിക അധിക്ഷേപമാണെന്ന് അംഗീകരിക്കാന്‍ ഈ സമൂഹം തയ്യാറാകുന്നില്ല എന്നതാണ് സത്യം. അതിനാലാണ് പലരും ഇത്രയധികം സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടോയെന്ന് സംശയം പ്രകടിപ്പിക്കുന്നത്. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്ഫാസ്റ്റ് കമ്മ്യൂണിറ്റി റേഡിയോയിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയ റാണി ലക്ഷ്മിയാണ് അതിനുള്ള മികച്ച മറുപടി പറഞ്ഞവരില്‍ ഒരാള്‍. 'മീടൂ എന്ന് പറഞ്ഞാല്‍ എന്നേ കൊണ്ടുപോയി ബലാത്സംഗം ചെയ്തിട്ടുണ്ടേ എന്നല്ല' എന്ന് റാണി തുറന്നടിക്കുന്നു. 'എഫ്ബിയില്‍ നെല്ലിക്കാക്കൊട്ട മറിഞ്ഞത് പോലെ മീടൂ ഹാഷ്റ്റാഗുകള്‍ കാണുമ്പോള്‍ 'ശ്ശെടാ, ഈനുമാത്രം ബലാത്സംഗ പുങ്കവന്മാരോ' എന്ന് ശങ്കിക്കുന്നവര്‍, നിനക്കൊള്ളതെല്ലാം ഞങ്ങള്‍ക്കും ഉണ്ടായിട്ടും ഞങ്ങളെ ആരും പീഡിപ്പിച്ചിട്ടില്ലല്ലോ എന്ന് പറയുന്നവര്‍. ആ തോന്നല്‍ ഉണ്ടെങ്കില്‍ മക്കളേ നിങ്ങടെ ചിന്താഗതി അറ്റകുറ്റപ്പണികള്‍ക്ക് അര്‍ഹമാണ്'. എന്നാണ് റാണി രസകരമായി ഈ ചിന്താഗതിയെ വിമര്‍ശിക്കുന്നത്. കൗണ്‍സില്‍ ഹാളില്‍ നിന്നും കയ്യിലെ പേന മുന്നിലെ ഡെസ്‌കില്‍ ആഞ്ഞുകുത്തി പുറത്തുവന്ന ഒമ്പതാം ക്ലാസുകാരിയുടെ ശബ്ദമാണ് വനജ വാസുദേവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിറയുന്നത്. കൗണ്‍സിലിംഗിന് വിധേയയായ പെണ്‍കുട്ടിയെയും ചേച്ചിയെയും ഗള്‍ഫില്‍ നിന്നും ലീവിന് വരുമ്പോള്‍ സ്വന്തം അച്ഛന്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതിന്റെ കഥകളാണ് ആ പെണ്‍കുട്ടിയ്ക്ക് വനജയോടും സുഹൃത്തിനോടും പറയാനുണ്ടായിരുന്നത്. സ്‌കൂള്‍ ബസിലെ ജീവനക്കാരന്‍ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ നാല് വയസ്സുകാരിയുടെയും കഥയും അതിലുണ്ടായിരുന്നു. പീഡനത്തിനിരയായി വിചാരണ നടക്കുമ്പോള്‍ വക്കീല്‍ ചോദിക്കുന്ന അശ്ലീല ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ നില്‍ക്കുന്ന ആറ് വയസ്സുകാരി ജഡ്ജി സമ്മാനിച്ച പാവയില്‍ തൊട്ട് വക്കീല്‍ ചോദിക്കുന്ന പീഡനമേറ്റ ഭാഗങ്ങള്‍ തൊട്ടുകാണിക്കേണ്ടി വന്ന സംഭവവും ഈ പോസ്റ്റില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പൊതുഇടങ്ങളില്‍ അപമാനിക്കപ്പെടുന്ന അപമാനിക്കപ്പെടുമെന്ന ഭീതിയോടെ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ നേര്‍ക്കാഴ്ചയും ഈ പോസ്റ്റില്‍ നിന്നും ലഭിക്കുന്നുണ്ട്.Metoo ഒരു ഹാഷ് ടാഗ് മാത്രമല്ല, ശബ്ദമുയര്‍ത്താന്‍ അലറാന്‍ കഴിയാതെ പോയവര്‍ക്കും പോകുന്നവര്‍ക്കുമുള്ള ഊര്‍ജ്ജം കൂടിയാണെന്ന് അഖില ഹരികൃഷ്ണന്‍ പറയുന്നു. ആദ്യമായി ഇതിനെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ മുതലാണ് തനിക്ക് ഇതിനെതിരെ പ്രതികരിക്കാനും ശബ്ദമുയര്‍ത്താനുമുള്ള ധൈര്യം വന്നുതുടങ്ങിയതെന്നും അഖില വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് താന്‍ നേരിട്ട ലൈംഗിക ചൂഷണത്തോടൊപ്പം എട്ട് വയസ്സുള്ളപ്പോള്‍ പരിചയക്കാരിയായ അഞ്ചുവയസുകാരി നേരിടുന്ന പീഡനങ്ങള്‍ മനസിലാക്കിയതിനെക്കുറിച്ചും അഖില വ്യക്തമാക്കുന്നുണ്ട്.ആണ്‍കുട്ടികള്‍ക്കും Metoo കാമ്പെയ്‌നിംഗ് നടത്താമെന്നാണ് ചലച്ചിത്ര നടി മാല പാര്‍വതി പറയുന്നത്. ആണ്‍കുട്ടികളെ സ്വവര്‍ഗാനുരാഗത്തിന് വിധേയരാക്കുന്ന രീതിയും ഇവിടെ സജീവമായിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ആ വിഷയവും ഉയര്‍ത്തിക്കാട്ടുകയും അതിനെതിരെ പ്രചരണം ഉണ്ടാകുകയും വേണമെന്നും പാര്‍വതി അഴിമുഖത്തോട് പറഞ്ഞു. ഇത്തരം കാമ്പെയ്‌നിംഗുകളുടെ അതിപ്രസരത്തില്‍ ആണും പെണ്ണും രണ്ടായി ഇരിക്കണമെന്ന ചിന്താഗതി ഇവിടെ വളരുമോയെന്ന സംശയവും പാര്‍വതിക്കുണ്ട്. എല്ലാ പുരുഷന്മാരും പീഡകരാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് വേര്‍പിരിച്ചു നിര്‍ത്തുന്നതിലേക്ക് നയിക്കുമോയെന്നാണ് പാര്‍വതിയുടെ സംശയം. അതേസമയം സജിതയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം അയാളുടെ വിവരക്കേടാണെന്നും പാര്‍വതി പറഞ്ഞു. സജിത പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ കഴിവില്ലാത്ത വിവരമില്ലാത്തവരാണ് അത്തരത്തില്‍ പ്രതികരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

[caption id="attachment_113538" align="alignnone" width="550"] (Metoo കാമ്പെയ്‌നിംഗില്‍ പങ്കെടുത്ത് കവിയത്രി ഡോണ മയൂര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം)[/caption]

ലൈംഗിക ചൂഷണവും ലൈംഗിക അവഹേളനവുമെല്ലാം ഭാര്യഭര്‍ത്താക്കന്മാരുടെ ഇടയില്‍ പോലും നടക്കുന്ന ഒന്നാണെന്ന് ആക്ടിവിസ്റ്റും ചലച്ചിത്ര നടിയുമായ കനി കുസൃതി ചൂണ്ടിക്കാട്ടുന്നു. താന്‍ ഇതുവരെയും ഈ കാമ്പെയ്‌നിംഗിന്റെ ഭാഗമായിട്ടില്ലെങ്കിലും അനു കെ ആന്റണിയുടെ ഫേസ്ബുക്കിലെ എഴുത്ത് തന്നെ വളരെയധികം ആകര്‍ശിച്ചുവെന്നും കനി അഴിമുഖത്തോട് പറഞ്ഞു. 'അത്ര എളുപ്പത്തില്‍ Metoo പറയാന്‍ പറ്റാത്തവരുമുണ്ട് എന്ന തിരിച്ചറിവോടെ, അതിജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെ അടിച്ചമര്‍ത്തുന്ന അതെ സമൂഹംതന്നെയാണ് ഇരകളെ സൃഷ്ടിക്കുന്നതും ആഘോഷിക്കുന്നതും എന്ന തിരിച്ചറിവോടെ, എല്ലാത്തിലും ഉപരി അനുഭവങ്ങളെല്ലാം ഒന്നല്ലെന്നും എല്ലാ 'Me' യും ഒന്നല്ലെന്നും അതുകൊണ്ട് തന്നെ എല്ലാ മുറിവുകളുടെ വേദനയും ഒന്നല്ലെന്നും ഉള്ള പരിപൂര്‍ണ തിരിച്ചറിവോടെ Metoo' എന്നായിരുന്നു അനുവിന്റെ പോസ്റ്റ്. ഏതെങ്കിലും വിധത്തിലുള്ള ലൈംഗികമായ അതിക്രമമുണ്ടായാല്‍ അത് തുറന്നുപറയാന്‍ സാധിക്കുന്നവര്‍ ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നില്ലെന്നും കനി വ്യക്തമാക്കി. തനിക്ക് ഇതിനെക്കുറിച്ച് പ്രതികരിക്കണമെന്ന ഉപദേശം കുട്ടിക്കാലം മുതല്‍ തന്നെ ലഭിച്ചയാളാണ്. അതിനാല്‍ തന്നെ എല്ലാക്കാലത്തും താന്‍ വളരെ ജാഗരൂകയാണ്. ഈ കാമ്പെയ്‌നിംഗ് ഇത്തരത്തിലുള്ള തുറന്നു പറച്ചിലിന് ലഭിച്ച മികച്ച വേദി തന്നെയാണ്. എന്നാല്‍ ഇത് എല്ലാ ആണുങ്ങള്‍ക്കും എതിരാണെന്ന തരത്തിലാണ് ഒരു വിഭാഗം മനസിലാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. ലൈംഗിക ചൂഷണമെന്നത് മുതിര്‍ന്ന പുരുഷന്മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമുണ്ടാകുന്നതാണെന്നാണ് ഇവര്‍ മനസിലാക്കേണ്ടത്.

ഏതെങ്കിലും ഒരു സ്ത്രീ എന്തെങ്കിലും ഒരു അഭിപ്രായ പ്രകടനം നടത്തിയാല്‍ അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നുവെന്ന് രേഖപ്പെടുത്തുന്നതിന് അപ്പുറത്തേക്ക് അവരെ കടന്നാക്രമിക്കുന്നതാണ് മലയാളികളുടെ സംസ്‌കാരം. അത് ഈ വിഷയത്തില്‍ മാത്രമല്ല, ഏതൊരു വിഷയത്തിലും അങ്ങനെ തന്നെയാണെന്നും കനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, പൊതുസ്ഥലത്താണെങ്കിലും ആളുകള്‍ ഈ വിധത്തില്‍ പെരുമാറുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ദിലീപിന്റെ കാര്യത്തിലും ഈ തെറിവിളിച്ചുള്ള ആക്രമണം നാം കണ്ടതാണ്. ഈ പ്രചരണത്തില്‍ മാത്രമല്ല, ഏതൊരു വിഷയത്തിലും ഇത്തരത്തില്‍ അസഹിഷ്ണുതയോടെ പെരുമാറുന്നത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ആളെ ചൂണ്ടിക്കാട്ടാതെയുള്ള ഇത്തരം വെളിപ്പെടുത്തലുകള്‍ ഉള്ളുതൊടാതെയുള്ളതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും കനി പറയുന്നു. കൂട്ടത്തില്‍ ചേരുന്നുവെന്ന് മാത്രമാണ് പലരും ഫേസ്ബുക്കില്‍ #Metoo എന്ന് പ്രഖ്യാപിക്കുന്നതിലൂടെ ചെയ്യുന്നത് എന്നാണ് തോന്നിയതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഈ കാമ്പെയ്‌നിംഗ് ആരംഭിച്ചതോടെ ആരെങ്കിലുമൊക്കെ ഇതിനെക്കുറിച്ച് നേരിട്ട് സംസാരിക്കുന്നുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതിനെക്കാള്‍ ആഴത്തില്‍ ഈ വിഷയത്തെക്കുറിച്ച് അവര്‍ നേരിട്ട് ചര്‍ച്ച ചെയ്യുന്നുണ്ടാകും. അത് ഈ കാമ്പെയ്‌നിംഗിന്റെ ഒരു പോസിറ്റീവ് ആയ വശമാണ്. അതേസമയം അതിക്രമം നടത്തിയ ആളെ ചൂണ്ടിക്കാട്ടുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവര്‍ക്ക് പത്തുകൈകള്‍കൊണ്ട് വിരല്‍ചൂണ്ടിയാലും തീരുന്നതല്ല ഒരു സ്ത്രീജീവിതത്തിലേയ്ക്ക് കടന്നുകയറുന്നവരുടെ എണ്ണമെന്ന് അറിയാമോയെന്നാണ് അന്‍ഷ മുനീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. മുറിവുകള്‍ ഇല്ലാഞ്ഞിട്ടല്ല, അത് തുറന്നുപറയാന്‍ പോലും കഴിയാത്ത വിധം മുറിപ്പെട്ടുപോയതുകൊണ്ടോ, അന്നൊന്ന് ഉറക്കെ നിലവിളിയ്ക്കാന്‍ കഴിയാത്തതിനെപ്പോലും സ്വന്തം തെറ്റായി കണക്കാക്കുന്നതുകൊണ്ടോ മാത്രം ഇനിയും മൗനം സൂക്ഷിക്കുന്നവരാണ് പല സ്ത്രീകളുമെന്നും അന്‍ഷ ഓര്‍മ്മിപ്പിക്കുന്നു.Metoo കാമ്പെയ്‌നിംഗില്‍ പങ്കെടുത്ത സ്ത്രീകളെല്ലാവരും തന്നെ ലൈംഗിക അതിക്രമങ്ങള്‍ക്കിരയായവര്‍ ആണെന്നോ റേപ്പ് ചെയ്യപ്പെട്ടവരാണെന്നോ ഉള്ള ചിന്തകള്‍ ഈ പോസ്റ്റുകള്‍ക്കെല്ലാം കീഴില്‍ പ്രതികരണങ്ങളായി പതിഞ്ഞുകിടക്കുന്നുണ്ട്. അതോടൊപ്പം അസഭ്യവര്‍ഷത്തിലൂടെ ഇത്തരം തുറന്നുപറച്ചിലുകളെ ഇല്ലാതാക്കാനുള്ള ശ്രമവും ഇവിടെ ശക്തമായിട്ടുണ്ട്. സ്ത്രീകളുടെ തുറന്നുപറച്ചിലിനെ ഭയപ്പെടുന്നവരും അതില്‍ അസ്വസ്ഥരാകുന്നവരുമാണ് ഇത്തരം പ്രതികരണങ്ങളുമായി രംഗത്തെത്തുന്ന മറ്റൊരു വിഭാഗം. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലൈംഗികമായി അവഹേളിക്കപ്പെടാത്ത സ്ത്രീകള്‍ അപൂര്‍വമാണെന്ന് പറയുന്നത് പോലെ തന്നെ നോട്ടം കൊണ്ടെങ്കിലും സ്ത്രീകളെ ലൈംഗികമായി അപമാനിക്കാത്ത പുരുഷന്മാരും ഇല്ലെന്ന് പറയാമെന്നതാണ് അതിന്റെ ഒരു കാരണം. അതേസമയം ആണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളും ഇവിടെ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്.

ഹാഷ് ടാഗ് പ്രചരണത്തില്‍ വിഭിന്നങ്ങളായ അഭിപ്രായങ്ങളാണ് പലര്‍ക്കുമെങ്കിലും തുറന്നുപറച്ചിലിനുള്ള ഈ വേദിയെ സ്വാഗതം ചെയ്യുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എലിസ മിലോന ആരംഭിച്ച ഈ കാമ്പെയ്‌നിംഗ് ഇപ്പോള്‍ ലോകം മുഴുവന്‍ വ്യാപിക്കുമ്പോള്‍ ഒരു സ്ത്രീയുടെ തുറന്നുപറച്ചില്‍ മറ്റൊരു സ്ത്രീയ്ക്ക് അതിനുള്ള ധൈര്യം നല്‍കുകയാണ്. അതിനാല്‍ തന്നെയാണ് പുരുഷന്മാരിലെ ഒരു വിഭാഗമെങ്കിലും ഇതിനെ എതിര്‍ക്കുന്നതും തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും മറ്റും ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതുമെന്നത് വ്യക്തമാണ്. സമ്മതമില്ലാതെ ആണെങ്കില്‍ പോലും ഒരു പെണ്‍കുട്ടിയെ ചെറുപ്രായത്തില്‍ ആരെങ്കിലും തൊട്ടെന്ന വസ്തുതയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഭൂരിപക്ഷത്തിനിടയില്‍ നിന്നാണ് Metoo ടാഗ് ഉയര്‍ന്നുവന്നത് എന്നത് ഇവിടെ പ്രധാനമാണ്. കെട്ടിയ പെണ്ണിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നാലും ആരെങ്കിലും തൊട്ടിട്ടുണ്ടെന്ന് അറിയാനോ അത് ഇനിയും നാലു പേരറിയാനോ കൂടുതല്‍ പുരുഷന്മാരും ഇഷ്ടപ്പെടുന്നില്ല. ഭാവശുദ്ധി ക്ലീഷേയുടെ തുടര്‍ച്ച മാത്രമാണ് ഇത്.

Next Story

Related Stories