TopTop
Begin typing your search above and press return to search.

കോട്ടിട്ട പിണറായിയും ഡോ. റോബര്‍ട്ട് ഗാലോയുടെ സോപ്പ് പെട്ടിയും

കോട്ടിട്ട പിണറായിയും ഡോ. റോബര്‍ട്ട് ഗാലോയുടെ സോപ്പ് പെട്ടിയും
ഒരു കമ്യൂണിസ്റ്റിന് കോട്ടിടാമോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിണറായിയുടെ അമേരിക്കന്‍ സന്ദര്‍ശന ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ ട്രോളുകളായി പ്രചരിച്ചപ്പോള്‍ മനസില്‍ തോന്നിയ ചോദ്യമാണ്. എന്തായാലും കമ്യൂണിസത്തിന്റെ പിതാക്കളായ കാറല്‍ മാര്‍ക്സും ഏംഗല്‍സും ലെനിനുമൊക്കെ കൊട്ടിട്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് കേരളത്തിലെ പാര്‍ട്ടി ഓഫീസുകളെ എല്ലാം അലങ്കരിക്കുന്നത്. അതുകൊണ്ട് കോട്ട് മുതലാളിത്തത്തിന്റെ പ്രതീകമാണ് എന്നു പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കേരളത്തിലെ സിപിഎം പല കാര്യങ്ങള്‍ക്കുമെതിരെ സമരം ചെയ്തിട്ടുണ്ട്. കോട്ടിനെതിരെ എന്തായാലും സമരം ചെയ്തിട്ടില്ല. അക്കാര്യം ഉറപ്പാണ്. ഉണ്ടെങ്കില്‍ ഇന്നലെ മലയാള മനോരമ ആ ചരിത്രം ഓര്‍മ്മിച്ചേനെ.

കോട്ടിട്ട പിണറായി അമേരിക്കയിലെത്തിയത് പ്രധാനമായും രണ്ടു ചടങ്ങുകള്‍ക്കാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. ബാള്‍ട്ടിമോറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ നിപാ പ്രതിരോധ പ്രവര്‍ത്തനത്തിലെ മികവിനുള്ള ആദരിക്കല്‍ ചടങ്ങും അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ഫിലാഡെല്‍ഫിയില്‍ നടന്ന അന്തര്‍ദേശീയ കണ്‍വെന്‍ഷനും.

ബാള്‍ട്ടിമോറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ നടന്ന ചടങ്ങിനെ കുറിച്ച് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിക്കുന്നു, “
അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരവ് സ്വീകരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് ഐ.എച്ച്.വി. ആദരിച്ചത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ആദരം ഏറ്റുവാങ്ങി. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ ഉപഹാരം സമ്മാനിച്ചു. എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്
.”

ഈ ചടങ്ങില്‍ നടന്ന ആദരിക്കലിനെ ട്രോളര്‍മാര്‍ വിശേഷിപ്പിച്ചത് സോപ്പ് പെട്ടി, കുപ്പി ഗ്ലാസ് സമ്മാനമെന്നാണ്. അതെന്തൊ ആകട്ടെ, സമ്മാനം കൊടുത്ത ഡോ. റോബര്‍ട്ട് ഗാലോ അത്ര ചെറിയ പുള്ളിയല്ല എന്നാണ് അദ്ദേഹത്തിന്റെ വിക്കി പീഡിയ ചരിത്രം പറയുന്നത്. എയ്ഡ്സിന് കാരണമായ എച്ച് ഐ വിയെ കണ്ടെത്തിയ സംഘത്തിലെ പ്രധാന ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഗാലോ. 1984 ല്‍ നടന്ന ഈ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ നിരവധി ലേഖനങ്ങള്‍ അന്താരാഷ്ട്ര പ്രശസ്തമായ ശാസ്ത്ര മാസികയായ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗാലോയ്ക്കും സംഘത്തിനും ഒന്നര വര്‍ഷം മുന്‍പ്, എയ്ഡ്സിന്‍റെ മേഖലയില്‍ ഗവേഷണം നടത്തിയ ലുക് മൊണ്ടായിനര്‍ക്കാണ് പക്ഷേ നോബല്‍ സമ്മാനം ലഭിച്ചത്. എന്തുകൊണ്ട് ഗാലോ ഒഴിവാക്കപ്പെട്ടു എന്നതിനെ കുറിച്ച് മൊണ്ടായിനര്‍ ഇങ്ങനെ പറഞ്ഞു, “എച്ച് ഐ വിയാണ് എയ്ഡ്സിന് കാരണം എന്നു തെളിയിക്കപ്പെട്ടത് വളരെ സുപ്രധാനമായ ഒന്നാണ്. ഇതില്‍ ഗാലോയ്ക്കുള്ള പങ്ക് വളരെ വലുതും.” ഗാലോ നോബല്‍ കമ്മിറ്റി പരിഗണിക്കാതിരുന്നതില്‍ ഖേദം പ്രകടിപ്പിക്കുകയാണ് ഈ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍.

മേല്‍പ്പറഞ്ഞ ശാസ്ത്ര ചരിത്രത്തിലെ വസ്തുതകള്‍ എന്തുതന്നെയായാലും 1880-ല്‍ സ്ഥാപിതമായ ഏകദേശം 6 ലക്ഷത്തിനടുത്ത് വായനക്കാരുള്ള സയന്‍സ് മാസികയില്‍ ഗാലോയുടെ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ടതില്ല. 25 വര്‍ഷത്തെ എയ്ഡ്സ് ഗവേഷണത്തെ കുറിച്ച് സയന്‍സ് മാഗസിന്‍ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം; HIV/AIDS 25th anniversary collection

കൂടാതെ അറ്റ്ലാന്‍റയിലെ U.S. Centers for Disease Control and Prevention (CDC) അദ്ധ്യക്ഷനായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തിരിക്കുന്നത് ഗാലോയോടൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി സ്ഥാപിച്ച റോബര്‍ട്ട് റെഡ്ഫീല്‍ഡിനെയാണ്. അപ്പോള്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ഒരു തട്ടുകട ക്ലിനിക്കല്ല എന്നുറപ്പിക്കാം.

അതിനിടെ ചിലര്‍ ഗൂഡാലോചനാ സിദ്ധാന്തങ്ങളുമായും രംഗത്തു വന്നിരുന്നു. അമേരിക്കന്‍ യുദ്ധതന്ത്രങ്ങളുടെ തലസ്ഥാനമായ പെന്റഗണിലെ p5 ലാബില്‍ വികസിപ്പിച്ചെടുത്ത രാസയുദ്ധായുധമായിരുന്നു എച്ച്.ഐ.വി വൈറസ് എന്നും അത് അറിയാതെ പുറത്തെത്തിയതാണ് എയ്ഡ്സ് എന്ന മാരകരോഗമായതെന്നും അതിനു ചുക്കാന്‍ പിടിച്ചയാളാണ് ഡോ. ഗാലോ എന്നും അപ്പോള്‍ ബാള്‍ട്ടിമൂറിലെ ആ സ്ഥാപനത്തിന് കേരളത്തില്‍ സ്ഥലം കൊടുക്കുന്നത് എന്തിനാണ് എന്നൊക്കെ അതങ്ങ് ചര്‍ച്ച ചെയ്തു ചെയ്ത് വികസിക്കുന്നത് കണ്ടിരുന്നു. ഗൂഡാലോചന സിദ്ധാന്തക്കാര്‍ക്ക് പഴയ പോലെ മാര്‍ക്കറ്റ് ഇല്ലാഞ്ഞിട്ടാണ് എന്നു തോന്നുന്നു, അധികം പേരും ഏറ്റുപിടിച്ചു കണ്ടില്ല.

എന്തായാലും, നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളം നേരിട്ട പ്രതിസന്ധി വളരെ വലുതായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സ്രവം പരിശോധിക്കാനായി മണിപ്പാലിലും, ഭോപ്പാലിലും, പൂനയിലുമൊക്കെ അയച്ചു കാത്തിരിക്കേണ്ടി വരുന്ന മണിക്കൂറുകള്‍ രോഗത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി പോലുള്ള സ്ഥാപനങ്ങളുമായുള്ള സഹകരണം ഒരു അത്യന്താധുനിക വൈറല്‍ ഇന്‍സിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കേരളത്തിനെ സഹായിക്കുമെങ്കില്‍ പിണറായി കോട്ടിട്ടാല്‍ എന്താണ് കുഴപ്പം?

ഇന്നലെ ഫൊക്കാന സമ്മേളനത്തില്‍ നടത്തിയ പ്രസക്ത ഭാഗങ്ങള്‍ കൂടി താഴെ വായിക്കുക.

https://www.azhimukham.com/pravasam-no-hindrance-to-development-in-kerala-says-pinarayivijayan/

Next Story

Related Stories