TopTop
Begin typing your search above and press return to search.

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പ്രതിരോധിക്കുന്നവർ ആദ്യഘട്ടത്തിൽ ഉന്നയിച്ച യുക്തികൾ പലതാണ്. അവ താഴെപ്പറയും വിധം സംഗ്രഹിക്കാം.

1. ശബരിമലയാത്രയും മലകയറ്റവും ദുഷ്കരമാണ്. സ്ത്രീകൾ അബലകളായതിനാൽ അവർക്കതിനു കഴിയില്ല.

2. നാൽപ്പത്തിയൊന്നു ദിവസം വ്രത നിഷ്ഠയോടെ കഴിയാൻ സ്ത്രീയ്ക്കു ശേഷിയില്ല.

3. ആർത്തവം അശുദ്ധി ആയതിനാൽ ആർത്തവമുള്ള സ്ത്രീകളുടെ സാന്നിധ്യം ശബരിമല ശാസ്താവിനെയും അശുദ്ധനാക്കും

4. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുത് എന്നതാണ് ആചാരം. 10 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർ നാളിതുവരെ പതിനെട്ടാം പടി ചവിട്ടിയിട്ടില്ല.

5. ശബരിമല ശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതുകൊണ്ട് മറ്റു ശാസ്താ ക്ഷേത്രങ്ങളെപ്പോലെ അവിടെ സ്ത്രീ പ്രവേശനം അനുവദിച്ചു കൂടാ.

ഇതിൽ ആദ്യ നാലു വാദങ്ങളും ഇപ്പോൾ ശക്തമായി ഉന്നയിച്ചു കാണുന്നില്ല. സ്ത്രീകൾ ശാരീരിക ശേഷിയിൽ ഒട്ടും പിന്നിലല്ലെന്നു ലോകം സമ്മതിച്ചു കഴിഞ്ഞതാണ്. ദശകങ്ങൾ മുമ്പു തന്നെ ജുംഗോടാബെ എവറെസ്റ്റ് കീഴടക്കിയതും ആരതിസാഹ ഇംഗ്ലീഷ് ചാനൽ നീന്തികടന്നതും വാലന്റീന ടെരഷ്കോവ ശൂന്യാകാശ യാത്ര നടത്തിയതും സുനിത വില്യംസ് സ്പേസ്ക്രാഫ്റ്റിൽ മാസങ്ങളോളം താമസിച്ച് വിജയകരമായി തിരിച്ചെത്തിയതും സ്ത്രീ പ്രവേശന വിരുദ്ധ സമരക്കാർക്ക് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ടെന്നു വ്യക്തം. വ്രതനിഷ്ഠയോടെ ദുർഗ്ഗമപാതകൾ താണ്ടിത്തന്നെയാണ് വനിതകൾ ഹിമാലയ തീർത്ഥാടനം നടത്തുന്നതും. നാല്പത്തൊന്നു ദിവസവും അതിലപ്പുറവും വ്രതനിഷ്ഠ പാലിക്കുന്നതിൽ സ്ത്രീകൾ ആർക്കും പിന്നിലല്ല.

ആർത്തവം അശുദ്ധിയല്ലെന്ന് ശരീരശാസ്ത്രമറിയുന്ന കുട്ടികൾക്കുപോലും ഇന്നറിയാം. അത് സ്ത്രീ ശരീരത്തിലെ ഒരു ജൈവിക പ്രക്രിയ മാത്രമാണ്. ആർത്തവത്തിന്റെ പേരിൽ മുൻകാലങ്ങളിൽ അടുക്കളയും ജോലി സ്ഥലവും കിടപ്പുമുറിയും ഉപേക്ഷിക്കാൻ നിർബന്ധിതരായ സ്ത്രീകൾ ഇന്ന് 'ആ ദിനങ്ങളിൽ' നാപ്കിനുകളും മറ്റും ഉപയോഗിച്ചു കൊണ്ടു എല്ലാ ജോലികളും ചെയ്യുന്നു; കായിക മത്സരങ്ങളിൽപ്പോലും പങ്കെടുക്കുന്നു.

സ്ത്രീയ്ക്ക് ശബരിമല അപ്രാപ്യമായിരുന്നില്ല എന്നും 1991ലെ ഹൈക്കോടതി വിധി വരെ സ്ത്രീകൾ അവിടെപ്പോയിരുന്നുവെന്നും വ്യക്തമായ തെളിവുകൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഇത്തരം കുയുക്തികൾ ഫലിക്കുന്നില്ലെന്നു ബോധ്യമായപ്പോഴാണ് ശാസ്താവിന്റെ 'നൈഷ്ഠിക ബ്രഹ്മചര്യ'ത്തിൽ അവർ അഭയം തേടുന്നത്. റിപ്പബ്ലിക് ടി.വിയിലെ ചർച്ചയ്ക്കിടയിൽ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതിന് രാഹുൽ ഈശ്വർ പറഞ്ഞ മൂന്നു കാരണങ്ങളിൽ ഒന്നാമത്തെതും രണ്ടാമത്തെതും മൂന്നാമത്തെതും 'നൈഷ്ഠിക ബ്രഹ്മചര്യം' മാത്രം ആയിരുന്നു.

'ബ്രഹ്മചര്യ'ത്തിന് 'വിവാഹം കഴിക്കാത്ത അവസ്ഥ'യെന്ന അർത്ഥത്തോടൊപ്പം വിഷയാദികളിൽ മനസ്സുവയ്ക്കാതെ, മനസ്സിനെ ബ്രഹ്മത്തിൽ നിലനിർത്തൽ എന്ന അർത്ഥവുമുണ്ട്. അതുകൊണ്ട് ബ്രഹ്മചര്യത്തെ 'ബ്രഹ്മവ്രതം' എന്നും വിളിക്കുന്നു. 'ബ്രഹ്മചാരി'യെന്നാൽ ബ്രഹ്മത്തെ- വേദത്തെ-ചരിക്കുന്നവൻ, ജ്ഞാനത്തെ സമ്പാദിക്കുന്നവൻ എന്നാണർത്ഥം.

ഇനി 'നൈഷ്ഠിക ബ്രഹ്മചര്യം' എന്താണെന്നു നോക്കാം. 'നൈഷ്ഠിക' ശബ്ദത്തിന് നിഷ്ഠയെ സംബന്ധിച്ച, വ്രതങ്ങളിലും മറ്റും സ്ഥിരതയുള്ള, ഉത്തമമായ തുടങ്ങിയ അർത്ഥങ്ങളാണുള്ളത്. അപ്പോൾ, 'നൈഷ്ഠിക ബ്രഹ്മചാരി'യെന്നാൽ വ്രതനിഷ്ഠയോടെ, മനസ്സിനെ സ്ഥിരമായി ബ്രഹ്മത്തിൽ അർപ്പിച്ച് ജ്ഞാനസമ്പാദനം നടത്തുന്നവൻ എന്നു കിട്ടുന്നു.

ഇന്ത്യയിലെ പൗരാണികാചാര്യന്മാർ വ്യക്തിജീവിതത്തെ ആശ്രമചതുഷ്ടയമായി വിഭജിച്ചതിൽ നിന്നാണ് മേൽപ്പറഞ്ഞ പരികല്പനകളുടെ ആരംഭം. ആശ്രമചതുഷ്ടയത്തിൽ ആദ്യത്തേതാണ് ബ്രഹ്മചര്യം. മറ്റു മൂന്നെണ്ണം ക്രമത്തിൽ, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവയാണ്. ഇതിൽ ശ്രേഷ്ഠമായ ആശ്രമം ഗാർഹസ്ഥ്യമാണ്. ('ജ്യേഷ്ഠാശ്രമോ ഗൃഹീ' ). ഗൃഹസ്ഥാശ്രമി കർമ്മം ചെയ്യുന്നത് മറ്റു ആശ്രമധർമ്മങ്ങളനുഷ്ഠിക്കുന്നവർക്കും കൂടി വേണ്ടിയാണ് എന്നതിനാലാണ് ഈ ശ്രേഷ്ഠപദവി ലഭ്യമാകുന്നത്. ബ്രഹ്മചാരി, യഥാക്രമം ഗാർഹസ്ഥ്യനും വാനപ്രസ്ഥനും സംന്യാസിയുമായി മാറും. ഓരോ ആശ്രമത്തിലും അനുഷ്ഠിക്കേണ്ട കർമ്മങ്ങളും ധർമ്മങ്ങളും അനുഷ്ഠിച്ചു വിരക്തി കൈവന്ന ശേഷമേ സംന്യാസ പ്രവേശനം പാടുള്ളൂ. (ഗാർഹസ്ഥ്യത്തോടുള്ള മമതയും അഭിനിവേശവും കെട്ടടങ്ങാതെ സംന്യാസം സ്വീകരിച്ചതുകൊണ്ടാണ് പല 'സന്യാസിവര്യ'ന്മാരും സ്ത്രീ പീഡകരായി നാണംകെടേണ്ടി വന്നതെന്ന് സ്വാമി നിർമലാനന്ദ ഗിരി മഹാരാജ് പറഞ്ഞത് ഇവിടെ ഓർക്കാവുന്നതാണ്). എന്നാൽ ബ്രഹ്മചാരി മരണപര്യന്തം ഗുരുപൂജ ചെയ്തുകൊണ്ട് ബ്രഹ്മ (ജ്ഞാന) സമ്പാദനത്തിനായി സ്വയമർപ്പിച്ചാൽ ആ ബ്രഹ്‌മചാരിയെ നൈഷ്ഠിക ബ്രഹ്‌മചാരിയെന്നു വിളിക്കും. ബ്രഹ്മചര്യം അനുഷ്ഠിക്കെത്തന്നെ ഗാർഹസ്ഥ്യാശ്രമത്തെയും വാനപ്രസ്ഥത്തെയും പിന്തള്ളി നേരിട്ട് സംന്യാസം വരിക്കുന്നവനാണ് 'നൈഷ്ഠിക ബ്രഹ്മചാരി'.

നാലുതരം ബ്രഹ്മചാരികളുള്ളതിൽ കൂടുതൽ മഹത്വം കല്പിക്കപ്പെടുന്നത് നൈഷ്ഠിക ബ്രഹ്മചാരിക്കാണ്. ഗായത്രീബ്രഹ്മചാരി, പ്രജാപത്യബ്രഹ്മചാരി, വൈദികബ്രഹ്മചാരി എന്നിവരാണ് മറ്റു മൂന്നു കൂട്ടർ. മനുസ്‌മൃതിയിൽ മുണ്ഡിതൻ, ജടിലൻ, ശിഖാജടൻ എന്നീ മൂന്നുതരം ബ്രഹ്മചാരികളെപ്പറ്റിയേ പറയുന്നുള്ളൂ. അതാകട്ടെ രൂപപരമായ സവിശേഷതകളെ അടിസ്ഥാനമാക്കിയുമാണ്. ആദ്യത്തെയാൾ മുണ്ഡിത ശിരസ്കനും ദ്വിതീയൻ ജടാധാരിയും മൂന്നാമൻ കുടുമവച്ചവനുമാണത്രെ.

ശബരിമല ശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് പത്തിനും അൻപതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ കയറ്റില്ലെന്നു പ്രഖ്യാപിച്ചവർ നൈഷ്ഠികബ്രഹ്മചാരികൾ സ്ത്രീവിരോധികളല്ലെന്നു ആദ്യം മനസ്സിലാക്കണം. നൈഷ്ഠികബ്രഹ്മചാരിക്ക് ജീവിതാന്ത്യം വരെ ഗുരുപൂജ ചെയ്ത് ഗുരുവിനൊപ്പം വസിക്കാം. ഗുരു മരിച്ചാൽ ഗുരുപത്നി, ഗുരു പുത്രൻ, ഗുരുവിനു പിതൃതുല്യരായവർ മുതലായവരെ പൂജിച്ചു ഗുരുഗൃഹത്തിൽത്തന്നെ കഴിയാമെന്നാണ് വ്യവസ്ഥ. ഇങ്ങനെ ഗുരുപത്നിയെ പൂജിക്കാവുന്ന, പരിചരിക്കാവുന്ന നൈഷ്ഠികബ്രഹ്മചാരി സ്ത്രീയെ അകറ്റി നിർത്തുന്നവനോ സ്ത്രീവിരോധിയോ ആകുന്നതെങ്ങനെ? നൈഷ്ഠികബ്രഹ്മചാരി ബ്രഹ്മസമ്പാദന വ്യഗ്രനും വൈരാഗിയുമായിരിക്കണമെന്നേയുള്ളു. "നാരീ ശരീരഭാഗങ്ങൾ കണ്ട് മോഹാവേശിതരാകരുത്; അവ മാംസാവസാദി കളുടെ രൂപഭേദം (വികാരം) മാത്രമാണ്" എന്നാണ് ശങ്കരാചാര്യരും പറഞ്ഞിട്ടുള്ളത്. ജാഗ്രത പുലർത്തേണ്ടത് സ്ത്രീ ശരീര ഭാഗങ്ങളുടെ ദർശനമാത്രയിൽ മോഹാവേശിതരായിപ്പോവുന്നവരാണ് എന്നതാണിതിനർത്ഥം. സ്ത്രീയെ കാമക്കണ്ണോടെ കാണരുതെന്ന് ചുരുക്കം. പുരുഷശരീരം പോലെ മാംസവസാദി വികാരം മാത്രമാണ് സ്ത്രീശരീരവും എന്ന് മനസ്സിലാക്കണം. സ്ത്രീയെ ആട്ടിയോടിക്കണമെന്നില്ല. അവളെ അമ്മയായോ സഹോദരിയായോ കാണാവുന്നതാണ്.

ഐതിഹ്യകഥയിലെ യുവാവായ ശാസ്താവ് പന്തളം കൊട്ടാരത്തിൽ താമസിച്ചവനാണ്. അവിടെ സ്ത്രീകളുണ്ടായിരുന്നു. വനയാത്രക്കിടയിൽ ശബരിയെന്ന സ്ത്രീയ്ക്ക് അയ്യപ്പൻ മോക്ഷം നൽകുന്നുണ്ട്. പന്തളം കൊട്ടാരത്തോട് വിടപറഞ്ഞ ശാസ്താവ് ശബരിയുടെ വാസസ്ഥാനമായിരുന്ന വനപ്രദേശം തന്നെ ശിഷ്ടകാല ജീവിതത്തിന് തെരഞ്ഞെടുത്തുവെങ്കിൽ സ്ത്രീസമ്പർക്കം കൊണ്ട് ശബരിമലയ്ക്ക് ഒരു ഇകഴ്ച്ചയും ഉണ്ടായില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?

ഐതിഹ്യകഥയിൽ അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതായി പറയുന്നു. മരണാനന്തരം മഹിഷി 'ലീല'യെന്ന യുവ സുന്ദരിയായി മാറിയെന്നാണ് കഥ. ലീല ശാസ്താവിനോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും അദ്ദേഹം അത് നിരസിച്ച് അവളെ സഹോദരിയായി അംഗീകരിച്ചുവെന്നും പതിനെട്ടാം പടിക്കു താഴെ 'മാളികപ്പുറത്തമ്മ'യായി കുടിയിരുത്തിയെന്നും വിശ്വാസികൾ കരുതുന്നു. ഇരുവരും കുടികൊള്ളുന്ന അകലം അത്ര വലുതല്ല. ശാസ്താവ് മാനസികമായി പാലിച്ചിരിക്കാവുന്ന അകലമാണ് വലുത്. അപ്പോൾ വൃദ്ധയായാലും യുവതിയായാലും സ്ത്രീയെ അമ്മയായോ സഹോദരിയായോ വേണം നൈഷ്ഠികബ്രഹ്മചാരി കരുതാൻ എന്നല്ലേ ശാസ്താവിന്റെ ഐതിഹ്യം നൽകുന്ന പാഠം? നിഷ്ഠ പാലിക്കേണ്ടത് നൈഷ്ഠികബ്രഹ്മചാരി തന്നെയാണെന്നു സുവ്യക്തം. സ്ത്രീകൾ മുമ്പ് ശബരിമല ചവിട്ടിയതും ഇപ്പോൾ ചവിട്ടുന്നതും ഇനി ചവിട്ടാനിരിക്കുന്നതും ശാസ്താവിനോട് വിവാഹാഭ്യർത്ഥന നടത്താനോ വശീകരിക്കാനോ അല്ല. പ്രാർത്ഥിക്കാനാണ്. പ്രാർത്ഥിക്കാനും ആരാധിക്കാനും സ്ത്രീക്കും അവസരം ലഭിക്കണം. അത് ആധുനികലോകം പ്രാണനെപ്പോലെ കരുതുന്ന തുല്യതാ സങ്കല്പം നൽകുന്ന അവകാശമാണ്. ഇനി, ശബരിമലയിലെത്തുന്ന യുവതികൾ ശാസ്താവിന്റെ നിഷ്ഠ തെറ്റിക്കുമെന്ന മുട്ടായുക്തി ഉന്നയിച്ചാൽത്തന്നെ, 'ലീല'യെന്ന സുന്ദരിയ്ക്കു മന:പരിവർത്തനം വരുത്തിയ ശാസ്താവിന് അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയില്ലെന്നു വാദിക്കുന്നതിനു തുല്യമാകുമത്. 1991ലെ ഹൈക്കോടതി വിധി വരെ സ്ത്രീകൾ ശബരിമലയിൽ പോയതിന് നിരവധി തെളിവുകളുണ്ട്. അതുകൊണ്ട് മാത്രം ശാസ്താവിന് എന്തെങ്കിലും കുറച്ചിലുണ്ടായിട്ടില്ല.

അയ്യപ്പൻ ജീവൻ മുക്തനായി ബ്രഹ്മത്തിൽ വിലയിച്ചുവെന്നാണ് സങ്കല്പം. ബ്രഹ്മവിലയിതനായ ഒരാൾക്ക് സ്ത്രീസാമീപ്യം ശക്തിക്ഷയമോ ഗ്ളാനിയോ ഉണ്ടാക്കുമോ? ബ്രഹ്മം, "ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ, ഒന്നിലും ചെന്നു താനും വലയാതെ"നിൽക്കുന്ന ഒന്നാണെന്നല്ലേ പൂന്താനം പാടിയത്? അപ്പോൾ അയ്യപ്പ ഭക്തരെന്ന നാട്യത്തിൽ തെരുവിൽ രക്തപ്പുഴയൊഴുക്കാൻ കോപ്പുകൂട്ടുന്നവർ അജ്ഞാനം മൂത്ത് അയ്യപ്പനെ അവഹേളിക്കുകയല്ലേ?

നിലവിൽ ശബരിമലയിൽ നൈഷ്ഠികബ്രഹ്മചാരിക്ക് നിഷിദ്ധമായ യാതൊന്നുമില്ലെന്നു പറയാമോ? ബ്രഹ്മചാരി ഭിക്ഷയെടുത്തു ജീവിക്കണമെന്നാണ് പ്രമാണം. നൃത്തം, ഗീതം, വാദ്യം എന്നിവ ആസ്വദിക്കരുത്, സുഗന്ധ വസ്തുക്കൾ ഉപയോഗിക്കരുത് എന്നൊക്കെ വ്യവസ്ഥയുണ്ട്. ബ്രഹ്മചാരികൾക്ക് നിഷിദ്ധമായവ നൈഷ്ഠിക ബ്രഹ്മചാരിക്ക് ഒട്ടും അനുവദനീയമാകാൻ തരമില്ല. എന്നാൽ ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഉറക്കുന്നത് ഹരിവരാസനം പാടിയാണ്! പ്രശസ്ത ഗായകരെല്ലാം ശബരിമല സന്നിധാനത്തിൽ പാടിയിട്ടുമുണ്ട്. വാദ്യഘോഷം അയ്യപ്പനും ഭക്തർക്കും എന്നും പഥ്യം തന്നെ! പേട്ട തുള്ളൽ എന്ന നൃത്തരൂപം ശാസ്താവിന് പ്രിയകരമാണത്രെ. അയ്യപ്പഭക്തന്മാർ ശബരിമലയിലെത്തിക്കുന്ന പൂജാദ്രവ്യങ്ങളിൽ സുഗന്ധവാഹികളായ ചന്ദനത്തിരിയും കർപ്പൂരവും കളഭവും പനിനീരുമുൾപ്പെടുന്നു. നൈഷ്ഠികബ്രഹ്മചാരിക്ക് ആഭരണങ്ങൾ നിഷിദ്ധമാണ്. ഹാരങ്ങളും കർണ്ണാഭരണങ്ങളുമില്ലാത്ത അയ്യപ്പനെ ഏതെങ്കിലും ചിത്രത്തിലോ പ്രതിഷ്ഠയിലോ കണ്ടിട്ടുണ്ടോ? തിരുവാഭരണ ഘോഷയാത്ര ശ‌ബരിമലയിലെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നാണല്ലോ. ബ്രഹ്മചാരി മധുരപദാർത്ഥങ്ങൾ വർജ്ജിച്ചിരിക്കണം. എന്നാൽ ഇരുമുടിക്കെട്ടിൽ കൽക്കണ്ടവും മുന്തിരിയും നേദ്യമായി കരുതിയാണ് അയ്യപ്പഭക്തന്മാർ മലകയറുന്നത്.

ബ്രഹ്മചാരികൾ യാതൊരുവിധ പ്രാണിദ്രോഹവും ചെയ്തുപോകരുത് എന്നുണ്ട്. എന്നാൽ ശബരിമല തീർത്ഥാടനം ശബരിമലയിലെ ജൈവവ്യൂഹത്തിനേൽപ്പിക്കുന്ന ആഘാതം എത്ര വലുതാണ്! ശരണം വിളികളും വിരിവെപ്പും ആഴികൂട്ടലും മൈക്കുകളുടെയും വാഹനങ്ങളുടെയും ശബ്ദവും വനനശീകരണവുമെല്ലാം മനുഷ്യേതര ജീവികളുടെ ജീവിതം ദുസ്സഹമാക്കുകയല്ലേ? പമ്പാനദിയിലെ ജലമലിനീകരണം സർവ്വപരിധിയും ലംഘിക്കുന്നതാണ്. മത്സ്യങ്ങളും മറ്റുജലജീവികളും നദിയെ ആശ്രയിക്കുന്ന തീരവാസികളും ആദിവാസികളും മലിനീകരണം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്.

നൈഷ്ഠികബ്രഹ്മചാരിയാണ് ശാസ്താവെങ്കിൽ സ്ത്രീയെ മാത്രം വിലക്കിയാൽ മതിയാകില്ലെന്ന് ബോധ്യമായിക്കാണുമല്ലോ. നിഷിദ്ധങ്ങളെല്ലാം നിഷിദ്ധങ്ങൾ തന്നെ. ഗീതവാദ്യങ്ങളും നൃത്തവും സുഗന്ധവസ്തുക്കളും മധുരവും ആഭരണങ്ങളും പ്രാണിഹിംസയുമെല്ലാം വർജ്ജ്യമാകണം, നൈഷ്ഠികബ്രഹ്മചാരിക്ക്. അവയെല്ലാം ശാസ്താവിന് ഹിതകരമാണെന്നുണ്ടെങ്കിൽ ശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്നു വാദിക്കേണ്ടിവരും. അല്ലെങ്കിൽ മേല്പറഞ്ഞവയുടെ കൂട്ടത്തിൽ സ്ത്രീ സാമീപ്യവും ശാസ്താവ് വിലക്കിയിട്ടില്ലെന്നു സമ്മതിക്കണം. സ്ത്രീപ്രവേശനം അംഗീകരിക്കണം.

മറ്റൊരു ചോദ്യം കൂടി ഇവിടെ പ്രസക്തമാണ്. സ്ത്രീകളായ ബ്രഹ്മചാരികളുണ്ട്. 'ബ്രഹ്മചാരിണികൾ'. നൈഷ്ഠിക ബ്രഹ്മചാരിണികൾക്ക് ശബരിമലയിൽ പോകാമോ? അവരെ വിലക്കുന്നത് എങ്ങനെ ശരിയാകും?

ചുരുക്കമിതാണ്: ശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ മറപിടിച്ചു ശബരിമലയിൽ യാഥാസ്ഥിതികർ കാട്ടിക്കൂട്ടുന്നത് കാടത്തമാണ്. അപരിഷ്‌കൃതമായ കോപ്രായങ്ങളാണ്. ശാസ്താവിന്റെ ചരിതത്തിന് പല പാഠങ്ങളുണ്ട്. ശാസ്താവിനു പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരുണ്ടെന്നും സത്യകനെന്നൊരു മകനുണ്ടെന്നും ഒരു പാഠത്തിൽ പറയുന്നു. മറ്റൊരു പാഠം ആലപ്പുഴയിലെ ചീരപ്പൻചിറ മൂപ്പന്റെ തറവാടുമായുള്ള ശാസ്താവിന്റെ ബന്ധം വ്യക്തമാക്കുന്നു. അയ്യപ്പൻ പാണ്ഡ്യരാജവംശജനാണെന്നും ആദിവാസിയാണെന്നും പാഠങ്ങളുണ്ട്. ഇങ്ങനെ പല പാഠങ്ങളുള്ളതിൽ ഒന്നു മാത്രം ശരിയെന്നു ശഠിക്കുന്നത് യുക്തിസഹമല്ല. ഒട്ടും ജനാധിപത്യപരവുമല്ല. തങ്ങൾക്കു സ്വീകാര്യമായ പാഠം മാത്രം ശരിയെന്നു വാദിക്കുമ്പോൾ അങ്ങനെ വാദിക്കുന്നവർ വിശ്വാസികളെ മുഴുവൻ പ്രതിനിധാനം ചെയ്യുന്നതിൽ പരാജയപ്പെടുന്നുവെന്നേ അർത്ഥമുള്ളൂ. അതുകൊണ്ട് ശബരിമല ശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദം ഹിന്ദുമതത്തിലെ തന്നെ തികച്ചും വിഭാഗീയമായ വിശ്വാസം മാത്രമേ ആകുന്നുള്ളു. ഒപ്പം തീർത്തും യുക്തിഹീനമായ വിശ്വാസവും!

തെളിവുകളുടെ പിൻബലമില്ലാത്ത വിശ്വാസാചാരങ്ങൾ ഉയർത്തിക്കാട്ടി വിശ്വാസികളെ തെരുവിലിറക്കി ചോരപ്പുഴയൊഴുക്കാനും മുതലെടുപ്പു നടത്താനുമുള്ള ശ്രമങ്ങൾ വിശ്വാസികൾ തന്നെ തിരിച്ചറിവു നേടി പരാജയപ്പെടുത്തേണ്ടതുണ്ട്. സ്ത്രീ പുരുഷ സമത്വത്തിന്റെ ഉന്നത മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി ശബ്ദിക്കാൻ ഇനി വൈകിക്കൂടാ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-thazhamon-matom-and-kerala-brahmin-history-when-rahul-easwar-makes-noise-on-sabarimala/

https://www.azhimukham.com/sabarimala-ayyappa-sasthavu-name-controversy-myth-history-krishna-govind-azhimukham/

https://www.azhimukham.com/offbeat-amma-maharani-sethu-parvathi-bayi-sabarimala-controversy/

https://www.azhimukham.com/kerala-how-lost-cheerappanchira-ezhava-family-karanma-right-in-sabarimala/

Next Story

Related Stories