Top

ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് സ്വീകരിക്കും; കാനം 'ട്രോളി'യത് കോടിയേരിയെയോ മാണിയെയോ?

ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് സ്വീകരിക്കും; കാനം
എന്തായാലും പാര്‍ട്ടി കോണ്‍ഗ്രസ്സിലെ വെട്ടി നിരത്തലിന്റെ ഊര്‍ജ്ജം കാനത്തിന്റെ വാക്കിലും നോക്കിലും കാണാനുണ്ട്. സ്വന്തം പാര്‍ട്ടിയിലെ എതിരാളികളെ മാത്രമല്ല മുന്നണിയിലെയും പുറത്തെയും എതിര്‍ശബ്ദങ്ങള്‍ പോലും തനിക്ക് 'പുല്ലാണ്' എന്ന മട്ട്. പണ്ട് തങ്ങളുടെ നേതാവ് ഡാങ്കെ പറഞ്ഞിടത്ത് നിങ്ങള്‍ എത്തിയില്ലേ എന്നു സി പി എം വല്ല്യേട്ടനോട് പുച്ഛഭാവം. ഇന്നലെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പറഞ്ഞതിലും വെട്ടിത്തിളച്ചത് അതാണ്.

കാനം പറഞ്ഞത് മാതൃഭൂമിയും മലയാള മനോരമയും വലിയ പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. “ആര്‍ എസ് എസിന്റെ വോട്ടും സ്വീകരിക്കും.” എന്നാണത്. ഇനി മാധ്യമങ്ങള്‍ അടര്‍ത്തി മാറ്റി വളച്ചൊടിച്ചതാണോ എന്നു അറിയില്ല. എന്തായാലും വിവാദമാകാന്‍ സാധ്യതയുള്ള ഈ പ്രസ്താവനയില്‍ സ്വാഭാവികമായും കാനത്തിന്റെ സ്വതസിദ്ധമായ കൌശല വിശദീകരണം ഇന്നുണ്ടാകുമായിരിക്കും.

“ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരുടേയും വോട്ട് വേണ്ടെന്ന് വെയ്ക്കാനാവില്ലെന്നും കാനം പറഞ്ഞു”, മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാനത്തിന്‍റേത് കോടിയേരി ബാലകൃഷ്ണനുള്ള മറുപടിയാണ് എന്നാണ് മാതൃഭൂമി പറയുന്നത്. “ആര്‍ എസ് എസ് ഒഴികെ ഇടതുപക്ഷ താത്പര്യമുള്ള ആര്‍ക്കും വോട്ട് ചെയ്യാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കാനത്തിന്റെ മറുപടി.” മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു.

കാനം തുടരുന്നു; “കോണ്‍ഗ്രസ്സിന്റെ സഹായമില്ലാതെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുള്ളവരെ തടയില്ല. കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ കാര്യത്തിലെ നിലപാടില്‍ മാറ്റമില്ല.”

അപ്പോള്‍ എന്താണ് കാനം പറഞ്ഞുവരുന്നത്?

ആര്‍ എസ് എസിന്റെ വോട്ട് വാങ്ങിച്ചാലും മാണിയുടെ വോട്ട് വേണ്ട എന്നാണോ? അല്ലെങ്കില്‍ മാണിയുടെ വോട്ട് വാങ്ങിക്കുന്നത് ആര്‍ എസ് എസിന്റെ വോട്ട് വാങ്ങിക്കുന്നതിന് തുല്യമാണ് എന്നാണോ?

http://www.azhimukham.com/newswrap-pinarayi-cpi-tussle-in-thomaschandy-resignation-sajukomban/

എന്തായാലും ഒരു കാര്യം ഉറപ്പ് കാനം ചിലത് തീരുമാനിച്ചുറപ്പിച്ചിട്ട് തന്നെയാണ് ചെങ്ങന്നൂരിലേക്ക് വണ്ടി പിടിച്ചിരിക്കുന്നത്. അത് സിപിഎമ്മിന്റെ അത്യുജ്ജല പരാജയം ആണെന്ന് ദോഷൈക ദൃക്കുകള്‍ പറയുന്നു. അതല്ല ഇടതു മുന്നണിയുടെ വിശുദ്ധി കാക്കാനുള്ള പോരാട്ടമാണ് എന്നു ഭക്തരും.

ഇന്നലെ കൊല്ലത്ത് നടത്തിയ പ്രസ്താവന കാനത്തിന്റെ ട്രോളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പണ്ടത്തെ ബ്ലാക് ആന്ഡ് വൈറ്റ് സിനിമയില്‍ ഷീലയുടെ പിനാലെ നടക്കുന്ന പ്രേംനസീറിനെ എന്ന പോലെ നടക്കുന്ന സിപിഎമ്മിനെയും പ്രണയം പുറത്തു പറയാതെ ‘തേക്കാന്‍’ തയ്യാറെടുത്തു നില്‍ക്കുന്ന മാണിയെയുമാണ് ഈ ട്രോളല്‍.

മുന്‍കാല കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ തങ്ങളെ എപ്പോഴും അപഹസിക്കാറുള്ള സിപിഎമ്മിനെ അടിയന്തിരാവസ്ഥ കാലത്തെ ജനസംഘം ബന്ധം ഒന്നു ഓര്‍മ്മിപ്പിക്കുക എന്ന ചരിത്രപരമായ ദൌത്യവും ഈ ട്രോളലിന് ഉണ്ട് എന്നു വേണം കരുതാന്‍.

http://www.azhimukham.com/keralam-chengannoor-byelection-analysis-writes-kaantony/

കാനം ഇന്നലെ പറഞ്ഞു നിര്‍ത്തിയത് ഇവിടെയാണ്. “എല്‍ ഡി എഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഒരു പൊന്‍തൂവലായിരിക്കും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം” എന്നാണ്.

വേണമെങ്കില്‍ പൊന്‍തൂവല്‍ എന്ന പ്രയോഗത്തില്‍ പോലും ദുരര്‍ത്ഥമില്ലേ എന്നു രാഷ്ട്രീയ വിശകലന വിശാരദന്‍മാര്‍ക്ക് ചര്‍ച്ചിക്കാവുന്നതാണ്.

എന്തായാലും അപ്രതീക്ഷിതമായി തങ്ങള്‍ക്കുകൈവന്ന രാഷ്ട്രീയ മേല്‍ക്കൈയില്‍ നിന്നും വന്‍വിളവു കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ് മാണി സാര്‍. അതിനു ആരും മാണി സാറെ പഠിപ്പിക്കുകയും വേണ്ട. (ഈ അടുത്തകാലത്ത് തൊട്ടതൊക്കെ പിഴച്ചിട്ടുണ്ടെങ്കിലും ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് കുഞ്ഞുമാണിക്ക്) അത് കേസുകളില്‍ നിന്നുള്ള തല ഊരലായും മുന്നണി പ്രവേശമായും പദവികളായും തന്നെ ക്രൂശിച്ച നേതാക്കളുടെ മാപ്പുപറച്ചിലായും ഒക്കെ മാണി പ്രതീക്ഷിക്കുന്നുണ്ട്.

കാരണം വിശുദ്ധനായിട്ട് വേണ്ടേ എല്ലാവരുടെയും പ്രിയങ്കരനായ കരിങ്കോഴിക്കല്‍ മാണി മാണിക്ക് സ്വര്‍ഗ്ഗാഭിഷിക്തനാകാന്‍..!

എന്തായാലും മെയ് 11 വരെ കാത്തിരിക്കുക തന്നെ. അന്നാണല്ലോ കേരള കോണ്‍ഗ്രസ്സ് എമ്മിലെ വളയം പിടിക്കുന്നവരുടെ ആ നിര്‍ണ്ണായക കൂടിച്ചേരല്‍.

http://www.azhimukham.com/newswrap-kanam-rajendran-against-ke-ismail/

http://www.azhimukham.com/trending-kerala-on-mani-cpm-cpi-fight-continues-ahead-of-chengannur-bypoll-writes-kaantony/Next Story

Related Stories