TopTop
Begin typing your search above and press return to search.

അടുക്കളയും പൊതുനിരത്തും സമയഭൂമികയില്‍ ഒരു മലയാളി സ്ത്രീയെ അടയാളപ്പെടുത്തുന്നത്

അടുക്കളയും പൊതുനിരത്തും സമയഭൂമികയില്‍ ഒരു മലയാളി സ്ത്രീയെ അടയാളപ്പെടുത്തുന്നത്
സമകാലീന ലോകത്തെ സ്ത്രീയുടെ അസ്തിത്വനിര്‍മ്മിതി, സമൂഹശരീരത്തിന്റെ സമയസങ്കീര്‍ണതയില്‍ കൂടിയുള്ള അവളുടെ യാത്രയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴുമവള്‍ തന്റെ രാത്രികളും പകലുകളും നിര്‍ലോഭം പകുത്തു കൊടുക്കാന്‍ വിധിക്കപ്പെടുന്നു. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക ചുറ്റുപാടില്‍ സമയമെന്നത് എന്നും സ്ത്രീകള്‍ക്ക് ഒരു പ്രഹേളികയാണ്. ഇരുപത്തിനാല് മണിക്കൂറും ഒരു പുരുഷന് സ്വന്തമെന്നു അവകാശപ്പെടാന്‍ ലഭിക്കുമ്പോള്‍ ഒരു സ്ത്രീക്ക് അവളുടെതെന്നു കരുതാന്‍ ലഭ്യമാകുന്ന സമയം കുടുംബത്തിലും സമൂഹത്തിലും പരിമിതമാണ്.

കേരളത്തിലെ മിക്ക സ്ത്രീകളുടെയും രാവിലേകള്‍ കുടുംബത്തിനു വേണ്ടിയുള്ള അധ്വാനത്തിലാണ് ചെലവഴിക്കപ്പെടുക. പലപ്പോഴും വ്യായാമമോ വായനയോ ചെയ്യുന്ന പുരുഷന്റെ മുന്നിലേക്ക് നീട്ടുന്ന ഒരു കപ്പ് ചായയില്‍ അവളുടെ ഒരു ദിവസത്തെ സമയഭാവി കുറിക്കപെടുന്നു. അടുക്കളയിന്നും ഒരു ശരാശരി മലയാളി സ്ത്രീയുടെ സമയഭൂമി മാത്രമായി മാറുന്നു. മിക്ക സ്ത്രീകളും തന്റെ ജീവിതത്തിന്റെ പകുതിയിലേറെ സമയം അടുക്കളയില്‍ ചെലവഴിക്കാന്‍ വിധിക്കപ്പെട്ടവളാണ്. തെറ്റിപ്പോകുന്ന എരിവിന്റെയും ഉപ്പിന്റെയും കണക്കുകള്‍ പലപ്പോഴും അവളുടെ ജീവിതത്തിന്റെ അളവുകോലുകള്‍ തെറ്റിക്കുന്നു. പുരുഷാധിപത്യ കേന്ദ്രീകൃതമായ കുടുംബ വ്യവസ്ഥയ്ക്കുള്ളില്‍ നിന്ന് കൊണ്ട് തന്റെ സമയം അവള്‍ നിരന്തരം മറ്റുള്ളവര്‍ക്കായി വിഭജിക്കേണ്ടി വരുന്നു.

രാവിലെ എണീറ്റ് കുടുംബത്തിനുള്ള ഭക്ഷണവും ഒരുക്കി മിക്കപ്പോഴും അവള്‍ പായുന്നത് തൊഴിലിടത്തേക്കാണ്. വൈകുന്നേരം വരെ അധ്വാനിച്ചു തിരിച്ചെത്തുമ്പോള്‍ അവളെ കാത്തിരിക്കുന്നത് കുടുംബത്തിലെ ബാക്കി ജോലികളാണ്. മധ്യവര്‍ഗ കുടുംബത്തിലെ പല സ്ത്രീകളും വീട്ടുജോലിക്കും മറ്റും അന്യ സ്ത്രീകളെ നിയോഗിച്ചു സ്വന്തം തൊഴില്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമൂഹം പതിച്ചു നല്‍കിയ ഗൃഹനായികാ ബിംബം അവളുടെ മേല്‍നോട്ടം ആവശ്യപ്പെടുന്നു. തൊഴിലാളി വര്‍ഗത്തിലുള്ള സ്ത്രീകളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. സ്വന്തം വീട്ടിലെ ജോലികള്‍ തീര്‍ത്ത ശേഷം രണ്ടും മൂന്നും വീടുകളിലെ പണിക്കു പോയി സമയം ജീവിതമാക്കി മാറ്റി തിരിച്ചെത്തുമ്പോഴും അവളുടെ സ്ഥിതി വിഭിന്നമല്ല. സ്വന്തം ഗൃഹത്തിനും അന്യ ഗൃഹങ്ങള്‍ക്കും ഇടയിലായി അവളുടെ അസ്തിത്വം വിഭജിക്കപ്പെടുന്നു.

ഒരു സ്ത്രീ, സമൂഹത്തിനു നല്‍കുന്ന സംഭാവന പലപ്പോഴും അവളുടെ സമയവിനിയോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടുന്നത്. അവള്‍ സ്വയം ചെലവഴിക്കുന്ന സമയം അനാവശ്യ ആത്മരതിയായും അവള്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കുന്ന സമയം അവളുടെ കര്‍മ്മമായിട്ടും സമൂഹം വിധി കല്‍പ്പിക്കുന്നു. ഫലത്തില്‍ സമകാലീന സമൂഹം അവളില്‍ നിന്ന് ഒരുപാട് സമയം മറ്റുള്ളവര്‍ക്കായി പ്രതീക്ഷിക്കുമ്പോള്‍ അവള്‍ അവള്‍ക്കു വേണ്ടി ചെലവിടണം എന്ന് പ്രതീക്ഷിക്കുന്ന സമയത്തിന്റെ തോത് വളരെ കുറച്ചാണ്. അല്ലെങ്കില്‍ സ്ത്രീയ്ക്ക് അവളുടേത് മാത്രമായി ഒരു സമയമില്ല. പല വേദികളിലും അടുക്കളയില്‍ ചെലവഴിക്കുന്ന സമയത്തിന്റെ തോതനുസരിച്ചാണ് ഒരു സാധാരണ സ്ത്രീയ്ക്ക് വില കല്പിക്കപ്പെടുന്നത്.

പാചകത്തിന് താരതമ്യേന കൂടുതല്‍ സമയം വിനിയോഗിക്കുന്ന സ്ത്രീ സമൂഹത്തിനു മുതല്‍കൂട്ടായി ചിത്രീകരിക്കപ്പെടുമ്പോള്‍ വീടിനു പുറത്തും പൊതു വേദികളിലും അധികനേരം ചെലവിടുന്ന സ്ത്രീ ഇന്നും പരോക്ഷമായും പ്രത്യക്ഷമായും അപഥ സഞ്ചാരിണിയായി കണക്കാക്കപ്പെടുന്നു. രാത്രിയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമമുണ്ടായാല്‍ അസമയത്ത് സ്ത്രീകള്‍ക്ക് നേരെ ആക്രമണം എന്ന വിശേഷണത്തോട് കൂടിയായിരിക്കും ഇന്നും കേരളത്തിന്റെ സമൂഹം ആ സംഭവമേറ്റെടുക്കുക. എന്നാല്‍ രാത്രി ഉപദ്രവം നേരിടേണ്ടി വരുന്ന പുരുഷന് ലഭിക്കുന്ന വിശേഷണം ആക്രമിക്കപ്പെട്ടു എന്നതു മാത്രമാവും. ഈ വിശേഷണങ്ങളില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന സഹജമായ സ്ത്രീവിരുദ്ധതയെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് കൂടാതെ ഇരയായി വിശേഷിപ്പിക്കപെടുന്ന സ്ത്രീക്ക് പലപ്പോഴും സമൂഹ പിന്തുണ ലഭിക്കില്ല എന്ന് മാത്രമല്ല സഹജീവികളുടെ 'ദുരാചാര' വിചാരണയും നേരിടേണ്ടി വരും.ആധുനിക ഉപഭോഗ സംസ്‌കാരം സ്ത്രീയുടെ സമയ പരിമിതിയെ കുറച്ചു കൂടി സങ്കീര്‍ണ്ണമാക്കുന്നു. തൊഴിലിടങ്ങളിലും സാംസ്‌കാരിക വേദികളിലും അവളുടെ സമയ ഉപഭോഗം നിശ്ചയിക്കുന്നവര്‍ തന്നെ അവളുടെ സ്വത്വവും നിര്‍ണയിക്കുന്ന വിധി കര്‍ത്താക്കളായി അവതരിക്കുന്നു. രാത്രിയിലേക്ക് നീളുന്ന കലാ, സാഹിത്യ, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഇന്നും കഴുകന്‍ കണ്ണുകളുടെ ഇരയാണ്. ധൈര്യശാലിയും പ്രബുദ്ധയെന്നും സ്വയം കരുതുന്ന സ്ത്രീ പോലും നേരം വൈകിയുള്ള പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍, സ്വന്തം വാഹനമില്ലെങ്കില്‍ പ്രായോഗിക ബുദ്ധിയുടെ അടിസ്ഥാനത്തില്‍ സുരക്ഷിതമായി വീട്ടില്‍ തിരിച്ചു കൊണ്ടു ചെന്നാക്കുന്ന ഒരു സുഹൃത്തിന്റെ സഹായം സ്വീകരിക്കുകയാണ് മിക്കപ്പോഴും ചെയുക. രാത്രിയില്‍ പൊതുനിരത്തിലോടുന്ന ഓട്ടോറിക്ഷകളെയും ബസുകളെയും അവള്‍ ഭയക്കേണ്ടി വരുന്നെങ്കില്‍ നമ്മുടെ നാട്ടിലെ സാഹചര്യം എത്ര പരിതാപകരമാണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഐ.ടി മേഖലയിലും ആശുപത്രികളിലും പണിയെടുക്കുന്ന പല സ്ത്രീകളും ചില സന്ദര്‍ഭങ്ങളിലെങ്കിലും സ്വന്തം ജീവിതം പോലും പണയപ്പെടുത്തി കൊണ്ടാണ് അവരുടെ ജോലിക്ക് പോകുന്നത്. അര്‍ദ്ധരാത്രി ഷിഫ്റ്റ് കഴിഞ്ഞു തിരിച്ചു വീട്ടിലെത്തുന്ന പല സ്ത്രീകളും തങ്ങളുടെ തൊഴില്‍ സ്ഥാപനത്തിന്റെ വാഹനത്തിലുള്ള യാത്ര പോലും ആശങ്കയോട് കൂടിയാണ് കാണുന്നത്.

മുന്‍പുള്ളതിനേക്കാള്‍ സമയവും കാലവും ഈ കാലഘട്ടത്തിലെ സ്ത്രീയ്ക്ക് പല തരത്തിലും വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കയാണ്. പുരുഷന്റെ സമയത്തിന് അളവുകോല് ഉപയോഗിക്കാത്ത സമൂഹം സ്ത്രീക്ക് സമയ പരിധികള്‍ നിശ്ചയിക്കുന്നു. ഒരു ശരാശരി സ്ത്രീ ഇന്നും എപ്പോള്‍ പുറത്തിറങ്ങണമെന്നും എപ്പോള്‍ തിരിച്ചു വരണമെന്നും ഉള്ള ഗാര്‍ഹിക നിയമക്കെട്ടില്‍ കുരുക്കപ്പെടുന്നു അല്ലെങ്കില്‍ കുടുങ്ങേണ്ടി വരുന്നു. സ്ത്രീകള്‍ പലപ്പോഴും സ്വന്തം ആവശ്യങ്ങള്‍ പോലും ത്യജിച്ചു മറ്റുള്ളവര്‍ക്കായി പ്രയത്‌നിക്കണം എന്നാവശ്യപെടുമ്പോഴും അതേ നിബന്ധനയില്‍ നിന്ന് പുരുഷന്‍ പലപ്പോഴും രക്ഷപ്പെടുന്നു.

ഒരു സ്ത്രീയുടെ സമയ ചെലവില്‍ കൈ കടത്തുന്ന സമൂഹം അവള്‍ ഏതൊക്കെ സമയം അവള്‍ക്കായി വിനിയോഗിക്കണം എന്നും പലപ്പോഴും നിഷ്‌കര്‍ഷിക്കുന്നു. വൈകുന്നേരം ആറു മണിക്ക് മുന്‍പ് തന്നെ വീട്ടില്‍ എത്തണം എന്ന് അമ്മമാരെയും പെങ്ങന്മാരേയും ഉപദേശിക്കുന്ന അല്ലെങ്കില്‍ ഉപദേശിക്കേണ്ടി വരുന്ന സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നമുക്കതിന്റെ കാഠിന്യം മനസിലാകുന്നു. ഇന്നും പ്രബുദ്ധ കേരളത്തിലെ പൊതുയിടങ്ങളില്‍ നേരം വൈകിയുമല്ലാതെയും സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ധാരാളമാണ്. ഇങ്ങനെയുള്ള അവസ്ഥകളില്‍ കാലോചിതമായ ഇടപെടലുകള്‍ സമൂഹത്തില്‍ നിന്ന് സ്ത്രീയുടെ സമയരക്ഷയ്ക്ക് ഉണ്ടാകേണ്ടതാകുന്നു. ഇന്നത്തെ സമൂഹത്തില്‍ സ്വത്വവളര്‍ച്ചയ്ക്കും പരിരക്ഷയ്ക്കുമുള്ള സമയവും അവകാശവും സ്ത്രീയ്ക്ക് ലഭിക്കേണ്ടിയിരിക്കുന്നു. ഇത് മനസിലാക്കി തന്റെ ഇടവും സമയവും കണ്ടെത്താന്‍ സ്ത്രീകള്‍ ഉര്‍ജസ്വലതയോടെ പൊരുതേണ്ടയിരിക്കുന്നു. സമയം പുരുഷനും സ്ത്രീക്കും ഒരു പോലെ അവകാശപ്പെട്ടതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories