UPDATES

ട്രെന്‍ഡിങ്ങ്

രാജമാണിക്യത്തില്‍ നിന്നും പ്രതികാരം പ്രതീക്ഷിച്ചില്ലെന്ന് യുവസംരംഭക; പ്രതികാരം ചെയ്യാന്‍ ഇപ്പോള്‍ സമയമില്ലെന്ന് രാജമാണിക്യം

അന്‍പോട് കൊച്ചി നിരസിച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയതിന്റെ പ്രതികാരമായി ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫിസറും സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണറുമായ എം ജി രാജമാണിക്യം ഇടപെട്ട് തന്റെ ഹോട്ടല്‍ പൂട്ടിച്ചെന്ന യുവ സംരഭകുടെ ആരോപണം നിഷേധിച്ച് രാജമാണിക്യവും എറണാകുളം ഭക്ഷ്യ സുരക്ഷ അസി. കമ്മിഷ്ണറും. കൊച്ചി കലൂരില്‍ പ്രവര്‍ത്തിക്കുന്ന പപ്പടവട എന്ന ഭക്ഷണശാലയുടെ ഉടമയായ മിനു പൊളിനാണ് അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കട അടച്ചു പൂട്ടിച്ചിട്ടില്ലെന്നുമാണ് രാജമാണിക്യത്തിന്റെ പ്രതികരണം. അതേസമയം കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തുകയും ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും പറയുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം എത്തിക്കുന്നതിന് അന്‍പൊടുകൊച്ചിയും ജില്ലാഭരണകൂടവും തുറന്ന കലക്ഷന്‍ പോയിന്റില്‍ നിരസിച്ച സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിച്ചതിനാണ് ഭക്ഷ്യസുരക്ഷ വിഭാഗം എറണാകുളം കലൂരില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ഹോട്ടല്‍ പൂട്ടിച്ച് പ്രതികാരം ചെയ്‌തെന്നാണ് മിനു പോളിന്‍ അഴിമുഖത്തോട് പറഞ്ഞത്. അഞ്ചു ദിവസങ്ങളായി പ്രവര്‍ത്തിക്കാതിരുന്ന സ്ഥാപനത്തില്‍ ശുചിത്വമില്ലെന്നും റഫ്രിജറേറ്ററിന്റെ തകരാറും ചൂണ്ടിക്കാണിച്ചാണ് 20,000 രൂപ പിഴ ചുമത്തുകയും ഹോട്ടല്‍ പൂട്ടിക്കുകയും ചെയ്‌തെന്നാണ് മിനു പോളിന്‍ ആരോപിക്കുന്നത്.

മിനുവിന്റെ വാക്കുകള്‍;

പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി സാധനങ്ങള്‍ ശേഖരിക്കുന്നതിനായി തുറന്ന കലക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് പൂര്‍ണിമ ഇന്ദ്രജിത്ത് അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സഹായവുമായി എത്തിയ നിരവധി പേരാണ് തിരിച്ച് പോയത്. അവിടെ പലരത്തിലുള്ള ഭക്ഷണപദാര്‍ത്ഥാങ്ങളുമായി എത്തിവരുണ്ടായിരുന്നു. സഹജീവികള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാനെത്തിയവരാണവര്‍. പക്ഷേ, അങ്ങനെ വന്നവരോട് ഒരിക്കലും കാണിക്കരുതാത്ത മനോഭാവത്തോടെയാണ് പൂര്‍ണിമയെ പോലുള്ളവര്‍ ഇടപെട്ടത്. വളരെ ധാര്‍ഷ്ഠ്യത്തിടോയെുള്ള പെരുമാറ്റം. വരുന്നവരെല്ലാം സിനിമാതാരങ്ങളായ തങ്ങളെ കാണാനാണ് വരുന്നതെന്ന തോന്നലോടെയുള്ള പെരുമാറ്റം. അന്‍പോട് കൊച്ചിയില്‍ ഭക്ഷണവുമായി വന്നവരാരും തന്നെ ഇന്ദ്രജിത്തിനെയോ പൂര്‍ണിമയെയോ കാണാന്‍ വന്നവരല്ല, ജില്ല ഭരണകൂടവും ചേര്‍ന്നുള്ള പ്രവര്‍ത്തനമായതുകൊണ്ടു മാത്രമാണ് അവിടെ ആളുകള്‍ എത്തിയത്. പ്രളയദുരന്തം ഏറ്റവും മൂര്‍ദ്ധന്യതയില്‍ നില്‍ക്കുമ്പോഴാണ് ഇനി ഒന്നും ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞതെന്നോര്‍ക്കണം. താത്കാലികമായി നിര്‍ത്തി എന്ന വിചാരത്തില്‍ കൊണ്ടുവന്ന ഭക്ഷണം എടുത്തുവയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ ധിക്കാരപൂര്‍വം ഞങ്ങളോട് നിര്‍ത്തിവയ്ക്കാന്‍ പറയുകയാണ് പൂര്‍ണിമ ചെയ്തത്. ഇവരോടൊക്കെ നമുക്കൊരു ഇഷ്ടവും ബഹുമാനവുമൊക്കെ ഉണ്ടായിരുന്നതാണ്. അതൊക്കെ കളയുന്നതായിപ്പോയി അവരുടെ പെരുമാറ്റം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കേണ്ട സാധനങ്ങള്‍ മടക്കി അയക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് അന്ന് അവിടെ സഹായവുമായി എത്തിയവരില്‍ നിന്ന് സാധനങ്ങള്‍ സ്വീകരിച്ച് വിവിധ ക്യാമ്പുകളിലേക്ക് അയച്ചത്. അന്‍പൊട് കൊച്ചി നിരസിച്ച ഏകദേശം 25 ലക്ഷം രൂപയുടെ സാധനങ്ങള്‍ 16 ന് വിവിധ ക്യാമ്പുകളില്‍ എത്തിച്ചു. ആദ്യം ഞങ്ങള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ തന്നെയാണ് സാധനങ്ങള്‍ ശേഖരിച്ചത്. നാട്ടുകാര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ഞങ്ങളുടേത്. അവശ്യ സാധനങ്ങള്‍ ഓരോരോ സ്ഥലത്തേക്ക് കയറ്റി വിടാന്‍ സ്വന്തമായി വാഹനമൊന്നും ഇല്ലാതിരുന്നിട്ടും അതു വഴി വന്ന വാഹനങ്ങളിലുള്ളവരോട് അഭ്യര്‍ത്ഥിച്ച് അവരാണ് പലയിടങ്ങളിലും എത്തിച്ചത്. പിന്നീടാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ജിസിഡിഎയിലെ സീനിയര്‍ എഞ്ചിനീയറായ ജയചന്ദ്രന്‍ സാര്‍, ചെയര്‍മാന്‍ പറഞ്ഞതനുസരിച്ച് അവിടെ ഒരു കളക്ഷന്‍ സെന്റര്‍ ആരംഭിക്കാമെന്നും നിങ്ങളുടെ സേവനം ആവശ്യമുണ്ടെന്നും പറഞ്ഞു ഞങ്ങളെ ക്ഷണിക്കുന്നത്. ഇതോടെയാണ് അന്‍പോട് കൊച്ചിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവില്‍ വന്ന് രാജമാണിക്യം സാറും മുഹമ്മദ് ഹനീഷ് സാറും പൂര്‍ണിമയും ഇന്ദ്രജിത്തും അന്‍പൊടു കൊച്ചിയും ജില്ലാ ഭരണകൂടവും സാധനങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവെച്ചതായും മറ്റ് കളക്ഷന്‍ സെന്ററുകള്‍ ഇല്ലെന്നും ഞങ്ങലെപോലുള്ളവര്‍ സാധനങ്ങള്‍ വാങ്ങിച്ച് ഓണച്ചന്തകളില്‍ മറിച്ചു വില്‍ക്കുകയാണെന്നുമൊക്കെ പറഞ്ഞത്. രാജമാണിക്യം സാറിനോടൊക്കെ നമുക്ക് ആരാധനയായിരുന്നു. പക്ഷേ, ഒരു പാവയെപോലെ ആ ലൈവില്‍ നില്‍ക്കുന്ന സാറിനെ കണ്ടപ്പോള്‍ സങ്കടമാണ് തോന്നിയത്. എല്ലാം ഞങ്ങള്‍ പറഞ്ഞോളം എന്നപോലെയായിരുന്നു പൂര്‍ണിമയും ഇന്ദ്രജിത്തും നിന്നത്. ചെന്നൈയില്‍ നിന്നും പുളിഹാദം ഉണ്ടാക്കി ഒരു ലോറിയില്‍ അന്‍പോട് കൊച്ചിയില്‍ എത്തിക്കാന്‍ വന്നിട്ടും അവരത് പാകം ചെയ്ത ഭക്ഷണം ആണെന്നു പറഞ്ഞ് നിരസിക്കുകയാരുന്നു. അവിടെ നിന്ന് നിരസിച്ചതുകൊണ്ടാണ് ഒരു സുഹൃത്ത് വഴി അഞ്ഞൂറു പായ്ക്കറ്റ് പുളിഹാദം പപ്പവടയിലേക്ക് കൊണ്ടു വന്നത്. അത് രണ്ട് അനാഥാലയങ്ങളിലേക്കും തെരുവോരം എ്ന്ന സംഘടനയ്ക്കും കൈമാറുകയാണ് ചെയ്തത്. എന്നിട്ടും പറഞ്ഞത് ഞങ്ങളത് മറിച്ചു വിറ്റു എന്നാണ്. മാനസികമായി എത്രമാത്രം തകര്‍ക്കുന്ന ആരോപണങ്ങളാണിതെല്ലാം എന്നോര്‍ക്കണം.ചലച്ചിത്രനടിയും നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂര്‍ണിമ ഇന്ദ്രജിത്ത്, മുന്‍ കളക്ടര്‍ എം.ജി രാജമാണിക്യം, കെഎംആര്‍എല്‍ എംജി മുഹമ്മദ് ഹനീഷ് എന്നിവരില്‍ നിന്ന് ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷമാണ് 20 ന് കലൂരില്‍ പ്രവര്‍ത്തിക്കുന്ന പപ്പടവട എന്ന തന്റെ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ പൂട്ടിച്ചത്. ഭഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി രാജമാണിക്യത്തിന്റെ അറിവോടെ അസിസ്റ്റന്റ് കമ്മീഷണറടങ്ങുന്ന എട്ടംഘസംഘമെത്തി സ്ഥാപനം പൂട്ടിച്ചതിന് പിന്നില്‍ പ്രതികാരബുദ്ധിയാണുള്ളത്. സാധരണ പപ്പവടപോലുള്ളൊരു കടയില്‍ അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ വന്നു പരിശോധന നടത്താറില്ല. അതും നാട് മുഴുവന്‍ പ്രളയം മൂടിക്കിടക്കുമ്പോള്‍. ഭക്ഷ്യസുരക്ഷ കമ്മിഷണറാണ് രാജമാണിക്യം സാര്‍. അദ്ദേഹത്തിന് തൊട്ട് താഴെയുള്ള ഉദ്യോഗസ്ഥനാണ് അസി. കമ്മിഷണര്‍ ഉണ്ണികൃഷ്ണന്‍. ഇതില്‍ നിന്നു തന്നെ അറിയാലോ ആ പരിശോധന എങ്ങനെ നടന്നതാണെന്ന്. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നതെന്ന് എനിക്ക് വിവരം കിട്ടുകയും ചെയ്തതാണ്. 15 ആം തീയത് മഴയും വെള്ളവും കാരണവും ഞാന്‍ കട പൂട്ടിയതാണ്. അഞ്ചുദിവസങ്ങള്‍ കഴിഞ്ഞ്് 20 ആം തീയതിയാണ് കട തുറന്നത്. തുറന്ന് അരമണിക്കൂറിനുള്ളില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തി. കടയില്‍ ഒരു സാധനവും തന്നെ ഇല്ലായിരുന്നു. ഫ്രിഡ്ജില്‍ വയ്ക്കാനും ഒന്നും ഇല്ലായിരുന്നു. പക്ഷേ, അവര്‍ കണ്ടു പിടിച്ച കുറ്റം എന്റെ ഫ്രിഡ്ജിന്റെ ഡോര്‍ തകരാര്‍ ആണെന്നും അതുകൊണ്ടാണ് ഫ്രിഡ്ജില്‍ ഒന്നും വയ്ക്കാതിരുന്നതെന്നുമാണ്. പിന്നെ പരിസര ശുചിത്വമാണ് ചൂണ്ടിക്കാട്ടിയത്. ചുറ്റും വെള്ളവും ചെളിയുമാണെന്ന്. ഈ ജില്ല മുഴുവന്‍ വെള്ളത്തിലും ചെളിയിലും മുങ്ങിക്കിടക്കുമ്പോളാണ് ഈ കുറ്റം കണ്ടുപിടിക്കലൊക്കെ! ഒരു ലക്ഷം രൂപയാണ് ആദ്യം പിഴയൊടുക്കാന്‍ പറഞ്ഞത്. അത്രയും പണം എന്റെ കൈയില്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇരുപതിനായിരം ആക്കി. അഞ്ചു വര്‍ഷത്തോളമായി ഞാനീ സ്ഥാപനം നടത്തി വരുന്നു. ഇപ്പോഴാണ് ഈ കുറ്റങ്ങളൊക്കെ കേള്‍ക്കുന്നത്. ഇനി എന്നെയവര്‍ വെറുതെ വിടുമെന്ന് തോന്നുന്നില്ല. പിഴയൊടുക്കി വീണ്ടും തുറന്നാല്‍ നാളെയവര്‍ വേറൊരു കുറ്റവും കണ്ടുപിടിച്ചു വരും. അതിലും നല്ലത് ഇനിയിത് തുറക്കാതിരിക്കുന്നതാണ്. തുറന്നു പ്രവര്‍ത്തിക്കാന്‍ അവര്‍ സമ്മതിക്കില്ല. ഞാനിത് പൂട്ടുകയാണ്… ആപത്തില്‍പ്പെട്ട കുറച്ചു മനുഷ്യര്‍ക്ക് സഹായം ചെയ്യാന്‍ പോയതിനാണ് എനിക്കീ അനുഭവം…

എന്നാല്‍ തനിക്കെതിരേ ഉണ്ടായ ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ച് അറിയുക കൂടിയില്ലെന്നും താന്‍ ആരോടും പ്രതികാരം തീര്‍ക്കുകയോ കട അടപ്പിക്കാന്‍ ഇടപെടല്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എംജി രാജമാണിക്യം പറയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അഴിമുഖം പ്രതികരണം അറിയാന്‍ വിലിച്ചപ്പോള്‍ രാജമാണിക്യത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ ഉറങ്ങിയിട്ട്. ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. അതിനപ്പുറം മറ്റൊരു വിഷയവും ഞാന്‍ ശ്രദ്ധിച്ചിട്ടുപോലുമില്ല. മൂന്നു ലക്ഷം പേര്‍ക്ക് ഭക്ഷണം എത്തിക്കേണ്ടതാണ്. മുപ്പത് ലോറി പോകേണ്ടിടത്ത് പതിനഞ്ച് ലോറികളെ പോയിട്ടുള്ളൂ. ബാലന്‍സ് ഭക്ഷണം എത്തിക്കാന്‍ വേണ്ടി നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് നിങ്ങള്‍ ഈ കാര്യം ചോദിച്ച് വിളിക്കുന്നത്. മനുഷ്യര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കട്ടെ. മറ്റ് കാര്യങ്ങളെക്കുറിച്ച് ഒന്നും ഇപ്പോള്‍ പറയാനില്ല. നിങ്ങള്‍ പറയുന്ന പരാതിയെക്കുറിച്ച് പോലും എനിക്ക് അറിവില്ലാത്തതാണ്. പിന്നെയല്ലേ ഞാന്‍ ആരോടെങ്കിലും ഇതിനിടയില്‍ പ്രതികാരം ചെയ്യാന്‍ പോകുന്നത്. ഫുഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ അന്വേഷിക്കേണ്ടത്. ഇപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും പറയാന്‍ എനിക്ക് സമയമില്ല. ചെയ്തു തീര്‍ക്കാന്‍ ഒത്തിരി ജോലിയുണ്ട്.

മിനു പോളിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരേ പ്രതികാര നടപടിയെന്നോണം ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിന്നും നീക്കങ്ങള്‍ ഉണ്ടായോ എന്ന ചോദ്യവുമായി ജില്ല ഭക്ഷ്യ സുരക്ഷ അസി. കമ്മിഷണറോടും അഴിമുഖം സംസാരിച്ചു. തങ്ങള്‍ ആര്‍ക്കെതിരേയും പ്രതികാര നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കട അടപ്പിച്ചിട്ടില്ലെന്നുമാണ് ഫുഡ് സേഫ്റ്റി അസി. കമ്മിഷന്‍ ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. വൃത്തിഹീനമായ രീതിയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. ഒരു പരാതി കിട്ടിയാല്‍ അത് അന്വേഷിക്കേണ്ട ചുമതല ഞങ്ങള്‍ക്ക് ഉണ്ട്. പരിശോധനയില്‍ ചില ന്യൂനതകള്‍ അവിടെ കണ്ടെത്തി. അതിന് നിയമപരമായി ചെയ്യുന്ന നടപടിയെന്ന നിലയില്‍ പിഴയൊടുക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. അല്ലാതെ കട അടച്ചു പൂട്ടിക്കുകയൊന്നും ചെയ്തിട്ടില്ല. അത്തരം ആരോപണം ആരെങ്കിലും ഉയര്‍ത്തുന്നുണ്ടെങ്കില്‍ അത് കള്ളത്തരമാണ്. കട അടപ്പിച്ചു എന്നൊക്കെ പറയുന്നൊരു സംഭവമേ നടന്നിട്ടില്ല; അസി. കമ്മിഷണര്‍ പറയുന്നു.

അതേസമയം 16-ന് കലക്ഷന്‍ പോയിന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വയ്ക്കുന്നുവെന്നാണ് അറിയിച്ചതെന്നും കൂടുതല്‍ വോളണ്ടിയര്‍മാരുടെ സേവനം ഇല്ലാത്തതിനാലാണ് പ്രവര്‍ത്തനം മണിക്കൂറുകള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചതെന്നും അന്‍പൊടുകൊച്ചി പ്രവര്‍ത്തകര്‍ അഴിമുഖത്തോട് പറഞ്ഞു. കടവന്ത്രയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കലക്ഷന്‍ പോയിന്റിന് അടുത്ത് തുടങ്ങിയ കലക്ഷന്‍ പോയിന്റ് അന്‍പൊടു കൊച്ചിയുടെതല്ല എന്ന് പിന്നീട് തങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നതായും ഇവര്‍ പറയുന്നു. ജില്ലാ കളക്ടറുടെ പേരില്‍ വരുന്ന സാധനങ്ങള്‍ മറ്റൊരു വിഭാഗം ശേഖരിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ നല്‍കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായത്. അതേസമയം മിനു പോളിന്‍ എന്ന സ്ത്രീയുടെ വ്യാപാര സ്ഥാപനത്തില്‍ നടന്ന പരിശോധനയില്‍ അന്‍പൊടു കൊച്ചി പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്നും അന്‍പൊടു കൊച്ചി പ്രവര്‍ത്തകന്‍ ബിനില്‍ അഴിമുഖത്തോട് പറഞ്ഞു.

ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന നിരവധി സ്ഥലങ്ങള്‍ അടപ്പിക്കുകയും അന്‍പൊടു കൊച്ചിയുടെ മാത്രം സ്ഥലത്തേക്ക് സാധങ്ങള്‍ എത്തിക്കാന്‍ തീരുമാനിച്ചതും ചൂണ്ടിക്കാട്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നവര്‍ അടക്കം നേരത്തെ രംഗത്തു വന്നിരുന്നു. അഞ്ചും ആറും മണിക്കൂറും കാത്തിരുന്നിട്ടാണ് അവിടെ നിന്ന് സാധനങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചതെന്നും മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും താറുമാറാക്കുന്ന കാര്യങ്ങളാണ് ഒരു സ്വകാര്യ സന്നദ്ധ സംഘടനയെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് വഴി നടക്കുന്നത് എന്നും വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാര്‍ തന്നെ ഇക്കാര്യം ഏറ്റെടുക്കണമെന്നും കൂടുതല്‍ കളക്ഷന്‍ സെന്ററുകള്‍ തുടങ്ങണമെന്നുമുള്ള ആവശ്യം ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍