TopTop
Begin typing your search above and press return to search.

തെരുവിലിറങ്ങൂ യുവത്വമേ

തെരുവിലിറങ്ങൂ യുവത്വമേ
അവരില്‍ ഭൂരിഭാഗവും മദ്യപിക്കാനോ കാറോടിക്കാനോ പ്രായമാകാത്തവരാണ്, മിക്കവര്‍ക്കും അതവരുടെ ജീവിതത്തിലെ ഏറ്റവും വലിയ യാത്രയാണ്, അതിലേറെപ്പേരും ജീവിതത്തില്‍ ആദ്യമായാണ് പ്രതിഷേധത്തിനായി തെരുവിലിറങ്ങുന്നത്.

യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയാകെ തോക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങള്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഇളകിമറിയുമ്പോള്‍ അത് ലോകത്തിനാകെ ഓരോര്‍മ്മപ്പെടുത്തലാണ്; ഏകാധിപതികളെയും അഴിമതിക്കാരെയും തൂത്തെറിയുന്നതു മുതല്‍ ചരിത്രത്തിന്റെ ഗതി മാറ്റുന്നതില്‍ യുവത്വം വലിയ പങ്കാണ് നിര്‍വഹിച്ചിട്ടുള്ളത് എന്ന്. ചരിത്രത്തില്‍ നിര്‍ണായകമായേക്കാവുന്ന തരത്തിലുള്ള യുവാക്കളുടെ ഒരു പ്രതിഷേധത്തിനാണ് യു എസ് ഒരു പക്ഷേ തുടക്കമിടുന്നത്.

അത് മാനവ ചരിത്രത്തിന്റെ കഥയാണ്, അതിലാ ചോദ്യമുണ്ട്: എന്നാണ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍, അവഗണിക്കപ്പെട്ട യുവാക്കള്‍, ഹിംസിക്കപ്പെടുന്ന യൌവ്വനം, അഴിമതിക്കാരായ രാഷ്ട്രീയ-കോര്‍പ്പറേറ്റ്-ഉദ്യോഗസ്ഥ വിഷവൃത്തത്തിന്റെ പിടിയില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യത്തെ വീണ്ടെടുക്കാനായി മുന്നോട്ടുവരിക? ഇന്ത്യയിലെ കലാലയങ്ങളില്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധങ്ങള്‍, ഇന്ത്യയിലെ സ്ഥാപനങ്ങളെ അഴിമതിക്കാരുടെയും സ്വജനപക്ഷപാതക്കാരുടെയും നീരാളിപ്പിടിത്തം തകര്‍ക്കാനുള്ള മുന്നേറ്റത്തിലേക്ക്, ഒരു യൌവന വസന്തത്തിലേക്ക് ഇന്ത്യ പോകുന്നു എന്നതിന്റെ സൂചനയാണോ?

അമേരിക്കയില്‍ നടക്കുന്നത്

ഭരണകേന്ദ്രങ്ങള്‍, പ്രത്യേകിച്ചും റിപ്പബ്ലിക്കന്‍ കക്ഷി, യു എസില്‍ തോക്ക് കൈവശം വെക്കുന്നത് സംബന്ധിച്ച നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറല്ല. അതിനു വേണ്ടിയുള്ള സമരം ഏറ്റെടുത്തിരിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. തോക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ വിദ്യാര്‍ത്ഥികളാണ്.

Centers for Disease Control പ്രസിദ്ധീകരിച്ച കണക്കുകള്‍ അനുസരിച്ച് 1999-നും 2016-നും ഇടയിലുള്ള കാലത്ത് 18 വയസിനു താഴെയുള്ള 26,000 കുട്ടികളും കൌമാരക്കാരുമാണ് യു എസില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2017-ലെ ഒരു പഠനം കാണിക്കുന്നത്, യു എസില്‍ 1-നും 17-നും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ മരണങ്ങള്‍ക്കുള്ള മൂന്നാമത്തെ വലിയ കാരണം വെടിയേറ്റുള്ള പരിക്കുകളാണ് എന്നാണ്. ഭയാനകമായ കണക്ക്, ലോകത്ത് 15 വയസിനു താഴെയുള്ള കുട്ടികള്‍ വെടിയേറ്റ് മരിക്കുന്നതില്‍ 91%-വും യു എസിലാണ് എന്നാണ്.

എന്നാലിപ്പോഴും NRA (National Rifle Association), ഉദാരമായ തോക്ക് നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്ന സമ്മര്‍ദ സംഘം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അതിശക്തമായ സ്വാധീനം ചെലുത്തുന്നത് തുടരുകയാണ്. റിപ്പബ്ലിക്കന്‍ കക്ഷിയിലുള്ള അവരുടെ സ്വാധീനമാണ് ഇതിനുള്ള പ്രധാന കാരണം. ജനങ്ങള്‍ക്ക് ആയുധം കൈവശം വെക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന യു എസ് ഭരണഘടനയിലെ രണ്ടാം ഭേദഗതിയുടെ പിന്‍ബലത്തില്‍, യുദ്ധമുന്നണിയിലേക്ക് ഉപയോഗിക്കേണ്ട തരത്തിലുള്ള യന്ത്രത്തോക്കുകള്‍ രാജ്യത്ത് വ്യാപകമാണ്.

ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുക്കാനായി കുറഞ്ഞത് 30.3 ദശലക്ഷം ഡോളര്‍ (195 കോടി രൂപ) ചെലവിട്ടതടക്കം, 2016 തെരഞ്ഞെടുപ്പില്‍ വൈറ്റ് ഹൌസില്‍ റിപ്പബ്ലിക്കന്‍ നിയന്ത്രണം ഉറപ്പാക്കാന്‍ വേണ്ടി NRA-യും അവരുടെ അനുബന്ധ സംഘടനകളും 54 ദശലക്ഷം ഡോളര്‍ (350 കോടി രൂപ) ചെലവാക്കി.

http://www.azhimukham.com/foreign-marchforourlives-us-youth-march-protesting-gunterror/

അമേരിക്കയിലെ കുട്ടികളുടെ വിധി രാഷ്ട്രീയ നേതൃത്വം ഇങ്ങനെ ചൂതാടുമ്പോള്‍, അതേ കുട്ടികള്‍ തന്നെയാണ് “ഇനിയൊരിക്കലും വേണ്ട” എന്നു പറയാന്‍ മുന്നോട്ട് വരുന്നത്.

മാര്‍ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ പേരക്കുട്ടിയുണ്ട് 'എനിക്കും ഒരു സ്വപ്നമുണ്ട്; തോക്കുകളില്ലാത്ത ഒരു സമൂഹം' എന്നു പറഞ്ഞുകൊണ്ട് കൂട്ടത്തില്‍. ഫെബ്രുവരി 14-നു ഒരു തോക്കുധാരി 14 വിദ്യാര്‍ത്ഥികളെയും 3 ജീവനക്കാരെയും വെടിവെച്ചുകൊന്ന പാര്‍ക്ലാണ്ടിലെ മര്‍ജോറി സ്റ്റോണ്‍മാണ്‍ ദൌഗ്ലാസ് ഹൈ സ്കൂളിലെ കുട്ടികളുണ്ട്.

ശനിയാഴ്ച്ച വാഷിംഗ്ടണില്‍ തോക്ക് അക്രമത്തിനെതിരായ പ്രതിഷേധത്തില്‍ അവരെ വരവേറ്റ വലിയ ജനക്കൂട്ടത്തിന് ആ വിദ്യാര്‍ത്ഥികള്‍ ധീരനായകരായിരുന്നു. ജനക്കൂട്ടം അവരെ കയ്യടിച്ചു എതിരേറ്റപ്പോഴും ആ കുട്ടികള്‍ ഭാവമാറ്റമില്ലാതെ നിന്നു. അവര്‍ തങ്ങളുടെ മുദ്രാവാക്യ കടലാസുകള്‍ ഉയര്‍ത്തിപ്പിടിച്ചു-“അതൊരു വിദ്യാലയ മേഖലയാണ്, ഒരു യുദ്ധ മേഖലയല്ല”- മുന്നോട്ട് തന്നെ നോക്കി.

ഇതരത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള യുവാക്കള്‍ എക്കാലത്തും ചരിത്രം മാറ്റിയിട്ടുണ്ട്. ക്രിസ്തു മുതല്‍ ബുദ്ധന്‍ വരെ. വിദ്യാര്‍ത്ഥിയായ ലെനിന്‍ മുതല്‍ യുവാവായ അഭിഭാഷകന്‍ ഗാന്ധി വരെ. യുവാക്കളാണ് ചരിത്രത്തിന്റെ തെറ്റായ വഴികളെ തിരുത്തിയിട്ടുള്ളത്, വൃദ്ധരല്ല.

അപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്, സമാധാനപരവും അവ്യക്തതകള്‍ ഇല്ലാത്തതുമായ ഒരു വലിയ യുവജന സമരം ഇന്ത്യയിലുണ്ടാകുമോ? അതിനുവേണ്ട എല്ലാ ഘടകങ്ങളുമുണ്ട്; അസാധാരണമായ തരത്തില്‍ 1% ഇന്ത്യക്കാരാണ് രാജ്യത്തിന്റെ വാര്‍ഷിക ജി ഡി പിയുടെ 57% കയ്യടക്കിയിരിക്കുന്നത്. 40% കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണ്. രാഷ്ട്രീയം കള്ളപ്പണത്തിന്റെ കൊള്ളക്കൊടുക്കലാണ്. കുറ്റവാളികളാണ് ഉന്നതപദവികളില്‍ വിരാജിക്കുന്നത്. ഓരോ സ്ഥാപനവും അതിന്റെ ജീര്‍ണാവസ്ഥയിലാണ്. ധനികര്‍ പൊതുഖജനാവ് കൊള്ളയടിച്ചു സ്വതന്ത്രരായി വിലസുകയാണ്.

യുവജന വസന്തത്തിന്റെ വരവുണ്ടാകും വരെ ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഭൂരിപക്ഷം പൌരന്‍മാര്‍ക്കും വെറും അസംബന്ധ നാടകം മാത്രമായി തുടരും.

http://www.azhimukham.com/trending-yolandareneeking-martinlutherkingjr-granddaughter-us-antigun-rally/Next Story

Related Stories