TopTop
Begin typing your search above and press return to search.

ഒ.വി വിജയനെ സംഘപരിവാർ പാളയത്തിലേക്ക് തള്ളി വിടും മുൻപ്

ഒ.വി വിജയനെ സംഘപരിവാർ പാളയത്തിലേക്ക് തള്ളി വിടും മുൻപ്

മനുഷ്യജീവിതത്തിന്റെ വലിയൊരു സ്പെക്ട്രത്തിൽ ചിന്തിക്കുകയും ജീവിതത്തിലുടനീളം തന്റെ രചനകളിലൂടെ, കാർട്ടൂണുകളിലൂടെ നിരന്തരം ചരിത്രത്തിൽ ഇടപെടുകയും ചെയ്ത വലിയ പ്രതിഭയാണ് ഒ.വി വിജയൻ. അദ്ദേഹത്തിന്റെ ശാരീരിക ദൗർബല്യങ്ങളിലൂടെ കടന്നുപോകുന്ന അവസാനകാല രചനകളെ മാത്രം വിലയിരുത്തി മൃദു ഹിന്ദുത്വ ലേബലിംഗ്‌ ചെയുന്നതിനോട്‌ വ്യക്തിപരമായി യോജിപ്പില്ല. (ബഷീറിനെ നമ്മൾ‌ എന്നുമുതലാണു മുസ്ലീമായി കണ്ടുതുടങ്ങുക‌!)

അങ്ങനെ വരുമ്പോൾ ആ മനുഷ്യന്റെ ഊർജ്ജസ്വലമായ ജീവിതകാലത്തുള്ള നിലപാടുകളെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ടാകരുത്‌ നാം അങ്ങനെ ചെയ്യുന്നത്. ഒരർത്ഥത്തിൽ മനുഷ്യന്റെ ഊർജ്ജസ്വലമായ കാലത്തെ നിലപാടുകളെയാണ് ആ വ്യക്തിയുടെതായി വിലയിരുത്തേണ്ടത്‌, നേരെ മറിച്ചല്ല. വ്യക്തിതലത്തിൽ ഉണ്ടായ ദൗർബല്യങ്ങളൊക്കെ അതിന്റെ വഴിക്ക്‌ വിടുകയല്ലേ വേണ്ടത്‌? ന്യൂട്ടന്റെ എറ്റവും വലിയ സംഭാവനകൾ 'ആൽകെമി'യും, ബൈബിൾ രഹസ്യങ്ങളുടെ അന്വേഷണവും ഒന്നുമല്ലല്ലോ.

ചരിത്രത്തിൽ ഇടപെട്ട വ്യക്തിയുടെ പല അടരുകളിൽ ഒന്നുമാത്രം തിരഞ്ഞെടുത്ത് ആ‌ വ്യക്തിയുടെ വൈഡ്‌ സ്പെക്ട്രത്തെ, ഒരു ബിന്ദുവിലേക്ക്‌ ചൂണ്ടി വിപുലമായ ചരിത്രത്തെ സാമാന്യവത്കരിക്കരുത്‌. ജീവിതത്തിലുടനീളം ഒരേ കാര്യം മാത്രം പറഞ്ഞിരുന്നയാളല്ല വിജയൻ. എന്നാൽ, ഒ വി വിജയന്റെ അടുത്ത സുഹൃത്തു കൂടിയായ സക്കറിയയുടെ ചോദ്യം ചെയ്യലുകളെ 'സാംസ്കാരിക സംവാദങ്ങളു'ടെ പേരിൽ സ്വാഗതം ചെയുന്നു. അത്‌ അങ്ങനെ വേണം. അതേസമയം ഇക്കാര്യത്തിൽ രാഷ്ട്രീയ നേതൃത്വം ജനാധിപത്യ ബോധമില്ലാതെ ഇടപെടുന്നത്‌ അശ്ലീലമാണ്. ഹിന്ദു സംഘത്തിന്റെ വെല്ലുവിളിയെ ഒറ്റക്കെട്ടായി സാംസ്കാരിക രംഗത്തുള്ളവർ എതിർക്കണം.

Also Read: ഒ വി വിജയന്‍ മൃദു ഹിന്ദുത്വവാദിയെന്ന് സക്കറിയ; വേദിയില്‍ വച്ചു തന്നെ തിരുത്തി ഒ വി ഉഷ

വിജയന് ഹിന്ദുത്വ-ഫാഷിസ്റ്റ്‌ 'അജണ്ട'യൊന്നും ആരും ആരോപിക്കും എന്ന് തോന്നുന്നില്ല. എന്നാൽ ഹിന്ദുത്വ ഫാഷിസം അക്രമാസക്‌തമായ ഇക്കാലത്ത്‌, വിജയന്‍റെ അവസാനകാല രചനകൾ (ഗുരുസാഗരം തുടങ്ങി) ഹിന്ദുത്വത്തിനു ഇന്ധനമായി ഉപയോഗിക്കാവുന്ന ചിലതുണ്ടോ എന്നാണു പരിശോധിക്കേണ്ടത്‌. സക്കറിയ അത്തരമൊരു പരിശോധനയാണു നടത്തിയത്‌ എന്ന് കരുതുന്നു.

ഒ വി വിജയൻ അഭിസംബോധന ചെയ്ത ചരിത്ര കാലത്തിലെ സന്ദർഭമല്ല ഇന്ന്. മതതീവ്രവാദം അതിന്റെ മൃദു അരികുകളെ കൂടി കാർന്നുതിന്നുന്ന ക്യാൻസറായി മാറിയ വർത്തമാനത്തിലാണു നമ്മൾ ജീവിക്കുന്നത്‌. എന്തെല്ലാം, എങ്ങനെയൊക്കെ ജനിതക മ്യൂട്ടേഷൻ നടത്തി സെക്കുലറിസത്തിനും മാനവികതയ്ക്കും ഭീഷണിയായി സമൂഹശരീരത്തെ നശിപ്പിക്കും എന്ന് പറയാൻ പറ്റില്ല. ഉദാ: ചരിത്രത്തിൽ സെക്കുലർ ആയ കോൺഗ്രസ്സ്‌, പശുവിനെ ധാരാളം കൊണ്ടുനടന്നിട്ടുണ്ട്‌. പശുവും കുട്ടിയും, കൈപ്പത്തിക്കു മുൻപ്‌‌ കോൺഗ്രസ് ചിഹ്നമായിരുന്നു. വർത്തമാനത്തിൽ പശു എവിടെയെത്തി! പരിസ്ഥിതി സ്നേഹവും, മനുഷ്യാവകാശവും പുറമേക്ക്‌‌ പറയുന്ന ചില മത സംഘടനകളുടെ ഉള്ളിൽ വർക്ക്‌ ചെയ്യുന്നത്‌ എന്താണ്!

ഹിസ്റ്റോറിക്കൽ ഓഡിറ്റ്‌ നടന്നുകൊണ്ടിരിക്കും. കാലത്തിനൊപ്പം നിലപാടെടുത്ത പല വ്യക്തികളും, ഭാവിയിൽ നിശിതമായി വിലയിരുത്തപ്പെടും. പ്രത്യേകിച്ച്‌ തലമുറകളോളം സ്വാധീനിക്കാൻ കഴിയുന്ന പ്രതിഭകളുടെ കാര്യത്തിൽ. എബ്രഹാം ലിങ്കൺ അക്കാലത്തെ പുരോഗമനവാദിയെങ്കിലും കറുത്തതൊലിയുള്ള മനുഷ്യർ തുല്യരാണെന്നും അവർക്കും തുല്യ അവകാശമാണെന്നും വിശ്വസിച്ചിരുന്നില്ല. വ്യക്തിയുടെ നിലപാടുകളിൽ ഇതൊരു സ്ഥിരം പ്രശ്നമാണ്. അതിനു കാരണം, എക്കാലത്തേക്കുമുള്ള ഒരു പുരോഗമന കഷായം നമുക്ക്‌ അടുപ്പിൽ വച്ച്‌ നിരന്തരം പാചകം ചെയാൻ കഴിയില്ല എന്നതാണ്. മാറിയ കാലഘട്ടത്തിൽ പുതുക്കിയ മൂല്യബോധം വച്ചു കാര്യങ്ങളെ വിലയിരുത്തപ്പെടുന്നു.

ആത്മീയത, പ്രത്യേകിച്ച്‌ മതാതീതമായത്‌ എന്തോ വലിയ സംഭവമാണെന്നും അത്‌ മതനിരപേക്ഷ സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും ചില മൂഢ സങ്കൽപ്പമുണ്ട്‌. മൃദു ഹിന്ദുത്വവും അതിലടങ്ങിയ ആത്മീയതയും തൽക്കാലം കളിക്കു പുറത്ത്‌ ഊഴം കാത്തിരിക്കുന്ന സബ്സ്റ്റിറ്റ്യൂഷൻ മാത്രമാണെന്ന് കാലം തെളിയിക്കുന്നുണ്ട്‌. മത വർഗ്ഗീയതക്ക്‌ ഏറ്റവും എളുപ്പത്തിൽ, കൈയെത്തും അകലത്തുനിന്ന് എന്ന് വേണമെങ്കിലും അതിർത്തിക്കുള്ളിലേക്ക്‌ വലിച്ചിടാവുന്ന ഒരു ഫ്രജൈൽ എലമന്റ്‌ അതിന്റെ കേന്ദ്രത്തിൽ തന്നെ, തത്ക്കാലം സ്ലീപ്പിംഗ്‌ സെല്ലായി, നിലനിൽക്കുന്നുണ്ട്‌.നമ്മുടെ പല എഴുത്തുകാരും സൗകര്യപൂർവ്വം ഇക്കാര്യം മറക്കുന്നുണ്ട്‌. അതോർമ്മിപ്പിക്കുന്ന സക്കറിയയേയും, എന്നും കരുതൽ കാണിക്കുന്ന ആനന്ദിനേയുമൊക്കെ നമുക്ക്‌ പുച്ഛിക്കാം!

Also Read: ഒ വി വിജയന്റെ വരകള്‍; സ്വേച്ഛാധികാരത്തിന്റെ പുതിയ കാലത്ത് വീണ്ടും കാണുമ്പോള്‍

ഒ വി വിജയന്റെ കാര്യത്തിൽ ഇതൊരു മരണാനന്തര സംവാദമാണെങ്കിൽ, മാധവിക്കുട്ടി/കമലാ സുരയ്യയുടെ കാര്യത്തിൽ ജീവിച്ചിരിക്കുമ്പോഴുള്ള ദയനീയ സംഘർഷമായിരുന്നു. ഇത്തരം സാംസ്കാരിക സംവാദങ്ങളിൽ നുഴഞ്ഞുകയറാൻ മതസംഘം നിരന്തരം ശ്രമിക്കാറുണ്ട്‌. ഇക്കാര്യത്തിൽ അവരുടെ സ്ഥാപിത താൽപര്യം; സംവാദപരമായ കൊടുക്കൽ-വാങ്ങലല്ല. മറിച്ച്‌ സംഘർഷഭരിതമായ രണ്ടു ചേരിയാണ്. അതിനിടയിൽ വീഴുന്ന രക്തമാണ്. നുണ പ്രചാരണങ്ങളിലൂടെ ഗാന്ധി മുതൽ അംബേദ്കറെ വരെയുള്ളവരെ തങ്ങളുടെ പക്ഷത്തേക്ക് മരണാനന്തരം എങ്കിലും എത്തിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് സംഘപരിവാർ തലപുകയ്ക്കുന്ന കാലത്ത് ഒ.വി വിജയനെ പോലെ പ്രതിഭാധനനായ ഒരു സാഹിത്യകാരനെ ആ ചേരിയിലേക്കു തള്ളി വിടുന്നത് വർത്തമാന കാലത്തോടുള്ള ഏറ്റവും വലിയ ചതിയായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories