TopTop
Begin typing your search above and press return to search.

ചരിത്രം ആവര്‍ത്തിക്കുന്നു; അടിയന്തരാവസ്ഥയില്‍ ജനാധിപത്യം മരിച്ചെന്ന പരസ്യം അന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍; മോദിക്ക് കീഴില്‍ മാധ്യമങ്ങള്‍ മരിച്ചെന്ന പരസ്യം ഇന്ന് ഹിന്ദുവില്‍

ചരിത്രം ആവര്‍ത്തിക്കുന്നു; അടിയന്തരാവസ്ഥയില്‍ ജനാധിപത്യം മരിച്ചെന്ന പരസ്യം അന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍; മോദിക്ക് കീഴില്‍ മാധ്യമങ്ങള്‍ മരിച്ചെന്ന പരസ്യം ഇന്ന് ഹിന്ദുവില്‍

45 വര്‍ഷം മുമ്പ് ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് കീഴില്‍ ജനാധിപത്യം മരിച്ചെന്ന് പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം നരേന്ദ്ര മോദിക്ക് കീഴില്‍ മാധ്യമങ്ങള്‍ ചരമം പ്രാപിച്ചെന്ന പരസ്യം പ്രസിദ്ധീകരിച്ച് ദി ഹിന്ദു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടു ദിവസങ്ങള്‍ക്കു ശേഷം, 1975 ജൂണ്‍ 28-ന് അന്ന് 26 വയസ് മാത്രം പ്രായമുണ്ടായിരുന്ന റീഡേഴ്‌സ് ഡൈജസ്റ്റില്‍ ജോലി ചെയ്തിരുന്ന അശോക് മഹാദേവന്‍ എന്നയാളാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ ജനാധിപത്യം മരിച്ചു എന്ന പരസ്യം നല്‍കിയത്. അതിന് 45 വര്‍ഷങ്ങള്‍ക്ക് ശേഷം 24-കാരനായ ഡല്‍ഹി സ്വദേശി കാര്‍ത്തിക് സാഹ്‌നിയാണ് മാധ്യമങ്ങള്‍ ചരമമടഞ്ഞിരിക്കുന്നു എന്ന പരസ്യം ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചത്.

"സ്വാതന്ത്ര്യത്തിന്റെ മകളും സത്യത്തിന്റെ ഭാര്യയുമായ മീഡിയ 2020 സെപ്റ്റംബര്‍ എട്ടിന് ഡല്‍ഹിയില്‍ വച്ച് മരണമടഞ്ഞിരിക്കുന്ന വിവരം വ്യസനസമേതം അറിയിക്കുന്നു. സന്ത്പത കുടുംബാംഗങ്ങള്‍" എന്നാണ് സാഹ്‌നി നല്‍കിയിരിക്കുന്ന പരസ്യം.

താനാണ് പരസ്യം നല്‍കിയതതെന്ന് സാഹ്‌നി പിന്നീട് ട്വിറ്ററില്‍ വ്യക്തമാക്കുകയും ചെയ്തു.


ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയായ സാഹ്‌നി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് പോളിസിയില്‍ ഉന്നത പഠനത്തിന് ചേരാനിരിക്കുകയാണ് എന്ന് ലിങ്ക്ഡ് ഇന്‍-പ്രൊഫൈലില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1000 രൂപയാണ് പരസ്യം നിരക്ക് ഇനത്തില്‍ ഹിന്ദുവില്‍ സാഹ്‌നി അടച്ചത്.

നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ മാധ്യമ സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ വിശ്വാസ്യതയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാഹ്‌നി നല്‍കിയ പരസ്യം വലിയ തോതില്‍ ചര്‍ച്ചയായിട്ടുമുണ്ട്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ മാധ്യമ വിചാരണയ്ക്ക് ഇരയാക്കുന്നതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഈയിടെ ഉയരുകയും ചെയ്തിരുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം റിപ്പബ്ലിക് ടി.വിയും ടൈംസ് നൗവും അടക്കം സര്‍ക്കാരിനോട് അടുപ്പം പുലര്‍ത്തുന്ന ടി.വി ചനലുകള്‍ തുടര്‍ച്ചയായി നടത്തുന്ന പ്രൊപ്പഗണ്ടയ്ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്.


അടിയന്തരാവസ്ഥക്കാലത്ത് പരസ്യം നല്‍കുന്നത് ആരാണെന്ന് വെളിപ്പെടുത്താതെയാണ് അശോക് മഹാദേവന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പരസ്യം നല്‍കിയത്. ഇങ്ങനെയായിരുന്നു ആ പരസ്യം. ഇതിനെക്കുറിച്ച് അഴിമുഖം 2018 മാര്‍ച്ച് ഏഴിന് പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: മോദിയുടെ ആത്മരതിക്ക് ചികിത്സയുണ്ട്; ടൈംസ് ഓഫ് ഇന്ത്യയില്‍ പരസ്യം നല്‍കി പ്രതിഷേധം

പരസ്യം കൊടുക്കാന്‍ ചെന്ന സമയത്ത് ടൈംസിന്റെ പരസ്യ വിഭാഗത്തില്‍ നിന്ന് അശോക് മഹാദേവനോട് അദ്ദേഹമാണോ 'L.I Berti' (Liberty) എന്ന് ചോദിക്കുകയും ആണെന്ന് മഹാദേവന്‍ മറുപടി പറയുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം മരിച്ചിരിക്കുന്നു എന്നതാണ് പരസ്യമെന്ന് മനസിലാകാതെ ടൈംസ് ഓഫ് ഇന്ത്യ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. താന്‍ തന്നെയാണ് ടൈംസില്‍ ജോലി ചെയ്തിരുന്ന രമേഷ് ചന്ദ്രന്‍ എന്ന സുഹൃത്തിനെ വിളിച്ച് ഇത്തരത്തിലൊരു പരസ്യം വന്നിട്ടുള്ള കാര്യം അറിയിക്കുന്നതെന്ന് റീഡേഴ്‌സ് ഡൈജസ്റ്റിന്റെ എഡിറ്ററായി വിരമിച്ച അശോക് മഹാദേവന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായെങ്കിലും അശോക് മഹാദേവന്‍ താനാണ് പരസ്യം നല്‍കിയത് എന്ന കാര്യം വെളിപ്പെടുത്തിയില്ല. ഇന്ദിരാ ഗാന്ധിയുടെ ഓഫീസില്‍ നിന്നടക്കം ഇക്കാര്യത്തില്‍ അന്ന് അന്വേഷണം നടന്നിരുന്നു.



Next Story

Related Stories