TopTop
Begin typing your search above and press return to search.

ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച 829 പേരില്‍ 476 പേരും സങ്കല്‍പ്പ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയവര്‍; 'ദേശസ്നേഹി'കളായ ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കാനുള്ള ആര്‍എസ്എസ് പദ്ധതി

ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച 829 പേരില്‍ 476 പേരും സങ്കല്‍പ്പ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയവര്‍; ദേശസ്നേഹികളായ ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കാനുള്ള ആര്‍എസ്എസ് പദ്ധതി

ജാമിയ, സക്കാത് ഫൗണ്ടേഷന്‍ തുടങ്ങിയവ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് നല്‍കുകയും മുസ്ലീം സമുദായത്തില്‍ നിന്ന് പരീക്ഷ പാസാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിനേയും അവഹേളിച്ചു കൊണ്ടുള്ള സുദര്‍ശന്‍ ടിവിയിലെ പരിപാടിക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ പിന്തുണയോടെ നടത്തുന്ന സങ്കല്‍പ്പ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പരീശീലനം വഴി ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചത് ആകെ തെരഞ്ഞടുക്കപ്പെട്ടവരുടെ 60 ശതമാനത്തോളം പേരാണ്. മുസ്ലീം സമുദായത്തില്‍ നിന്ന് അഞ്ചു ശതമാനം പേരാണ് ഇത്തവണ തെരഞ്ഞടുക്കപ്പെട്ടത്.

യുപിഎസ്‌സി ഈ വര്‍ഷം തെരഞ്ഞെടുത്ത 829 സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളില്‍ 476 പേരാണ് സങ്കല്‍പ്പ് ഫൗണ്ടേഷനില്‍ പരിശീലനം നടത്തിയിരുന്നതെന്ന് ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു. വെബിനാര്‍ വഴി ഈ മാസം 20-ന് ഫൗണ്ടേഷന്‍ നടത്തുന്ന അനുമോദന ചടങ്ങില്‍ യൂണിയന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍.എന്‍ രവി എന്നിവരാണ് മുഖ്യാതിഥകള്‍. സങ്കല്‍പ്പ് ഫൗണ്ടേഷന്റെ ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാം വഴിയാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ ഇവിടെ പരിശീലനം നേടിയിരുന്നത്.

2018-ല്‍ യുപിഎസ്‌സി തെരഞ്ഞെടുത്ത 990 പേരില്‍ 649 പേര്‍ തങ്ങളുടെ സ്ഥാപനത്തില്‍ പരിശീലനം നേടിയവരാണെന്ന് ഫൗണ്ടേഷന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. 2015-ലെ 1236 പേരില്‍ 670, 2016-ലെ1078 പേരില്‍ 648, 2017-ലെ 1099 പേരില്‍ 689 എന്നിങ്ങനെയാണ് 34 വര്‍ഷം മുമ്പ് സ്ഥാപിതമായ ഫൗണ്ടേഷന്‍ അവകാശപ്പെടുന്ന വിജയശതമാനം. എന്നാല്‍ സങ്കല്‍പ്പ് ഫൗണ്ടേഷന്‍ പരിശീലനം നല്‍കുന്ന ആകെ വിദ്യാര്‍ത്ഥികളില്‍ 10 ശതമാനം പേര്‍ മാതമാണ് വിജയം കൈവരിക്കുന്നുള്ളൂ എന്ന് ദി പ്രിന്റ് സ്ഥാപനത്തിലെ അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

പക്ഷേ, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ ആര്‍എസ്എസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ ഫൗണ്ടേഷന്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് രംഗത്തെ മുന്‍നിര സ്ഥാപങ്ങളിലൊന്നായി മാറിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് മാധ്യമ ശ്രദ്ധയില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന, നോണ്‍-പ്രോഫിറ്റ് സംഘടനയാണ് ഇത്.

"മറ്റ് കോച്ചിംഗ് സെന്ററുകളെ അപേക്ഷിച്ച് ഞങ്ങളുടെ രീതികള്‍ വ്യത്യസ്തമാണ്. മാധ്യമങ്ങളുമായി യാതൊരു വിധത്തിലൂം ഇടപെടാതെ ശാന്തമായി പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ മാധ്യമങ്ങളുമായി ഇടപഴകാറില്ല", മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണറും ഫൗണ്ടേഷന്റെ പ്രധാന ഭാരവാഹികളിലൊരാളുമായ ആര്‍.എസ് ഗുപ്ത പറയുന്നു. എന്നാല്‍ ഫൗണ്ടേഷനെ സംബന്ധിച്ച് മറ്റു കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു.

മാധ്യമ ശ്രദ്ധയില്‍ നിന്നൊഴിഞ്ഞു നില്‍ക്കാറുണ്ടെങ്കിലും ഫൗണ്ടേഷന്റെ ആര്‍എസ്എസ്-ബിജെപി ബന്ധം അത്ര രഹസ്യമല്ല. ഇത്തവണ ധര്‍മേന്ദ്ര പ്രധാനും ആര്‍.എന്‍ രവിയുമാണ് മുഖ്യാതിഥികള്‍ എങ്കില്‍ കഴിഞ്ഞ വര്‍ഷം സങ്കല്‍പ്പ് വിരമിച്ചവരും അല്ലാത്തവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷായും മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാലുമാണ്. ഫൗണ്ടേഷന്റെ മെന്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് കൃഷ്ണ ഗോപാല്‍.

സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ ആഗ്രഹമുള്ള ആര്‍എസ്എസിന്റെ സ്വയംസേവകരെ ലക്ഷ്യമിട്ടാണ് 1980-കളില്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. രാജ്യത്തെ ജെഎന്‍യു അടക്കമുള്ള സര്‍വകലാശാലകളില്‍ നിന്ന് പുറത്തുവരുന്നവരാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥവര്‍ഗത്തിലെ കൂടുതല്‍ പേരും എന്നതിനാല്‍ ഇതിനൊരു മാറ്റം വരുത്താനും ദേശീയവാദിികളായ ഉദ്യോഗസ്ഥരെ സിവില്‍ സര്‍വീസില്‍ എത്തിിക്കുകകയുായിരുന്നു സങ്കല്‍പ്പ് തുടങ്ങിയതിന്റെ പിന്നില്‍. അതിന് ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ കാണുന്ന മാറ്റം അതിന്റെ തെളിവാണെന്നും ദി പ്രിന്റിനോട് സംസാരിച്ച ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതു സംബന്ധിച്ച് വലിയ ചര്‍ച്ചകളും ഉയുരുന്നുണ്ട്. എങ്ങനെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥ വര്‍ഗത്തിലേക്ക് ആര്‍എസ്എസ് സമര്‍ത്ഥമായി കടന്നു കയറുന്നത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്ന കാര്യം. ഉദ്യോഗസ്ഥവൃന്ദത്തിന് ഉണ്ടായിരിക്കേണ്ട വൈിവിധ്യമെന്നത് ഇതോടെ അവസാനിക്കുകയാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഇത്തവണത്തെ ആകെ വിജയികളില്‍ അഞ്ചു ശതമാനം പേരാണ് മുസ്ലീം സമുദായത്തില്‍ നിന്നുള്ളത്. ഇതില്‍ ആദ്യത്തെ 100 പേരില്‍ ഒരാള്‍ മാത്രമാണ് മുസ്ലീം സമുദായത്തില്‍ നിന്നുള്ളത്- 45-ാം റാങ്കുകാരിയായ തിരുവനന്തപുരം സ്വദേശി സഫ്‌ന നസ്‌റുദ്ദീന്‍. ഇത്തവണ വിജയിച്ച മുസ്ലീം സമുദായാംഗങ്ങളായ 42 പേരിലെ 27 പേരും തങ്ങളുടെ ഫൗണ്ടേഷനില്‍ പരിശീലനം നേടിയവരാണെന്ന് സക്കാത് ഫൗണ്ടേഷന്‍ അവകാശപ്പെട്ടു.

Next Story

Related Stories