TopTop
Begin typing your search above and press return to search.

സംഘപരിവാറിനെ പറയുമ്പോള്‍ കൊള്ളുന്നത് കോണ്‍ഗ്രസിന്, വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒത്തുകളിയെന്നും സംശയം; രാഷ്ട്രീയം പറയുന്ന എല്ലാ സ്ത്രീകളും ഇതനുഭവിക്കുന്നു; സൈബര്‍ ആക്രമണത്തെക്കുറിച്ച് ശ്രീജ നെയ്യാറ്റിന്‍കര

സംഘപരിവാറിനെ പറയുമ്പോള്‍ കൊള്ളുന്നത് കോണ്‍ഗ്രസിന്, വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒത്തുകളിയെന്നും സംശയം; രാഷ്ട്രീയം പറയുന്ന എല്ലാ സ്ത്രീകളും ഇതനുഭവിക്കുന്നു; സൈബര്‍ ആക്രമണത്തെക്കുറിച്ച് ശ്രീജ നെയ്യാറ്റിന്‍കര

ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കരക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ടെലഗ്രാം ഗ്രൂപ്പുവഴി ശ്രീജയുടെ വാട്‌സപ്പ് നമ്പര്‍ പ്രചരിപ്പിക്കുകയായിരുന്നു. "പുലര്‍ച്ചെ നാലരയോടുകൂടി എന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അറിയാത്ത ഒരാളുടെ കോള്‍ വന്നു. അശ്ലീലപരമായാണ് അയാള്‍ സംസാരിച്ചത്. പിന്നീട് വാട്‌സ്ആപ്പ് തുറന്നപ്പോഴാണ് പല ആളുകള്‍ നഗ്നഫോട്ടോകള്‍ അയച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇത്തരത്തില്‍ നഗ്ന ഫോട്ടോകള്‍ അയച്ച 128 പേരെ വാട്‌സ്ആപ്പില്‍ ബ്ലാക്ക് ചെയ്തു", ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലില്‍നിന്നും ഇങ്ങോട്ട് വിളിച്ച് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ശ്രീജ വ്യക്തമാക്കി.

"ഇതിന് മുന്‍പും ഇത്തരത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍നിന്ന് സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്നാല്‍ അതിത്രയും രൂക്ഷമായ രീതിയില്‍ ആയിരുന്നില്ല. കാലങ്ങളായി ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നമാണിത്. എപ്പോഴൊക്കെ രാഷ്ട്രീയം സംസാരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ബലാത്സംഗ ഭീഷണി, വധഭീഷണി, ലൈംഗിക അധിക്ഷേപം എന്നിങ്ങനെ ഞാനിത് നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്നു. പതിനാല് കേസുകള്‍ വിവിധ സമയങ്ങളിലായി കേരള പോലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും തന്നെ ഒരു ഫലവു മുണ്ടായിട്ടില്ല. പോലീസില്‍ കേസ് കൊടുത്താല്‍ അതിന്റെ പിന്നാലെ നടന്നെങ്കില്‍ മാത്രമേ ഫലമുണ്ടാവുകയുള്ളൂ. കോടതിയില്‍ എത്തിയിട്ടുപോലും കേസുകള്‍ അട്ടിമറിഞ്ഞ സാഹചര്യം ഉണ്ടായിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാന്‍ തന്നെ കാരണമായത് ഇത്തരമൊരു പ്രശ്‌നത്തിന്റെ പേരിലാണ്. മുമ്പ് ഉണ്ടായ ഒരു സൈബര്‍ ആക്രമണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ സമരംചെയ്യേണ്ട അവസ്ഥയുണ്ടായി. അത് ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയോട് കൂടിയാലോചിച്ചില്ല എന്ന പേരിലുണ്ടായ പ്രശ്‌നത്തിലാണ് ഞാന്‍ ആ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നത്. ഫേ‌സ്ബുക്കില്‍ നമ്മള്‍ രാഷ്ട്രീയപരമായി ഇടപെടുമ്പോള്‍ ആണുങ്ങള്‍ പകരം മറുപടിയല്ല തരുന്നത്; ലിംഗമാണ്. ഇതിനെല്ലാം ഒറ്റ ഉദ്ദേശമേയുള്ളൂ. നമ്മള്‍ പിന്നീട് രാഷ്ട്രീയപരമായി സംസാരിക്കരുത്. എല്ലാ ആണുങ്ങളുടേയും രീതിയാണത്. എന്റെ പത്ത് വയസ്സുള്ള കുഞ്ഞിന്റെ ഫോട്ടോ വരെ വെച്ച് ഇവര്‍ അശ്ലീലപരമായ പോസ്റ്ററുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു. ഇത്തരത്തില്‍ ആക്രമണം നടത്തുന്നവരില്‍ എല്ലാ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു" ശ്രീജ നെയ്യാറ്റിന്‍കര കൂട്ടിച്ചേര്‍ത്തു.

ഇവിടെ സ്ത്രീപക്ഷ നിയമങ്ങളുണ്ട് സൈബര്‍ ആക്ടുകളുണ്ട്; എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം കേസുകളൊന്നും പോലീസുകാര്‍ അന്വേഷിക്കുകയില്ലെന്ന് ശ്രീജ പറയുന്നു. "ഇവിടുത്തെ എം പിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ മുഖ്യമന്ത്രിക്കോ ഒക്കെ എതിരെയാണ് ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാവുന്നതെങ്കില്‍ പോലീസ് അവരെ വെറുതെ വിടുമോ? ഫേ‌സ്ബുക്ക് മെസഞ്ചറില്‍ വന്ന് ബലാത്സംഗ ഭീഷണി ഉയര്‍ത്തിയ ശ്രീജിത്ത് ജെ മുരളീധരന്‍ എന്ന ആളിന്റെ പേരില്‍ മാത്രമാണ് ഇതുവരെ പോലീസ് കേസെടുത്തിട്ടുള്ളൂ. നെയ്യറ്റിന്‍കര പോലീസ് സ്‌റ്റേഷന്റെ മുമ്പില്‍ സത്യാഗ്രഹം ഇരുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍എസ്എസ് കാര്യവാഹകനായ ഇയാളുടെ പേരില്‍ അന്ന് പോലീസ് കേസ് എടുത്തത്. ആ കേസ് ആര്‍എസ്എസ് നേരിട്ട് നടത്തുന്ന കേസാണ്. ഇതില്‍ ഞാന്‍ പോലീസിന് നല്‍കിയ മൊഴിയടക്കം തിരുത്തുകയുണ്ടായി. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. കേരളത്തിലെ സൈബര്‍ ഇടങ്ങളില്‍ രാഷ്ട്രീയം പറയുന്ന എല്ലാ സ്ത്രീകളും ഇത്തരത്തിലുള്ള ആക്രമണം നേരിടുന്നു. ഇതില്‍ കക്ഷിരാഷ്ട്രീയം ഒന്നുമില്ല. ഇല്ലാവരും ഈ സൈബര്‍ ആക്രണം നടത്തുന്നു. ഈ അടുത്ത് കാലത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടിട്ട പോസ്റ്റുകളില്‍ വളരെ മോശമായ രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമന്റുകള്‍ ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ല സെക്രട്ടറി എന്ന് പ്രൊഫൈലില്‍ കാണുന്ന ഒരാളായിരുന്നു ഇത്തരത്തില്‍ കമന്റ് ചെയ്തത്. സൈബര്‍ ഇടങ്ങളില്‍ പലപ്പോഴും സംഘപരിവാറിനെ പറയുമ്പോള്‍ കോണ്‍ഗ്രസിനാണ് കൊള്ളുന്നത്. അതുപോലെ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ പേരില്‍ക്കൂടിയാണ് ആ പാര്‍ട്ടിയില്‍നിന്ന് ഞാന്‍ രാജിവെച്ചിരുന്നത്. കോണ്‍ഗ്രസുമായുള്ള വെല്‍ഫെയര്‍പാര്‍ട്ടിയുടെ ഒത്തുകളികളെ പലതരത്തില്‍ ഞാന്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോല്‍ ഈ ആക്രമണം കോണ്‍ഗ്രസിന്റെ കളിയോണോ, അതോ ഇവര്‍ തമ്മിലുള്ള ഒത്തുകളിയാണോ എന്ന് എനിക്ക് സംശയമുണ്ട്", ശ്രീജ നെയ്യാറ്റിന്‍കര പറയുന്നു.


Next Story

Related Stories