TopTop
Begin typing your search above and press return to search.

NEWS WRAP | 'ആഭ്യന്തര യുദ്ധ' ഭീതി, തിരഞ്ഞെടുപ്പിന് മുന്‍പ് തോക്കുകള്‍ വാങ്ങിക്കൂട്ടി അമേരിക്കക്കാര്‍

NEWS WRAP | ആഭ്യന്തര യുദ്ധ ഭീതി, തിരഞ്ഞെടുപ്പിന് മുന്‍പ് തോക്കുകള്‍ വാങ്ങിക്കൂട്ടി അമേരിക്കക്കാര്‍

യുഎസ് തിരഞ്ഞെടുപ്പ് നടപടികള്‍ അവസാന മണിക്കൂറിലേക്ക് കടക്കുമ്പോള്‍ അസാധാരണമായ തിരക്കാണ് തോക്ക് വിപണിയില്‍ ദൃശ്യമാവുന്നത്. തിരഞ്ഞെടുപ്പിന് ശേഷം രാജ്യം അഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭയപ്പാടിലാണ് അമേരിക്കക്കാര്‍. സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് 28.8 മില്ല്യണ്‍ ആളുകള്‍ തോക്കുകള്‍ സ്വന്തമാക്കി കഴിഞ്ഞു. 2019 ല്‍ ആകെ തോക്ക് വാങ്ങിച്ചവര്‍ 28.4 മില്ല്യണ്‍ ആളുകളാണ്. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ഇതില്‍ 40% പേരും ആദ്യമായി തോക്ക് വാങ്ങുന്നവരാണ്. നാഷണല്‍ സ്പോര്‍ട്ട്സ് ഷൂട്ടിംഗ് ഫൌണ്ടേഷന്‍ ആണ് ഈ കണക്ക് പുറത്തുവിട്ടത്. റിപ്പബ്ലിക്കന്‍സിനും ഡെമോക്രാറ്റ്സിനും ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ ഒരേ പോലെ ഈ പ്രവണത കാണുന്നുണ്ട് എന്നു ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്സ്പ്പ്രസ്സ് റിപ്പോര്‍ട്ട് തുടങ്ങുന്നത് തന്നെ ആര്‍തര്‍ ബെന്‍സന്‍ എന്ന പെന്‍സില്‍വാനിയക്കാരന്റെ അനുഭവം പറഞ്ഞുകൊണ്ടാണ്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രവര്‍ത്തകനായ ഇയാള്‍ അത്രയധികം താല്‍പ്പര്യമില്ലാതിരുന്നിട്ടുകൂടി ഒരു തോക്ക് വാങ്ങിച്ചു. അതിനു കാരണമായി അയാള്‍ പറയുന്നതു കഴിഞ്ഞ വേനല്‍ക്കാലത്ത് 30 ഓളം പേര്‍ പങ്കെടുത്ത ഒരു ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രകടനത്തെ എതിര്‍ത്തുകൊണ്ട് 300 ട്രംപ് അനുകൂലികളാണ് പ്രകടനം നടത്തിയത്. ഇവരെല്ലാം തന്നെ വലിയ ഓട്ടോമാറ്റിക് യന്ത്രത്തോക്കുകള്‍ കയ്യില്‍ പിടിച്ചിരുന്നു.

"അവര്‍ വെടിവെച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങളുടെ കയ്യില്‍ വേറെ മാര്‍ഗ്ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല" ബെന്‍സന്‍ പറയുന്നു.

ബെന്‍സന്റെ പാത പിന്‍തുടര്‍ന്ന് നിരവധി പേര്‍ തോക്കുകള്‍ വാങ്ങിക്കുന്നു എന്നാണ് മേല്‍ ഉദ്ധരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണം നടക്കുന്നതു അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് എന്നതുതന്നെ. കൂടാതെ മുന്‍കൂട്ടിയുള്ള വോട്ടിംഗ് ക്രമാതീതമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നീണ്ടുപോകാനുള്ള സാധ്യതയും ഉത്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്. മെയില്‍ ഇന്‍ ബാലറ്റിനെതിരെ ട്രംപ് രംഗത്ത് വന്നതും പരാജയപ്പെട്ടാല്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കില്ല എന്ന പ്രസിഡന്റിന്റെ പ്രസ്താവനയും സൂചിപ്പിക്കുന്നത് വലിയ അസ്വസ്ഥത സമൂഹത്തില്‍ രൂപപ്പെട്ടേക്കാം എന്നു തന്നെയാണ്.

ആഭ്യന്തര തീവ്രവാദമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്നു ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹോംലാന്ഡ് സെക്യൂരിറ്റി പറഞ്ഞത് ഈ അടുത്തകാലത്താണ്. വെള്ള ദേശീയ വാദികളായ പ്രൌഡ് ബോയ്സിനെ ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ട്രംപ് തള്ളിപ്പറയാതിരുന്നത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

ഇതിനിടയില്‍ ഇടതു പക്ഷം ചേര്‍ന്ന് നില്‍ക്കുന്ന സോഷ്യലിസ്റ്റ് റൈഫിള്‍ അസോസിയേഷന്‍, ആഫ്രിക്കന്‍ അമേരിക്കന്‍ ഗണ്‍ അസോസിയേഷന്‍ എന്നീ സംഘടനകളും തോക്കുകള്‍ വാങ്ങിച്ചുകൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഭയന്ന് കഴിഞ്ഞ വെള്ളിയാഴ്ച തങ്ങളുടെ കടകളില്‍ നിന്നും തോക്കുകളും തിരകളും വാള്‍മാര്‍ട്ട് എടുത്തുമാറ്റുകയുണ്ടായി.

മുല്ലപ്പള്ളിയുടെ 'സതി' വാദം

സോളാർ കേസിലെ പരാതിക്കാരിക്കെതിരേ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയാണ് പുതിയ വിവാദത്തിന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരികൊളുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുമ്പിൽ യു.ഡി.എഫ്. സംഘടിപ്പിച്ച വഞ്ചനാദിനാചരണ ചടങ്ങിലെ പ്രസംഗത്തിനിടയിലാണ് വിവാദ പരാമര്‍ശം, "ഓരോദിവസവും ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്നെ ഇതാ ബലാത്സംഗം ചെയ്തിരിക്കുന്നുവെന്ന് പറയുന്ന ഒരാളെയാണ് അവർ രംഗത്തുകൊണ്ടുവരാൻ പോകുന്നത്. തന്നെ ബലാത്സംഗത്തിന് വിധേയമാക്കിയിരിക്കുന്നു എന്നുപറയുന്ന ഒരു സ്ത്രീയെ അണിയിച്ചൊരുക്കി തിരശ്ശീലയ്ക്ക് പിന്നിൽ നിർത്തിയിരിക്കുന്നു. എപ്പോഴാണ് രംഗത്തുവരേണ്ടെതെന്നാണ് അവർ ചോദിക്കുന്നത്. മുഖ്യമന്ത്രീ, ഈ കളി ഇവിടെ നടപ്പില്ല. മുങ്ങിച്ചാവാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ടുവന്ന് കഥപറയിപ്പിക്കാമെന്ന് ആഗ്രഹിച്ചാൽ അത് അങ്ങയുടെ വൃഥാശ്രമമാണ്. കേരളം കേട്ട് മടുത്തതാണ്. ഒരു സ്ത്രീയെ ഒരിക്കൽ പീഡിപ്പിച്ചുവെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. അതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നാൽ ആത്മാഭിമാനമുള്ള സ്ത്രീ ഒന്നുകിൽ അവിടെ മരിക്കും. അല്ലെങ്കിൽ ആവർത്തിക്കാതിരിക്കാനുള്ള സാധ്യത ഒഴിവാക്കും. "

പരാമർശം വിവാദമായപ്പോൾ മാപ്പുപറഞ്ഞ് തടിയൂരിയെങ്കിലും വനിതാ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതോടെ സംഗതി രാഷ്ട്രീയ കോലാഹലം ഉണ്ടാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരു കെ.പി.സി.സി. ജനറൽസെക്രട്ടറിക്കെതിരേ സോളാർ കേസിലെ പരാതിക്കാരി കഴിഞ്ഞദിവസം പീഡന പരാതി നൽകിയിരുന്നു.

നേരത്തെ കോവിഡ് റാണി എന്നും നിപ്പ രാജകുമാരി എന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജയെ വിശേഷിപ്പിച്ചത് വഴി മുല്ലപ്പള്ളി വിവാദത്തില്‍ കുടുങ്ങിയിരുന്നു.

സ്വപ്ന പദ്ധതികളില്‍ പിടിമുറുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍

ഇന്റർനെറ്റ് സേവനരംഗത്തേക്കുള്ള കേരള സർക്കാർ കമ്പനിയായ കെ-ഫോണ്‍ അടക്കം 4 പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു എന്നാണ് സ്വര്‍ണ്ണക്കടത്തില്‍ തുടങ്ങിയ വാര്‍ത്താ പരമ്പരയിലെ പുതിയ വാര്‍ത്ത. കെ.എസ്.ഇ.ബി.യും കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്തസംരംഭമാണ് കേരള ഫൈബർ ഓപ്റ്റിക്സ് നെറ്റ്‌വർക്ക് പ്രോജക്ട് (കെ-ഫോൺ). കേന്ദ്ര ജി എസ് ടി ഇന്റലിജന്‍സ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ കെ എ ഇ ബിയില്‍ നിന്നും ശേഖരിച്ചു കഴിഞ്ഞു. ഐ ടി വകുപ്പിനോടും രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതിബോർഡും കേരള സ്‌റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെ.എസ്.ഐ.ടി.ഐ.എൽ.) ചേർന്നുള്ളതാണ് 1028 കോടിയുടെ കെ ഫോണ്‍ പദ്ധതി.

ഇതുകൂടാതെ ശിവശങ്കർ സെക്രട്ടറിയായിരിക്കേ മുൻകൈയെടുത്ത് നടപ്പാക്കിയ മറ്റ് പദ്ധതികളായ സ്മാർട്ട് സിറ്റി, ഇ-മൊബിലിറ്റി, ഡൗൺടൗൺ എന്നിവയുടെ രേഖകള്‍ ആവശ്യപ്പെട്ടും ഇ ഡി ഐ ടി സെക്രട്ടറിക്ക് കത്ത് നല്കിയിട്ടുണ്ട് എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സക്കറിയയ്ക്ക് എഴുത്തച്ചന്‍ പുരസ്കാരം

മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാനസർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം കഥാകൃത്ത് സക്കറിയയ്ക്ക്. അരനൂറ്റാണ്ടിലേറെയായി മലയാളസാഹിത്യത്തിനും മലയാളിയുടെ ചിന്തയ്ക്കും നൽകിയ അതുല്യമായ സംഭാവനകൾ പരിഗണിച്ചാണ് സക്കറിയയെ പുരസ്കാരത്തിനായി പരിഗണിച്ചത് എന്നു സാംസ്കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പലപ്പോഴും സി പി എം വിരുദ്ധ പ്രസ്താവനകള്‍ക്കൊണ്ട് വിവാദപുരുഷനായിട്ടുള്ള സക്കറിയയ്ക്ക് ഇടതുപക്ഷ ഗവണ്‍മെന്‍റ് നല്‍കിയ പുരസ്കാരത്തെ കൌതുകത്തോടെയാണ് സാംസ്കാരിക ലോകം കാണുന്നത്.
സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories