TopTop
Begin typing your search above and press return to search.

"ഈ യുദ്ധം ഇന്ത്യ തോറ്റു, എന്നാൽ അവരെപ്പോളും ജയിക്കില്ല" - രാമക്ഷേത്രത്തെക്കുറിച്ച് 'രാം കേ നാം' സംവിധായകൻ അഴിമുഖത്തോട്; രാഷ്ട്രീയപ്പാർട്ടികളിലല്ല, സാധാരണക്കാരിലാണ് പ്രതീക്ഷ

ഈ യുദ്ധം ഇന്ത്യ തോറ്റു, എന്നാൽ അവരെപ്പോളും ജയിക്കില്ല - രാമക്ഷേത്രത്തെക്കുറിച്ച് രാം കേ നാം സംവിധായകൻ അഴിമുഖത്തോട്; രാഷ്ട്രീയപ്പാർട്ടികളിലല്ല, സാധാരണക്കാരിലാണ് പ്രതീക്ഷ

ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന് എന്നാണ് അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനെക്കുറിച്ച് 'രാം കെ നാം' (In the name of God) അടക്കമുള്ള ഡോക്യൂമെന്ററികളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആനന്ദ് പട് വർദ്ധൻ പറഞ്ഞത്. രാമക്ഷേത്രത്തിന്റെ നിർമ്മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതുമായി ബന്ധപ്പെട്ട് അഴിമുഖത്തോട് പ്രതികരിക്കവേയാണ് ആനന്ദ് പട് വർദ്ധൻ ഇക്കാര്യം പറഞ്ഞത്. ഈ യുദ്ധത്തിൽ ജനാധിപത്യ ഇന്ത്യ തോറ്റിരിക്കുന്നു. ഇത് നമ്മൾ തോറ്റ യുദ്ധമാണ്. എന്നാൽ അവരുടെ വിജയം ശാശ്വതമല്ല. കാര്യങ്ങൾ മാറുന്നൊരു ദിവസം വരും - ആനന്ദ് പട്വർദ്ധൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രത്യാശകളും പ്രതീക്ഷകളും ഇല്ലാതാകുന്നില്ല എന്ന് ആനന്ദ് പട്വർദ്ധൻ പറഞ്ഞു. 'വിവേക്' (Reason) എന്ന ഏറ്റവും പുതിയ ഡോക്യൂമെന്ററിയിലെ അവസാന രംഗത്തിൽ വിജയപ്രതീക്ഷകളേയും സ്വപനങ്ങളേയും കുറിച്ച് പറയുന്ന, ഹിന്ദുത്വ തീവ്രവാദികളാൽ കൊല്ലപ്പെട്ട സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയുടെ ശബ്ദമാണുള്ളത്. സ്വപ്നങ്ങൾ അവസാനിക്കുന്നില്ലെന്നും സ്വപ്നം കാണുന്നത് തെറ്റല്ലെന്നും പൻസാരെ പറയുന്നുണ്ട്. അവസാനിക്കാത്ത പ്രതീക്ഷകളുമായി വെളിച്ചം തേടി പൻസാരെ മുന്നോട്ട് നടക്കുന്ന ദൃശ്യത്തിലാണ് ഇത് കേൾക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തെക്കുറിച്ച്, പള്ളി പൊളിക്കുക എന്ന ക്രിമിനൽ പ്രവൃത്തിയിലൂടെ, ആ സ്ഥലത്ത് നിർമ്മിക്കുന്ന ക്ഷേത്രത്തെക്കുറിച്ച് 'രാം കേ നാമി'ന്റെ സംവിധായകന് പറയാനുള്ളതും ഇക്കാര്യം തന്നെയാണ്.

പ്രതീക്ഷകൾ ബാക്കിയുണ്ട് എന്ന് പറയുന്നതിന് കാരണങ്ങളുണ്ട്. അവർ പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കുന്നില്ല. അവർ തൊഴിലില്ലായ്മ പരിഹരിക്കുന്നില്ല, അവർ കോവിഡ് പരിഹരിക്കുന്നില്ല എന്നതുകൊണ്ടൊക്കെയാണിത് - ആനന്ദ് പട്വർദ്ധൻ അഴിമുഖത്തോട് പറഞ്ഞു. ജനങ്ങളുടെ എല്ലാ യഥാർത്ഥ ജീവിതപ്രശ്നങ്ങളും അവരുടെ മുഖത്തടിക്കാൻ പോവുകയാണ്. അവർക്ക് താൽക്കാലികമായേ ഇതുപോലെ ജനങ്ങളെ വിഡ്ഢികളാക്കാനാകൂ. ലിബറൽ ജനാധിപത്യക്കാരെന്ന് പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പറ്റി സംസാരിച്ച് ഇനി നമ്മൾ സമയം കളയേണ്ട ആവശ്യമില്ല. അവർ അത്രയ്ക്ക് മോശമായ നിലയിലാണ്. നിലവിലുള്ള പാർട്ടികളിലല്ല, സാധാരണ ജനങ്ങളിൽ മാത്രമാണ് ഈ രാജ്യത്തിന്റെ ഇനിയുള്ള പ്രതീക്ഷകൾ. ഇന്ന് രാം കേ നാം വിവിധ ഇടങ്ങളിൽ കാണിക്കുന്നുണ്ട്. അതിന്റെ ബംഗാളി വേർഷൻ ഇപ്പോൾ ഇറക്കിയിട്ടുണ്ട്. മലയാളം വേർഷനുമുണ്ട് - ആനന് പട് വർദ്ധൻ പറഞ്ഞു.

നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ രാം കേ നാം ഹിന്ദുത്വവാദികൾ നിരന്തരം ആക്രമിച്ച ചിത്രമാണ്. ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന് മുൻപ് തന്നെ രാം കേ നാം പൂർത്തിയായിരുന്നു. എന്നാൽ 1991ൽ പൂർത്തിയായ രാം കേ നാം 1997ൽ ബോംബെ ഹൈക്കോടതി വിധിയെ തുടർന്നാണ് പ്രദർശിപ്പിക്കാൻ സാധ്യമായത്. 1992 സെപ്റ്റംബർ 18നാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാൽ സംഘപരിവാർ സംഘടനകൾ പല തവണ രാം കേ നാമിന്റെ പ്രദർശനം തടസപ്പെടുത്തിയിരുന്നു.1993ൽ ബോംബെയിൽ രാം കേ നാമിന്റെ പ്രദർശനം എബിവിപി, ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു. 2002ൽ ന്യൂയോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലെ പ്രദർശനം വിശ്വഹിന്ദു പരിഷദ് ഓഫ് അമേരിക്കയുടെ പ്രവർത്തകർ തടസപ്പെടുത്തി. 2014ൽ പൂനെയിലെ ഇന്ത്യൻ ലോ സൊസൈറ്റി ലോ കോളേജിലെ പ്രദർശനം വിഎച്ച്പി പ്രവർത്തകർ തടഞ്ഞു. 2019 ഓഗസ്റ്റ് 30ന് ഡൽഹിയിലെ അംബേദ്കർ യൂണിവേഴ്സിറ്റിയിലെ പ്രദർശനം എബിവിപിയാണ് തടസപ്പെടുത്തിയത്. 2019 ഓഗസ്റ്റിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രദർശനം എബിപിവി തടയുകയും പ്രദർശനം സംഘടിപ്പിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന് മുമ്പുള്ള അയോധ്യയിലെ കലാപ കലുഷിതമായ അന്തരീക്ഷവും രാമനെന്ന ദൈവത്തിന്റെ പേരിലുള്ള ബിജെപിയുടേയും സംഘപരിവാറിന്റേയും അധികാരരാഷ്ട്രീയ പദ്ധതിയും അത് മതനിരപേക്ഷ ഇന്ത്യക്ക് ഉയർത്തുന്ന വലിയ ഭീഷണികളുമാണ് രാം കേ നാം ചർച്ച ചെയ്തത്. അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാമജന്മഭൂമി പ്രക്ഷോഭത്തെ ശക്തമായി എതിർത്തിരുന്ന, അയോധ്യയിലെ പൂജാരി മഹന്ത് ലാൽ ദാസ് അടക്കമുള്ളവർ ഇതിൽ സംസാരിക്കുന്നുണ്ട്. ലാൽ ദാസിനെ 1993ൽ വെടി വച്ച് കൊല്ലുകയായിരുന്നു. രാം കേ നാമിന് ശേഷം ചെയ്ത 'ഫാദർ സൺ ആൻഡ് ഹോളിവാർ' (Father Son and Holy War), ജയ് ഭീം കോംമ്രേഡ് (Jai Bhim Comrade), വിവേക് (റീസൺ) എന്നീ ഡോക്യുമെന്ററികളിലും ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുരാഷ്ട്ര നിർമ്മാണ പദ്ധതിയെ ആനന്ദ് പട്വർദ്ധൻ വിശകലനം ചെയ്തിരുന്നു. ആനന്ദ് പട്വർദ്ധനെതിരെ സംഘപരിവാർ നേതാവ് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ വിവേക് എന്ന ഡോക്യുമെന്ററിയിൽ തന്നെ കാണാം. ഹിന്ദുത്വ തീവ്രവാദ സംഘടനയും നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളിൽ കുറ്റാരോപിതരുമായ സനാതൻ സൻസ്ഥയെ ന്യായീകരിച്ചുകൊണ്ടാണ് സംഘപരിവാർ അനുകൂലിയായ അഭിഭാഷക നേതാവ് പട്വർദ്ധനെതിരെ ഭീഷണി മുഴക്കിയത്. "ഞാനിവിടെയുണ്ട്. എന്താണെന്ന് വച്ചാൽ ചെയ്തോളൂ" എന്ന് ആനന്ദ് പട്വർദ്ധൻ വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കാണാം.

രാം കേ നാം (മലയാളം) കാണാം:


Next Story

Related Stories