രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരു ചിത്രം. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യുവതിയായ ഡിവൈഎസ്പിക്ക് സല്യൂട്ട് നല്കുന്നു. അവരാകട്ടെ നിറഞ്ഞ ചിരിയോടും വിടര്‍ന്ന കണ്ണുകളോടെയും ആ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നോക്കുന്നു. തിരുപ്പതിയില്‍ ആന്ധ്രപ്രദേശ് പൊലീസ് സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു അത്യന്തം ഹൃദയഹാരിയായ ഈ സംഭവം. സല്യൂട്ട് നല്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പേര് ശ്യാം സുന്ദര്‍. സല്യൂട്ട് സ്വീകരിക്കുന്ന ഡിവഐഎസ്പി അദ്ദേഹത്തിന്റെ മകള്‍ ജെസി പ്രശാന്തിയും. കൂടിനിന്നവര്‍ക്കെല്ലാം സന്തോഷം പകര്‍ന്ന കാഴ്ച സഹപ്രവര്‍ത്തകരാണ് പകര്‍ത്തിയത്. പിന്നാലെ ആന്ധപ്രദേശ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അത് പോസ്റ്റ് ചെയ്തു. അതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അതേറ്റെടുക്കുകയായിരുന്നു.
തിരുപ്പതിയില്‍ ഇഗ്നൈറ്റ് എന്ന പേരില്‍ ഒരുക്കിയിരുന്ന പൊലീസ് യോഗത്തിന്റെ ക്രമീകരണങ്ങളെക്കുറിച്ച് ജെസി ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെയാണ് ശ്യാം സുന്ദര്‍ അതുവഴി നടന്നുവന്നത്. തന്റെ മേലുദ്യോഗസ്ഥയെക്കണ്ട് ഉടന്‍ സല്യൂട്ട് നല്കി. ജെസിയും സല്യൂട്ട് മടക്കിനല്‍കി. പിന്നാലെയാണ് മുന്നില്‍ നില്‍ക്കുന്നത് ഡാഡിയാണെന്ന് ജെസി തിരിച്ചറിഞ്ഞത്. അതോടെ, എന്താ ഡാഡി.. എന്നു പറഞ്ഞുകൊണ്ട് ജെസി ഉറക്കെ ചിരിക്കുകയായിരുന്നു.
സ്വന്തം മക്കള്‍ നേട്ടങ്ങള്‍ സ്വന്തമാക്കി രാജ്യത്തിന് അഭിമാനമാകുന്നതില് കൂടുതല്‍ ഒരു പിതാവിന് എന്താണ് വേണ്ടത് എന്നായിരുന്നു ചിത്രത്തെക്കുറിച്ച് ശ്യാം സുന്ദര്‍ പറഞ്ഞത്. മകള്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചുനില്ക്കുന്നത് കണ്ടപ്പോള്‍ ഏറെ സന്തോഷമായി. ആത്മാര്‍ത്ഥതയോടും സത്യസന്ധമായും അവള് തന്റെ കടമ നിര്‍വഹിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളരെ സന്തോഷം നിറഞ്ഞൊരു ആശ്ചര്യം എന്നായിരുന്നു ജെസിയുടെ പ്രതികരണം. ഡാഡി സല്യൂട്ട് ചെയ്തപ്പോള്‍ പെട്ടെന്ന് എന്തോ പോലെ തോന്നി. പക്ഷേ, അതെല്ലാം ഡ്യൂട്ടിയുടെ ഭാഗമാണല്ലോ. ഈ ജോലിയിലേക്കുള്ള തന്റെ പ്രചോദനവും ശക്തിയും ഡാഡിയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നമ്മള് പലപ്പോഴും സിനിമകളില്‍ മാത്രം കാണുന്ന ദൃശ്യം യഥാര്‍ത്ഥ ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു തിരുപ്പതി അര്‍ബന്‍ എസ്പി എ രമേശ് റെഡ്ഡിയുടെ പ്രതികരണം. പ്രശാന്തിയെക്കുറിച്ച് ഏറെ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.