TopTop
Begin typing your search above and press return to search.

'30 ദിവസത്തെ നോട്ടീസ് പിരീഡ് പോലും മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് പ്രതിസന്ധിയാണ്', അതിനെതിരെയാണ് ഇനിയുള്ള പോരാട്ടമെന്ന് ചട്ടം മാറ്റാന്‍ ഇടപെട്ട ആതിര സുജാത രാധാകൃഷ്ണന്‍

30 ദിവസത്തെ നോട്ടീസ് പിരീഡ് പോലും മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് പ്രതിസന്ധിയാണ്, അതിനെതിരെയാണ് ഇനിയുള്ള പോരാട്ടമെന്ന് ചട്ടം മാറ്റാന്‍ ഇടപെട്ട ആതിര സുജാത രാധാകൃഷ്ണന്‍

സ്‌പെഷല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ സ്വകാര്യ വിവരങ്ങള്‍ ഇനി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തില്ല. അപേക്ഷകരുടെ വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡുകളില്‍ മാത്രമായിരിക്കും പരസ്യപ്പെടുത്തുക. വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷകരുടെ സ്വകാര്യ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ആതിര സുജാത രാധാകൃഷ്ണന്‍ എന്ന വനിതയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം എഴുതിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തില്‍ മിശ്ര വിവാഹത്തിന് തയ്യാറെടുക്കുന്ന പലര്‍ക്കും ആശ്വാസമാവുന്ന ഉത്തരവിന് കാരണക്കാരിയായത് പോളിസി പ്രൊഫഷണല്‍ ആയ ആതിര സുജാത രാധാകൃഷ്ണനാണ്. താന്‍ ഇത്തരത്തില്‍ പരസ്യമായി പ്രതികരിക്കാനുള്ള കാരണവും അതില്‍ സര്‍ക്കാര്‍ എടുത്ത നടപടിയില്‍ സന്തോഷവും പങ്കുവക്കുകയാണ് ആതിര.

"ഞാനും ഭര്‍ത്താവ് ഷമീമും സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചിരുന്നു. അപേക്ഷിച്ച്‌ കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷമീമിന് ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ വന്നു. നിങ്ങളുടെ മുഖത്തോട് സാമ്യമുള്ള ഒരു ഫോട്ടോ ഒരാള്‍ അപലോഡ് ചെയ്തിട്ടുണ്ട്. അതില്‍ നിങ്ങള്‍ക്ക് പേര് ടാഗ് ചെയ്യണോ എന്ന് ചോദിച്ചുകൊണ്ട്. അപ്പോഴാണ് അങ്ങനെയൊരു കാര്യം അറിയുന്നത്. നോക്കിയപ്പോള്‍ ഞങ്ങളുടേതുള്‍പ്പെടെ നൂറോളം അപേക്ഷകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് താഴെ കമന്റുകളും ഹേറ്റ് കാമ്ബയിനും നടക്കുന്നുണ്ട്. ലൗ ജിഹാദ് ആണെന്നും ഇവരുടെ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കണം എന്നുമെല്ലാം പറഞ്ഞ്. ഞാനും ഷമീമും വീട്ടുകാരുടെ അറിവും സമ്മതത്തോടെയും വിവാഹം ചെയ്യാനിരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ഇതൊരു കാര്യമായി തോന്നിയില്ല. എന്നാല്‍ ഞങ്ങളുടെ അത്രയും പ്രിവിലേജ് ഇല്ലാത്തവരുടെ കാര്യം ആലോചിച്ചു. സുഹൃത്തുക്കളായ പലരും ഞങ്ങളും എല്ലാവരും പോസ്റ്റ് ഇട്ട പ്രൊഫൈല്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തു. അപ്പോഴേക്കും ആ കൂട്ടര്‍ ഈ ചര്‍ച്ചയില്‍ നിന്ന് മറ്റെന്തിലേക്കോ മാറിയിരുന്നു. പിന്നീട് ഫേസ്ബുക്കില്‍ അത്തരം ചര്‍ച്ചകള്‍ കണ്ടില്ല. പിന്നീട് ഒരു ദിവസം അമ്മ വാട്‌സ്‌ആപ്പില്‍ കിട്ടിയ ഫോട്ടോയും മെസ്സേജും എനിക്ക് അയച്ച്‌ തന്നു. അതില്‍ എന്റെ അപേക്ഷ ഉള്‍പ്പെടെ ഉണ്ടായിരുന്നു. വിവാഹത്തിന്റെ തിരക്കായതിനാല്‍ അന്ന് അതത്ര ശ്രദ്ധിച്ചില്ല.

പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹം കഴിഞ്ഞപ്പോള്‍, അതിന്റെ ഫോട്ടോ ഉള്‍പ്പെടെ ഇത്തരം ഹേറ്റ് കാമ്ബയിന് ഉപയോഗിക്കുന്നത് കണ്ടു. അപ്പോഴാണ് ഇത്രയും പ്രിവിലേജ് ഉള്ളയാളുകള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും എന്നാലോചിച്ചത്. അതുകൂടി കണ്ടപ്പോഴാണ് എന്റെ അനുഭവം ഞാന്‍ ഫേസ്ബുക്കില്‍ എഴുതുന്നത്. ആദ്യം അത് പറയാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. മന്ത്രിയെ ഉള്‍പ്പെടെ ടാഗ് ചെയ്ത് ഇട്ടത് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്താനാണ്. 30 ദിവസത്തെ നോട്ടീസ് പിരീഡ് പോലും മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് പ്രതിസന്ധിയാണ്. അതിന് പുറമെയാണ് സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ഉത്തരവ് കൊണ്ടുവന്നത്. 30 ദിവസം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം എന്ന നിയമം മാറ്റണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണം. എന്നാല്‍ വെബ്‌സൈറ്റില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ലഭിക്കുന്നത് ഒഴിവാക്കാന്‍ മന്ത്രിയെയാണ് അറിയിക്കേണ്ടത് എന്നതിനാലാണ് മന്ത്രിയെ ടാഗ് ചെയ്തത്. പിന്നീട് പലരും ഇക്കാര്യം നേരിട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

അത് ശ്രദ്ധയില്‍പെട്ടയുടന്‍ അദ്ദേഹം അക്കാര്യത്തില്‍ മാറ്റം വരുത്തി എന്നത് വലിയ കാര്യമാണ്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. അങ്ങേയറ്റം സന്തോഷവും. എന്നാല്‍ ഞങ്ങള്‍ ഇതോടെ പോരാട്ടം അവസാനിപ്പിക്കുന്നില്ല. 30 ദിവസത്തെ സമയം എന്നത് കുറയ്ക്കാനോ ഇല്ലാതാക്കാനോ ഉള്ള ശ്രമം നടത്തും. അതിന് പല സംസ്ഥാനങ്ങളിലെ എംപിമാരുമായി നേരില്‍ കണ്ട് സംസാരിക്കും. അവര്‍ അക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ നിയമ ഭേദഗതി കൊണ്ടുവന്നാല്‍ അത് വലിയ കാര്യമാവും. നിയമപരമായി നീങ്ങാനാവുമോ എന്നും ആലോചിക്കുന്നുണ്ട്."


Next Story

Related Stories