TopTop
Begin typing your search above and press return to search.

AZHIMUKHAM PLUS NEWSWRAP | സാമൂഹ്യ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണത്തിനെതിരെ പ്രതിഷേധം ശക്തം, ബൊയ്ക്കോട്ട് പ്രഖ്യാപിച്ച് കിം കര്‍ദശിയാന്‍ അടക്കം നിരവധി താരങ്ങള്‍

AZHIMUKHAM PLUS NEWSWRAP | സാമൂഹ്യ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണത്തിനെതിരെ പ്രതിഷേധം ശക്തം, ബൊയ്ക്കോട്ട്  പ്രഖ്യാപിച്ച് കിം കര്‍ദശിയാന്‍ അടക്കം നിരവധി താരങ്ങള്‍


മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചിറ്റില്ല എന്ന സൂചന നല്‍കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി മേധാവിയെ ഉദ്ധരിച്ച് മാതൃഭൂമിയും മലയാള മനോരമയും റിപ്പോര്‍ട്ട് ചെയ്യുന്നു. ജലീല്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈ വാര്‍ത്ത.

"ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും വീണ്ടും മൊഴിയെടുക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ ദിവസം മന്ത്രിയെ കൊച്ചിയിലെ ഓഫീസിൽ വരുത്തി ഇ.ഡി. മൊഴിയെടുത്തിരുന്നു. മന്ത്രി നൽകിയ ഉത്തരങ്ങൾ പരിശോധിച്ച ശേഷമാണ് വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന്" എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ എസ്.കെ. മിശ്ര മാതൃഭൂമിയോടു പറഞ്ഞു.

"പ്രോട്ടോകോൾ ലംഘനത്തിലാണ് ഇ.ഡി. ജലീലിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടുന്നത്. നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്നു വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ അപേക്ഷയിൽ പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടാലേ ഡ്യൂട്ടിയിളവ് നൽകാൻ കഴിയൂ. നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാനോ അതിൽ സംസ്ഥാനത്തിന് നികുതിയിളവിന് സാക്ഷ്യപത്രം നൽകാനോ ചട്ടപ്രകാരം കഴിയില്ല. മന്ത്രി പറഞ്ഞ മറുപടികൾ തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ." മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു.

അതേസമയം ജലീല്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മലയാള മനോരമയുടെ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ ടി ജലീലിനെ ഇ ഡി ചോദ്യം ചെയ്തത്. ഇന്നലെ ന്യൂസ് 18, കൈരളി തുടങ്ങിയ മാധ്യമങ്ങള്‍ കെ ടി ജലീലിന് ഇഡി ക്ലീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് വിചാരണ

കൃത്യം രണ്ട് വര്‍ഷം മുന്‍പ് ഒരു സെപ്തംബര്‍ 19-ആം തീയതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി കേരള പോലീസിന് മുന്‍പില്‍ ഹാജരായത്. അതിനും ഒരാഴ്ച മുന്‍പ് താന്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ചുമതല കൈമാറുന്നതായി അറിയിച്ച് രൂപതാ അംഗങ്ങള്‍ക്ക് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ കത്തില്‍ എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതായും തനിക്കും പരാതിക്കാരിക്കും പാരാതിക്കാരിക്ക് വേണ്ടി പ്രക്ഷോഭത്തിനിറങ്ങിയവര്‍ക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് പറഞ്ഞു.

2014 മുതൽ 2016 വരെ പല സമയങ്ങങ്ങളിലായി തന്നെ ഫ്രാങ്കോ മുളയ്ക്കല്‍, ലൈംഗിക പീഡത്തിനിരയാക്കി എന്നു കോട്ടയം കുറുവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2018 ജൂണ്‍ 26നു കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കന്യാ സ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് വലിയ വിവാദമാവുകയും സേവ് ഔര്‍ സിസ്റ്റെഴ്സിന്‍റെ നേതൃത്വത്തില്‍ . ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമര രംഗത്തിറങ്ങുകയും ചെയ്തതോടെ പ്രശ്നം ആഗോള ശ്രദ്ധ നേടി. ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സഭയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എന്ന വിമര്‍ശനം ഉയര്‍ന്നു. വത്തിക്കാന്‍ അടക്കം ഇടപെട്ടു.

ഒടുവില്‍ പോലീസില്‍ പരാതി കൊടുത്ത് 87 ദിവസത്തിനു ശേഷം സെപ്തംബര്‍ 21നു ഫ്രാങ്കോ മുളയ്ക്കലിനെ കേരള പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ ആദ്യമായി ഒരു ബിഷപ്പ് ലൈംഗികാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായി എന്ന 'ബഹുമതി' ഫ്രാങ്കോ മുളയ്ക്കലിന് സ്വന്തമായി. 25 ദിവസത്തോളം ജയില്‍ വാസം അനുഭവിച്ച ഫ്രാങ്കോ മുളയ്ക്കല്‍ പിന്നീട് ജലന്ധറിലേക്ക് തിരിച്ചു പോവുകയും ബിഷപ്പ് പദവി ഏറ്റെടുക്കുകയും ചെയ്തു.

സാക്ഷികളെ അടക്കം സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരിലും സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ അന്യായ സ്ഥലം മാറ്റ നടപടി സ്വീകരിച്ചുകൊണ്ടും മറ്റ് തരത്തിലുള്ള സമ്മര്‍ദ ശ്രമങ്ങള്‍ നടത്തിയതിന്റെ പേരിലും കന്യാസ്ത്രീ ബലാത്സംഗ കേസ് മാധ്യമ ശ്രദ്ധയില്‍ വന്നുകൊണ്ടിരുന്നു.

ഏറ്റവും ഒടുവില്‍ കോടതിയില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിന്റെ പേരില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കുകയും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഓഗസ്റ്റ് മാസം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. . ഫ്രാങ്കോ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വിചാരണയുടെ ആദ്യ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിസ്താരമാണ് നടക്കുക. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് എന്ന തലക്കെട്ടോടെയാണ് മലയാള മനോരമ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ സ്ഥലം മാറ്റം

മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത മാതൃഭൂമിയുടെ ഒന്നാം പേജില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫയൽ ചോർന്നതുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെയാണ് സാമൂഹികനീതി വകുപ്പിലേക്ക്‌ സ്ഥലംമാറ്റിയത്.

2018-ൽ മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേരിൽ വ്യാജ ഒപ്പിട്ടുവെന്ന ആരോപണം ഉയര്‍ത്തിയത് ബിജെപി സന്ദീപ് വാര്യര്‍ ആയിരുന്നു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ കയ്യൊപ്പുള്ള രേഖയും സന്ദീപ് കാണിച്ചിരുന്നു. എന്നാല്‍ ഒപ്പ് വ്യാജമല്ലെന്നും തന്റേതാണെന്നും മുഖ്യമന്ത്രി തന്റെ പ്രതിദിന പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട സുപ്രധാന വാര്‍ത്ത ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ 100 മുതല്‍ 200 റൌണ്ട് വരെ വെടിവെപ്പ് അതിര്‍ത്തിയില്‍ നടന്നു എന്നാണ് റിപ്പോര്‍ട്ട്. പാങ്കോങ് തടാകത്തിന്റെ വടക്ക് ഭാഗത്ത് ഇരു വിഭാഗങ്ങളും വെടിയുതിര്‍ത്തതായാണ് വാര്‍ത്ത. നേരത്തെ ചുശൂല്‍ മേഖലയില്‍ ഉണ്ടായതിനെക്കാള്‍ ഗൌരവതരമാണെന്നും എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വരുത്താന്‍ ലക്ഷ്യമിട്ട് വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയും ചര്‍ച്ച നടത്തുന്നതിന് മുന്‍പാണ് ആദ്യ വെടിവെപ്പ് ഉണ്ടായത്. വെടിവെച്ചത് ഇന്ത്യന്‍ സൈനികരാണെന്ന് ചൈനീസ് സേനയും ചൈനയാണെന്ന് ഇന്ത്യന്‍ സേനയും പത്ര പ്രസ്താവന ഇറക്കിയിരുന്നു. 40 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് ഉണ്ടാകുന്നത്.
യു എസ് തിരഞ്ഞെടുപ്പില്‍ കാലാവസ്ഥ വ്യതിയാനം മുഖ്യ അജണ്ട

യു എസ് തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് കലാവസ്ഥാ വ്യതിയാനം മുഖ്യ അജണ്ടയായി തിരഞ്ഞെടുപ്പില്‍ മാറിയിരിക്കുകയാണ് എന്നു ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മലീനികരിക്കപ്പെട്ട ആകാശമേഖലായാണ് പടിഞ്ഞാറന്‍ തീരം എന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിലെ വിദ്വേഷപ്രചരണത്തിനെതിരെ താരങ്ങള്‍

ലാഭേച്ഛയോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും ജാനപ്രീതിയുള്ള സെലിബ്രിറ്റികളില്‍ ഒരാളായ കിം കര്‍ദശിയാന്‍ വെസ്റ്റ് ആണ് പ്രസ്ഥാനത്തില്‍ അവസാനമായി കൈ കോര്‍ത്ത വ്യക്തികളില്‍ ഒരാള്‍. തന്റെ സാമൂഹിക മാധ്യമ എക്കൌണ്ടുകള്‍ എല്ലാം മരവിപ്പിക്കും എന്ന് കിം കര്‍ദശിയാന്‍ പറഞ്ഞു. അഭിനേതാക്കളായ കെറി വാഷിംഗ്ടണ്‍, ജെന്നിഫര്‍ ലോറന്‍സ്, സച്ച ബാരോന്‍ കൊഹന്‍, മാര്‍ക്ക് റഫല്ലോ തുടങ്ങിയവരും #StopHateForProfit ക്യാമ്പയിനില്‍ പങ്കാളികളായി പോസ്റ്റിട്ടുണ്ട്.

"ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും നിങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്നു എന്നതില്‍ ഞാന്‍ ആഹ്ളാദവതിയാണ്. എന്നാല്‍ അമേരിക്കയെ വിഭജിക്കാനും രണ്ടായി പിളര്‍ക്കാനും ശ്രമിക്കുന്ന സംഘങ്ങള്‍ ഈ മാധ്യമങ്ങളിലൂടെ വിദ്വേഷവും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കുമ്പോള്‍ നിശബ്ദയായി ഇരിക്കാന്‍ എനിക്കു കഴിയില്ല. ജനങ്ങള്‍ കൊല്ലപ്പെട്ടതിന് ശേഷമല്ല നടപടി എടുക്കേണ്ടത്." കര്‍ദശിയാന്‍ ട്വീറ്റ് ചെയ്തു.
സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories