TopTop
Begin typing your search above and press return to search.

വേഷപ്പകര്‍ച്ചകളും മുഖംമൂടികളും - ബാലന്‍ കെ നായരുടെ മകന്‍ കോവിഡ് കാലത്ത് ചെയ്യുന്നത്

വേഷപ്പകര്‍ച്ചകളും മുഖംമൂടികളും - ബാലന്‍ കെ നായരുടെ മകന്‍ കോവിഡ് കാലത്ത് ചെയ്യുന്നത്

മലയാള സിനിമാചരിത്രത്തില്‍ അവിസ്മരണീയമായ പേരാണ് ബാലന്‍ കെ നായര്‍. രണ്ട് പതിറ്റാണ്ടിലധികം നീണ്ട ചലച്ചിത്രാഭിനയത്തിലും അതിനും മുമ്പ് തുടങ്ങിയ നാടകവേദിയിലെ സംഭാവനകള്‍ക്കും ശേഷം, ഒരു പതിറ്റാണ്ടോളം രോഗബാധിതനായി, സിനിമയില്‍ നിന്നകന്ന് നിന്ന ബാലന്‍ കെ നായര്‍ 2000 ഓഗസ്റ്റ് 26ന് അന്തരിച്ചു. 1970ല്‍ പുറത്തിറങ്ങിയ എ വിന്‍സെന്റി്‌ന്റെ 'നിഴലാട്ടം' മുതല്‍ 1992ല്‍ എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'കടവ്' വരെ 230 സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. 1981ല്‍ പുറത്തിറങ്ങിയ, എംടിയുടെ തിരക്കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'ഓപ്പോള്‍' എന്ന സിനിമയിലെ അഭിനയത്തിന് ബാലൻ കെ നായർ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. 1970കള്‍ മുതല്‍ 80കളുടെ ആദ്യം വരെ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായ ബാലന്‍ കെ നായര്‍ പിന്നീട് കാരക്ടര്‍ റോളുകളിലും അതുല്യ പ്രകടനം കാഴ്ചവച്ചു. നടന്‍ മേഘനാഥന്‍ അടക്കം അഞ്ച് മക്കളാണ് അദ്ദേഹത്തിനുള്ളത്. അതിലൊരാളായ ആര്‍.ബി അജയകുമാര്‍ ഷൊര്‍ണൂരില്‍ ഡിജിറ്റല്‍ പ്രിന്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും സിനിമയുമായും നാടകവുമായും നിലവില്‍ സജീവബന്ധമൊന്നുമില്ലാത്ത അജയകുമാര്‍ ഷൊര്‍ണൂരില്‍ കളര്‍ഹട്ട് എന്ന സ്റ്റൂഡിയോ നടത്തുകയാണ്. കോവിഡ് കാലത്ത് മാസ്കുകളിൽ പുതിയ 'വേഷപ്പകര്‍ച്ച'കളൊരുക്കുകയാണ് ആര്‍.ബി അജയകുമാര്‍. കേരളത്തിൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശി തുടക്കം കുറിച്ച ഫോട്ടോ ഫേസ് മാസ്‌ക് പ്രിന്റിംഗ് അജയകുമാറും ചെയ്യുന്നു. ഫോട്ടോ മാസ്‌ക് നിര്‍മ്മാണത്തെക്കുറിച്ചും സിനിമയിലെ എത്തിനോട്ടങ്ങളെക്കുറിച്ചും അച്ഛന്‍ ബാലന്‍ കെ നായരെക്കുറിച്ചും ആര്‍ ബി അജയകുമാര്‍ സംസാരിക്കുന്നു.

? പൊതുവെ ഫോട്ടോ മാസ്കുകളോടുള്ള പ്രതികരണം എങ്ങനെയാണ്? ആളുകൾ വലിയ താൽപര്യം കാണിക്കുന്നുണ്ടോ? വെഡ്ഡിംഗ് മാസ്കുകളും മറ്റും നിർമ്മിക്കുന്നുണ്ടല്ലോ.

അവനവന്റെ മുഖം വച്ചുള്ള മാസ്‌കുകള്‍ക്ക് ആളുകള്‍ വലിയ തോതില്‍ താല്‍പര്യം കാണിക്കുന്നുണ്ട്. ഒരുപരിധി വരെ ആളുകളെ തിരിച്ചറിയാന്‍ ഇത് സഹായകമാണ്. 100 ശതമാനം കൃത്യതയൊന്നും ചിലരുടെ മുഖത്ത് ഫോട്ടോ മാസ്‌കിനുണ്ടാകില്ല. ചിലരുടെ മുഖത്ത് കറക്ടായിരിക്കും. ചിലരുടെ മുഖം വീതിയുള്ളതായിരിക്കും ചിലരുടേത് ഒട്ടിയതായിരിക്കും. അത്രയും വെറൈറ്റി മാസ്‌കുകള്‍ ഉണ്ടാക്കുക ബുദ്ധിമുട്ടാണ്. കുറേപേര്‍ അവരുടെ ഷോപ്പിന്റെ പരസ്യം വച്ച് ചെയ്യുന്നു. ടീ ഷര്‍ട്ടിലൊക്കെ പ്രിന്റ് ചെയ്യുന്ന പോലെ തന്നെ രണ്ട് ലെയറുള്ളതില്‍ മുമ്പിലുള്ള ലെയറില്‍ പ്രിന്റ് ചെയ്യും. ചിലര്‍ കല്യാണത്തിന് ചെക്കന്റേയും പെണ്ണിന്റേയും മുഖം വച്ച് അടിച്ച് മാസ്‌ക് കൊണ്ടുപോകുന്നു. താലി കെട്ടുമ്പോള്‍ മുഖമൊന്നും കാണിക്കാന്‍ പറ്റില്ലല്ലോ. സ്‌കൂള്‍ കുട്ടികള്‍ക്ക് അവരുടെ ഫോട്ടോയും പേരും സ്‌കൂളും ക്ലാസും സ്റ്റാന്‍ഡേര്‍ഡും ഒക്കെ വച്ചാല്‍ ടീച്ചര്‍മാര്‍ക്കും തിരിച്ചറിയാം. പുറത്തുപോകുന്ന നമുക്കുമറിയാം. മാസ്‌ക് ഇട്ട് നിന്നാല്‍ കുട്ടികളെ അറിയണമെന്നില്ല. ഇനിയിപ്പോ സ്കൂൾ തുറക്കുമ്പോളാണ് ഇത് എങ്ങനെ വേണമെന്ന് അറിയാൻ കഴിയുക.

? എന്ത് തരം തുണിയാണ് ഫോട്ടോ പ്രിൻ്റിംഗിന് ഉപയോഗിക്കുന്നത്?

ഡബിള്‍ ലെയര്‍ ബനിയന്‍ ക്ലോത്ത് ആണ് ഉപയോഗിക്കുന്നത്. സാധാരണ കോട്ടണ്‍ തുണിയില്‍ ഇത് പ്രിന്റ് ചെയ്യാന്‍ കഴിയില്ല. രണ്ട് ലെയറുമായും മൂന്ന് ലെയറുമായും മാസ്‌കുകള്‍ വരുന്നുണ്ട്. ആളുകള്‍ ധാരാളമായി വാങ്ങുന്നുണ്ട്. സാധനമില്ലാത്ത അവസ്ഥയാണ് പലപ്പോളും. ഫോട്ടോ മാസ്‌ക് 50-60 രൂപയ്ക്ക് കൊടുത്താന്‍ അത് മുതലാകില്ല. ആദ്യം ഫോട്ടോയെടുക്കണം. മൂക്കിന്റെ പകുതി മുതല്‍ താടി വരെ എടുത്ത് പേപ്പറില്‍ പ്രിന്റ് ചെയ്ത് നോക്കി കസ്റ്റമറുടെ മുഖത്ത് വച്ച് നോക്കും. പ്രിന്റ് ചെയ്യുമ്പോള്‍ ബോള്‍ഡ് ആയാല്‍ ആളുടെ മൂക്കും ചുണ്ടും വലുതാകും. ചെറുതായി കഴിഞ്ഞാല്‍ അത് കൃത്യമായി കവര്‍ ചെയ്യില്ല. രണ്ട് മൂന്ന് തവണ അടിച്ചുനോക്കിയിട്ടേ കൊടുക്കൂ. ഫോട്ടോ മാസ്‌കിന് ആളുടെ മുഖവുമായി 90 ശതമാനമെങ്കിലും പെര്‍ഫെക്ഷനുണ്ടാകണം.

മെയിലില്‍ ഫോട്ടോ അയച്ചുതരുന്നവര്‍ക്ക് ഇത്തരത്തില്‍ ചെയ്ത് നല്‍കാറില്ല. അത് അടിച്ചുവരുമ്പോള്‍ ഒരു ബന്ധവുമുണ്ടാകണമെന്നില്ല. ഫോട്ടോയില്‍ കാണുമ്പോല്‍ മുഖത്തിന്റെ വലിപ്പം അറിയണമെന്നില്ല. നേരിട്ടെത്തി ഫോട്ടോയെടുക്കുമ്പോള്‍ മാത്രമേ ഇത്തരത്തില്‍ പ്രിന്റ് ചെയ്ത് നല്‍കാറുള്ളൂ. അത് പൂര്‍ണതയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ പ്രിന്റ് ചെയ്തത് ശരിയാവാതെ വരുകയും അത് വലിയ നഷ്ടമാവുകയും ചെയ്യും. ഇതിനായി കുറേ സമയം ചെലവാക്കുന്നുണ്ട്. ഒരാളുടെ ഫോട്ടോ എടുത്ത് അത് കൃത്യം സൈസാക്കി പ്രിന്റെടുത്ത് അത് വച്ചുനോക്കി, ശരിയായില്ലെങ്കില്‍ വീണ്ടും പ്രിന്റെടുത്ത് വേണം ചെയ്യാന്‍.

? പ്രിൻ്റിംഗ് ടെക്നോളജി? എടുക്കുന്ന സമയം?

ഇത്തരത്തിലുള്ള പ്രിന്റിംഗുകള്‍ രണ്ട് തരത്തിലാണ് ചെയ്യുന്നത്. സബ്ലിമേഷന്‍ പ്രിന്റിംഗും യു വി പ്രിന്റിഗും. സബ്ലിമേഷന്‍ പ്രിന്റിംഗ് ആണ് കൂടുതലായും ചെയ്യുന്നത്. യു വി പ്രിന്റിംഗ് വഴി എന്ത് മെറ്റീരിയലിലും പ്രിന്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ അത് കെമിക്കല്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കും. അത് മുഖത്ത് ധരിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കാം. അതില്‍ മഷി അത്തരത്തിലാണ് വരുന്നത്. സബ്ലിമേഷന്‍ പ്രിന്റിംഗില്‍ ഹീറ്റിനെ ട്രാന്‍സ്ഫര്‍ ചെയ്യുകയാണ്. ഇത് കഴുകിയാലൂം ഇസ്തിരിയിട്ടാലും നിറത്തിന് യാതൊന്നും സംഭവിക്കില്ല. യു വി പ്രിന്റിംഗ് ആല്‍ബങ്ങളിലും മറ്റും എംബോസ് ചെയ്യുകയും മറ്റും ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്. ആഭരണങ്ങള്‍ എംബോസ് ചെയ്യുന്നതും മറ്റും. യു വി പ്രിന്റിംഗ് മാസ്‌കുകളില്‍ ഒട്ടും സുരക്ഷിതമല്ല. ഫോറക്‌സ് ബോര്‍ഡിലും ഗ്ലാസിലടക്കം എന്തിലും യു വി പ്രിന്റിംഗ് ചെയ്യാം. പരസ്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കാം.

സബ്ലിമേഷന്‍ പ്രിന്റിംഗിനായി ഒരു പേപ്പര്‍ വരുന്നുണ്ട്. ആ പ്രിന്റ് വന്നിട്ട് അതിനെ മിഷനില്‍ വച്ച് ചൂടാക്കി, ഇമേജിനെ ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഒരു മാസ്‌ക് 10 എണ്ണം തന്നാല്‍ 10 പ്രിന്റ് അടിച്ച് തന്നെ ട്രാന്‍സ്ഫര്‍ ചെയ്യണം. അല്ലാതെ ഒരു പ്രിന്റില്‍ നിന്ന് 10 എണ്ണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല. 10 എണ്ണമായാലും ഒരെണ്ണമായാലും മെറ്റീരിയല്‍ ലാഭമൊന്നുമില്ല. മാസ്‌ക് 10 രൂപയ്ക്കും 20 രൂപയ്ക്കുമൊക്കെ കിട്ടാനുണ്ട്. മൂന്ന് ലെയറുള്ള മാസ്‌ക് 28 പ്ലസ് ടാക്‌സ് എന്നെല്ലാം പറഞ്ഞ് വരുന്നുണ്ട്. ശരാശരി ഒന്നര മിനുട്ട് ഹീറ്റ് ചെയ്യേണ്ടി വരും. പിന്നെ ഓരോരുത്തരും ഉപയോഗിക്കുന്ന മെഷീന്റെ ടെംപറേച്ചര്‍ അനുസരിച്ച് സമയത്തില്‍ വ്യത്യാസമുണ്ടാകും. സാധാരണ ഡിസൈന്‍ ചെയ്യേണ്ട സമയം കഴിഞ്ഞാല്‍ പ്രിന്റ് ചെയ്‌തെടുക്കാന്‍ അഞ്ച് മിനുട്ട് മതി.

? അച്ഛൻ ബാലൻ കെ നായർ മലയാള സിനിമയിൽ ഏറ്റവും അറിയപ്പെടുന്ന നടന്മാരിലൊരാളായിരുന്നു. സഹോദരൻ മേഘനാഥനും സിനിമയിൽ സജീവം. സിനിമ, നാടക, കലാ താത്പര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലേ?

സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഞാനും മൂത്ത സഹോദരന്‍ അനില്‍കുമാറും മുഖം കാണിച്ചിട്ടുണ്ട്. പ്രീഡിഗ്രിക്കോ മറ്റോ പഠിക്കുമ്പോളാണ് മൂത്ത സഹോദരന്‍ അനില്‍, പി.എന്‍ മേനോന്റെ 'ഉദയം കിഴക്ക് തന്നെ' (1978) എന്ന സിനിമയില്‍ അഭിനയിച്ചത്. ഞാനും ഒന്നുരണ്ട് സിനിമകളില്‍ മുഖം കാണിക്കാൻ പോയി. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മുദ്ര എന്ന സിനിമയില്‍ അഭിനയിക്കാൻ പോയി. കണ്ണൂര്‍ ബോസ്റ്റണ്‍ സ്‌കൂളിലാണ് ജുവനൈല്‍ ജയിലിന്റെ കഥ പറഞ്ഞ മുദ്ര ഷൂട്ട് ചെയ്തത്. രണ്ട്, മൂന്ന് ദിവസത്തെ അഭിനയമൊക്കെ കഴിഞ്ഞ് അതിലൊരു അടി സീന്‍ ഉണ്ടായിരുന്നു. ആക്ഷന്‍ പറഞ്ഞപ്പോള്‍ ആരോ ഒരാള്‍ വടി കൊണ്ട് അടിച്ചത് നെറ്റിയില്‍ കൊണ്ട് മുറിഞ്ഞു. അങ്ങനെ മുദ്രയില്‍ അഭിനയിക്കാന്‍ പോയി ഒരു 'മുദ്ര'യുമായി തിരിച്ചുവന്നു. നാലഞ്ച് ദിവസം സിനിമക്കാരുടെ കൂടെ നല്ല ഫുഡ്ഡൊക്കെ അടിച്ച് തിരിച്ചുപോന്നു. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സംഘം സിനിമയുടെ തിരക്കഥ ലോഹിതദാസിന്റേതായിരുന്നു. അതിന്റെ ഷൂട്ടിംഗിനായി അച്ഛന്‍ കൊടൈക്കനാലിലുള്ളപ്പോള്‍ ഞാന്‍ കൂടെപ്പോയിരുന്നു. അപ്പോ അന്ന് വൈകുന്നേരങ്ങളില്‍ ലോഹിതദാസിന്റെ കൂടെ നടക്കാനൊക്കെ പോകും. അങ്ങനെ ഒരു ദിവസം പുള്ളി ഇങ്ങനെയൊരു സിനിമയെടുക്കുന്നുണ്ടെന്ന് പറഞ്ഞ് അച്ഛനെ വിളിച്ച്, എന്റെ കാര്യം പറഞ്ഞു. ഏതായാലും ഷൂട്ടിംഗിലെ ആ അടിയോടെ എന്റെ കഥാപാത്രം പിന്നെ വേറൊരാള്‍ ചെയ്തു.(ആർ ബി അജയകുമാർ മമ്മൂട്ടിക്കൊപ്പം)

സ്‌കൂള്‍ പഠനം ഷൊര്‍ണൂരിലും കുന്ദംകുളത്തും കോഴിക്കോടുമൊക്കെ ആയിട്ടായിരുന്നു. 6, 7 ക്ലാസുകളില്‍ കുന്ദംകുളത്ത് ഹോസ്റ്റലില്‍. 8, 9 ക്ലാസുകളില്‍ കോഴിക്കോട് രാമകൃഷ്ണാശ്രമം സ്‌കൂളില്‍. 10ാം ക്ലാസില്‍ ഷൊര്‍ണൂരില്‍. ബിഎ ഒറ്റപ്പാലത്ത്. ഫൈനൽ ഇയർ ആയപ്പോൾ നിർത്തിപ്പോയി. പിന്നെ ചെന്നൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സില്‍ പഠിച്ചു. അവിടെ പഠിക്കുമ്പോളാണ് മലേഷ്യക്ക് പോകുന്നത്. അച്ഛന്റെ സുഹൃത്തിന്റെ കൂടെയാണ് ചെന്നൈയില്‍ ജോലി ചെയ്തിരുന്നത്. കെമിക്കല്‍ മിക്‌സിംഗൊക്കെ പഠിച്ചു. റബ്ബറിൻ്റെ ലാറ്റക്സ്, പണ്ട് ഈ ചകിരിയല്ലാതെ സ്പോഞ്ചിൻ്റെ കുഴികുഴിയായുള്ള മോഡിലേയ്ക്ക് ഈ ലാറ്റെക്സ് ഒഴിക്കുകയാണ് ചെയ്യുന്നത്. കൈവിരലിൽ ഒട്ടാൻ തുടങ്ങുമ്പോൾ ഓവനിലേയ്ക്ക് കയറ്റണം. അതിൻ്റെ മിക്സിംഗ് വളരെ പ്രധാനമായിരുന്നു. അതിൻ്റെ കൂടെ ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സ് ചെയ്യുകയായിരുന്നു. കസ്റ്റംസിലുണ്ടായിരുന്ന സഹോദരീഭര്‍ത്താവിന്റെ കൂടെയാണ് അവിടെ താമസിച്ചിരുന്നത്. പിന്നെ മലേഷ്യയിലേയ്ക്ക് പോയി. അവിടെ ജോലി ചെയ്തു. 92 ആയപ്പോളേക്കും അച്ഛൻ്റെ ആരോഗ്യം മോശമായിരുന്നു. അച്ഛന്റെ ആരോഗ്യനില മോശമായപ്പോള്‍ നാട്ടില്‍ വന്ന് ബിസിനസ് തുടങ്ങി.

? സിനിമയിലേയ്ക്ക് വരുന്നതിനോട് അച്ഛൻ്റെ പ്രതികരണം? മുദ്രയ്ക്ക് ശേഷം സിനിമയിൽ നിന്ന് ഓഫറുകൾ വന്നോ?

ഞാന്‍ ജനിച്ച ശേഷമാണ് അച്ഛന്‍ സിനിമയില്‍ വരുന്നത്. കോഴിക്കോട് നിന്ന് ഷൊര്‍ണൂരില്‍ വന്നിട്ടും നാടകങ്ങളും വര്‍ക്ക് ഷോപ്പുമൊക്കെയായി കഴിയുകയായിരുന്നു. അച്ഛന്‍ പഠിച്ച് ജോലി നേടാനാണ് എപ്പോളും പറഞ്ഞിട്ടുള്ളത്. സിനിമ ശാശ്വതമല്ലെന്ന ചിന്തയായിരുന്നു. പിന്നീട് പലരും ഓഫറുകളുമായൊക്കെ വന്നു. ഒരാളുമായി ഒരു പടത്തിന്റെ കാര്യം സംസാരിച്ച് ഏതാണ്ട് ഉറപ്പിച്ചിരുന്നു. സിനിമാക്കാര് പല സമയത്തും പലതും പറയും. നമുക്ക് ഇതൊക്കെ കണ്ട് പരിചയമുണ്ട്. അച്ഛനെ പണ്ട് പല സിനിമാക്കാരും വിളിച്ചുകൊണ്ടിരുന്നത് ബാലന്‍ കെ നായര്‍ എന്നല്ല. 'ബാലന്‍സ് കെ നായര്‍' എന്നാണ്. വീട്ടില്‍ കണ്ടമാനം വണ്ടിച്ചെക്കുകളിരിപ്പുണ്ട്. ഒരട്ടിക്കിരിപ്പുണ്ട്. പണ്ടെല്ലാവരും ഇത് കൊടുക്കും. "ബാലേട്ടാ പിന്നെ തരാം" എന്ന് പറഞ്ഞ് വണ്ടിച്ചെക്ക് കൊടുക്കും. പിന്നെ തരാം എന്ന് പറയുന്നവര്‍ പൈസ കൊടുക്കില്ല. അച്ഛനീ ചെക്ക് വാങ്ങിച്ച് പോരും. പല പ്രമുഖരും തന്ന വണ്ടിച്ചെക്കുകള്‍ ഇരിപ്പുണ്ട്. ഇന്ന് പിന്നെ പൈസ കിട്ടാതെ ആളുകള്‍ ഡബ്ബ് ചെയ്യാന്‍ പോകില്ല. സംഘടനകളും എഗ്രിമെന്റുകളുമുണ്ട്. പണ്ടതൊന്നുമില്ല. ഏതായാലും ഇപ്പോള്‍ കോവിഡ് വന്നപ്പോള്‍ എല്ലാവരുടേയും തിരക്കൊക്കെ തീര്‍ന്ന് വീട്ടിലിരിപ്പായി. ഞാന്‍ ഇനിയിപ്പൊ വയസ്സാം കാലത്ത് അഭിനയിക്കാമെന്ന് വച്ചിട്ടാണ് (ചിരിക്കുന്നു).


Next Story

Related Stories