TopTop
Begin typing your search above and press return to search.

ദേവദാസി സമ്പ്രദായത്തെ വാഴ്ത്തുന്നവര്‍ അതിലെ ലൈംഗിക അടിമത്തവും ജാതിയുമൊന്നും കാണാത്തവരാണ്; ഗീതാഞ്ജലി കോളനാട് സംസാരിക്കുന്നു

ദേവദാസി സമ്പ്രദായത്തെ വാഴ്ത്തുന്നവര്‍ അതിലെ ലൈംഗിക അടിമത്തവും ജാതിയുമൊന്നും കാണാത്തവരാണ്; ഗീതാഞ്ജലി കോളനാട് സംസാരിക്കുന്നു

ടൊറോന്‍റോവില്‍ ജീവിക്കുന്ന ഗീതാഞ്ജലി കോളനാടിന്‍റെ ജീവിതത്തില്‍ നിറയെ ഉള്ളത് ഇന്ത്യന്‍ കലയും ചരിത്രവും സംസ്കാരവുമൊക്കെയാണ്. നാല്പതു വര്‍ഷങ്ങള്‍ക്ക് മുകളിലായി ഗീതാഞ്ജലി ഭരതനാട്യം അഭ്യസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ലോകത്ത് പലയിടങ്ങളിലായി പരിപാടികള്‍ അവതരിപ്പിച്ചു. അന്തർ‌ദ്ദേശീയരായ കലാകാരന്മാരുമായുള്ള സഹകരണത്തിൽ‌ നിന്നുമുണ്ടാകുന്ന അവരുടെ പരിപാടികള്‍ പലപ്പോഴും മൾട്ടി-ഡിസിപ്ലിനറിയാണ്.

പക്ഷേ, നൃത്തം എന്നത് അവരുടെ സര്‍ഗാത്മകതയുടെ ഒരു വശം മാത്രമാണ്. പ്രാചീന ആയോധന കലയായ കളരിപ്പയറ്റിന്‍റെ പരിശീലക കൂടിയായ ഗീതാഞ്ജലി കോളനാട് പുരസ്കാരത്തിനര്‍ഹമായ രണ്ടു നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

തന്‍റെ രചനയായ ഗേള്‍ മേഡ് ഓഫ് ഗോള്‍ഡ്‌ എന്ന പുസ്തത്തിന്‍റെ പശ്ചാത്തലത്തില്‍ പഴയ കാലത്ത് നില നിന്നിരുന്ന അനാചാരങ്ങളെക്കുറിച്ചും സാമൂഹിക വ്യവസ്ഥിതികളെ കുറിച്ചും ഇ-ഷീ.ഇന്‍ എഡിറ്റര്‍ എയ്ക്താ കപൂറിനോട് സംസാരിക്കുകയാണ് ഗീതാഞ്ജലി കോളനാട്. പഴയ കാലത്ത് താഴ്ന്ന ജാതിയില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ ദേവദാസികള്‍ എന്ന പേരില്‍ ദൈവങ്ങളുമായി വിവാഹം ചെയ്തു കൊടുക്കപ്പെടുന്ന പതിവുണ്ടായിരുന്നു.

ഗീതാഞ്ജലി കോളനാട് സംസാരിക്കുന്നു.

? താങ്കളുടെ പുസ്തകത്തില്‍, ദേവദാസികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക അടിമത്തത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ ആരണ്യാനി ഭാര്‍ഗ്ഗവ് അടക്കമുള്ള നര്‍ത്തകര്‍ ഇന്ത്യയിലെ ദേവദാസി സങ്കല്പ്പ‍ത്തെ വര്‍ണിച്ചു കാണുന്നുണ്ട്. ദേവദാസികളെ അസൂയാര്‍ഹമായ വിധം വ്യക്തി സ്വാതന്ത്ര്യവും ലൈംഗിക സ്വാതന്ത്ര്യവും അനുഭവിക്കുന്ന സ്ത്രീ വ്യക്തിത്വങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു

വടക്കന്‍ കര്‍ണാടകയിലുള്ള ഒരു ദേവദാസിയോട് ഞാന്‍ ഈ ചോദ്യം ചോദിച്ചിരുന്നു. അപ്പോള്‍ അവര്‍ എന്നോട് ചോദിച്ചത് മറ്റൊരു ചോദ്യമാണ്. ഒരു ദേവദാസി ആകുക എന്നത് അത്ര മഹത്തരമായ ഒരു കാര്യമായിരുന്നുവെങ്കില്‍ എന്തുകൊണ്ടായിരിക്കും അതിനു വേണ്ടി താഴ്ന്ന ജാതിയിലെ പെണ്‍കുട്ടികള്‍ മാത്രം ഇറങ്ങി തിരിച്ചത്? ഉന്നത ജാതിയിലെ സ്ത്രീകളും അതിനായി ഇറങ്ങി തിരിക്കുമായിരുന്നില്ലേ? എനിക്ക് മിണ്ടാതെ നിന്ന് കേള്‍ക്കേണ്ടി വന്നു.

ലൈംഗിക സ്വാതന്ത്ര്യം എന്ന് പറയുന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാളു പോലെയാണ്. ഉയര്‍ന്ന ജാതിക്കാരായ മനുഷ്യരുടെ ലൈംഗിക ചോദനകള്‍ക്ക് നിങ്ങള്‍ എല്ലായ്പ്പോഴും വിധേയമായിരിക്കാം എന്ന് കൂടി അതിനര്‍ഥമുണ്ട്. സമൂഹത്തില്‍ മറ്റേതെങ്കിലും ജോലി ചെയ്തു ജീവിക്കുന്ന ഈ വിഭാഗത്തിലെ സ്ത്രീകളോട് ചോദിക്കുകയാണെങ്കില്‍ ഇവര്‍ക്ക് ധാരാളം പീഡനങ്ങളുടെയും അവഹേളനങ്ങളുടെയും കഥ പറയാനുണ്ടാകും.

നിങ്ങള്‍ മുതിര്‍ന്നതിനു ശേഷം ഒരു ദേവദാസിയാകുന്നതിനായി തീരുമാനിക്കുന്നതും, ഒരു കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മുകളില്‍ അത് അടിച്ചേല്‍പ്പിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ശൈശവ വിവാഹവും ജാതി വ്യവസ്ഥയും നിരോധിച്ചത് പോലെ ആധുനിക ഇന്ത്യയില്‍ ഭരണഘടന അനുശാസിക്കുന്ന തുല്യനീതി എന്ന സങ്കല്പനത്തിനുള്ളില്‍ നിന്ന് കൊണ്ട് ചിന്തിക്കുകയാണെങ്കില്‍ നിര്‍ത്തലാക്കപ്പെടേണ്ട ഒരു സമ്പ്രദായമാണിത്.

ദേവദാസി സമ്പ്രദായത്തെ ശക്തമായി എതിര്‍ത്തവര്‍ ആ സമുദായത്തില്‍ നിന്ന് തന്നെയാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. മുത്തുലക്ഷ്മി റെഡ്ഡിയുടെ അമ്മയും മൂവള്ളൂര്‍ രാമാമൃതാമ്മാള്‍ എന്നിവരും ദേവദാസികളായ സ്ത്രീകള്‍ ആയിരുന്നു. എന്നാല്‍ ഇവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട പുരുഷന്‍റെ കൂടി ജീവിക്കുന്നതിനായി സാമുദായിക ചട്ടങ്ങളെ വകവെയ്ക്കാതെ സമുദായത്തില്‍ നിന്നും ഓടിപ്പോയവരാണ്. ഇവരിരുവരും രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു. എന്നാൽ വസ്തുതകളെ അവരുടെ അജണ്ടയുമായി യോജിപ്പിക്കുന്നതിന്, പാശ്ചാത്യ അല്ലെങ്കിൽ പാശ്ചാത്യ വിദ്യാഭ്യാസമുള്ള അക്കാദമിക് വിദഗ്ധർ അവരെ 'ബൂർഷ്വാ' അല്ലെങ്കിൽ 'വിക്ടോറിയൻ ധാർമ്മികത' സ്വീകരിച്ചിരുന്നവരായി ചിത്രീകരിക്കുന്നുണ്ട്. സ്വന്തം ശരീരത്തിന് മുകളിലും ലൈംഗികതയിലും ഭാവികാര്യങ്ങളിലും സ്വന്തമായ തീരുമാനങ്ങള്‍ ഉണ്ടാവുക എന്നാല്‍ അതിനര്‍ത്ഥം വിക്ടോറിയന്‍ മൊറാലിറ്റി എന്നാണോ? തമിഴ്നാട്ടിലെ തിരുത്തനിയിലെ ദേവദാസി പാരമ്പര്യത്തില്‍ ജീവിച്ചു വന്ന രംഗനായകിയുടെ കൊച്ചുമകളുടെ വാക്കുകളിലേക്ക്: "ഞാനും എന്‍റെ അമ്മയും ദേവദാസി നൃത്തം അഭ്യസിച്ചിട്ടില്ല. ഞാന്‍ സാമൂഹിക ശാസ്ത്രത്തില്‍ എം എ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ്. ഞങ്ങള്‍ ദേവദാസി സമ്പ്രദായത്തെ അംഗീകരിക്കുന്ന ആളുകളല്ല. ഞങ്ങള്‍ അതിനെതിരാണ്. ആ നൃത്ത സംവിധാനത്തോട് ഞങ്ങള്‍ക്ക് ഒരു വിപ്രതിപത്തിയാണ്". അവര്‍ക്ക് ആ തീരുമാനം എടുക്കാന്‍ അര്‍ഹതയില്ലേ? പക്ഷേ ആ സാമൂഹിക ക്രമം അവരെ ആ തീരുമാനം എടുക്കുന്നതിന് അനുവദിച്ചിരുന്നില്ല.


ദേവദാസി പാരമ്പര്യം ഇന്ന് സമൂഹത്തില്‍ വാഴ്ത്തപ്പെടുന്നതിന്‍റെ പ്രധാന കാരണം രുഗ്മിണി ദേവിയും അവരുടെ തലമുറയില്‍ പെട്ടവരും തുടങ്ങി വെച്ച സമ്പ്രദായങ്ങളുമാണ്. ഈ നൃത്ത രൂപത്തെ ലൈംഗികമായ ഒരു തൊഴില്‍ എന്നതില്‍ നിന്നും വിമോചിപ്പിച്ചു കൊണ്ടുവരികയും അത് വഴി നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തപ്പെടുകയും ചെയ്തു. ഈ നര്‍ത്തകരില്‍ പലരും വിവാഹം കഴിക്കുന്നതിനോ, ഒരു മുറിയോ വീടോ വാടകയ്ക്ക് എടുക്കുന്നതിനോ ബുദ്ധിമുട്ടിയിരുന്നു. അത് കൂടാതെ നൃത്തത്തിനൊടുവില്‍ ലൈംഗിക വേഴ്ചക്ക് ക്ഷണിക്കപ്പെടുകയോ ചെയ്യുന്നത് പതിവായിരുന്നു. നൃത്തം എന്നാല്‍ ലൈംഗിക തൊഴില്‍ എന്നാണ് കരുതിയിരുന്നത്. 1980കളില്‍ പോലും എന്‍റെ അനുഭവങ്ങളില്‍ ചിലതായിരുന്നു അതൊക്കെ. ഇതൊക്കെ കേട്ടതിനു ശേഷം നിങ്ങള്‍ ഒരു പക്ഷേ ഒരു ദേവദാസിയായി ഇരിക്കുക എന്നത് അത്ര സുഖകരമായ ഒരു കാര്യമല്ലെന്നു തോന്നുന്നുണ്ടാകാം. അതുകൊണ്ട് നര്‍ത്തകര്‍ ദേവദാസികളെ വാഴ്ത്തി സംസാരിക്കുമ്പോള്‍ ഇങ്ങനെയുള്ള അനവധി കാര്യങ്ങളെ മറക്കുന്നു.

? ലോകത്ത് പലയിടങ്ങളിലും പുരാതനമായ സംസ്കാരങ്ങളില്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ സാധാരണക്കാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും എന്ന് വേര്‍തിരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തെ മറ്റു രാജ്യങ്ങളിലുള്ള ഇത്തരം സമ്പ്രദായങ്ങളുമായി എങ്ങനെ നോക്കി കാണുന്നു

എന്‍റെ അഭിപ്രായത്തില്‍ ഇതിനു ജപ്പാനിലെ ഗെയ്ഷ സമ്പ്രദായവുമായിട്ടാണ് ഏറ്റവും സാമ്യതകള്‍ ഉള്ളത്. അവിടെയും ഇവിടെ നിലനിന്നിരുന്നത് പോലെ ചില കീഴ്വഴക്കങ്ങള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് നൃത്തം അവതരിപ്പിക്കാന്‍ വരുന്ന ഏതെങ്കിലും നര്‍ത്തകിക്ക് പണം നല്‍കി അവളുമായി ഒരു രാത്രി ചിലവഴിക്കുക. സംഗീതം, നൃത്തം, ചായ സത്ക്കാരം തുടങ്ങിയ സാംസ്കാരിക രീതികളുമായി ഈ കലാരൂപത്തിനുള്ള ആഴത്തിലുള്ള ബന്ധം. വളരെ ഉന്നതന്‍മാരും, അറിവുള്ളവരും കലാസ്വാദകരുമായ ഒരു കൂട്ടം ആളുകള്‍ക്ക് മുന്‍പില്‍ സുന്ദരികളായ യുവതികള്‍ മാത്രം അവതരിപ്പിച്ചിരുന്ന നൃത്തരൂപം. ഇന്ത്യയിലും ഏറെക്കുറെ ഇതേ സാമൂഹിക, സംസ്കാരിക സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടാണ് ഭരതനാട്യവും വളര്‍ന്നു വന്നത്.

? സ്വാതന്ത്ര്യത്തിനു ശേഷം ദേവദാസി സമ്പ്രദായം അവസാനിച്ചിട്ടുണ്ടാകാം. പക്ഷേ മറ്റേതെങ്കിലും ഒരു രൂപത്തില്‍ രാജ്യത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് അതിന്നും തുടരുന്നുണ്ടോ

ദേവദാസി എന്ന വാക്കിന് ഇന്ന് സമൂഹത്തില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ട്. വടക്കന്‍ കര്‍ണാടകയില്‍ ദേവദാസി എന്ന് വിളിക്കപ്പെടുന്ന വനിതകള്‍ താഴ്ന്ന ജാതിയില്‍ നിന്നും വരുന്ന, അമ്പലങ്ങളിലെ ജോലിക്കാരായ, ലൈംഗിക വൃത്തികളില്‍ ഏര്‍പ്പെടുന്ന, 'ശകുനത്തിനു ശുഭം' എന്ന് കരുത്തപ്പെടുന്ന ഒരു കൂട്ടം ആളുകളാണ്. സസ്‌കിയ കെർസൻബൂമിനെപ്പോലുള്ള പാശ്ചാത്യ അക്കാദമിക് വിദഗ്ധർ അതിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ സ്ത്രീകളോട് ഞാന്‍ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ എന്നെ പരിഹാസത്തോടെ നോക്കി ചിരിക്കുകയാണുണ്ടായത്. "അവര്‍ ഞങ്ങളെ പിന്‍വാതിലുകളിലൂടെ അകത്തേക്കു വിളിക്കുന്നു, ഞങ്ങള്‍ മറ്റുള്ളവരുടെ കണ്ണു നീക്കുന്നു (ശകുനത്തിലുള്ള ഒരു വിശ്വാസം) എന്നാണ് അവരുടെ വിചാരം. അതിനവര്‍ ഞങ്ങള്‍ക്ക് പത്തു രൂപയും തന്നു പറഞ്ഞു വിടുന്നു. ഒരു ഗ്ലാസ്‌ വെള്ളം പോലും ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ തരികയില്ല".

അവരുടെ ആദ്യരാത്രിക്ക് ഇന്നും ആവശ്യക്കാര്‍ ഏറെയാണ്. ഞാന്‍ സംസാരിച്ച പെണ്‍കുട്ടികളില്‍ ചിലരുടെ പ്രായം പതിനൊന്നും പതിനാറും വയസ്സു മാത്രമായിരുന്നു. ഇവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ കള്‍ പറയുന്നത്, ഇവര്‍ക്ക് മികച്ച സ്കൂളുകളില്‍ പ്രവേശനം ലഭിക്കുകയോ, മികച്ച ജോലികള്‍ കിട്ടുകയോ ചെയ്താല്‍പ്പോലും, ഇവരുടെ കുടുംബ പശ്ചാത്തലം ഒരിക്കല്‍ പുറത്തറിഞ്ഞാല്‍ പിന്നെ ഇവര്‍ ആരുമായും ലൈംഗികവൃത്തിക്ക് തയ്യാറായി കൊള്ളണം എന്നതാണ് സമൂഹത്തിന്‍റെ പൊതുധാരണ. ഇവരുമായി സാദൃശ്യമുള്ള മറ്റൊരു കൂട്ടം ആളുകള്‍ വന്‍ നഗരങ്ങളിലെ ബാറുകളില്‍ ഡാന്‍സ് ചെയ്യാന്‍ വരുന്ന സ്ത്രീകളാണ്. നിയമം ആ ജോലി ചെയ്യുന്നതില്‍ നിന്നും അവരെ വിലക്കിയതിനു ശേഷം അവരില്‍ പലരും ഇപ്പോള്‍ വ്യഭിചാരത്തിലേര്‍പ്പെട്ടു കഴിയേണ്ടതായ സ്ഥിതി വന്നു.

ഗീതാഞ്ജലി നൃത്ത ഗുരു കലാനിധി നാരായണനൊപ്പം

? ഭരതനാട്യം പഠിക്കാന്‍ തുടങ്ങിയത് എപ്പോള്‍ മുതല്‍ക്കാണ്?

കുട്ടിയായിരിക്കുമ്പോള്‍ വിന്നിപെഗ്ഗില്‍ വെച്ച് ഞാന്‍ ആദ്യം പഠിക്കുന്നത് ബാലേ ഡാന്‍സ് ആയിരുന്നു. എനിക്ക് പത്തു വയസുള്ളപ്പോള്‍ ഞങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് ഇന്ത്യയില്‍ വന്നിരുന്നു; ആ സമയത്താണ് എന്‍റെ അമ്മ ആദ്യമായി ഭരതനാട്യം ക്ലാസില്‍ കൊണ്ട് പോകുന്നത്. എന്‍റെ ആദ്യത്തെ ടീച്ചര്‍ വളരെ പരമ്പരാഗതമായ ശൈലിയില്‍ പഠിപ്പിച്ചിരുന്ന ഒരു ഗുരുവായിരുന്നു. അവര്‍ ചുവടുകള്‍ പിഴച്ചാല്‍ എന്നെ ശിക്ഷിക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ ആ കാര്യം എന്‍റെ അമ്മയോട് പറയുകയും അവര്‍ മറ്റൊരു ഗുരുവിനെ ഏര്‍പ്പാടാക്കുകയും ചെയ്തു. അദ്ദേഹമാകട്ടെ ഞാന്‍ എന്ത് ചെയ്താലും നന്നായി എന്ന് പറയുമായിരുന്നു. ഇവര്‍ രണ്ടു പേരില്‍ നിന്നും ഞാന്‍ കാര്യമായി ഒന്നും പഠിച്ചില്ല. എനിക്ക് പതിനാറു വയസ്സാകുകയും ഞാന്‍ സെക്സിലേക്കും ലഹരിയിലേക്കും വഴിരയുകയും ചെയ്യുന്നത് കണ്ട് എന്‍റെ മാതാപിതാക്കള്‍ എന്നെ തമിഴ്നാട്ടിലെ തൃച്ചിയിലുള്ള അവരുടെ മാതാപിതാക്കളുടെ അടുക്കലേക്കയച്ചു. ഞാന്‍ തിരച്ചു പോകാന്‍ ആഗ്രഹിച്ചിരുന്നു. ഫെമിന മാസികയില്‍ കലാക്ഷേത്രയെ കുറിച്ച് ഒരു ലേഖനം വായിച്ചപ്പോള്‍ ഞാന്‍ എന്‍റെ രക്ഷിതാക്കളോട് അവിടെ ചേരുന്നതിനുള്ള സമ്മതം വാങ്ങിച്ചു. അപ്പോളാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ഭരതനാട്യം എന്താണ് എന്ന് കാണുന്നതും അത് ശരിയായി അഭ്യസിക്കുന്നതിന് എന്തെല്ലാം ആവശ്യമാണെന്നുള്ള തിരിച്ചറിവില്‍ എത്തുകയും ചെയ്തത്.

ഞാന്‍ ആ അനുഭവത്തെ സ്നേഹത്തില്‍ അകപ്പെടുന്നതുമായി താരതമ്യം ചെയ്യും. നിങ്ങള്‍ ആഗ്രഹിക്കാഞ്ഞിട്ടു കൂടി വീണ്ടും വീണ്ടും നിങ്ങള്‍ സ്നേഹത്തില്‍ അകപ്പെടുന്നത് പോലെ, ഞാന്‍ പല തവണ ഇതുപേക്ഷിക്കാനും മറ്റേതെങ്കിലും ജോലി ചെയ്യാനും ശ്രമിച്ചിരുന്നു. പക്ഷേ ഒടുക്കം ഞാന്‍ ചെയ്തിരുന്നതെല്ലാം ഉപേക്ഷിച്ചു തിരകെ അതിലേക്കു തന്നെ വന്നു. ഇതത്ര എളുപ്പമുള്ള ഒരു കാലാരൂപമല്ല. നിങ്ങള്‍ മുഴുവനായി സമര്‍പ്പിക്കേണ്ടതായി വരും. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന പരിശീലന കളരികള്‍ ആവശ്യമായി വന്നേക്കാം.

? എങ്ങനെയാണ് ഈ കലാരൂപം ദേവദാസികളുമായി ബന്ധപ്പെട്ടിരിക്കുന്നത്? അവരുടെ ചരിത്രം രചിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്

1970കളില്‍ കലാക്ഷേത്രയില്‍ പഠിക്കുന്ന കാലത്ത് നിരവധി നര്‍ത്തകരെ കാണുന്നതിനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. അക്കാലത്ത് നിറയെ ശൈലികളും നിലനിന്ന് പോന്നിരുന്നു. പാണ്ടനല്ലൂര്‍ ശൈലി, തഞ്ചാവൂര്‍ ശൈലി, വല്ലവൂര്‍ ശൈലി എന്നിങ്ങനെ നിരവധി ശൈലികള്‍. അതുകൊണ്ട് ഇതിലേതെങ്കിലും ഒരു ശൈലി സ്വീകരിച്ച് ഒരു ഗുരുവിനു കീഴില്‍ അഭ്യസിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കലാക്ഷേത്രയുടെ ശൈലിയായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ ഭരതനാട്യ നര്‍ത്തകിയായിരുന്ന ബാലസരസ്വതിയെ ഒരിക്കല്‍ പോലും എനിക്ക് കാണാന്‍ സാധിച്ചിരുന്നില്ല. അന്ന് ഞങ്ങളുടെ മുന്‍പില്‍ രണ്ടു താരങ്ങളായിരുന്നു; ഒന്ന് ബാലസരസ്വതി മറ്റൊരാള്‍ യാമിനി കൃഷ്ണമൂര്‍ത്തി. യാമിനിയുടെ നൃത്തം ഇന്നും എന്‍റെ മനസ്സിലുണ്ട്.

ദേവദാസികളുടെ ചരിത്രം ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്, ഞാനറിഞ്ഞിരുന്ന നൃത്തത്തിന്‍റെ ചരിത്രം പല പണ്ഡിതരും പറയുന്നതില്‍ നിന്ന് വ്യത്യസ്തമാണെന്ന് കണ്ടപ്പോഴായിരുന്നു. ഉദാഹരണത്തിന് രുഗ്മിണി ദേവി ഭരതനാട്യത്തെ കൂടുതല്‍ സാമ്പ്രദായികമായ ഒരു ചട്ടക്കൂടിലേക്ക് കൊണ്ടുവരികയായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ ഉണ്ട്. പക്ഷേ ഞാനറിഞ്ഞിരിക്കുന്ന ചരിത്രം എന്നെ പഠിപ്പിച്ചത് അവര്‍ സാമ്പ്രദായികമായ അത്തരം മതില്‍ കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ ആള്‍ ആയിരുന്നു എന്നാണ്.

? പുതിയ നോവല്‍ എഴുതുന്നതിന് എത്ര സമയമെടുത്തു? മറ്റു പുസ്തകങ്ങളെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകതയെ എങ്ങനെ നോക്കി കാണുന്നു

ഒരു ആശയം എന്നതില്‍ നിന്നും ഒരു പുസ്തകമായി പരിണമിക്കുന്നതിന് ഈ പുസ്തകത്തിന് പത്തു വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇതെഴുതി തീര്‍ക്കുക എന്നത് എത്രത്തോളം വിഷമമുള്ള ഒരു ജോലിയായിരുന്നു എന്നത് ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ ഈ പുസ്തകത്തിന്‍റെ അടുത്ത ഭാഗം എഴുതുന്നുണ്ട്. എന്‍റെ ആദ്യ പുസ്തകമായിരുന്ന കള്‍ച്ചര്‍ ഷോക്ക്‌: ഇന്ത്യ എന്ന പുസ്തകം നീണ്ട കാലത്തേക്ക് ഇന്ത്യയില്‍ താമസിക്കാന്‍ വരുന്ന വിദേശികളായ ആളുകളെ ഉദ്ദേശിച്ചിട്ടെഴുതിയിട്ടുള്ളതാണ്. എന്‍റെ രണ്ടാമത്തെ പുസ്തകം സ്ലീപിംഗ് വിത്ത്‌ മൂവീ സ്റ്റാര്‍സ് എന്‍റെ നൃത്ത പരിശീലന കാലത്തെ അനുഭവങ്ങളാണ്. അത് ഞാന്‍ മൂന്നു വര്‍ഷങ്ങള്‍ എടുത്താണ് പൂര്‍ത്തിയാക്കിയത്. നോവല്‍ എഴുതുന്നത് ഇത്ര ഭാരിച്ച ഒരു പണിയാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. മറ്റു ജോലികളോടൊപ്പം നോവല്‍ എഴുതുന്നവര്‍ എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. മറ്റൊന്നും ചെയ്യാനില്ലാതെ ഒരുപാടു സമയം കയ്യിലുള്ളപ്പോള്‍ മാത്രമാണ് എനിക്കെഴുതാന്‍ സാധിക്കുന്നത്.

? ഭരതനാട്യം പോലെയുള്ള ക്ലാസ്സിക്കല്‍ കലകളിലെ സെക്സിസത്തെ എങ്ങനെ നോക്കി കാണുന്നു?

ക്ലാസിക്കല്‍ കലകള്‍ പൊതുവേ സെക്സിസ്റ്റ് സ്വഭാവം ഉള്ളവയാണ്. കാരണം ക്ലാസ്സിസിസം എന്നത് തന്നെ ചില നിയമങ്ങളെയും മാമൂലുകളെയും ആധാരമാക്കിയാണ് രൂപപ്പെട്ടു വന്നിട്ടുള്ളത്. ബാലേ ഡാന്‍സ് അതിനോരു ഉദാഹരണമാണ്. ഭരതനാട്യം സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ചുള്ള ഒരു നിശ്ചിത ആശയത്തെയും ബന്ധത്തെയും പ്രോത്സാഹിപ്പിക്കുന്നു. രണ്ടു ലിംഗക്കാരും ഈ ആശയങ്ങള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടേക്കാം. എന്നാല്‍ ആ നിയമങ്ങളൊന്നും തന്നെ ഭരതനാട്യത്തിന്‍റെ തനതായ നിയമങ്ങളല്ല. അതാണ്‌ രുഗ്മിണി ദേവി കണ്ടെത്തിയ ഒരു കാര്യം. ആരും തന്നെ നിയമത്തിന്‍റെ ചട്ടക്കൂടുകളില്‍ കിടന്നു ബുദ്ധിമുട്ടേണ്ടാതായി വരുന്നില്ല. ഒരു നര്‍ത്തകന്‍ അല്ലെങ്കില്‍ നര്‍ത്തകി പൂര്‍ണമായും ഉപയോഗിക്കാന്‍ തയ്യാറാണെങ്കില്‍ സമൂലവും പരിവര്‍ത്തനപരവുമായ ദര്‍ശനങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ള ഒരു ഭൗതിക ഭാഷയാണ് ഭാരതനാട്യത്തിന്‍റേത്. രമ വൈദ്യനാഥന്‍റെ ഈ കഴിഞ്ഞ കുറച്ചു നാളുകളിലെ പ്രകടനം എന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.


? എപ്പോള്‍ മുതലാണ്‌ കളരിപ്പയറ്റ് അഭ്യസിക്കാന്‍ തുടങ്ങിയത്? ഇപ്പോഴും കായികാഭ്യാസമെന്ന നിലയില്‍ കളരി അഭ്യസിക്കുന്നുണ്ടോ

കാവാലം നാരായണ പണിക്കരുടെ ഒരു സംഘം ന്യൂഡല്‍ഹിയില്‍ ഒരു പരിപാടി അവതരിപ്പിക്കുന്നത് ഞാന്‍ കാണാന്‍ ഇടയായി. പരിപാടിയുടെ തൊട്ടടുത്ത ദിവസം അവര്‍ ഒരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത ഏക വ്യക്തി ഞാന്‍ മാത്രമായിരുന്നു. അവര്‍ അവരുടെ പരിശീലനത്തിനായി കളരിയാണ് അഭ്യസിച്ചിരുന്നത്. എനിക്കതില്‍ വളരെ താത്പര്യമുണ്ടാകുകയും ഞാന്‍ അത് പഠിക്കുന്നതിനായി കേരളത്തിലേക്ക് പോകുകയും ചെയ്തു. ഒടുക്കം മദ്രാസില്‍ ഒരു ഗുരുവിനെ കണ്ടെത്തി - പി.എ ബിനോയ്‌. അതില്‍ പിന്നെ ഞാന്‍ കളരി അഭ്യസിച്ചു കൊണ്ടേയിരിക്കുന്നു.

ഭരതഭാട്യം അഭ്യസിച്ച് മുട്ടിനു വേദനനയായപ്പോള്‍ ഞാന്‍ കളരി മസ്സാജ് ഒരു ചികിത്സയായി തിരഞ്ഞെടുത്തു. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ അത് നടത്തി വരുന്നു. ഇപ്പോള്‍ എന്‍റെ ആരോഗ്യത്തിന്‍റയും സന്തോഷത്തിന്‍റെയും ഒരു പ്രധാന കാരണം ഈ ചികത്സയും മസ്സാജുമൊക്കെയാണ്. എന്‍റെ ആദ്യത്തെ ആശാന്‍ എന്നോട് പറയുമായിരുന്നു, നിങ്ങള്‍ കളരിയിലേക്ക് കയറുമ്പോള്‍ നിങ്ങളുടെ ജാതിയും വരേണ്യബോധവും എല്ലാം വെളിയില്‍ അഴിച്ചു വെച്ചിട്ടാണ് കയറേണ്ടതെന്ന്. ഞാന്‍ ഓട്ടോ റിക്ഷ ഡ്രൈവര്‍മാരുടെ കൂടെയും ബസ് കണ്ടക്ടര്‍മാരുടെ കൂടെയും സാധാരണ മനുഷ്യരുടെ കൂടെയുമെല്ലാം അദ്ദേഹത്തിന്‍റെ കളരിയില്‍ കളരി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട്ടുള്ള വികാസ് ഗുരുക്കള്‍ക്കൊപ്പമാണ് അഭ്യസിക്കുന്നത്.

? നാട്യകലകളില്‍ നിങ്ങള്‍ക്ക് നീണ്ട നാളത്തെ പരിചയമുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു പ്രകടനത്തെ കുറിച്ചോ ഓര്‍മകളെ കുറിച്ചോ പറയാമോ

വേദികളില്‍ വരിക എന്നത് ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. പക്ഷേ എനിക്ക് അത്രമാത്രം വേദികള്‍ ലഭ്യമായിട്ടില്ല അതുകൊണ്ട് തന്നെ എന്‍റെ എല്ലാ പെര്‍ഫോമന്‍സുകളും എനിക്ക് ഓര്‍മയുണ്ട്. ആദ്യത്തേത് ഇറ്റലിയില്‍ ആയിരുന്നു. കാമദേവ് എന്ന അതിസുന്ദരനായ ഒരു നര്‍ത്തകന്‍റെ ഒപ്പം. അതുപോലെ, കൊറിയയിലെ സുവോനിലും ഞാൻ നൃത്തം ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ എന്‍റെ ഗുരുവായ നാനാ കാസറിനൊപ്പം നൃത്തം ചെയ്തിട്ടുണ്ട്. ഞാന്‍ നൃത്ത സംവിധാനം ചെയ്ത മറ്റൊരു സൃഷ്ടി ആയിരുന്നു, 'ദി സെവന്‍ ഡെഡ്ലി സിന്‍സ്'. അതിനെനിക്ക് സംഗീതജ്ഞനും സുഹൃത്തുമായ ബാബു പരമേശ്വരനില്‍ നിന്നും അഭിനന്ദനങ്ങള്‍ കിട്ടിയിട്ടുണ്ട്.

ഏയ്ക്ത കപൂര്‍

ഏയ്ക്ത കപൂര്‍

ഇ-ഷി മാഗസിന്റെ എഡിറ്ററും പബ്ലീഷറും. ലൈഫ്സ്റ്റൈല്‍ ജേര്‍ണലിസ്റ്റ്, പേഴ്സണല്‍ ഡവലപ്മെന്റ് കോച്ച്. ഇ-മെയില്‍: aekta@eshe.in

Next Story

Related Stories