TopTop
Begin typing your search above and press return to search.

കൈയില്‍ വസ്തുനിഷ്ഠമായ വാര്‍ത്തയുണ്ടെങ്കില്‍, തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള ധാര്‍മ്മിക സ്ഥൈര്യമുണ്ടെങ്കില്‍, ഈ ലോകം നിങ്ങളുടേതാണ്; മാധ്യമപ്രവര്‍ത്തനത്തിന്റെ അഞ്ച് ആധാരശിലകള്‍

കൈയില്‍ വസ്തുനിഷ്ഠമായ വാര്‍ത്തയുണ്ടെങ്കില്‍, തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള ധാര്‍മ്മിക സ്ഥൈര്യമുണ്ടെങ്കില്‍, ഈ ലോകം നിങ്ങളുടേതാണ്; മാധ്യമപ്രവര്‍ത്തനത്തിന്റെ അഞ്ച് ആധാരശിലകള്‍

(ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്റ് ന്യൂമീഡിയയുടെ ബിരുദദാന ചടങ്ങില്‍ യുവമാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ദി കാരവന്‍ എക്സിക്യുട്ടീവ്‌ എഡിറ്റര്‍ വിനോദ് കെ. ജോസ് നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ)

മിക്കപ്പോഴും രാഷ്ട്രീക്കാര്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ വിശ്വസിക്കാറില്ല. പക്ഷെ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്‌വെല്‍റ്റിന്റെ ഈ പ്രസ്താവന നമ്മുടെ തൊഴിലിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഉചിതമാണ്.

1904 ഏപ്രിലില്‍ റൂസ്‌വെല്‍റ്റ് പറഞ്ഞു: "മാസം മുഴുവനും ആഴ്ച മുഴുവനും ദിവസം മുഴുവനും എഴുതുന്ന ഒരു മനുഷ്യന്‍, നമ്മുടെ ജനങ്ങളുടെ ചിന്തകള്‍ക്ക് രൂപം നല്‍കുന്നതിനുള്ള വസ്തുക്കള്‍ ശേഖരിച്ചു കൊടുക്കുന്നു. മറ്റേരെക്കാളും ആ മനുഷ്യനാണ് അത്യന്താപേക്ഷിതമായി ജനങ്ങളുടെ സ്വഭാവത്തെയും ഏത് തരം സര്‍ക്കാരാണ് ആ ജനങ്ങള്‍ക്ക് ഉണ്ടാവേണ്ടത് എന്നും നിര്‍ണയിക്കുന്നത്".

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ ഉത്തരവാദിത്തം ഉണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം. മാസം മുഴുവനും ആഴ്ച മുഴുവനും ദിവസം മുഴുവനും എഴുതുന്ന ആ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ, തങ്ങളുടെ പ്രവര്‍ത്തികളോടും നയങ്ങളോടും ഉത്തരവാദിത്തമില്ലാതെ പദവിയില്‍ ഇരിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള, അല്ലെങ്കില്‍ ഒരു നേതാവിന് അല്ലെങ്കില്‍ സര്‍ക്കാരിന് അവരര്‍ഹിക്കാത്ത പ്രശംസ ചൊരിയുന്ന തരത്തിലുള്ള, അതുമല്ലെങ്കില്‍ ഒരു നേതാവിന് അല്ലെങ്കില്‍ സര്‍ക്കാരിന് എതിരായ തെളിവുകളെ അവഗണിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് എഴുതുന്നതെങ്കില്‍, ജനങ്ങള്‍ അര്‍ഹിക്കുന്ന തരത്തിലുള്ള സര്‍ക്കാരിനെ നിര്‍ണയിക്കുന്നതില്‍ പക്ഷാപാതിത്വപരമായ പങ്കാണ് ആ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ നിര്‍ണയിക്കുന്നത് എന്ന് പറയേണ്ടി വരും. ആ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ പ്രൈംടൈം ടെലിവിഷന്‍ അവതാരകയോ ഒരു പത്രത്തിന്റെ എഡിറ്ററോ ഒരു പ്രത്യേക ലേഖകനോ ആകാം. റൂസ്‌വെല്‍റ്റ് അംഗീകരിച്ച അധികാരം അവര്‍ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്താല്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും മെരുക്കേണ്ടതിന്റെ ആവശ്യകത നേതാക്കന്മാരും അധികാരത്തിലിരിക്കുന്നവരും ചരിത്രത്തിലെമ്പാടും തിരിച്ചറിഞ്ഞിട്ടുണ്ട്. ചില രാജ്യങ്ങളിലെ നേതാക്കന്മാര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വിജയകരമായി മാധ്യമ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും വേട്ടയാടും. എന്നാല്‍, അധികാരത്തിലിരിക്കുന്ന ഒരു മനുഷ്യന് മാധ്യമങ്ങളെ സ്വാധീനിക്കുന്നതിനുള്ള പരിധി നിശ്ചയിക്കുന്ന ഘടകം വ്യക്തിഗത മാധ്യമ പ്രവര്‍ത്തകരാണ്. അതായത് നിങ്ങളാണ്.

സമകാലിക കാലഘട്ടത്തിലേക്ക് വരുന്നതിന് മുമ്പ്, റൂസ്‌വെല്‍റ്റില്‍ തന്നെ നമുക്ക് കുറച്ച് സമയം ചിലവഴിക്കാം. 1904-ല്‍ ഇത്രയും ഉജ്ജ്വലമായ പ്രയോഗങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചതിന് ശേഷം, അദ്ദേഹം അഴിമതി കുറ്റം ചെയ്തുവെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട് കൂര്‍മ്മബുദ്ധിയായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ റൂസ്‌വെല്‍റ്റ് എന്താണ് ചെയ്തത്?

1909-ല്‍ റൂസ്‌വെല്‍റ്റിനെ കടന്നാക്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ മറ്റാരുമല്ലായിരുന്നു. ഐതിഹാസിക മാധ്യമ പ്രവര്‍ത്തകനായ സാക്ഷാല്‍ ജോസഫ് പുലിസ്റ്ററായിരുന്നു അത്. ബൃഹത്തായ പനാമ കനാല്‍ നിര്‍മ്മാണത്തിനിടെ 40 ദശലക്ഷം ഡോളര്‍ അപ്രത്യക്ഷമായതിനെ കുറിച്ച് പുലിസ്റ്റര്‍ തന്റെ പത്രമായ ന്യൂയോര്‍ക്ക് വേള്‍ഡില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആഴ്ച മുഴുവനും ദിവസം മുഴുവനും ജോലി ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, പണം അമേരിക്കന്‍ കമ്പനിയായി ജെപി മോര്‍ഗ്ഗന്റെയും റൂസ്‌വെല്‍റ്റിന്റെ അളിയന്റെയും പോക്കറ്റുകളിലേക്കാണ് പോയത്. പുലിസ്റ്റര്‍ക്കെതിരെ റൂസ്‌വെല്‍റ്റ് മാനനഷ്ടത്തിന് കേസ് കൊടുക്കുകയും അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് മൂന്ന് വര്‍ഷം നീണ്ടു നിന്നു. യുഎസ് സുപ്രീം കോടതി വരെ പോയ കേസില്‍ ഒടുവില്‍ പുലിസ്റ്റര്‍ വിജയം കണ്ടു. ഒരു മാധ്യമപ്രവര്‍ത്തകന്‍ രാജ്യത്തെ ഉന്നത അധികാരികളുമായി ഏറ്റുമുട്ടിയതിന്റെ ആദ്യകാല കഥകളിലൊന്നാണ് ഇത്. അതിന് ശേഷം, വാട്ടര്‍ഗേറ്റ് അഴിമതി, പെന്റഗണ്‍ പേപ്പറുകള്‍ തുടങ്ങിയ നിരവധി ചരിത്രസംഭവ നിമിഷങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകര്‍ കടന്നുപോയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തന ചരിത്ര ക്ലാസുകള്‍ വഴി ഇത്തരം കേസുകളുമായി നിങ്ങള്‍ക്ക് ഇതിനകം പരിചയം ലഭിച്ചിരിക്കും. ഈ തൊഴിലില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പരിചയം ലഭിക്കുമ്പോള്‍, മാധ്യമ പ്രവര്‍ത്തനം സാംസ്‌കാരികം കൂടിയാണെന്ന് നിങ്ങള്‍ തിരിച്ചറിയും. ഒരു സമൂഹത്തില്‍ നിന്നും മറ്റൊരു സമൂഹത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ശക്തിയിലും വ്യത്യാസം വരും. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യമായ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ അധികാരശക്തികള്‍ക്കെതിരെയാണ് പുലിസ്റ്ററും വാഷിംഗ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും പോരാടിയത്. പക്ഷെ, മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ഏറ്റവും ശക്തരായ അധികാരികള്‍ക്കെതിരെ എത്ര മാധ്യമങ്ങള്‍ പോരാടുന്നുണ്ട്? വളരെ ചുരുക്കം എന്നാണ് ഉത്തരം. പക്ഷെ, മാധ്യമ പ്രവര്‍ത്തന സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ വരാം. നിങ്ങളെ പോലുള്ള യുവമാധ്യമ പ്രവര്‍ത്തകരുടെ കൈകളിലാണ് അത് ചെയ്യേണ്ട ഉത്തരവാദിത്വം. നിങ്ങള്‍ അവിടെ എത്തുന്നതിന് തീര്‍ച്ചയായും ഒരാളുടെ വ്യക്തി മണ്ഡലത്തില്‍ ചില കാര്യങ്ങള്‍ ഒരാള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഈ പ്രഭാഷണത്തില്‍ അത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന തൊഴിലുകളില്‍ ഒന്നാണ് മാധ്യമ പ്രവര്‍ത്തനം. വിശാല ശ്രേണിയിലുള്ള വിഷയങ്ങളെ കുറിച്ച് സാധ്യമായ തരത്തില്‍ ആഴത്തിലുള്ള മനസിലാക്കല്‍ അത് ആവശ്യപ്പെടുന്നു. കുറഞ്ഞ സമയ പരിധിയ്ക്കുള്ളില്‍ ദ്രുതഗതിയിലുള്ള വിധി നിര്‍ണയവും അതിന്റെ ആവശ്യകതകളില്‍ ഒന്നാണ്. സമൂഹത്തിലെ അതിശക്ത തലങ്ങളില്‍ നിന്നും ഉടനടിയുള്ള കോപത്തിനും അടിച്ചമര്‍ത്തലിനും മാധ്യമ പ്രവര്‍ത്തകര്‍ വിധേയരാവാം എന്നതിനാല്‍, പ്രസിദ്ധീകരണപൂര്‍വ ഘട്ടം മുതല്‍ പ്രസിദ്ധീകരണാനന്തര ഘട്ടം വരെയുള്ള റിപ്പോര്‍ട്ടിന്റെ എല്ലാ ഘട്ടങ്ങളിലും കൗശലവും തന്ത്രവും നിങ്ങള്‍ക്ക് ആവശ്യമുണ്ട്. ഇത്രയും നിഷ്‌കര്‍ഷ ആവശ്യമുള്ള ഈ തൊഴിലില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കണമെങ്കില്‍ ചില പ്രത്യേക രൂപത്തിലുള്ള കവചങ്ങള്‍ നിങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അവയുടെ ആരോഗ്യം നഷ്ടപ്പെടാതിരിക്കുകയോ അല്ലെങ്കില്‍ തുരുമ്പിക്കാതിരിക്കുകയോ ചെയ്യുന്നതിനായി നിങ്ങള്‍ ഇടയ്ക്കിടെ അവ തുടച്ചുമിനുക്കേണ്ടതുമുണ്ട്.

അധികാര കേന്ദ്രങ്ങള്‍ക്ക് നേരെ സത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് മുളയിലേ നുള്ളുക എന്നതാണ് എല്ലാക്കാലത്തും അധികാരത്തിലുള്ളവര്‍ ചെയ്യുക. അതുകൊണ്ട് തന്നെ നിങ്ങള്‍ നെയ്‌തെടുക്കുന്ന പടച്ചട്ട അണിയാതിരിക്കാന്‍ അവര്‍ തുടക്കത്തില്‍ തന്നെ ശ്രമിക്കും. നിങ്ങള്‍ ഒരു ആശയം മുന്നോട്ട് വയ്ക്കുമ്പോള്‍ തന്നെ എഡിറ്റര്‍ക്ക് അത് തള്ളിക്കളയാം. തങ്ങളുടെ വാര്‍ത്താ മുറികള്‍ (News Room) സഞ്ചരിക്കാന്‍ പാടില്ലാത്ത ഇടങ്ങളെ കുറിച്ച് ഒരു മാധ്യമ മുതലാളിക്ക് തീരുമാനിക്കാം. ഇതെല്ലാം ബാഹ്യശക്തികളാണ്. എന്നാല്‍, ഈ പ്രതിലോമ ശക്തികള്‍ കൂടുതല്‍ കൗശലമേറിയ മാര്‍ഗ്ഗങ്ങളിലൂടെ പ്രവര്‍ത്തിക്കുകയും മനഃശാസ്ത്രപരമായ നീക്കങ്ങളിലൂടെ ഭാവിയുടെ വാഗ്ദാനങ്ങളാവാന്‍ സാധ്യതയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയറിടുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായാണ് ഞാന്‍ കാണുന്നത്.

എങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നത്? താന്‍ ആവശ്യത്തിന് അനുഭവ സമ്പത്ത് സ്വായത്തമാക്കിയെന്നും അതിനാല്‍ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഒരു നിശ്ചിതഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തനപരമായ പഠനത്തിന്റെ ആവശ്യം വരുന്നില്ലെന്നും തൊഴില്‍ വൈശിഷ്ട്യമുള്ള ഒരു വ്യക്തിക്കും അവകാശപ്പെടാന്‍ സാധിക്കില്ല. നമ്മളെല്ലാം വിദ്യാര്‍ത്ഥികളാണ്. ശക്തമായ സാമൂഹ്യ അധികാര ഘടനയില്‍ നിന്നും വരുന്ന രാഷ്ട്രീയ അല്ലെങ്കില്‍ ബൗദ്ധികവര്‍ഗ്ഗങ്ങളില്‍ നിന്നും ഉള്ള, അല്ലെങ്കില്‍ നിങ്ങളുടെ വാര്‍ത്ത മുറിയില്‍ തന്നെയുള്ള മുതിര്‍ന്ന സഹപ്രവര്‍ത്തകരായ വക്രബുദ്ധിക്കാര്‍ നിങ്ങളില്‍ നിഷ്‌ക്രിയത്വം അടിച്ചേല്‍പ്പിച്ചുകൊണ്ട് നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനപരമായ വളര്‍ച്ച അവസാനിക്കുന്നു എന്ന് ഉറപ്പാക്കുന്ന പ്രവണത ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണ്. ശരാശരി പ്രവര്‍ത്തികള്‍ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിനന്ദനങ്ങള്‍ അവര്‍ കോരിച്ചൊരിയും. അവള്‍ ഏറ്റവും മികച്ച എഡിറ്ററാണെന്ന്, മികച്ച റിപ്പോര്‍ട്ടറാണെന്ന്, മികച്ച മാധ്യമ പ്രവര്‍ത്തകയാണെന്ന് അവര്‍ പ്രഖ്യാപിച്ചുകളയും.

ചില വിചിത്രമായ തലക്കെട്ടുകള്‍ ഇട്ടുവെന്നതു കൊണ്ടു മാത്രം സംതൃപ്തരും തഴക്കമുള്ളവരുമാണെന്ന് തെറ്റിദ്ധരിക്കുകയും അതിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന എഡിറ്റര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഈ തൊഴിലിന്റെ മറ്റ് തലങ്ങളില്‍ വളരുന്നതില്‍ നിന്നും ഇത് നിങ്ങളെ തടയും എന്ന് മാത്രമല്ല, നിങ്ങള്‍ക്ക് മതിയായ പരിശീലനമോ അല്ലെങ്കില്‍ വൈദഗ്ധ്യമോ ലഭിച്ചിട്ടില്ലാത്ത മേഖലകളിലേക്ക് ഭാഷ ഉപയോഗിച്ചുള്ള കളികളിലുള്ള നൈപുണ്യം വ്യാപിപ്പിക്കുന്നതിലേക്കും ഇത് നീളും. നിരവധി സന്ദര്‍ഭങ്ങളില്‍, അങ്ങേയറ്റത്തെ ദേശീയ താത്പര്യമുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ കൊല്ലുകയോ അല്ലെങ്കില്‍ വസ്തുതകള്‍ വളച്ചൊടിക്കുകയോ ചെയ്യും. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതിലോ അല്ലെങ്കില്‍ അതിന് മേല്‍നോട്ടം വഹിക്കുന്നതിലോ നിങ്ങള്‍ക്ക് പരിചയക്കുറവ് ഉണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു ഘടകം മാത്രമായ വിചിത്രമായ തലക്കെട്ടുകള്‍ നല്‍കുന്നതിന്റെ പേരില്‍ നിങ്ങള്‍ അവകാശപ്പെടുന്ന കീര്‍ത്തിയുടെ പേരില്‍ എന്താണ് നിങ്ങളുടെ ന്യൂനത എന്ന് നിങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കാതെ പോകും.

അതുപോലെ തന്നെ, തന്റെ റിപ്പോര്‍ട്ടുകളില്‍ ഒന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നുവെന്ന് അല്ലെങ്കില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നവെന്ന് ഒരു ലേഖകന്‍ കണ്ടെത്തിക്കഴിമ്പോള്‍, സ്വയം സംതൃപ്തിയിലേക്ക് അവര്‍ ക്രമേണ ഒതുങ്ങിക്കൂടും. ഒന്നിന് പുറകെ ഒന്നായി അനിതരസാധാരണമായ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുന്നതിന് പകരം ആ ഒറ്റക്കഥയില്‍ അവര്‍ ജീവിക്കാന്‍ ആരംഭിക്കും.

ഇന്ത്യന്‍ വാര്‍ത്താമുറികളില്‍ നിന്നും എളുപ്പത്തില്‍ ലഭിക്കുന്ന അഭിനന്ദനങ്ങള്‍, ആലസ്യവും സ്വയം സംതൃപ്തിയും വഴി, ദീര്‍ഘകാലത്തില്‍ നിങ്ങളെ ശിക്ഷിക്കാനുള്ള ഉറപ്പുള്ള വഴിയാണ് തെളിഞ്ഞുവരുന്നത്. ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നതിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും അഭിനന്ദനങ്ങള്‍ നല്ലതാണെങ്കിലും അത് അധികാരകേന്ദ്രങ്ങളില്‍ നിന്നും വരുമ്പോള്‍, ഒരു നിശ്ചിത വാര്‍ത്ത എങ്ങനെയാണ് അല്ലെങ്കില്‍ എന്തുകൊണ്ട് ഒഴിവാക്കണം എന്ന് നിങ്ങളോട് പറയാന്‍ സാധിക്കുന്ന തരത്തിലുള്ള ബന്ധം അവര്‍ വളര്‍ത്തിയെടുക്കുകയാണ് എന്ന് കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ആത്യന്തികമായി അവരുടെ നിര്‍ണയങ്ങള്‍ നിങ്ങളെ കീഴടക്കും.

അപ്പോള്‍, എന്താണ് ഇതിനുള്ള പരിഹാരം? ജന്മവൈഭവമുള്ള കാര്യങ്ങളില്‍ മാത്രം സംതൃപ്തരായി തീരുക എന്ന കെണിയില്‍ ഭാവി വാഗ്ദാനങ്ങളായ യുവ മാധ്യമ പ്രവര്‍ത്തകര്‍ വീണുപോകാതിരിക്കാനും പകരം മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ ഘടകങ്ങളിലും നൈപുണ്യം കൈവരിക്കാനും എങ്ങനെ സാധിക്കും? നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരര്‍ത്ഥം പ്രദാനം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിങ്ങളുടെ ശബ്ദം വളര്‍ത്തിയെടുക്കാന്‍ എങ്ങനെ സാധിക്കും? അടിസ്ഥാനപരമായി, ഈ തൊഴിലിലെ ഏതൊക്കെ ഘടകങ്ങള്‍ക്കാണ് നിങ്ങളെ സമഗ്രമായി വളര്‍ത്തിയെടുക്കാന്‍ സാധിക്കുക? ഏത് തരത്തിലുള്ള പടച്ചട്ടയാണ് നിങ്ങള്‍ ധരിക്കേണ്ടത്?

മാധ്യമ പ്രവര്‍ത്തകര്‍ ജീര്‍ണതയുടെയും അപ്രസക്തിയുടെയും മോശം ജോലികളുടെയും കുരുക്കില്‍ വീഴാതിരിക്കുന്നതിനായി മാധ്യമ പ്രവര്‍ത്തനത്തിന്റെ അഞ്ച് മേഖലകളില്‍ അവര്‍ ഒരേ സമയത്ത് നൈപുണ്യം നേടണം എന്താണ് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത്. വാര്‍ത്താവബോധം, വിവേകപൂര്‍ണമായ വിധിനിര്‍ണയം, ധാര്‍മ്മിക സ്ഥൈര്യം, നിശ്ചിത വിഷയത്തിലുള്ള പ്രാവീണ്യം. വൈദഗ്ധ്യം എന്നിവയാണവ. നിങ്ങളുടെ ഭാവി ജീവിതത്തില്‍ ഈ അഞ്ച് മേഖലകളില്‍ എത്രത്തോളം സ്വയം മുന്നോട്ട് ഉന്തിവിടാന്‍ സാധിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ തൊഴിലിലെ നിങ്ങളുടെ വിജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്.

നമുക്ക് അവ ഓരോന്നായി പരിശോധിക്കാം.

ആദ്യമായി, വാര്‍ത്താവബോധത്തെ കുറിച്ചുള്ള ചോദ്യം.

എന്താണ് വാര്‍ത്തയാവുക എന്ന അവബോധത്തോടെയാണോ ഒരാള്‍ ജനിച്ചുവീഴുന്നത്? ഒരു മാധ്യമ പ്രവര്‍ത്തക ജനിക്കുകയാണോ അതോ അവള്‍ സൃഷ്ടിക്കപ്പെടുകയാണോ?

ഒരു വ്യക്തിക്ക് ധൈര്യം പോലെയുള്ള ചില സഹജവാസനകളും വൈദഗ്ധ്യവും ചിലപ്പോള്‍ മൂല്യങ്ങളും വരെയുണ്ടാവും. എന്താണ് വാര്‍ത്താമൂല്യമുള്ളതെന്നും ഇല്ലാത്തതെന്നുമുള്ള ഒരാളുടെ അവബോധത്തെ ബാല്യകാലത്തെ ചില അനുഭവങ്ങളും സ്വഭാവങ്ങളും വര്‍ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്‌തേക്കാം. പക്ഷെ പരിശീലനമാണ് ഈ പാടവത്തെ പുറത്തു കൊണ്ടുവരുന്നത്, അല്ലെങ്കില്‍ നിലവിലുള്ള അഭിരുചി മെച്ചപ്പെടുത്തുന്നത്. നേരത്തെ തന്നെ ഒരു വാര്‍ത്താവബോധം ഇല്ലത്ത വ്യക്തികള്‍ക്ക് പരിശീലനത്തിലൂടെയും പ്രവൃത്തിയിലൂടെയും അത് നേടിയെടുക്കാന്‍ സാധിക്കും.

വാര്‍ത്താവബോധവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട സുപ്രധാനമായ ഒരു ചോദ്യത്തിന് വളരെ പഴക്കമുണ്ട് - ആരാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍?

അതിനെക്കുറിച്ച് ജോസഫ് പുലിസ്റ്ററിന് പറയാനുള്ളത് ഇതാണ്: 'എന്താണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍? ഏതെങ്കിലും ഒരു ബിസിനസ് മാനേജരോ അ്‌ല്ലെങ്കില്‍ പ്രസാധകനോ അല്ലെങ്കില്‍ ഒരു മുതലാളിയോ തന്നെയല്ല. രാജ്യമാകുന്ന കപ്പലിന്റെ അമരത്തെ നിരീക്ഷകനാണ് മാധ്യമ പ്രവര്‍ത്തകന്‍. അയാള്‍ ആ രാത്രി ഗമനത്തെ, തെളിഞ്ഞ കാലാവസ്ഥയില്‍ ചക്രവാളത്തിന് പൊട്ടുകുത്തുന്ന ചെറിയ താത്പര്യങ്ങളെ പോലും നിരീക്ഷിക്കുന്നു. ആ കപ്പലിന് രക്ഷിക്കാന്‍ സാധിക്കുന്ന, അപകടത്തില്‍പ്പെട്ടവരുടെ പ്രവാഹത്തെ കുറിച്ച് അയാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നിലുള്ള അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് അയാള്‍ മൂടല്‍മഞ്ഞിനും കൊടുങ്കാറ്റിനും ഇടയിലും മുന്നോട്ട് തുറിച്ചു നോക്കുന്നു. അയാളുടെ വേതനത്തെ കുറിച്ചോ അല്ലെങ്കില്‍ അയാളുടെ മുതലാളിമാരുടെ ലാഭത്തെ കുറിച്ചോ അയാള്‍ ചിന്തിക്കുന്നില്ല. അയാളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും അയാള്‍ കാവല്‍ നില്‍ക്കുന്നു"

കുഞ്ഞു കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ പ്രാപ്തനാക്കുന്നതാണ് വാര്‍ത്താവബോധം. ജനങ്ങളുടെ ക്ഷേമത്തിലും സുരക്ഷയിലും ആശങ്ക ഉയര്‍ത്തുന്ന ഏതും എന്തും അവളുടെ വാര്‍ത്താവബോധത്തെ പ്രോജ്ജ്വലിപ്പിക്കാം. തന്റെ മുതലാളിമാരുടെ താത്പര്യങ്ങള്‍ അവളെ അലട്ടുന്നില്ല. പൊതുചുമതലയെ കുറിച്ചുള്ള ശക്തമായ ധാരണയാണ് അവളുടെ വാര്‍ത്താവബോധത്തെ നയിക്കുന്നത്.

അതുകൊണ്ടുതന്നെ ഒരു മാധ്യമ പ്രവര്‍ത്തകനാവുക എന്നത് ഒരു കലാകാരനോ തത്വചിന്തകനോ എഴുത്തകാരനോ പൊതുതാത്പര്യങ്ങളില്‍ ഉത്തേജിതനായ ഒരു അഭിഭാഷകനോ ആകുന്നതിന് തുല്യമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു വ്യവസായിയോ അല്ലെങ്കില്‍ ഒരു വ്യാപാരിയോ അതുമല്ലെങ്കില്‍ ഒരു രാഷ്ട്രീയക്കാരനോ അല്ല; ഒരു വാണീജ്യ വിദഗ്ധയുമല്ല.

ഒരു മാധ്യമ പ്രവര്‍ത്തകന് മാത്രമേ വാര്‍ത്താവബോധം ഉണ്ടാവുകയുള്ളോ? അല്ല. എല്ലാവര്‍ക്കും അതിനെ കുറിച്ച് ചില തോന്നലുകള്‍ ഉണ്ടാവും. ഒരു മാധ്യമ സ്ഥാപനത്തില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവിടെ എത്തപ്പെട്ട മുതലാളിക്ക് പോലും അയാളുടേതായ വാര്‍ത്താവബോധം ഉണ്ടാവും. ഒരു എണ്ണക്കച്ചവടക്കാരന്‍, ഒരു ടെലികോം കമ്പനി മുതലാളി, ഒരു സിമന്റ് കച്ചവടക്കാരന്‍, ഒരു ഖനിയുടമ, ഒരു പലിശക്കാരന്‍, ഒരു ആയുധ ഇടപാടുകാരന്‍, ഒരു രാഷ്ട്രീയക്കാരന്‍ ഇവരൊക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ആധുനികകാല മാധ്യമ മുതലാളിമാര്‍. തങ്ങളുടെ അടിസ്ഥാന വ്യാപാരങ്ങളില്‍ നിന്നും മാധ്യമ വിഭാഗത്തിലേക്ക് പണം തിരിച്ചുവിടുന്നത്, അല്ലെങ്കില്‍ തങ്ങളുടെ അടിസ്ഥാന വ്യാപാരത്തിലെ തങ്ങളുടെ ലാഭം ഇരട്ടിപ്പിക്കുന്നതിനായി മാധ്യമങ്ങളെ പുനര്‍വിന്യസിക്കുന്നത് ഇവരാണ്.

അത്തരത്തിലുള്ള ഒരാള്‍ ഒരു പൊതുനന്മയും ലക്ഷ്യം വയ്ക്കുന്നില്ല. അയാള്‍ പൊതുചുമതല എന്ന വ്യാജേനെയാവും പ്രവര്‍ത്തിക്കുന്നത്. പക്ഷെ അയാളുടെ വ്യാപാര, ധനകാര്യ, രാഷ്ട്രീയ ഭയങ്ങളും വ്യാപാര വളര്‍ച്ചയിലുള്ള സാധ്യതകളുമാണ് യഥാര്‍ത്ഥത്തില്‍ അയാളെന്താണെന്ന് നിര്‍വചിക്കുന്നത്. ഇവിടെയാണ് പ്രൊഫഷനല്‍ വിദ്യാഭ്യാസം/പരിശീലനം സിദ്ധിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ജോസഫ് പുലിസ്റ്റര്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത്. പക്ഷെ, കാലപ്രവാഹത്തില്‍ അദ്ദേഹം തെറ്റാണെന്ന് തെളിഞ്ഞു.

പ്രൊഫഷണലായി പരിശീലനം സിദ്ധിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശക്തമായ സൈദ്ധാന്തിക അവബോധത്തിന്റെ മുന്‍തൂക്കം ഉണ്ടാവുമെന്നും അത് സാമൂഹ്യ നന്മയ്ക്കായി അവര്‍ ഉപയോഗിക്കുമെന്നും 1904ല്‍ പുലിസ്റ്റര്‍ എഴുതി. അദ്ദേഹം പറഞ്ഞു: "പൊതു നന്മയ്‌ക്കെതിരായ സ്വകാര്യ താത്പര്യത്തെ പ്രതിനിധീകരിക്കുന്ന ഏതൊരു ലേഖനവും തിരുത്താന്‍ വിശ്വാസ്യതയുള്ള മാധ്യമ പ്രവര്‍ത്തകര്‍ മടിക്കുമെന്ന അറിവ് തന്നെ, അത്തരം ഉദ്യമങ്ങളെ നിരുത്സാഹപ്പെടുത്താന്‍ മതിയായ കാരണമാകും. കോടതിയില്‍ നില്‍ക്കുന്ന ഒരു കേസിലെ നിലപാടുകളിലുള്ള ആദര്‍ശവാനായ ഒരു അഭിഭാഷകന്റെ കുറിപ്പ് തള്ളിക്കളയുന്നത് പോലെയുള്ള കനത്ത തിരിച്ചടിയായിരിക്കും അത്തരത്തിലുള്ള നിരാസം ആ പത്രത്തിലുള്ള പൊതുജന വിശ്വാസത്തില്‍ വരുത്തുക".

പക്ഷെ അക്കാര്യത്തില്‍ അദ്ദേഹത്തിന് തീരെ കൃത്യയുണ്ടായില്ല. ഇന്ത്യയില്‍, നമ്മുടെ ഇന്ധന വ്യാപാരികളും ടെലികോം വ്യവസായികളും ഖനി ഉടമകളും സിമന്റ് കച്ചവടക്കാരും പലിശക്കാരും ആയുധ ഇടപാടുകാരും പ്രൊഫഷണല്‍ പരിശീലനം ലഭിച്ച മാധ്യമ പ്രവര്‍ത്തകരെ വലിച്ചെറിയുകയും അവരുടെ തൊഴില്‍പരമായ എതിര്‍പ്പുകളെ ചവിട്ടിമെതിക്കുകയും ചെയ്തിട്ടും, ആ ആ ഉടമകള്‍ക്കൊപ്പം ചേരാന്‍ തയ്യാറായ പ്രൊഫഷണല്‍ പരിശീലനം ലഭിച്ച നിരവധി മാധ്യമ പ്രവര്‍ത്തകരെ അവര്‍ക്ക് ലഭിക്കുന്നു എന്ന് മാത്രമല്ല, അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളുള്ള പ്രബന്ധങ്ങളെയും ടെലിവിഷന്‍ ശൃംഖലകളെയും തിരുത്താന്‍ വിസമ്മതിക്കുകയും ചെയ്യുന്നു.

എന്താണ് വാര്‍ത്താവബോധം എന്നും അതെങ്ങനെ പുഷ്ടിപ്പെടുത്താമെന്നും ഇന്നത്തെ സാഹചര്യത്തില്‍ അതെങ്ങനെ കച്ചവടം നടത്താമെന്നും ഇപ്പോള്‍ സ്പഷ്ടമായി മനസിലാക്കിയ സ്ഥിതിക്ക്, നമുക്ക് രണ്ടാമത്തെ ഘടകത്തെ കുറിച്ച് ആലോചിക്കാം: വിവേകപൂര്‍ണമായ വിധിനിര്‍ണയം. ഒന്നാമത്തെയും മൂന്നാമത്തെയും ഘടകങ്ങളായ വാര്‍ത്താവബോധത്തിനും ധാര്‍മ്മിക സ്ഥൈര്യത്തിനും ഇടയിലായാണ് ഇതിന്റെ സ്ഥാനം.

മാധ്യമ പഠന സ്ഥാപനം തുടങ്ങുന്നതിന് കൊളംബിയ സര്‍വകലാശാലയ്ക്ക് - അത് തുടങ്ങി ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം അവിടെ പഠിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു - ജോസഫ് പുലിസ്റ്റര്‍ വലിയ സാമ്പത്തിക സഹായം നല്‍കിയപ്പോള്‍ അദ്ദേഹം ചോദ്യം ചെയ്യപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്തു. ഒരു മാധ്യമ പ്രവര്‍ത്തകനാവാന്‍ ഒരാള്‍ എന്തിനാണ് പഠിക്കുന്നത്? വാര്‍ത്താവബോധത്തിന്റെ മൂര്‍ച്ച കൂട്ടുന്നതിന് പുറമെ, മാധ്യമ പ്രവര്‍ത്തനം പഠിക്കുന്നത് മൂന്ന് പ്രധാന കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്ന് പുലിസ്റ്റര്‍ വിശ്വസിച്ചു. വിവേകപൂര്‍ണമായ വിധിനിര്‍ണയവും ധാര്‍മ്മിക സ്ഥൈര്യവും പരിശീലനവും അനുഭവജ്ഞാനവുമാണവ. കൊളംബിയ മാധ്യമ പഠന കേന്ദ്രം തുടങ്ങുമ്പോള്‍ അദ്ദേഹം ഈ വാദമാണ് മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്നത്.

ഒരു വാര്‍ത്ത എന്തായിരിക്കണമെന്നും ഒരു വാര്‍ത്ത എങ്ങനെയായിരിക്കണം എന്നുമുള്ളതിലെ മാധ്യമ പ്രവര്‍ത്തകന്റെ തീരുമാനത്തെ ബാധിക്കുന്നതാണ് വിവേകപൂര്‍ണായ വിധി നിര്‍ണയം. ഒരിക്കല്‍ അവര്‍ക്ക് ഇതിനൊരു ഉത്തരം ലഭിച്ചു കഴിഞ്ഞാല്‍ അവരുടെ മുഴുവന്‍ ശേഷിയും അതിന് പിന്നില്‍ ചിലവഴിക്കും. അത് മാധ്യമ പ്രവര്‍ത്തകരുടെ വ്യക്തിപരമായ വിധിനിര്‍ണയമാണ്. ഒരു മാതൃകാ വാര്‍ത്താമുറിയിലെ പ്രക്രിയകളായ വസ്തുത പരിശോധിക്കല്‍ (fact checking), എഡിറ്റിംഗ്, നിയമപരമായ സാംഗത്യ പരിശോധന (legal vetting) എന്നിവയിലൂടെ ആ വാര്‍ത്ത കടന്നുപോകുമെന്ന് ഉറപ്പാണെങ്കില്‍ തന്റെ പൊതുചുമതല നിര്‍വഹിക്കുന്നതിലും ആ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിലും ലോകത്തില്‍ ഒരു ശക്തിക്കും ആ മാധ്യമ പ്രവര്‍ത്തകയെ തടയാവില്ല. വാര്‍ത്താ വിധിനിര്‍ണയം വളര്‍ത്തിയെടുക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യേണ്ട ഒന്നാണ്.

ഇത് നമ്മെ ധാര്‍മ്മിക സ്ഥൈര്യം എന്ന ആശയത്തിലേക്ക് നയിക്കുന്നു. ഒരു എഡിറ്ററോ ലേഖകനോ ആകട്ടെ, ധാര്‍മ്മിക സ്ഥൈര്യം ഇല്ലാത്ത ഒരു മാധ്യമ പ്രവര്‍ത്തകന്‍ നിശൂന്യനാണ്. ചില ചിന്തകര്‍ വിശദീകരിക്കുന്നത് പോലെ, വ്യക്തികളുടെ ധാര്‍മ്മിക സ്ഥൈര്യം തീരുമാനിക്കുന്നതില്‍ സാമൂഹ്യ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും വലിയ പങ്കുണ്ട്. അതിനാല്‍ തന്നെ സംസ്‌കാരികമായ ഭിന്നത മാധ്യമ പ്രവര്‍ത്തനം പുലര്‍ത്തുന്നു. ചില രാജ്യങ്ങളില്‍, അധികാരത്തിലുള്ള ആരെയും ചോദ്യം ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. മറ്റ് ചില രാജ്യങ്ങളിലാവട്ടെ, ചോദ്യം ചെയ്യലില്‍ നിന്നും ചില താല്‍പര്യങ്ങളെ ഒഴിവാക്കി നിറുത്തുമ്പോള്‍, മറ്റുള്ളവയെ ഒഴിവാക്കുന്നില്ല. നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനത്തെയും ഒരു പ്രദേശത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്ത് തലത്തിലുള്ള ധാര്‍മ്മിക സ്ഥൈര്യമാണ് ഉള്ളത് എന്നതിന്റെയും ഫലം കൂടിയാണ് അത്.

അധികാരമുള്ളവരെ ചോദ്യം ചെയ്യാനുള്ള അവകാശം ചില സംസ്‌കാരങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന ഒരു ലോകമല്ല നമുക്ക് ആവശ്യം. ചില രാജ്യങ്ങളില്‍ അധികാരത്തിലിരിക്കുന്ന ആരെയും നമുക്ക് ചോദ്യം ചെയ്യാന്‍ സാധിക്കുകയും മറ്റ് രാജ്യങ്ങളില്‍ അതിന് സാധിക്കാതിരിക്കും ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

ഓരോ സമൂഹത്തിലും നിലനില്‍ക്കുന്ന സംസ്‌കാരങ്ങള്‍ക്ക് ഉപരിയായി ഈ തൊഴിലിന്റെ പ്രമാണങ്ങള്‍ നിശ്ചയിക്കുന്ന ഒരാള്‍ എന്താണ് വിശ്വസിക്കുന്നതെന്ന് പരിശോധിക്കാം. വീണ്ടും പുലിസ്റ്ററിനെ ഉദ്ധരിക്കാം: "വിജ്ഞാനത്തിനും വാര്‍ത്തയ്ക്കും ബുദ്ധിയ്ക്കും അതീതമായി, അതിന്റെ ധാര്‍മ്മികാവബോധത്തില്‍, അതിന്റെ ആര്‍ജ്ജവത്തില്‍, അതിന്റെ മാനവികതയില്‍, അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള അതിന്റെ സഹാനുഭൂതിയില്‍, അതിന്റെ സ്വാതന്ത്ര്യത്തില്‍, പൊതുജന ക്ഷേമത്തിലുള്ള അതിന്റെ ഉപാസനയില്‍, പൊതുസേവനം നടത്താനുള്ള അതിന്റെ ആകാംഷയിലാണ് ഒരു മാധ്യമ സ്ഥാപനത്തിന്റെ ആത്മാവും ഹൃദയവും നിലനില്‍ക്കുന്നത്".

ഇതിലെ ഓരോ വാക്കുകളിലും സത്യം മുഴങ്ങുന്നു.

ജോസഫ് പുലിസ്റ്റര്‍

ധാര്‍മ്മിക സ്ഥൈര്യം ഇല്ലാത്ത ഒന്നായിരിക്കണം മാധ്യമ പ്രവര്‍ത്തനമെന്ന് ഇന്നത്തെ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ വിശ്വസിക്കുന്നു. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷിയെ കുറിച്ചോ പ്രത്യയശാസ്ത്രത്തെ കുറിച്ചോ അല്ലെങ്കില്‍ ഒരു പ്രത്യേക കോര്‍പ്പറേറ്റ് ഭീമനെ കുറിച്ചോ അവരുടെ ഇടനിലക്കാരെ കുറിച്ചോ അല്ല ഞാന്‍ പറയുന്നത്; അവരൊക്കെ പല സമയത്തും തങ്ങളുടെ അനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാറുമുണ്ട്. താന്‍ വികസിപ്പിച്ചെടുക്കുന്ന വാര്‍ത്തയ്ക്ക് നല്ല അദ്ധ്വാനം ആവശ്യമായി വരുന്ന, ലേഖകരില്‍ നിന്നും ഉന്നതമായ ധാര്‍മ്മിക സ്ഥൈര്യം ആവശ്യപ്പെടുന്ന വാര്‍ത്തകളുടെ പേരില്‍, അങ്ങേയറ്റം ഉല്‍പതിഷ്ണുക്കള്‍ എന്ന് കരുതുന്ന നമ്മുടെ പൊതുബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ ഉപദേശം നല്‍കാന്‍ എന്ന വ്യാജേനെ എന്നെ വിളിക്കാറുണ്ട്. ഈ വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റെയും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെയും മുഖത്ത് തന്നെ പതിക്കുന്നവയുമാണ്. അവര്‍ സ്വയം സൃഷ്ടിച്ചെടുക്കുന്ന പൊതുധാരണയ്ക്ക് വിരുദ്ധമായ ഭൂതകാലമുള്ള ആളുകളെ സംബന്ധിക്കുന്ന വാര്‍ത്തകളുടെ കാര്യത്തില്‍ പ്രത്യേകമായ തടസ്സങ്ങള്‍ ഉണ്ടാവാറുണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്ന കൃത്യമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെങ്കിലും 'അപകീര്‍ത്തിപ്പെടുത്തരുത്' എന്നാവും ഉപദേശം. മനഃസാക്ഷിക്കും ധാര്‍മ്മിക സ്ഥൈര്യത്തിനും സ്ഥാനമില്ലാത്ത മാധ്യമ പ്രവര്‍ത്തനമാവും ഇന്നത്തെ ഇന്ത്യയില്‍ അധികാരത്തിലുള്ള മിക്ക ആളുകളെയും സന്തുഷ്ടരാക്കുന്നത്. എന്നാല്‍ നിങ്ങള്‍ കീഴടങ്ങരുത്.

ആഗോളതലത്തില്‍ ചിന്തിക്കുമ്പോള്‍, ധാര്‍മ്മിക സ്ഥൈര്യം പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്യുന്നതും, മനഃസാക്ഷിയെ പരിപോഷിപ്പിച്ചെടുന്നതുമായിരിക്കും മാധ്യമ പ്രവര്‍ത്തനത്തില്‍ നടപ്പിലാക്കാവുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളെന്ന് ഈ വിഷയത്തില്‍ ഏറെ വിശകലനങ്ങള്‍ നടത്തിയിട്ടുള്ള ആളുകള്‍ വളരെ കാലം മുമ്പ് തന്നെ അംഗീകരിച്ചതാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും സൈനിക സ്‌കളുകളിലും, എന്തിന് നമ്മുടെ നാട്ടിന്‍പുറത്തെ ആയോധന കലാകേന്ദ്രങ്ങളിലും ശാരീരിക സ്ഥൈര്യത്തെ കുറിച്ച് പഠിപ്പിക്കുന്നത് പോലെ, തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ധാര്‍മ്മിക സ്ഥൈര്യം പരിപോഷിപ്പിക്കപ്പെടേണ്ടതുണ്ട്. അവള്‍ക്ക് അത് സ്വയം പഠിപ്പിക്കാന്‍ സാധിക്കും മാധ്യമ പഠന കേന്ദ്രങ്ങളില്‍ നിന്നും പരിശീലിക്കാന്‍ സാധിക്കും, വാര്‍ത്താ മുറികളില്‍ നിന്നും സ്വാംശീകരിക്കാന്‍ സാധിക്കും, അല്ലെങ്കില്‍ മറ്റൊരു കാലഘട്ടത്തിലോ മറ്റൊരു രാജ്യത്തോ ജീവിച്ചിരിക്കുകയും വ്യത്യസ്തമോ സമാനമോ ആയ വെല്ലുവിളികളെ നേരിട്ടവരില്‍ നിന്നോ ഒരുപക്ഷെ പഠിക്കാന്‍ സാധിക്കും. ഒരു കാഴ്ചക്കാരന് ഒരു ചെറിയ തള്ളലിലൂടെ മറിച്ചിടാന്‍ സാധിക്കുന്നത്ര ബലഹീനരായിരിക്കും മാധ്യമ പ്രവര്‍ത്തകര്‍. നിങ്ങള്‍ക്ക് സാമൂഹ്യ മൂലധനത്തിന്റെ പിന്തുണയില്ലാത്തതിനാല്‍, ഒരു വലിയ അധികാര ശക്തി നിങ്ങളെ പീഢിപ്പിക്കുമ്പോള്‍, നിങ്ങളുടെ സംരക്ഷണത്തിനായി ആളുകള്‍ മുന്നോട്ട് വരണമെന്നില്ല. ഒരുപക്ഷെ, വിവേചനം നേരിടുന്ന വര്‍ഗ്ഗങ്ങളില്‍ നിന്നോ ജാതികളില്‍ നിന്നോ ലിംഗങ്ങളില്‍ നിന്നോ ഭൂപ്രകൃതികളില്‍ നിന്നോ ആകാം നിങ്ങള്‍ വരുന്നത്. വന്‍നഗരത്തില്‍ നിങ്ങള്‍ക്ക് ആരുമുണ്ടാകില്ല. രാജ്യത്തെ പ്രധാനമന്ത്രിയോ റിപ്പബ്ലിക്കിന്റെ പ്രസിഡന്റോ സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപനോ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയോ എന്നത് പ്രശ്‌നമല്ല, നിങ്ങളുടെ വാര്‍ത്തകള്‍ രാജ്യത്തെ ഏറ്റവും ഉന്നതരായ അധികാരികളെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ പോലും ധാര്‍മ്മിക സ്ഥൈര്യം നിങ്ങള്‍ പുലര്‍ത്തുന്നുണ്ടെങ്കില്‍ ഒന്നിനും നിങ്ങളെ തടയാന്‍ സാധിക്കില്ല. നിങ്ങളുടെ കൈയില്‍ വസ്തുനിഷ്ഠമായ വാര്‍ത്തയുണ്ടെങ്കില്‍, തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള ധാര്‍മ്മിക സ്ഥൈര്യം നിങ്ങള്‍ക്കുണ്ടെങ്കില്‍, ഈ ലോകം നിങ്ങളുടേതാണ്.

ചുരുങ്ങിയപക്ഷം നിങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന ശക്തിയുണ്ട്; സത്യത്തിന്റെ കരുത്ത്. ശക്തരായ ആളുകളും അവരുടെ പിണിയാളുകളും നിങ്ങളെ അവഗണിച്ചേക്കാം. നിങ്ങള്‍ക്ക് കിറുക്കുണ്ടെന്ന് മുദ്ര കുത്താന്‍ അവര്‍ ശ്രമിച്ചേക്കാം. നിങ്ങളുടെ വാര്‍ത്തയ്ക്ക് പ്രത്യക്ഷ പ്രഭാവം ഉണ്ടാക്കാന്‍ സാധിച്ചു എന്ന് വരില്ല. സംഭവവികാസങ്ങള്‍ സാധാരണഗതിയില്‍ മുന്നേറാം. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ചുമതല നിര്‍വഹിച്ചു കഴിഞ്ഞു. നിങ്ങളുടെ സൃഷ്ടികളിലൂടെ, നിങ്ങളുടെ ധാര്‍മ്മിക സ്ഥൈര്യം പ്രദര്‍ശിപ്പിക്കുന്നതിലൂടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പൊതു ചുമതല പൂര്‍ത്തീകരിക്കപ്പെടുന്നു. ബാക്കി സമൂഹത്തിന്റെയും അതിന്റെ മനഃസാക്ഷിയുടെയും കൈകളിലാണ്.

മാധ്യമ പ്രവര്‍ത്തനത്തില്‍ അത്യന്താപേക്ഷിതമായ നാലാമത്തെ ഘടകത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു. വിഷയ വൈദഗ്ധ്യത്തിലുള്ള സ്ഥിരമായ നവീകരണം. എല്ലാ വിഷയത്തിലും മുറിവിജ്ഞാനം ഉള്ളവരും ഒരു പക്ഷെ ചിലതില്‍ മാത്രം ആഴത്തില്‍ ജ്ഞാനമുള്ളവരും എന്നാണ് പൊതുവില്‍ മാധ്യമ പ്രവര്‍ത്തകരെ നിര്‍വചിക്കുന്നത് തന്നെ. സാധ്യമായ പരമാവധി മേഖലകളില്‍ കൂടുതല്‍ വിജ്ഞാനം നേടുന്നതിന് നമ്മള്‍ സ്ഥിരമായി നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകത നിലനില്‍ക്കുന്നു. നമ്മുടെ മുന്‍വിധികളെ അതിജീവിക്കാനും നമ്മള്‍ ഉദ്യമിക്കണം. ചരിത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രം, സംസ്‌കാരം, സാമ്പത്തികശാസ്ത്രം, നിയമം തുടങ്ങിയ വിശാലമായ വിജ്ഞാനമേഖലകളിലായാവും നമ്മുടെ വിഷയ മേഖലകള്‍ വ്യാപിച്ച് കിടക്കുന്നത്. അവ ഒരു വിഷയത്തിന്റെ കര്‍ശന പരിധികളെ പിന്തുടുന്നതാവണം എന്നുമില്ല. പക്ഷെ, ഇന്ന് വിജ്ഞാനത്തെ ഇങ്ങനെയാണ് തരംതിരിക്കുന്നത് എന്നതിനാല്‍ തന്നെ രണ്ട് വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ എന്നെ അനുവദിക്കുക: സാമൂഹ്യശാസ്ത്രവും ചരിത്രവുമാണ് അവ.

മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്റെ ശാസ്ത്രീയമായ സാമൂഹ്യശാസ്ത്രമാണ് ഒരു മാധ്യമ പ്രവര്‍ത്തകന് ഏറ്റവും ഉപകാരപ്രദമായ വിജ്ഞാനശാഖ. ഈ വിജ്ഞാനം രൂപംകൊണ്ടു വന്നപ്പോള്‍ തന്നെ, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സാമൂഹ്യ വര്‍ഗ്ഗങ്ങളെ കുറിച്ചായിരുന്നു ആദ്യ പഠനമേഖല. പിന്നീടാണ് വംശവും അത് വ്യക്തികളുടെ സാമൂഹ്യ പദവി നിര്‍ണയിക്കുന്ന രീതിയും പഠന വിധേയമായി. അക്കാദമിക് വിദഗ്ധര്‍ക്കിടയില്‍ ഉള്‍പ്പെടെ, ഇന്ത്യയില്‍ ഇതൊരു മോടിയില്ലാത്ത വിജ്ഞാനശാഖയായാണ് പരിഗണിക്കപ്പെടുന്നത്. പുസ്തക കരാറുകള്‍ക്കും പൊതു അംഗീകാരത്തിനും കൂടുതല്‍ സാധ്യതകളുള്ള ചരിത്രത്തില്‍ അല്ലെങ്കില്‍ രാഷ്ട്രതന്ത്രത്തിലുമുള്ള സൃഷ്ടികളുടെ പേരിലാണ് ഇന്ത്യയിലെ പല സാമൂഹ്യശാസ്ത്രജ്ഞന്മാരും അറിയപ്പെടുന്നത് തന്നെ. രേഖകളെയാണ് ചരിത്രം പ്രാഥമികമായി ആശ്രയിക്കുന്നത് എന്നതിനാല്‍ തന്നെ വായനശാലകളും ആര്‍ക്കൈവുകളുമായിരിക്കുന്നു നിങ്ങളുടെ പ്രധാന പൊതുവിടം. ഇതിന് വിരുദ്ധമായി, സാമൂഹ്യശാസ്ത്രം കൂടുതല്‍ വാതില്‍പ്പുറ ജോലികളും വിവരശേഖരണവും ആവശ്യപ്പെടുന്നു. പിന്തുണയുടെ അഭാവം മൂലം, അതിന് സൃഷ്ടിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ കുറച്ച് മൗലിക ഗവേഷണങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സാമൂഹ്യശാസ്ത്രം സംഭാവന ചെയ്യുന്നത്.

അഭിരുചികളുടെയും താത്പര്യങ്ങളുടെയും ഒരു കൂടുമാറ്റം മാത്രമാണോ, അതോ ഇന്ത്യയിലെ ഏറ്റവും വലുതും കാഠിന്യമേറിയതുമായ സാമൂഹ്യ യാഥാര്‍ത്ഥ്യമായ ജാതിയില്‍ ഇടപെടുന്നതില്‍ നിന്നും മാറിനില്‍ക്കാന്‍ ആളുകള്‍ ബോധപൂര്‍വം തീരുമാനിക്കുന്നതാണോ? ഇന്ത്യന്‍ സമൂഹത്തിലെ പ്രധാന അരിപ്പയായ ജാതി വിഷയത്തിലേക്ക് ആഴത്തില്‍ ഊളിയിടാന്‍ സാമൂഹ്യശാസ്ത്രത്തിലുള്ള അകൃത്രിമമായ സ്‌നേഹം ഒരു വിദഗ്ധനെ പ്രേരിപ്പിക്കും. എന്നാല്‍ മിക്ക അക്കാദമിക് വിദഗ്ധരുടെയും ജാതിമേല്‍ക്കോയ്മയുടെ പശ്ചാത്തലങ്ങള്‍ നല്‍കുന്ന സവിശേഷ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ അവര്‍ എതിര്‍ദിശയിലേക്ക് നോക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. സൈദ്ധാന്തിക സൃഷ്ടികളെ മാറ്റി നിറുത്തിയാല്‍, ജാതി വിഷയത്തില്‍ അവര്‍ ഉല്‍പാദിപ്പിക്കുന്ന മൗലികസൃഷ്ടികള്‍ തുലോം തുച്ഛമാണ്. ജാതിപഠനത്തിന് പാണ്ഡിത്യപരമായോ വാതില്‍പ്പുറ പഠനങ്ങള്‍ക്കോ മൂര്‍ത്തമായ ഒരു സ്ഥാപനമില്ലെന്നാണ് ഇത് വെളിവാക്കുന്നത്. എന്നാല്‍ താരതമ്യം എന്ന നിലയില്‍ അമേരിക്കയിലെ സാമൂഹ്യശാസ്ത്രജ്ഞരുടെ കാര്യമെടുത്താന്‍ വംശീയ പഠനങ്ങളില്‍ അവര്‍ കാതങ്ങള്‍ മുന്നിലാണ്. ഒരു വിഷയത്തില്‍ അക്കാദമിക് പഠനങ്ങളെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ആശ്രയിക്കുക എന്നതിനാലും അക്കാദമിക വിദഗ്ധരാണ് അവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നത് എന്നതിനാലും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിലും ജാതി ഒരു അദൃശ്യ ബിന്ദുവായി തുടരുന്നു. സാമൂഹ്യശാസ്ത്രത്തെ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനപ്രവാഹമായി പരിഗണിക്കേണ്ടത് മറ്റാരെക്കാളും മാധ്യമ പ്രവര്‍ത്തകരാണ്. കാരണം, മാധ്യമ പ്രവര്‍ത്തകരില്‍ താല്‍പര്യം ജനിപ്പിക്കുന്ന എല്ലാ ആശയങ്ങളും മനുഷ്യ സമൂഹവുമായി ബന്ധപ്പെട്ടതാണ്. സമൂഹത്തിന്റെ പ്രധാന ഘടകങ്ങളെ അവഗണിക്കാന്‍ നിങ്ങള്‍ മുതിരുകയാണെങ്കില്‍ മാധ്യമ പ്രവര്‍ത്തനം ദയനീയമായി തീരും.

ചരിത്രമാണ് ഞാന്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടാമത്തെ വിജ്ഞാനശാഖ.

ചരിത്രവുമായുള്ള മാധ്യമ പ്രവര്‍ത്തകരുടെ ബന്ധം കുറച്ചുകൂടി സങ്കീര്‍ണമാണ്. ചരിത്ര വസ്തുതള്‍ അവര്‍ അറിയണം എന്ന് മാത്രമല്ല ചരിത്രപരമായ പ്രക്രിയകള്‍ അവര്‍ മനസിലാക്കുകയും ചെയ്യണം. അതുപോലെ തന്നെ തന്റെ സൃഷ്ടി എത്രത്തോളം സത്യസന്ധവും സൂക്ഷ്മവുമാണെന്നും ഭാവി ചരിത്രകാരന്മാര്‍ തന്റെ സൃഷ്ടി എങ്ങനെ ഉപയോഗിക്കുമെന്നും വിലയിരുത്തുന്നതിനായി ഏതെങ്കിലും ചരിത്ര ഉപകരണം അവര്‍ സ്വായത്തമാക്കുകയും ചെയ്യണം.

'ചരിത്രമെന്നത് ഭൂതകാല രാഷ്ട്രീയമാണ്, രാഷ്ട്രീയം വര്‍ത്തമാനകാല ചരിത്രവും' എന്നത് വിക്ടോറിയന്‍ കാല ചരിത്രകാരനായ ജോണ്‍ ഷീലിയുടെ പ്രശസ്തമായ വാചകമാണ്. ഇത് സത്യമാണെങ്കില്‍, നാളത്തെ ജനങ്ങള്‍ക്ക് വേണ്ടി ചരിത്രമെഴുതുകയാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചെയ്യുന്നത്; ഇന്നത്തെ രാഷ്ട്രീയത്തിനായി അവള്‍ ദൈനംദിന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തുന്നു. മാധ്യമ പ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന വിവരണങ്ങള്‍ എത്രമാത്രം കൃത്യതയുള്ളതാണ് എന്നതാണ് പ്രധാന ചോദ്യം. സാധ്യമായ രീതിയില്‍ സമഗ്രമായ ഒരു ചിത്രമാണോ മാധ്യമ പ്രവര്‍ത്തകര്‍ വരച്ചുകാട്ടുന്നത്? അതോ നമ്മുടെ ദൈനംദിന രാഷ്ട്രീയത്തിന്റെ സംഭവവിവരങ്ങള്‍ എന്ന നിലയില്‍ വെറും പൊതുജന സമ്പര്‍ക്ക പ്രസ്താവനകള്‍ മാത്രം രേഖപ്പെടുത്തുകയാണോ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത്? ഭാവിയില്‍ ചരിത്രമെന്ന രീതിയില്‍ പരിഗണിക്കപ്പെടുന്ന ശുദ്ധീകൃത വ്യാഖ്യാനമായി അവ കണക്കാക്കപ്പെടുമോ?

മോദിയുടെ അതീത ശക്തികള്‍ എല്ലാ വ്യവസ്ഥാപിത സ്ഥാപനങ്ങളെയും (Institutions) കീഴടക്കിയതോടെ, കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായുള്ള സമകാലിക കാലഘട്ടത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ രേഖപ്പെടുത്തലുകള്‍ പ്രത്യേകിച്ചും പരിതാപകരമായി തീര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ യജമാനന്മാര്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോഴൊക്കെ, മാധ്യമ ഉടമസ്ഥര്‍ അനുസരണയോടെ വാലാട്ടി നിന്നു. ഉടമകളുടെ സമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പ്പും ആത്മാഭിമാനവുമില്ലാത്ത എഡിറ്റര്‍മാര്‍ തിരഞ്ഞെടുക്കപ്പെടുകയും റിപ്പോര്‍ട്ടര്‍മാര്‍ സമര്‍പ്പിച്ച സുപ്രധാന വാര്‍ത്തകള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്നത്തെ കാലത്ത്, സൂത്രശാലിയായ ഒരു എഡിറ്റര്‍ ഒറ്റയടിക്ക് ഒരു വാര്‍ത്തയെ കൊല്ലില്ല. മറിച്ച്, അതിന്റെ പ്രസിദ്ധീകരണം അനിശ്ചിതമായി മാറ്റിവെക്കുകയും തന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യും. സാവധാനത്തില്‍, ലേഖകന്റെ കമ്പ്യൂട്ടറില്‍ പ്രസിദ്ധീകരിക്കാത്ത വാര്‍ത്തകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും.

തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അുവദിക്കപ്പെടാതെ കടന്നുപോകാനാണ് ഭൂരിപക്ഷം ലേഖകരും നിര്‍ബന്ധിക്കപ്പെടുന്നത്. ചരിത്രാവബോധമില്ലാത്ത സൃഷ്ടികള്‍ ഉണ്ടാക്കാന്‍ അവര്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ചരിത്രവാബോധമുണ്ടെങ്കില്‍ ആ സൃഷ്ടിക്ക് ഒരു സ്വാഭാവസവിശേഷതയും ദീര്‍ഘായുസ്സും കൈവരും. ഈ വ്യവസ്ഥിതി തങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അല്‍പ്പത്തത്തില്‍ അസംതൃപ്തരായി, വരാനിരിക്കുന്ന നല്ല ദിനങ്ങളെ പ്രതീക്ഷിച്ച് അവര്‍ തുഴഞ്ഞുനീങ്ങുന്നു. എന്നാല്‍ വ്യവസ്ഥിതിയെ കുറിച്ച് ധാരണയുള്ള ചുരുക്കം ചില കൗശലക്കാര്‍, സാമൂഹ്യമായി ധീരോദാത്തമെന്ന് തോന്നിപ്പിക്കുന്നതും എന്നാല്‍ പ്രബല രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഒരുതരത്തിലും ഹാനികരമല്ലാത്തതുമായ കഥകള്‍ കണ്ടെത്തി പ്രയോഗിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍, സാംസ്‌കാരിക ദേശീയതയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഒരു ഉദാഹരണമാണ്. 'താഴ്ന്ന് കിടക്കുന്ന ഫലങ്ങളെ കേന്ദ്രീകരിക്കുന്ന കഥകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. പശുവിന്റെ പേരിലുള്ള വിജിലാന്റെ സംഘങ്ങള്‍, പബ് ആക്രമണം, ഇടത്തരം രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ എന്നിവയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ഇതൊന്നും ഉന്നത രാഷ്ട്രീയ അധികാരികളെ ഒരുതരത്തിലും അലട്ടുന്നില്ല.

അപൂര്‍വ സാഹചര്യങ്ങളില്‍, സര്‍ക്കാരിന്റെ പ്രീതിയുടെ വെളിയിലാക്കപ്പെട്ട ചില ശക്തരായ കമ്പനികളെ അല്ലെങ്കില്‍ ബാങ്കുകളെയും ധൈര്യപൂര്‍വം പിന്തുടരുന്നത് കാണാം. ഇത് പക്ഷെ, ആരെങ്കിലും ശിക്ഷിക്കപ്പെടുന്നത് കാണാനുള്ള വന്‍കിട താല്‍പര്യങ്ങുടെ ആഗ്രഹം മൂലം മാത്രമാണ്. ഉന്നത തലങ്ങളിലുള്ള സംഘടിത കൊള്ളയും കുറ്റകൃത്യങ്ങളുടെയും കാര്യം വരുമ്പോള്‍, സത്യത്തിന്റെ അടുത്തെവിടെയെങ്കിലും എത്താന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കാറില്ല.

ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, നിങ്ങള്‍ തിരിഞ്ഞു നോക്കുകയും ഇന്നത്തെ മാധ്യമ പ്രവര്‍ത്തനം കൊത്തിയെടുത്ത ആഖ്യാനങ്ങള്‍ വായിക്കുകയും ചെയ്താല്‍, വളരെ 'ശുദ്ധിയാക്കി'യെടുത്ത ഒരു ഇന്ത്യയായിരിക്കും നിങ്ങളുടെ മുന്നില്‍ തെളിഞ്ഞുവരിക. ഇന്ത്യയിലെ വരേണ്യ അധികാരി വര്‍ഗ്ഗത്തിന്റെ ഏഴ് പ്രധാന താത്പര്യങ്ങളെ- ഏഴ് തൂണുകള്‍ അഥവാ സപ്ത സ്തംഭങ്ങള്‍ എന്ന് ഞാന്‍ വിളിക്കും - സംബന്ധിച്ച് തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നും ഇന്നത്തെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനം മുന്നോട്ട് വയ്ക്കുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷ ഉപദേശകന്‍, ധനമന്ത്രാലയം, ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ എന്നിവയാണ് ഇവയില്‍ ആദ്യത്തെ നാലെണ്ണം. ഈ കാലഘട്ടത്തില്‍ ക്രമാതീതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വന്‍കിട കുത്തകളായ റിലയന്‍സ്, അദാനി ഗ്രൂപ്പുകളാണ് പിന്നീട് വരുന്നത്. ഓരോ വര്‍ഷവും മൂന്ന് ലക്ഷം കോടി രൂപ കാര്‍ന്നുതിന്നുന്നതും ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷം നിലനിറുത്തുക വഴി രാജ്യത്തിന്റെ പ്രതിരോധ ചിലവ് ലോകത്തിലെ തന്നെ ഏറ്റവും വലുതായി നിലനിറുത്തുന്നതില്‍ തല്‍പ്പരരുമായ ഇന്ത്യന്‍ പ്രതിരോധ മേഖലയാണ് അവസാനമായി വരുന്നത്.

ഈ മേഖലയെ കുറിച്ചുള്ള ഏകദേശം സമ്പൂര്‍ണമായ നിശബ്ദതയും വിമര്‍ശനാത്മക അന്വേഷണങ്ങളുടെ ഗുരുതരമായ അഭാവവും മാധ്യമ പ്രവര്‍ത്തനം നിലകൊള്ളണം എന്ന് ആഗ്രഹിക്കുന്ന സ്ഥാപിത തത്വങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ഈ താല്‍പര്യങ്ങളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ചിലത് കൂടി കൂട്ടിച്ചേര്‍ക്കാനുണ്ടാവും. വലിയ ദേശീയ താത്പര്യങ്ങളുടെ പ്രാദേശിക രൂപാന്തരങ്ങള്‍ സംസ്ഥാന തലങ്ങളില്‍ ഉണ്ടാവും. സമകാലിക രാഷ്ട്രീയത്തെ കുറിച്ചും നയങ്ങളെ കുറിച്ചും, വലിയ തീരുമാനങ്ങളെ കുറിച്ചും എഴുതുക എന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ കര്‍ത്തവ്യമെങ്കില്‍, അവരുടെ ലക്ഷ്യത്തിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷാത്കരിക്കുന്നത് എന്നാണ് എന്റെ വാദം. ഈ അര്‍ത്ഥത്തിലെടുത്താല്‍, വര്‍ത്തമാന പത്രങ്ങളിലും ടെലിവിഷന്‍ ശൃംഖലകളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് മാധ്യമ പ്രവര്‍ത്തകരെ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്നില്ല തന്നെ. അതുകൊണ്ടു തന്നെ അവരുടെ സൃഷ്ടികള്‍ക്ക് വളരെ ചെറിയ ആര്‍ക്കൈവല്‍ മൂല്യം മാത്രമേ ഉണ്ടാവൂ.

രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, നിയമം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിജ്ഞാനശാഖകളുണ്ട്. ഈ മേഖലകളിലെല്ലാം തന്റെ അറിവ് സ്ഥിരമായി വര്‍ദ്ധിപ്പിക്കാനും മുന്നോട്ട് പോകുന്തോറും സൃഷ്ടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള ആജീവാനന്ത നിയോഗമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളത്. ഈ ഓരോ ശാഖയിലും തീര്‍ച്ചയായും ആയിരക്കണക്കിന് വാല്യങ്ങളിലുള്ള പഠന സമാഗ്രികളുണ്ട്. ഒരു ജീവിതകാലം കൊണ്ടു പോലും വലിയ അഭിവൃദ്ധി ഉണ്ടാക്കുക എന്നത് അസാധ്യമായി തോന്നും. പക്ഷെ, ഒരുപാട് പഠിക്കാനുണ്ട് എന്ന വസ്തുത തന്നെ ഒരു വിനീതമായ പാഠമാണ്.

ഇത് നമ്മെ അവസാന ഘടകത്തിലേക്ക് നയിക്കുന്നു: വൈദഗ്ധ്യം.

നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനത്തനത്തിന്റെ രീതിയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എന്തും, ഏതും വൈദഗ്ധ്യമാണ്. നിങ്ങള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭാഷ. തിരഞ്ഞെടുത്ത രീതിയുമായി ബന്ധപ്പെട്ടിരിക്കുന്ന സൗന്ദര്യബോധം, അവതരണം, ഘടന, സ്വഭാവം, ദൃശ്യാകര്‍ഷണം തുടങ്ങിയ ഘടകങ്ങളെല്ലാം ബഹുമാധ്യമ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്.

പല മാധ്യമ പ്രവര്‍ത്തകരും വൈദഗ്ധ്യം എന്ന ആശയത്തെ ഭാഷയുമായി മാത്രമാണ് ബന്ധപ്പെടുത്തുന്നത്. അതെ, ഭാഷയും നിങ്ങളുടെ ഗദ്യത്തിന്റെ ഭംഗിയും പ്രധാനമാണ്. ജീവിതത്തിന്റെ ഒരു സ്വാഭാവം നിങ്ങള്‍ക്ക് എത്ര ഭംഗിയായി കൊണ്ടുവരാം എന്നതിനനുസരിച്ച് ഒരു മാധ്യമ സൃഷ്ടി സ്മരണീയമാവും. പക്ഷെ ഭാഷയിലേക്ക് മാത്രമായി വൈദഗ്ധ്യത്തെ ചുരുക്കുന്നത് മാധ്യമ പ്രവര്‍ത്തന വൈദഗ്ധ്യത്തിന്റെ തെറ്റായ വായനയാണ്. ഈ ഒരു അളവ് എല്ലാത്തിനും യോജിക്കും എന്ന കാഴ്ചപ്പാട് വിപരീതഫലം ഉളവാക്കിയേക്കാം. പ്രത്യേകിച്ചും, ഓരോ വ്യത്യസ്ത സൃഷ്ടിക്കും അനുസരിച്ച് ആ സ്വരൂപം മാറുന്ന സാഹചര്യത്തില്‍.

ഉദാഹരണത്തിന്, വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടയില്‍ നിങ്ങള്‍ക്ക് വായനക്കാരുടെ ക്ഷമ പരീക്ഷിക്കാനാവില്ല. പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്ത വിപരീത പിരമിഡ് (Inverted Pyramid) ഇപ്പോഴും മാര്‍ഗ്ഗദര്‍ശക ഘടനയായി തുടരുന്നു. വാര്‍ത്ത റിപ്പോര്‍ട്ടിംഗിനെ അഭിപ്രായം രേഖപ്പെടുത്തലായി രൂപമാറ്റം വരുത്താന്‍ സാധിക്കില്ല. ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തക, അവള്‍ കണ്ടെത്തുന്ന കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമേ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടാവൂ. ഭാവി അന്വേഷണത്തെ അപകടപ്പെടുത്തിയേക്കാവുന്ന ഏതൊരു അറിവും അവരുടെ പുസ്തകത്തിലെ കുറിപ്പായി, ലോകത്തിന് മുന്നില്‍ തല്‍ക്കാലത്തേങ്കിലും വെളിപ്പെടാതെ അവശേഷിക്കും. എന്നാല്‍, ഒരു ഫീച്ചര്‍ എഴുത്തുകാരിയാവട്ടെ അവര്‍ കണ്ടെത്തുന്ന എല്ലാ അസാധാരണ വിവരങ്ങളും അവതരിപ്പിക്കും. താന്‍ കണ്ടത് പോലെ മുഴുവന്‍ ചിത്രവും വരച്ചുകാട്ടാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ ഫീച്ചര്‍ എഴുത്തില്‍ ഉയോഗിച്ച അതേ സമീപനം ഒരു അന്വേഷണാത്മക വാര്‍ത്തയില്‍ സ്വാംശീകരിക്കാന്‍ അവള്‍ ശ്രമിച്ചാല്‍, ഒരു ലിഖിത രേഖ കൈമാറാന്‍ സാധ്യതയുള്ള, അവള്‍ സംസാരിച്ച ആദ്യ വ്യക്തിക്ക് തന്നെ അവളുടെ ആഖ്യാനത്തെ പൂര്‍വനിശ്ചിതമാക്കിക്കൊണ്ട് എളുപ്പത്തില്‍ അവളെ വഞ്ചിക്കാന്‍ സാധിക്കും.

മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു രൂപത്തില്‍ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോള്‍, വൈദഗ്ധ്യത്തിന്റെ ഘടകങ്ങള്‍ക്കും വ്യതിയാനം സംഭവിക്കും. മത്തി പിടിക്കുന്നതിന് ആവശ്യമായ വലയും കൗശലവും സ്രാവിനെ വലയിലാക്കാന്‍ ഉപയോഗിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്, തിരിച്ചും. ഒരു ഉദാഹരണത്തിന്, പാലവും വീടും പോലുള്ള വ്യത്യസ്ത കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒരു മരപ്പണിക്കാരന്‍ വ്യത്യസ്ത തരത്തിലുള്ള തടികളാവും ഉപയോഗിക്കുക. അതുപോലെ വ്യത്യസ്ത പദ്ധതികള്‍ക്ക് വ്യത്യസ്ത ആയുധങ്ങളാവും ഉപയോഗിക്കുക. മിക്കപ്പോഴും പ്രത്യേക കൃത്യങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ വൈദഗ്ധ്യങ്ങള്‍ ആവശ്യമായി വരും. പക്ഷെ, മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ വൈദഗ്ധ്യങ്ങളിലും, പരിശീലനത്തിലൂടെയും അനുഭവജ്ഞാനത്തിലൂടെയും ഒരു നിശ്ചിത നിലവാരത്തിലുള്ള പാടവം ആര്‍ജ്ജിച്ചെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കും.

ഈ അഞ്ച് ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, നിങ്ങള്‍ക്ക് മുന്നില്‍ ഒരു ബൃഹത്തായ കൃത്യമാണുള്ളതെന്ന് സൂചിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. വളരെ ലളിതമായ ഒരു മനോഭാവത്തെ കുറിച്ച് മാത്രമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. അതായത് നിങ്ങളുടെ പഠനം ഒരിക്കലും അവസാനിക്കുന്നില്ല. അത് യഥാര്‍ത്ഥത്തില്‍ തുടങ്ങി കഴിഞ്ഞു. അതൊരു നല്ല സംഗതിയാണ്. മാധ്യമ പ്രവര്‍ത്തനം ഒരു 'ഫണ്‍' ആണെന്നും അതോടൊപ്പം അത് നിങ്ങളുടെ ജീവിതത്തിന് ഒരര്‍ത്ഥം നല്‍കുമെന്നും തിരിച്ചറിയുന്ന നിമിഷം ഞാന്‍ നേരത്തെ പറഞ്ഞ വെല്ലുവിളികളൊന്നും ഒരു വലിയ ഭാരമല്ലാതായി മാറും. പാചകം ആസ്വദിക്കുന്ന ഒരാള്‍ക്ക് അതൊരു വലിയ ഭാരമായി തോന്നില്ല എന്നത് പോലെ, ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് കളിക്കുന്നത് വലിയ ബുദ്ധിമുട്ടാവില്ല എന്നത് പോലെ, നൃത്തം ആസ്വദിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം നൃത്തം ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നുന്നില്ല എന്നത് പോലെ തന്നെയാണ് അതും. ഈ അഞ്ച് ഘടകങ്ങളെ കുറിച്ച് പഠിക്കുന്നതും നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ നിങ്ങളോടൊപ്പം വളരാന്‍ പ്രേരിപ്പിക്കുന്ന ചുമതലയും, നിങ്ങള്‍ ഒരു ഫീല്‍ഡറാണെങ്കില്‍ ക്രിക്കറ്റ് മൈതാനത്ത് പന്തിന് പിന്നാലെ ഓടുന്നത് പോലെ അല്ലെങ്കില്‍ നിങ്ങള്‍ ഒരു ബാറ്റ്‌സ്മാന്‍ ആണെങ്കില്‍ റിവേഴ്‌സ് സ്വിംഗുള്ള പന്ത് കളിക്കാന്‍ പഠിക്കുന്നത് പോലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമാണ്.

ഈ അഞ്ച് ഘടകങ്ങളുടെ രൂപരേഖ വരച്ചതിലൂടെ വ്യവസായത്തിന്റെ നിലവാരത്തെ കുറിച്ചുള്ള കൃത്യമായ ഒരു ചിത്രം നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പുലിസ്റ്ററും നിരവധി അഭ്യൂദയകാംക്ഷികളും വിഭാവനം ചെയ്തതില്‍ നിന്നും വ്യത്യസ്തമായി, വാണീജ്യ ലക്ഷ്യങ്ങള്‍ പിന്തുടരുന്ന സ്വകാര്യ താല്‍പര്യങ്ങളുടെ പിടിയിലാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തനം. അപൂര്‍വം ചിലരെ മാറ്റി നിറുത്തിയാല്‍, ഈ തൊഴിലിന്റെ സാമൂഹ്യ ചുമതല എന്നത് സന്ദിഗ്ദ്ധാവസ്ഥയിലാണ് എന്ന് മാത്രമല്ല മാധ്യമ ഉടമസ്ഥരുടെ കാരുണ്യത്തിലുമാണ്. ഈ ലോകത്തേക്ക് നിങ്ങള്‍ പ്രവേശിക്കരുത് എന്നാണോ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? അല്ല തന്നെ. മറിച്ച്, നിങ്ങള്‍ ഈ ലോകത്തേക്ക് പ്രവേശിക്കുകയും മാറ്റമായി നിലകൊള്ളാന്‍ പരിശ്രമിക്കുകയും ചെയ്യണം. നിങ്ങള്‍ തന്നെ മാറ്റമായി തീരുമ്പോള്‍, ചുറ്റും ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആത്യന്തികമായി, ഇത് വലിയ മാറ്റങ്ങളായി നിങ്ങള്‍ക്ക് പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു ദിവസം വരും.

ഇപ്പോള്‍ നിങ്ങള്‍ മാധ്യമങ്ങളുടെ വിശാല ലോകത്തേക്ക് എടുത്തെറിയപ്പെടുന്നു. അവിടെ ചുറ്റുമുള്ള അഴുക്കുകള്‍ കണ്ടെത്താന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ചളിക്കുണ്ടില്‍ നില്‍ക്കുകയും അത് നിങ്ങളെ കളങ്കപ്പെടുത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് കഠിന പ്രയത്‌നം. അഴുക്കുകള്‍ക്ക് നടുവില്‍ നില്‍ക്കുകയും നിങ്ങളുടെ കൈയിലുള്ള ആയുധം ഉപയോഗിച്ച് അതിനെ വൃത്തിയാക്കാന്‍ ശ്രമിക്കുക എന്നതാണ് നിങ്ങളുടെ മുന്നിലുള്ള ദൗത്യം. നിങ്ങള്‍ അത് ചെയ്യുന്ന കാലത്തോളം നിങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയുള്ള വ്യക്തിയായി തീരും. ഇതിന് കൗശലം മാത്രം പോര, മറിച്ച് നയചാതുരിയും ഒരു വലിയ അളവോളം ക്ഷമയും ആവശ്യമാണ്.

ഇന്നത്തെ ഇന്ത്യയില്‍, നിങ്ങളുടെ മുതലാളിമാരില്‍ ഭൂരിപക്ഷവും താഴെ പറയുന്നവരില്‍ ആരെങ്കിലുമായിരിക്കും; ഒരു ഇന്ധന വ്യാപാരി, ഒരു ടെലികോം മുതലാളി, ഒരു സിമന്റ് കമ്പനി ഉടമ, ഒരു ഖനി മുതലാളി, ഒരു പലിശക്കാരന്‍, ഒരു ആയുധ ഇടപാടുകാരന്‍, ഒരു വസ്തു കച്ചവടക്കാരന്‍ അല്ലെങ്കില്‍ ഒരു രാഷ്ട്രീയക്കാരന്‍. അവരുടെ വില്‍പന കേന്ദ്രങ്ങള്‍ക്കായി നിങ്ങള്‍ പ്രായോഗിക പരിശീലനം നേടുകയും അവര്‍ വാഗ്ദാനം ചെയ്യുന്ന ജോലി ഏറ്റെടുക്കുകയും ചെയ്യണം. നിര്‍ഭാഗ്യവശാല്‍, എല്ലാവരും വിശേഷിപ്പിക്കുന്ന 'മുഖ്യധാര മാധ്യമ പ്രവര്‍ത്തന'ത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്.

ഇതിനെല്ലാം ഉപരിയായി, അഴുക്കുകളുടെ നടുവില്‍ പോലും നിങ്ങള്‍ വ്യക്തമായ കാഴ്ചപ്പാടോടെ തലയുയര്‍ത്തി നില്‍ക്കണം. ഒരു മാധ്യമ പ്രവര്‍ത്തകനാവുന്നതിന്റെ ഭാഗമാണിതെല്ലാം. അവിടെ വലിയ സംഘര്‍ഷങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാം. പക്ഷെ, സംഘര്‍ഷങ്ങളിലൂടെ കടന്നുപോകാന്‍ തന്നെ നിങ്ങള്‍ തീരുമാനിക്കണം. അതുകൊണ്ട്, ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ആ ജോലി ഏറ്റെടുക്കുക.

ഒരു ജോലി കിട്ടിക്കഴിഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ആരാണ് പത്രത്തിന്റെ അല്ലെങ്കില്‍ ചാനലിന്റെ ഉടമ എന്നത് പ്രസക്തമല്ല. എഡിറ്റര്‍ അല്ലെങ്കില്‍ ഉടമ എത്രത്തോളം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നു എന്നതും പ്രശ്‌നമല്ല. ഞാന്‍ സൂചിപ്പിച്ച അഞ്ച് ഘടകങ്ങളില്‍, അതായത് വാര്‍ത്താവബോധം, വിധിനിര്‍ണയം, ധാര്‍മ്മിക സ്ഥൈര്യം, വിഷയത്തിലുള്ള പ്രാവീണ്യം, വൈദഗ്ധ്യം എന്നീ അഞ്ച് മേഖലകളില്‍ ഒരു യുവ മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ നിങ്ങള്‍ക്ക് വളരാനുള്ള ഇടം അവിടെയുണ്ടാവും. നിങ്ങളുടെ മാധ്യമ സ്ഥാപനത്തില്‍, നിങ്ങളുടെ മൂല്യം ഉയര്‍ത്തുന്ന ഏറ്റവും സുപ്രധാന ഘടകങ്ങള്‍ ആദ്യത്തേതും അവസാനത്തെ രണ്ടെണ്ണവുമാണ്. ഓരോ വാര്‍ത്തയോടൊപ്പവും നിങ്ങള്‍ ഈ മൂന്ന് ഘടകങ്ങളില്‍ പ്രത്യേകിച്ചും മെച്ചപ്പെടണം.

വിധി നിര്‍ണയവും ധാര്‍മ്മിക സ്ഥൈര്യവും പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ ഇന്നത്തെ ഇന്ത്യയിലെ മിക്കവാറും എല്ലാ വാര്‍ത്താമുറികളിലും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. ഒരു വ്യാഘ്രത്തെ പോലെ എപ്പോഴാണ് സംഘര്‍ഷം ഒഴിവാക്കേണ്ടതെന്നും പകരം ഒരു പാമ്പിനെ പോലെ ജാഗ്രതയോടെ ഇരിക്കേണ്ടതെന്നും നിങ്ങള്‍ നിശ്ചയിക്കണം. നിങ്ങളുടെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് നിങ്ങളുടെ മേലധികാരിയോട് വണക്കത്തോടെ പറയാന്‍ സാധിക്കുന്നത് എപ്പോഴാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ഒരു സൗഹൃദഭാവത്തില്‍ അവരെ അറിയിക്കുക. ആദ്യ വര്‍ഷങ്ങളില്‍, ഓരോ അഭിപ്രായ വ്യത്യാസത്തിന്റെയും പേരില്‍ വഴക്കുണ്ടാക്കാതിരിക്കുക. മേലധികാരിയുടെ തീരുമാനത്തോട് നിങ്ങള്‍ എന്തുകൊണ്ട് വിയോജിക്കുന്നു എന്ന് കാണിക്കുന്നതിന് ഏറ്റവും ബുദ്ധിപരമായ വാദഗതികള്‍ കണ്ടെത്താന്‍ ശ്രമിക്കുക. ഒരു പ്രാവിനെ പോലെ നിഷ്‌കളങ്കമായി അത് അവതരിപ്പിക്കുക. ഒരുപക്ഷെ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം, എന്നാല്‍ ഈ തന്ത്രം ആത്യന്തികമായി വിജയിക്കുമെന്നാണ് ആശയവിനിമയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ചിലപ്പോള്‍, തുടര്‍ച്ചയായി വാര്‍ത്തകളെ കൊന്നുകൊണ്ടിരുന്ന എഡിറ്റര്‍മാര്‍ തന്നെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, തങ്ങളുടെ മനസ് മാറ്റിയേക്കാം. ഇത് എപ്പോഴും വിജയിക്കും എന്ന ഞാന്‍ പറയുന്നില്ല. പക്ഷെ, യോഗ്യമായ വാര്‍ത്തകളിലുള്ള നിങ്ങളുടെ അഭിപ്രായവ്യത്യാസം മുറുകെ പിടിക്കുമ്പോള്‍ തന്നെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്ന നിങ്ങളുടെ തുടക്ക വര്‍ഷങ്ങളിലെ സ്വഭാവം, ദീര്‍ഘകാലത്തില്‍ കാര്യങ്ങളെ മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ എഡിറ്ററെ വെല്ലുവിളിക്കുമ്പോള്‍, കൈയിലുള്ള വാര്‍ത്തയുടെ യോഗ്യതയില്‍ മാത്രം ഉറച്ചുനില്‍ക്കുക. ഒരു അക്കാദമിക, സൈദ്ധാന്തിക പാത സ്വീകരിക്കാതിരിക്കുക. പക്ഷെ, എല്ലാ വാര്‍ത്തകളിലും എല്ലാ ചുമതലകളിലും എല്ലാ പ്രക്ഷേപണങ്ങളിലും എല്ലാ ട്വീറ്റുകളിലും എല്ലാ തലക്കെട്ടുകളിലും എല്ലാ ഹാഷ്ടാഗുകളിലും നിങ്ങള്‍ക്ക് മാന്യമായി വിയോജിക്കാനും നിങ്ങളുടെ വാദങ്ങള്‍ നിരത്താനും സാധിക്കും.

സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും മേലധികാരികളുമായി വിസമ്മതിക്കുന്നുവെന്ന ഒരു പേരുദോഷം മാധ്യമത്തിലെ നിങ്ങളുടെ പദവിയെ ബാധിക്കുമെങ്കിലും ആദ്യത്തെയും അവസാനത്തെ രണ്ട് ഘടകങ്ങളിലും നിങ്ങള്‍ക്കുള്ള മികവ് മൂലം അവര്‍ക്ക് അപ്പോഴും നിങ്ങളെ ആവശ്യം വരും. പിരിഞ്ഞുപോകാന്‍ അവര്‍ നിങ്ങളെ അനുവദിക്കില്ല. അതുകൊണ്ടു തന്നെ ആദ്യത്തേതിലും അവസാനത്തെ രണ്ട് ഘടകങ്ങളിലും ശരാശരിയാവാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. വൈശിഷ്ട്യത്തിനായി ഉദ്യമിക്കുക. നല്ല കഴിവ് പ്രകടിപ്പിക്കാന്‍ സാധിച്ചാല്‍ സ്ഥാപനം ആശ്രയിക്കുന്ന ഒരാളായി നിങ്ങള്‍ക്ക് മാറാന്‍ സാധിക്കും. അതുവഴി മധ്യത്തിലുള്ള രണ്ട് ഘടകങ്ങളില്‍ വലിയ സാധുത സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത്യന്തികമായി, ചില വിജയങ്ങള്‍ നിങ്ങളെ തേടിയെത്തും.

കുറച്ചുകൂടി മെച്ചപ്പെട്ട ഒരു സ്ഥലത്ത് നിങ്ങളെ കാത്തിരിക്കുന്ന ഒരു പദവിയുടെ രൂപത്തിലായിരിക്കാം അത്. പുതിയ സ്ഥലത്ത് നിങ്ങള്‍ ചേര്‍ന്നു കഴിഞ്ഞാല്‍, പല കാര്യങ്ങളും ഇവിടെ കൂടുതല്‍ ബുദ്ധിമുട്ടാണ്, അല്ലെങ്കില്‍ നേരിയ രീതിയില്‍ മാത്രം മെച്ചമാണ് എന്ന് നിങ്ങള്‍ കണ്ടെത്തും. അവിടെയും നേരത്തെ ചെയ്ത അതേ കാര്യങ്ങള്‍ തന്നെയാവും നിങ്ങള്‍ ചെയ്യുന്നത്. പക്ഷെ, വാര്‍ത്താവബോധത്തിന്റെയും വിഷയ പ്രാവീണ്യത്തിന്റെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ വളരെ മികച്ച വ്യക്തിയായതിനാല്‍, നിങ്ങള്‍ വിശ്വസിക്കാവുന്ന സഹപ്രവര്‍ത്തകയായതിനാല്‍, അവരും നിങ്ങളെ പിരിഞ്ഞുപോകാന്‍ അനുവദിക്കില്ല.

ഈ ഇടവേളകള്‍ അത്ര എളുപ്പമായിരിക്കില്ല എന്നെനിക്കറിയാം. പക്ഷെ അത് സഹിക്കുക. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ആ പൊള്ളുന്ന ഇടങ്ങള്‍ ഉപേക്ഷിക്കരുത്, ആ ചൂടില്‍ നിന്നും ഒഴിഞ്ഞു മാറരുത്. ആത്യന്തികമായി, നിങ്ങള്‍ ഒരു സ്വപ്‌ന വാര്‍ത്താമുറിയുടെ ഭാഗമാവുകയോ അല്ലെങ്കില്‍ അങ്ങനെയൊന്ന് സ്വന്തമായി സൃഷ്ടിക്കുകയോ ചെയ്യും. ഒരു മാധ്യമ പ്രവര്‍ത്തകയാവുന്നതിന്റെ ഭാഗമായുള്ള യുദ്ധങ്ങളാണ് ഇവയൊക്കെ. കാരണം, ഈ തൊഴിലില്‍ നിങ്ങള്‍ അസത്യത്തോടും അനീതിയോടും മുഖാമുഖം പോരാടുന്നു. അസത്യവും അനീതിയും ഉദ്‌ഘോഷിക്കുന്നത് വലിയ ശക്തികളാണ്. അധാര്‍മ്മിക താല്‍പര്യങ്ങളുടെ കൈയിലെ അപകടകരമായ ആയുധമാണ് വാര്‍ത്താമാധ്യമം. പക്ഷെ സത്യത്തിനും നീതിക്കും പിന്നിലുള്ള ധാര്‍മ്മിക ശക്തി അതിലും വലുതാണ്.

ഇന്ന് മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം സത്യത്തിനും നീതിക്കുമായി നിലകൊള്ളുക എന്നത് അങ്ങേയറ്റം ധാര്‍മ്മികമായ ഒരു ഉദ്യമം മാത്രമാണ്. അവര്‍ക്ക് ഒരു പ്രശ്‌നമുണ്ടെന്നതാണ് ഇതിനുള്ള കാരണം. ഒന്നുകില്‍ അവര്‍ക്ക് ഒളിച്ചുവെക്കാന്‍ ഒരു ഇരുണ്ട അധ്യായമുണ്ടാവും അല്ലെങ്കില്‍ അവര്‍ വലിയ താല്‍പ്പര്യങ്ങളുടെ പ്രതിനിധികളായിരിക്കും, അവര്‍ക്ക് സംരക്ഷിക്കേണ്ട ബന്ധങ്ങളുമുണ്ടാവും. അതുമല്ലെങ്കില്‍, തങ്ങള്‍ പുറത്താക്കപ്പെടും എന്ന് അവര്‍ ഭയപ്പെടുന്ന ചില പദവികള്‍ അവര്‍ സമൂഹത്തില്‍ വഹിക്കുന്നുണ്ടാവും. പക്ഷെ, ഈ തൊഴിലിന് അടിസ്ഥാന തത്വങ്ങള്‍ നിര്‍വചിച്ച, വാര്‍ത്തകള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതും കൂടുതല്‍ വസ്തുനിഷ്ടവും കൂടുതല്‍ തീവ്രവുമായിരിക്കണം എന്ന് നിഷ്‌കര്‍ഷിച്ച മനുഷ്യരെ നിങ്ങള്‍ വിശ്വസിക്കണം. നമ്മള്‍ അധികാരികളെ ഉത്തരം പറയാന്‍ നിര്‍ബന്ധിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. അത് രാഷ്ട്രീയ അധികാരം മാത്രമല്ല, എല്ലാത്തരം അധികാരങ്ങളും. നിങ്ങളുടെ ജോലി ചെയ്യുന്ന പ്രക്രിയയ്ക്കിടയില്‍ ചില ആളുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചാല്‍, നിങ്ങളുടെ ജോലി ചില പ്രഭാവങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് ഉറപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട് ഒരു പാഠം പങ്കുവെക്കാനുണ്ടെങ്കില്‍, ഈ തൊഴിലില്‍ ആരുമായിക്കൊള്ളട്ടെ, അതിലെ ആളുകള്‍ നിങ്ങളെ നിരാശപ്പെടുത്തും എന്നാണ് ഞാന്‍ പറയുക. ഇതില്‍ നിന്നാണ് ഈ തൊഴിലിലെ പഴക്കമേറിയ ഒരു തത്വം ഉരുത്തിരിഞ്ഞു വന്നത്: ആളുകളെ ബിംബങ്ങള്‍ എന്ന നിലയില്‍ പിന്തുടരരുത്. നിങ്ങളുടെ മാര്‍ഗ്ഗദീപങ്ങളായി തത്വങ്ങളെ മാത്രം പിന്തുടരുക.

ഈ തത്വത്തിന്റെ ഫലമായി, ഇന്നത്തെ ഇന്ത്യയില്‍ മറ്റേതൊരു തൊഴില്‍ സ്വീകരിച്ചാലും നിങ്ങള്‍ക്ക് ലഭിക്കുന്ന വ്യക്തിഗത സുഹൃത്തുക്കളെക്കാള്‍ വളരെ കുറച്ച് സുഹൃത്തുക്കളെ മാത്രമേ നിങ്ങള്‍ക്ക് ലഭിക്കൂ. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഡല്‍ഹിയിലേക്ക് കുടിയേറുമ്പോള്‍, അല്ലെങ്കില്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ദി കാരവനൊപ്പം സഞ്ചരിക്കാന്‍ ആരംഭിക്കുമ്പോള്‍ എനിക്ക് ഇതിനേക്കാള്‍ സുഹൃത്തുക്കളുണ്ടായിരുന്നു. പക്ഷെ, ഡല്‍ഹിയിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരു കാര്യത്തില്‍ മാത്രമേ നീതി പുലര്‍ത്താന്‍ സാധിക്കൂ എന്ന് ഞാന്‍ ഭയപ്പെടുന്നു: തൊഴിലിനും സൗഹൃദത്തിനും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നിങ്ങള്‍ പ്രേരിപ്പിക്കപ്പെടുന്നു. ചില പ്രമാദമായ വാര്‍ത്തകളുടെ പേരിലാണ് ചിലരെ നഷ്ടപ്പെട്ടതെങ്കില്‍, പുസ്തക അവലോകനങ്ങളുടെ പേരില്‍ പോലും മറ്റു ചിലരെ നഷ്ടപ്പെട്ടിട്ടുണ്ട്. ബന്ധങ്ങള്‍ എപ്പോഴും ഒരുപോലെ നിലനില്‍ക്കില്ല. തത്വങ്ങളുടെ പേരിലാണ് നിങ്ങള്‍ക്ക് സുഹൃത്തുക്കളെ നഷ്ടപ്പെടുന്നതെങ്കില്‍ അതില്‍ കുഴപ്പമില്ല. സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു വാര്‍ത്തയുടെ പേരിലാണ് ഒരു റിപ്പോര്‍ട്ടര്‍ നിരീക്ഷിക്കപ്പെടുന്നതെങ്കില്‍, തന്റെ പ്രസിദ്ധീകരണത്തില്‍ ആര്, എന്ത് എഴുതുന്നതിന്റെ പേരിലും ഒരു എഡിറ്റര്‍ക്ക് സുഹൃത്തുക്കളെ നഷ്ടപ്പെടാം. നിങ്ങളുടെ എഴുത്തുകാര്‍ എഴുതുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് യോജിപ്പുണ്ടാവില്ല. പക്ഷെ ചില സൗഹൃദങ്ങള്‍ അനുഷ്ഠാനങ്ങളായി മാറുകയും, ബന്ധപ്പെട്ട വ്യക്തിയുടെ ആത്മാര്‍ത്ഥതയുടെ അളവുകോലായി നിര്‍ദ്ദിഷ്ട ലേഖനം മാറുകയും ചെയ്യുന്നു. ഒരു സുഹൃത്ത് ആഗ്രഹിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം ഒരു വാര്‍ത്തയെ കൊല്ലാന്‍ ഒരു എഡിറ്റര്‍ക്കാവില്ല.

അതുകൊണ്ടുതന്നെ, അധികാര കേന്ദ്രങ്ങളില്‍ നിന്നും സാമൂഹ്യ സ്വാധീനങ്ങളില്‍ നിന്നും വളരെ വിദൂരതയില്‍ ചങ്ങാത്തം പോഷിപ്പിക്കുകയാണ് ഉത്തമം. മാത്രമല്ല, കൂടുതല്‍ കൂടുതല്‍ വിശാലവീക്ഷണമുള്ള പശ്ചാത്തലത്തില്‍ നിന്നുമാണ് നിങ്ങളുടെ സുഹൃത്തുക്കള്‍ വരുന്നതെങ്കില്‍, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് അവര്‍ക്ക് നിങ്ങളെ കൂടുതലായി സഹായിക്കാന്‍ സാധിക്കും. ദുഃഖകരമെന്ന് പറയട്ടെ, തങ്ങള്‍ കറങ്ങുന്ന പരിമിതമായ തൊഴില്‍, സാമൂഹ്യ വൃത്തങ്ങള്‍ക്ക് പുറത്ത് ബന്ധങ്ങള്‍ സ്ഥാപിക്കുന്ന വളരെ കുറച്ച് മാധ്യമ പ്രവര്‍ത്തകരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ.

നിങ്ങളെ അസ്വസ്ഥരാക്കാന്‍ ഉദ്ദേശിച്ചല്ല ഇത് പറയുന്നത്. പക്ഷെ, ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ തൊഴിലില്‍ ഉള്‍ക്കൊള്ളുന്ന ഈ ഭാഗം കൂടി മനസിലാക്കുന്നത് നന്നായിരിക്കും.

എഡിറ്റര്‍ സര്‍വ ശക്താനാണെന്നാണ് ചിലര്‍ കരുതുന്നത്. പക്ഷെ ധാര്‍മ്മികത പുലരുന്ന ഒരു വാര്‍ത്താമുറിയില്‍, നിങ്ങള്‍ വിചാരിക്കുന്ന അത്ര ശക്തനായിരിക്കില്ല ഒരു എഡിറ്റര്‍. ബ്രിട്ടീഷ് രാഷ്ട്രീയ ആക്ഷേപഹാസ്യമായ 'യെസ്, പ്രൈം മിനിസ്റ്റര്‍'-ലെ ഒരു രംഗം ഇത് വളരെ നന്നായി സ്വാംശീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡത്തിലെ സാങ്കല്‍പിക പ്രധാനമന്ത്രിയായ ജിം ഹാക്കര്‍. താന്‍ ഔദ്ഗിയോക രഹസ്യമായി കണക്കാക്കിയിരുന്ന ഒരു കാര്യം ഒരു പത്രത്തില്‍ അടിച്ചുവന്നത് കണ്ടപ്പോള്‍ സംഭ്രമത്തിലായി. പത്രത്തിന്റെ എഡിറ്ററായ ഡെറിക് ബേണ്‍ഹാമിനെ വശീകരിക്കുന്നതിനും അനുനയിപ്പിക്കുന്നതിനുമായി അദ്ദേഹത്തെ പ്രധാനമന്ത്രി ഉച്ചഭക്ഷണത്തിന് ക്ഷണിക്കുന്നു. തുടക്കത്തില്‍ സംഭാഷണം വിഷയത്തിന് ചുറ്റും കറങ്ങി നടന്നു. കൂടുതല്‍ വിട്ടു പറയാന്‍ എഡിറ്റര്‍ തയ്യാറായില്ല. അതിനനുസിച്ച് പ്രധാനമന്ത്രിയുടെ ഇച്ഛാഭംഗം വര്‍ദ്ധിക്കാനും തുടങ്ങി. ഒടുവില്‍ അദ്ദേഹം എഡിറ്ററോട് നേരിട്ട് ചോദിച്ചു:

'അതുകൊണ്ട് ആ അടിച്ചമര്‍ത്തല്‍ വാര്‍ത്ത നിങ്ങള്‍ പിന്‍വലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'

'അതെങ്ങനെ സാധിക്കുമെന്ന് എനിക്കറിയില്ല,' എന്ന് ബേണ്‍ഹാം മറുപടി പറയുന്നു.

'തീര്‍ച്ചയായും നിങ്ങള്‍ക്കത് സാധിക്കും!' ഹാക്കര്‍ പറഞ്ഞു. 'നിങ്ങളാണ് എഡിറ്റര്‍, അല്ലേ?'

'പക്ഷെ, സൈന്യത്തിലെ ഒരു കമാന്റിംഗ് ഓഫീസറെ പോലെയല്ല എഡിറ്റര്‍,' എന്ന് ബേണ്‍ഹാം പ്രധാനമന്ത്രിയോട് പറഞ്ഞു. 'സര്‍ക്കസിലെ ഒരു റിംഗ് മാസ്റ്റര്‍ മാത്രമാണ് അയാള്‍. എനിക്ക് കളികള്‍ നിശ്ചയിക്കാന്‍ സാധിക്കും. പക്ഷെ എങ്ങോട്ട് ചാടണമെന്ന് അഭ്യാസികളോട് പറയാന്‍ സാധിക്കില്ല.'

യോഗ്യതയുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, സ്വന്തം സ്ഥാപനത്തില്‍ തന്നെ എഡിറ്റര്‍ അശക്തനായി മാറാം.

തന്റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തന്റെ മതിപ്പിനെ കുറിച്ചുള്ള ആശങ്കയാണ് എഡിറ്ററുടെ ജോലിയെ വിലയിരുത്താനുള്ള മറ്റൊരു മാര്‍ഗ്ഗം. 2009-ല്‍, ഒരു മാസികയെ നയിക്കാന്‍ ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി പോവുകയാണെന്ന് ന്യൂയോര്‍ക്കിലുള്ള എന്റെ ഒരു അടുത്ത സുഹൃത്തിനോട് പറഞ്ഞു. തനിക്ക് ഒരു ഉപദേശം മാത്രമേ തരാനുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'തന്തയില്ലാത്തവന്‍ എന്ന വിളി കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം,' എന്ന് അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങളുടെയും എഡിറ്റോറിയല്‍ നിലവാരത്തിന്റെയും ഭരണപരമായ വിഷയങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എഡിറ്റര്‍മാരായതിനാല്‍ വാര്‍ത്താമുറിയിലെ ഏറ്റവും മോശം മനുഷ്യരായാണ് അവര്‍ കണക്കാക്കപ്പെടുന്നത്. സമയക്രമം പാലിക്കാത്തതിന്റെ പേരില്‍ ആളുകളെ എഡിറ്റര്‍ ശകാരിക്കുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ സ്വന്തം സമയക്രമം പാലിക്കാന്‍ എഡിറ്റര്‍മാര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. കൂടുതല്‍ ജോലി ചെയ്യുന്നതിനായി ആളുകളെ പലപ്പോഴും എഡിറ്റര്‍ നിര്‍ബന്ധിക്കുന്നു. റിപ്പോര്‍ട്ടര്‍മാരെ പലപ്പോഴും സോഴ്സുകളിലേക്ക് വിടുന്നു അല്ലെങ്കില്‍ ഒരു നിശ്ചിത വിമാനം പിടിക്കുന്നതിനായി അല്ലെങ്കില്‍ നിശ്ചിത സമയത്തിനുള്ള ഒരു വാര്‍ത്ത എഴുതി തീര്‍ക്കുന്നതിനായി അവരെ അതിരാവിലെ വിളിച്ചുണര്‍ത്തുന്നു, ചില വാര്‍ത്തകള്‍ വച്ച് താമസിപ്പിക്കാന്‍ അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍മാരുടെ യാത്ര ബത്ത വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന സ്ഥാപന ഉടമയ്‌ക്കെതിരെ എഡിറ്റര്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നു. കാരണം, ഇവയൊക്കെ തങ്ങളുടെ മാധ്യമത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. എന്നാല്‍, ഡെസ്‌കിലെ എഡിറ്റര്‍മാരുടെ സ്വന്തം സഹപ്രവര്‍ത്തകരും റിപ്പോര്‍ട്ടര്‍മാരുമാണ് അവരെ ഏറ്റവും കൂടുതല്‍ തെറിവിളിക്കുന്നത്. പലരെയും സംബന്ധിച്ചിടത്തോളം എഡിറ്റര്‍ ഒരു ക്രൂരനും അധിക്ഷേപിക്കുന്നവനും തന്തയില്ലാത്തവനുമാണ്. ഈ കീര്‍ത്തിമുദ്രകളോടെ കുഴിമാടത്തിലേക്ക് പോകാന്‍ ഒരാള്‍ തയ്യാറായിരിക്കണം.

ലേഖകര്‍ക്ക് അവരുടേതായ ഉത്കണ്ഠകളുണ്ട്. തന്റെ തൊഴില്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കല്ലെറിയപ്പെടാന്‍ സാധ്യതയുള്ള ഒരാളാണ് ലേഖകന്‍. വാര്‍ത്തകള്‍ നല്‍കാന്‍ സാധ്യതയുള്ള ഒരു വിശ്വസ്ത കേന്ദ്രത്തിന് അയാളെ പൊതുജന മധ്യത്തില്‍ അപമാനിക്കാന്‍ സാധിക്കും. ചിലപ്പോള്‍ ശാരീരികമായി തന്നെ ഭീഷണിപ്പെടുത്താനും സാധിക്കും. ഒരു ലേഖകന്‍ പലപ്പോഴും ഓഫീസില്‍ നിന്നും പുറത്താക്കപ്പെടും. ആളുകളെ ഫോണ്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലാത്തതിനാല്‍ റിപ്പോര്‍ട്ടറുടെ ജോലിയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് ഒരു മുന്‍ പലിശക്കാരന്റെ ഉടമസ്ഥതയിലുള്ള ഒരു പത്രത്തിന്റെ എഡിറ്റര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കുറിപ്പുകള്‍ എടുക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. തീര്‍ച്ചയായും അദ്ദേഹം ഒരു മേല്‍ജാതിക്കാരനായ, ചില സവിശേഷ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ആളാണ്.

സവിശേഷ അധികാരങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന ആളുകള്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തില്‍ വിജയിക്കണമെങ്കില്‍, ഈ തൊഴിലിന്റെ ചൂടിലേക്കും പൊടിയിലേക്കും അവര്‍ കൂടുതല്‍ ആഴ്ന്നിറങ്ങണമെന്ന്, വിവരം തരാന്‍ സാധ്യതയുള്ള ഒരാളാല്‍ പുറത്താക്കപ്പെടുന്നതിനോ, അവഹേളിക്കപ്പെടുന്നതിനോ അതിനേക്കാള്‍ മോശം അനുഭവങ്ങള്‍ നേരിടുന്നതിനോ തയ്യാറായിരിക്കണമെന്ന് ഞാന്‍ കൂടുതല്‍ കൂടുതല്‍ വിശ്വസിക്കുന്നു. ഇവിടെയാണ് അത്രകണ്ട് സവിശേഷ അധികാരങ്ങളില്ലാത്തവര്‍ക്ക് അതേ വൈകാരിക പ്രശ്‌നങ്ങളില്ലാതെ ഇത്തരം അവഹേളനങ്ങളെ നേരിടാന്‍ സാധിക്കുന്നത്. സവിശേഷ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഠിന പ്രയത്‌നത്തിലൂടെ മാത്രമേ നല്ല റിപ്പോര്‍ട്ടര്‍മാരായി തീരാന്‍ സാധിക്കുകയുള്ളൂ.

കുറച്ച് കാലം മുമ്പ് എന്റെ നോട്ട് പുസ്തകത്തില്‍ കുറിച്ചിട്ട ചില വരികള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 'റിപ്പോര്‍ട്ടിംഗ്' എന്നാണ് ഞാന്‍ അതിന് നല്‍കിയിരിക്കുന്ന തലക്കെട്ട്.

റിപ്പോര്‍ട്ടിംഗ്

പുസ്തകം, നോട്ട്പാഡ്, ഒരു സംഭാഷണ വിദഗ്ധന്‍
ചോദ്യങ്ങള്‍ ചോദിക്കുന്നു, ഉത്തരങ്ങള്‍ നല്‍കപ്പെടുന്നു
കാര്യങ്ങള്‍ നിരീക്ഷിക്കുന്നു, അനുഭവിക്കുന്നു
ഉപരിപ്ലവമായ റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം മാത്രമാണ്
വിവേകത്തോടെ റിപ്പോര്‍ട്ട് ചെയ്യുക എന്നാല്‍ യാഥാര്‍ത്ഥ്യബോധം സൃഷ്ടിക്കുക എന്നാണര്‍ത്ഥം

നിങ്ങള്‍ ഒരു കൈക്കോട്ട് ഉപയോഗിക്കുന്നു, നിങ്ങള്‍ ഒരു റിപ്പോര്‍ട്ടറായിരിക്കണം
കാരണം കുഴിച്ചെടുക്കലാണ് റിപ്പോര്‍ട്ടിംഗ്

നിങ്ങള്‍ അതിക്രമിക്കപ്പെട്ടുവെങ്കില്‍ നിങ്ങള്‍ ഒരു റിപ്പോര്‍ട്ടറാണ്
കാരണം ഒരു അക്രമകാരിയെ അസഹ്യപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടിംഗ്

നിങ്ങള്‍ മലം ചുമന്നിട്ടുണ്ടെങ്കില്‍, നിങ്ങളൊരു റിപ്പോര്‍ട്ടറാണ്
കാരണം, മലമാവാതെ മലം ചുമക്കുന്നതാണ് റിപ്പോര്‍ട്ടിംഗ്

മൂന്ന് പേരുടെ വിവാഹമാണ് റിപ്പോര്‍ട്ടിംഗ്
മാധ്യമപ്രവര്‍ത്തനം, ഭാഷ, പാണ്ഡിത്യം
ചിലതില്‍ ആദ്യത്തെതാണ് മേധാവിത്വം പുലര്‍ത്തുന്ന പങ്കാളി
മറ്റുചിലതിലാവട്ടെ രണ്ടാത്തെതും ചിലതില്‍ മൂന്നാമത്തേതും
ഈ വിവാഹത്തിലൊഴികെ, പങ്കാളികള്‍ ഒരിക്കലും വിവാഹമോചനം നേടുന്നില്ല

റിപ്പോര്‍ട്ടിംഗ് സാഹിത്യമാണ്
പലപ്പോഴും മ്ലേച്ഛമായ അറിയപ്പെടാത്ത കാര്യങ്ങള്‍ കണ്ടെത്തുന്നതിലാണ് സൗന്ദര്യം
ഒരു യഥാര്‍ത്ഥ കഥ പൊതുനന്മയ്ക്കായി പറയുന്നതാണ് പ്രകാശനം
അതെത്ര വൃത്തികെട്ടതാണെങ്കിലും യാഥാര്‍ത്ഥ്യവുമായി കിടക്ക പങ്കിടുന്നതാണ് റിപ്പോര്‍ട്ടിംഗ്
ഒരു വ്യാജ ലോകത്തല്ല നിങ്ങള്‍ ജീവിക്കുന്നത്
യാഥാര്‍ത്ഥ്യം എന്ന നിങ്ങളുടെ പ്രേമഭാജനത്തോടൊപ്പമാണ് നിങ്ങള്‍ ഉറങ്ങുന്നത്
നിങ്ങള്‍ സമയത്തെയും കഥാപാത്രങ്ങളെയും സമ്മര്‍ദ്ദത്തെയും അതായി തന്നെ പുല്‍കുന്നു
യഥാര്‍ത്ഥ വസ്തുക്കളുടെ വിയര്‍പ്പിനെയും രക്തത്തെയും ആഭാസത്തെയും നിങ്ങള്‍ വെറുക്കുന്നു
പക്ഷെ നിങ്ങള്‍ യാഥാര്‍ത്ഥ്യവുമായുള്ള ദാമ്പത്യത്തിലാണ്
കാരണം, യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ഒരു അവബോധം ആര്‍ക്കെങ്കിലും ഉണ്ടാവണം
റിപ്പോര്‍ട്ടിംഗ് യഥാര്‍ത്ഥമാണ്
അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിംഗ് യഥാര്‍ത്ഥ സാഹിത്യമാണ്.


വിനോദ് കെ. ജോസ്

വിനോദ് കെ. ജോസ്

എക്സിക്യുട്ടീവ്‌ എഡിറ്റര്‍, ദി കാരവന്‍

Next Story

Related Stories