ഇന്ത്യാ സന്ദര്‍ശന പരിപാടികളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയന് പ്രതിനിധി അംഗങ്ങള്‍ കാശ്മീരിലെത്തിയതിന് പിന്നാലെ താഴ്വരയില് പലഭാഗത്തും നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം ജമ്മു കാശ്മീരില്‍ പട്ടാളത്തിന്റെ ആധിക്യമുണ്ടെന്നും കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് ജനം കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പരക്കെ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ സംഘത്തിന്റെ സന്ദര്‍ശനം. ജനാധിപത്യ ധ്വംസനങ്ങള്‍ നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ആരോപണങ്ങളുണ്ട്.
യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തിന്റെ വാഹന വ്യൂഹത്തിന്റെയും അവരെ തടയാന്‍ കാത്ത് നില്ക്കുന്ന പ്രതിഷേധക്കാരുടെയും കാശ്മീരിലെ വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് അഴിമുഖം. ശ്രീനഗറിലെ ഫോട്ടോഗ്രാഫര്‍ ഉമര്‍ ഗയ്നി പകര്‍ത്തിയ ചിത്രങ്ങളിലൂടെ..














ഇന്ത്യാ സന്ദര്‍ശന പരിപാടികളുടെ ഭാഗമായി കാശ്മീരിലെത്തിയ യൂറോപ്യന്‍ യൂണിയന് എംപിമാര്‍ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ ദിവസം വിരുന്ന് നല്കിയ നടപടി വിവാദമായിരുന്നു. കാശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുസാഫര്‍ ബേഗ്, കോണ്‍ഗ്രസ് നേതാവ് ഉസ്മാന് മജീദ്, മുന്‍ പിഡിപി നേതാവ് അല്‍ത്താഫ് ബുഖാരി എന്നിവരും ഈ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.
മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല തുടങ്ങിയ 250 നേതാക്കള്‍ ഇപ്പോഴും തടങ്കലിരിക്കെയാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍ക്കുള്ള വിരുന്നില്‍ സര്‍ക്കാര്‍ പങ്കെടുപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. യൂറോപ്യന്‍ പ്രതിനിധികളെ കാശ്മീരില്‍ അനുവദിക്കുകയും രാജ്യത്തെ നേതാക്കളെ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും രംഗത്തു വന്നിരുന്നു.
നേരത്തെ പ്രതിപക്ഷ നേതാക്കള്‍ കാശ്മീരിലെത്തിയ ഘട്ടത്തിലെല്ലാം അവരെ നിര്‍ബന്ധിതമായി തിരിച്ചയയ്ക്കുകയായിരുന്നു സര്‍ക്കാര്‍. ഇതുവരെ പ്രതിപക്ഷത്തിന് കാശ്മീരിലെ ജനങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടില്ല. യൂറോപ്യന്‍ പ്രതിനിധി സംഘത്തെ കാശ്മീരില്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ പ്രതിപക്ഷത്തെ അവിടെ അനുവദിച്ചുകൂടായെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര് ഷെര്ഗിളും ചോദിക്കുകയുണ്ടായി. ഇന്ത്യാക്കാര്‍ക്ക് കാശ്മീരില്‍ പോകണമെങ്കില്‍ സുപ്രീംകോടതിയില്‍ പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.