TopTop
Begin typing your search above and press return to search.

അസാധാരണ മഴയ്ക്ക് പിന്നില്‍ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ പോസിറ്റീവ് പ്രതിഭാസവും ചക്രവാത ചുഴിയും

അസാധാരണ മഴയ്ക്ക് പിന്നില്‍ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ പോസിറ്റീവ് പ്രതിഭാസവും ചക്രവാത ചുഴിയും

മണ്‍സൂണ്‍ കഴിഞ്ഞിട്ടും അറബിക്കടല്‍ തണുത്തില്ല. ഇപ്പോള്‍ കേരളത്തില്‍ പെയ്യുന്ന മഴക്ക് കാരണമാവുന്നത് അറബിക്കടലിലെ കുറയാത്ത ചൂട്. 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയില്‍ അറബിക്കടലിന്റെ മധ്യഭാഗം ചൂടുപിടിച്ച്‌ കിടക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ കിഴക്കന്‍ ഭാഗത്തേക്കാള്‍ ചൂടുപിടിക്കുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐഒഡി) പോസിറ്റീവ് പ്രതിഭാസം കാലാവസ്ഥ അസാധാരണമാക്കുന്നതായും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഐഒഡി പോസിറ്റീവ് ആണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നതെന്നും വിദഗ്ദ്ധര്‍.

സാധാരണ ഗതിയില്‍ തുലാവര്‍ഷ സമയം ലഭിക്കേണ്ട മഴയില്‍ നിന്ന് വ്യത്യസ്തമായ പാറ്റേണിലുള്ള മഴയാണ് ദിവസങ്ങളായി സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസം മുഴുവനും പെയ്യുന്ന ശക്തമായ മഴയാണ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനമൊട്ടാകെ ഏതാണ്ട് ഒരേ പോലെ മഴ ലഭിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കത്തിനോ ഉരുള്‍പൊട്ടലിനോ കാരണമാവുന്ന അതിശക്തമായ മഴ സാധാരണ ഈ കാലയളവില്‍ കാണാറില്ല. അസാധാരണമായ ഈ മാറ്റവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാവുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ട് മധ്യരേഖാ പ്രദേശങ്ങളായ പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രവും (അറബിക്കടല്‍) ബംഗാള്‍ ഉള്‍ക്കടലിനടുത്തുള്ള കിഴക്കന്‍ പ്രദേശവും തമ്മിലുള്ള സമുദ്ര ഉപരിതല താപനിലയിലെ വ്യത്യാസമാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍. ഇത് പോസിറ്റീവായാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഐഒഡി പോസിറ്റീവ് കാറ്റിന്റെ ഗതിയെ സ്വാധീനിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗമായ അറബിക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടുകയും ചെയ്തു. ഇതാണ് നിലവില്‍ കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണമായി തീര്‍ന്നത്. രണ്ട് ദിവസം കൂടി ഇതേ രീതിയില്‍ സംസ്ഥാനത്ത് മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിരീക്ഷണം. സമുദ്രോപരിതല താപനിലയുടെ പിര്യോഡിക് ഓസിലേഷന്‍ ആണ് ഐഒഡി. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍ ഐഒഡികളുണ്ട്. പടിഞ്ഞാറെ അറ്റത്തെ സമുദ്ര ഉപരിതല താപനില സാധാരണ നിലയേക്കാള്‍ (0.4ഡിഗ്രി സെല്‍ഷ്യസ്) ഉയര്‍ന്ന് കിഴക്കേ അറ്റത്തേക്കാള്‍ ചൂടാവുകയാണെങ്കില്‍ അത് പോസിറ്റീവ് ഐഒഡിയിലേക്ക് നയിക്കുന്നു. കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തടസ്സങ്ങളുണ്ടാവുകയും തെക്ക് പടിഞ്ഞാറന്‍ കാറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വീശുകയും ചെയ്യും. ഇത് പൊതുവില്‍ മണ്‍സൂണിന് അനുകൂലമാണ്. എന്നാല്‍ ഈ സമയത്ത് ഈ പ്രതിഭാസം ഉണ്ടാവുക സാധാരണമല്ല.

1997-98 കാലഘട്ടത്തിലാണ് പോസിറ്റീവ് ഐഒഡിയുടെ ശക്തമായ സാന്നിധ്യം ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കണ്ടത്. പിന്നീട് 2006ല്‍ ഉണ്ടായെങ്കിലും അത് അത്രത്തോളം ശക്തമായിരുന്നില്ല. കുസാറ്റിലെ കാലവസ്ഥാ ശാസ്ത്രജ്ഞനായ അഭിലാഷ് പറയുന്നു ' പോസിറ്റീവ് ഐഒഡി ഇത്രയും ശക്തമായി സംഭവിക്കുന്നത് അസാധാരണമാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസം കഴിയുമ്ബോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. അതിന്റെ ഗതിയനുസരിച്ചിരിക്കും പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാവുക. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടുന്നതോടെ അറബിക്കടലിലെ ചക്രവാത ചുഴി ദുര്‍ബലപ്പെടാം. ചിലപ്പോള്‍ മറിച്ചും സംഭവിക്കാം. തുലാവര്‍ഷത്തില്‍ പടിഞ്ഞാറന്‍ തീരത്ത് ഒന്നാകെ മഴ ലഭിക്കുന്നതും അസാധാരണമായ ഒന്നാണ്. എല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. മണ്‍സൂണും ഇത്തവണ അബ്‌നോര്‍മല്‍ ആയാണ് കാണപ്പെട്ടത്. സാധാരണ മണ്‍സൂണ്‍ കഴിയുമ്ബോള്‍ കടല്‍ തണുക്കും. എന്നാല്‍ ഇത്തവണ അതുണ്ടായില്ല.

അറബിക്കടലില്‍ ന്യൂനമര്‍ദം അകലുന്നതോടെ കാറ്റിന്റെ ഗതിയില്‍ ഉണ്ടാക്കുന്ന മാറ്റം ചില ദിവസം മഴ കുറയാനു കൂടാനും കാരണമാകും. 22 മുതല്‍ ന്യൂനമര്‍ദം വീണ്ടും ശക്തിപ്പെട്ട് ഇന്ത്യന്‍ തീരത്തേക്ക് തന്നെ തിരികെ വരാന്‍ സാധ്യതയുള്ളതിനാല്‍ 24 ഓടെ വീണ്ടും കേരളത്തില്‍ മഴ കൂടിയേക്കും എന്നാണ് ഐഎംഡി പുറപ്പെടുവിക്കുന്ന അറിയിപ്പ്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലിലും ഒരു ന്യൂനമര്‍ദ്ദം രൂപപെടുന്നുണ്ട്. ഇതിനിടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപം ഒരു ന്യൂനമര്‍ദ പാത്തി രൂപം കൊണ്ടു. 0.9 കി.മി ഉയരത്തിലാണിത്. ഇത് തെക്കന്‍ തമിഴ്നാട്ടിലും, ശ്രീലങ്കയിലും തെക്കന്‍ കേരളത്തിലും മഴക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് കണക്കാക്കുന്നത്.


Next Story

Related Stories