മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ രാവിലെ 11.30 കഴിഞ്ഞപ്പോള്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 12 ആകണ്ടേ? 12 ആയാല്‍ നല്ലത്. 12 ആകണം എന്നായിരുന്നു പോസ്റ്റിലെ വരികള്‍. ഒപ്പം 12 മണി സമയം സൂചിപ്പിക്കുന്ന ക്ലോക്കിന്റെ ചിത്രവും. കാര്യമറിയാതെ ആളുകള്‍ കുഴഞ്ഞു. മൂവാരിത്തിലധികം റിയാക്ഷനുകളും എഴുന്നൂറിലധികം കമന്റുകളും 149 ഷെയറുകളും പോസ്റ്റിന് ലഭിച്ചു. ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറയൂ മുഖ്യാ, ലൈഫ് മിഷനില്‍ ഹൈക്കോടതി വിധിയുടെ ഷോക്ക് ആണ്, 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുന്ന രമേശ് ചെന്നിത്തലയെ ഓര്മ വരുന്നു എന്നിങ്ങനെ കമന്റുകള്‍ നിറഞ്ഞു.
എന്നാല്‍, സകല ആകാംഷയ്ക്കും അറുതിവരുത്തി കൃത്യം 12 ആയപ്പോള്‍ മറുപടി പോസ്റ്റ് എത്തി. ആരോഗ്യമുള്ള ശരീരത്തിന് രക്തത്തില്‍ 12 g/dl ഹീമോഗ്ലോബിന്‍ ആവശ്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പുതിയ പോസ്റ്റ്. ഈ അളവില്‍ ഹീമോഗ്ലോബിന്‍ നിലനിര്‍ത്താന്‍ ആയില്ലെങ്കില്‍ അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളര്‍ച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആര്‍ത്തവം, പഠനത്തില്‍ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും. ഇതൊഴിവാക്കാനായി ഇരുമ്പും വൈറ്റമിന്‍ സിയും അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഐ.എഫ്.എ ടാബ്ലറ്റുകളും കഴിക്കാം. വിളര്‍ച്ചയെ അകറ്റി നിര്‍ത്താന്‍ ഹീമോഗ്ലോബിന്‍ നില നമുക്ക് 12 g/dI ആയി നിലനിര്‍ത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സസ്പെന്സിന്റെ പരകോടിയിലെത്തിച്ചശേഷം മുഖ്യമന്ത്രി നടത്തിയ അഭ്യര്ത്ഥനയക്കും വലിയ പ്രതികരമാണ് ലഭിക്കുന്നത്.