TopTop
Begin typing your search above and press return to search.

'പ്ലാച്ചിമടയുടെ പേരില്‍ കൊക്ക കോള കമ്പനി കോഴ വാഗ്ദാനം ചെയ്തിരുന്നു, ഞാന്‍ വില്‍പ്പനയ്ക്കുള്ളതല്ല' എന്ന് മറുപടി നൽകി, അവസാന അഭിമുഖത്തില്‍ വീരേന്ദ്ര കുമാര്‍

പ്ലാച്ചിമട സമരകാലത്ത് കൊക്കക്കോള കമ്പനി തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്ന് അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വിരേന്ദ്ര കുമാർ. ഓൺലൈൻ മാധ്യമമായ ദി കൊച്ചി പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് വീരേന്ദ്രകുമാർ ഇക്കാര്യം തുറന്ന് പറയുന്നത്. വിരേന്ദ്രകുമാർ അവസാനം നൽകിയ അഭിമുഖം എന്ന പേരിലാണ് പോർട്ടൽ ഇക്കാര്യം പങ്കുവയ്ക്കുന്നത്.

പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി നടത്തിയിരുന്ന ജലചൂഷണത്തിനെതിരേ നടന്ന ജനകീയ സമരത്തിൽ സജീവമായ പിന്തുണയായിരുന്നു വീരേന്ദ്ര കുമാർ നൽകിയത്. വണ്ടിത്താവളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു എം.പി വീരേന്ദ്രകുമാര്‍ പ്ലാച്ചിമട സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് അന്നത്തെ പെരുമാട്ടി പഞ്ചായത്ത് ഭരണസമിതിയുൾ‌പ്പെടെ കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. മാതൃഭൂമിയും അന്ന് സമരത്തിന് നിർലോഭമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ, ഇക്കാലത്ത് സമരത്തിൽ നിന്ന് പിൻമാറാൻ കമ്പനി പണം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 'കുത്തക കമ്പനിയായ കൊക്കക്കോളയ്ക്കെതിരാ പ്ലാച്ചിമട സമരത്തിന് നൽകി പിന്തുണ മാതൃഭൂമിക്ക് ഉൾപ്പെടെ കോടികളുടെ നഷ്ടം ഉണ്ടാക്കി. പരസ്യവരുമാനത്തെ ബാധിച്ചു. ഈ സമയത്ത് ഒരിക്കൽ കമ്പനിയുടെ ഏജന്റുമാർ ഒരു ഡീലുമായി എന്നെ സമീപിച്ചു. പ്ലാന്റിൽ നിന്നുള്ള വരുമാനത്തിന്റെ അഞ്ച് ശതമാനമായിരുന്നു അവർ എനിക്ക് നീട്ടിയ വാഗ്ദാനം!

അതിന് ചെയ്യേണ്ടത് പ്ലാച്ചിമട കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ കമ്പനി പറയുന്ന അഭിഭാഷകനെ ഞങ്ങൾ ചുമതലപ്പെടുത്തണം എന്നായിരുന്നു.' എന്നാൽ "നന്ദി. എനിക്ക് നിങ്ങളുടെ പണം വേണ്ട. വീരേന്ദ്ര കുമാർ വിൽപ്പനയ്‌ക്കില്ല." എന്ന് മറുപടി നൽകിയെന്നും വീരേന്ദ്രകുമാർ പറയുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രി 11.30-ഓടെയായിരുന്നു എം.പി. വീരേന്ദ്രകുമാർ എം.പി (84) അന്തരിച്ചത്. ദീർഘകാലം ജനതാദൾ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം എഴുത്തുകാരനും പ്രഭാഷകനും പാർലമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലും അംഗമായിരുന്ന വീരേന്ദ്ര കുമാർ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.


Next Story

Related Stories