TopTop

കൊറോണ കാലത്ത് എങ്ങനെ ജീവിക്കുന്നു? കാനഡയിലെ ഡെല്‍റ്റ, ബെല്‍ജിയത്തിലെ ഗെന്‍റ്, യു എ ഇയിലെ റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പറയുന്നു

കൊറോണ കാലത്ത് എങ്ങനെ ജീവിക്കുന്നു? കാനഡയിലെ ഡെല്‍റ്റ, ബെല്‍ജിയത്തിലെ ഗെന്‍റ്, യു എ ഇയിലെ റാസല്‍ഖൈമ  എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പറയുന്നു

ലോകമെങ്ങും കോവിഡ് 19 വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആഗോള തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മാതൃക പരമായി കേരളത്തിലും വൈറസ് പ്രതിരോധ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളികളായ പ്രവാസികള്‍ എങ്ങനെയാണ് രോഗത്തെ പ്രതിരോധിക്കുന്നതെന്ന് ബന്ധുക്കളും മറ്റും ആശങ്കയോടെയാണ് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോകമെങ്ങുമുള്ള മലയാളി പ്രവാസികളില്‍ ചിലര്‍ വൈറസ് പ്രതിരോധത്തെക്കുറിച്ചും തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചും വെല്ലുവിളികളെ കുറിച്ചും പ്രതികരിക്കുന്നു.

കാനഡയുടെ പ്രവശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ചെയ്യുന്ന ചെങ്ങന്നൂര്‍ സ്വദേശി ഫെബി തൈക്കകത്ത് - താമസിക്കുന്നത് ഡെല്‍റ്റയിലാണ്. ഇവിടെ വൈറസ് ഭീതിയുള്ള ഒരു അന്തരീക്ഷമല്ല. പക്ഷെ എല്ലാവരും ജാഗ്രതയിലാണ്. ഭാര്യയേയും കൂട്ടി ആശുപത്രിയില്‍ പോയപ്പോള്‍ അടിയന്തര ശസ്ത്രക്രിയകള്‍ ഒഴിച്ചുള്ള ബാക്കിയുള്ളവരുടെ കാര്യങ്ങള്‍ ഒക്കെ നീട്ടിവച്ചിരിക്കുകയാണെന്ന് കേട്ടിരുന്നു. അതുപോലെ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌ക്കൂളുകള്‍ക്ക് ഒരാഴ്ച അവധിയായിരുന്നു. ഇപ്പോള്‍ രണ്ടാഴ്ച കൂടി അവധി നല്‍കിയിട്ടുണ്ട്. കൂടാതെ അന്‍പത് പേരില്‍ കൂടുതലുള്ള പരിപാടികള്‍ റദ്ദുചെയ്യാനും ഒക്കെ പറഞ്ഞിട്ടുണ്ട്. നിലവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പുകളിലും സാധനങ്ങള്‍ക്ക് ക്ഷാമമില്ല. ഇനി എങ്ങനെയാണ് കാര്യങ്ങള്‍ എന്നറിയില്ല.

റാസല്‍ഖൈമയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കൂത്താട്ടുകുളം സ്വദേശി പ്രദോഷ് - കോവിഡ് 19 ദുബായില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും റാസല്‍ഖൈമയില്‍ എല്ലാം സാധാരണ നിലയിലാണ് കാര്യങ്ങള്‍. ദുബായില്‍ നിന്നും റാസല്‍ഖൈമയിലേക്ക് 110 കി.മീ ദൂരമെയുള്ളൂ. ഔദ്യോഗികമായി ഒരും അറിയിപ്പും ലഭിച്ചിട്ടില്ല. നിയന്ത്രണങ്ങളൊന്നും വന്നിട്ടില്ല. ഫിറ്റ്‌നസ് സെന്റെറുകളും, സിനിമ തിയേറ്ററുകളും, പാര്‍ക്കുകളുമൊക്കെ ദുബായില്‍ അടച്ചിട്ടുണ്ട്. പക്ഷെ ഷോപ്പുകളും ഒക്കെ സാധാരണപോലെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ക്ക് അറ്റ് ഹോമും ദുബായില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ ഒന്നും അങ്ങനെ വന്നിട്ടില്ല. ഓഫീസ് തലത്തില്‍ നിന്നും അറിയിപ്പുകള്‍ ഇവിടെയൊന്നും ലഭിച്ചിട്ടില്ല. പക്ഷെ റാസല്‍ഖൈമയിലും നിയന്ത്രണങ്ങള്‍ എത്തിയേക്കാം എന്ന ധാരണയില്‍ ഞങ്ങളൊക്കെ രണ്ടുമൂന്നുമാസത്തേക്ക് അരിയും മറ്റു സാധനങ്ങളും ഒക്കെ വാങ്ങിച്ചു വച്ചിട്ടുണ്ട്. ചിലപ്പോള്‍ വരും ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ ഔദ്യോഗികമായി അറിയിപ്പുകള്‍ വന്നേക്കും.

ബെല്‍ജിയത്തില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിനി (പേര് വെളിപ്പെടുത്താന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്) - ഇവിടെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗെന്റ് (Ghent) പ്രദേശത്താണ് താമസിക്കുന്നത്. നിലവില്‍ വലിയ പ്രശ്‌നമില്ലെന്നാണ് ഔദ്യോഗിക തലത്തില്‍ നിന്ന് അറിയിച്ചത്. പുറത്ത് ആവിശ്യമില്ലാതെ ഇറങ്ങി നടക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. വഴിയിലൊക്കെ ആളുകള്‍ കുറവാണ്. ഇവിടെ റിപ്പോര്‍ട്ട് ചെയ്ത കേസിന്റെ എണ്ണം കുറവാണ് ഇതുവരെ. പിന്നെ ഇവിടെ ജനസംഖ്യ കുറവായതുകൊണ്ടും ആരോഗ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന രാജ്യമാണ് ബെല്‍ജിയം. പ്രശ്‌നം ഗുരുതരമാകാതിരിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് കാര്യമായിട്ട് നടത്തുന്നുണ്ട്. വൈറസ് പടരുന്നത് തടയുന്നതിനായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളായ തിയേറ്റര്‍,മ്യൂസീയം, പാര്‍ക്കുകള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ പലതും അടച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഒഴിച്ച് ബാക്കിയുള്ളതെല്ലാം അടപ്പിച്ചു. ആളുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം, സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് ഇടവിട്ട് കൈകള്‍ കഴുകുക, തുമ്മുമ്പോള്‍ ടിഷ്യുവോ തൂവാലയോ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഒക്കെ കിട്ടിയിട്ടുണ്ട്. പ്രധാനമായും പുറത്തിറങ്ങണ്ടെന്നാണ് നിര്‍ദേശം.


Next Story

Related Stories