TopTop

'നാട്ടിലെ പോലെ അസുഖ ബാധിതരുടെ കോണ്ടാക്റ്റ് ലിസ്റ്റ് കണ്ടെത്തുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടോ എന്ന് പോലും അറിയില്ല, പേടിയാണ്' -ഒരു ദുബായ് അനുഭവം

കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ച 14 കോവിഡ് 19 കേസുകളില്‍ ഭൂരിഭാഗവും ഗൾഫ് നാടുകളിൽ നിന്നു വന്നവരാണ്. . ഇതിൽ തന്നെ കൂടുതും യുഎഇയിൽ നിന്നുള്ളവരാണ്. നിരവധി മലയാളികൾ ലേബർ‌ ക്യാമ്പുകളില്‍ ഉൾപ്പെടെ കഴിയുന്ന ഇടമാണ് ദുബായ്. അതുകൊണ്ട് തന്നെ ദുബായിലെ ഒരോ ചലനവും കേരളത്തെയും ബാധിക്കും. ദുബായിലെ സ്ഥിതികൾക്ക് അപ്പുറം നാട്ടിലെ സ്ഥിതിഗതികളിൽ ആശങ്കയോടെ കഴിയുകയാണ് അവരിൽ പലരും. എന്നാൽ യുഎഇയിലെ സാധാരണക്കാരിൽ പലരും എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയുന്നില്ലെന്ന് പറയുന്നത്. ദുബയിലെ ഫുജൈറയിലെ മാർ‌ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി നിലവിലെ അവസ്ഥ അഴിമുഖത്തോട് വിവരിക്കുന്നു,.

'വാർത്തകൾ ഒന്നും അറിയുന്നില്ല, വ്യക്തമായി എന്താണ് നടക്കുന്നതെന്നും അറിയുന്നില്ല. നാട്ടിലെ പോലെ റിപ്പോർട്ടുകൾ ഒന്നും പുറത്ത് വരുന്നില്ല. ആർക്കെല്ലാമാണ് രോഗം ഉള്ളതെന്നോ, എങ്ങനെയാണ് നടപടികളെന്നൊ അറിയില്ല. ഞങ്ങൾ നിൽക്കുന്ന ഏരിയയിൽ തന്നെ ആരെങ്കിലും രോഗ ബാധിതരായിട്ടുണ്ടോ എന്ന് പോലും അറിയില്ല. വൈറസ് ബാധയേറ്റിട്ടുണ്ട് എന്ന സംശയിച്ചാൽ തന്നെ, ആശുപത്രിയിലെത്തിയാൽ ഉടൻ അവിടെ നിന്ന് മാറ്റുന്നതാണ് രീതി. നാട്ടിലെ പോലെ അസുഖ ബാധിതരുടെ കോണ്ടാക്റ്റ് ലിസ്റ്റ് കണ്ടെത്തുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടോ എന്നുപോലും അറിയില്ല. അസുഖം ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയാൻ പറ്റുന്നില്ല.

മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ദുബായ് മേഖലയില്‍ ഒരുപാട് കടകളും കമ്പനികളും പൂട്ടിക്കഴിഞ്ഞു. ആളുകൾ പുറത്തിറങ്ങാത്തതിനാൽ കടകൾ ഉൾപ്പെടെ സ്വയം പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. പലർക്കും ശമ്പളം പോലും ലഭിക്കുന്നില്ല. ചൊവ്വാഴ്ച മുതലാണ് ഇവിടെ കർശനമാക്കിയത്. അതും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

ഇപ്പോൾ‌ നില്‍ക്കുന്ന സ്ഥലം ലേബർ ക്യാംപാണ്. വര്‍ക്ക് ഷോപ്പ് തൊളിലാളികൾ ഉൾപ്പെടെ സാധാരണക്കാരായ നിരവധി പേരാണ് ഇവിടെ താമസിക്കുന്നത്. ഇവിടെയെല്ലാം അസുഖം വന്ന് കഴിഞ്ഞാൽ വലിയ ദുരന്തം തന്നെ ഉണ്ടാകും. ജോലിക്ക് പോലും പോവാനാവാത്ത അവസ്ഥയാണ്. എന്ന് വച്ച് ഇവിടെ എത്രകാലം അടച്ചിട്ട് ഇരിക്കാനാവും എന്നതും പ്രശ്നമാണ്.'

അതേസമയം, ദുബായിലെ വിവിധ സ്ഥലങ്ങളിലും ലേബർ ക്യാംപുകളിലും കഴിയുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ദുബായിലെ കോൺസൽ ജനറൽ വിപുലിന് നോർക്ക മുഖേന കേരളം കത്തയച്ചു. ദെയ്റ, നയിഫ് മേഖലകളിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ താമസിക്കുന്ന ഇടങ്ങളിലാണ് അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇടപെടുന്നത്.


Next Story

Related Stories