TopTop
Begin typing your search above and press return to search.

നാട്ടിലെ ഹർത്താലിനെ അനുസ്മരിപ്പിക്കുകയാണ് ഇപ്പോൾ സൗദി

നാട്ടിലെ ഹർത്താലിനെ അനുസ്മരിപ്പിക്കുകയാണ് ഇപ്പോൾ സൗദി

സൗദി അറേബ്യ, ജോലി തേടിയുള്ള മലയാളികളുടെ യാത്രയിൽ ഏറെ പ്രാധാന്യമുള്ള രാജ്യം. അടുത്തിടെ നടപ്പാക്കിയ സ്വദേശി വത്കരണം മൂലം നിരവധി പേർക്ക് സൗദിയെന്ന വിദേശ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്നും മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് ഈ രാജ്യത്ത് ജോലി നോക്കുന്നത്. അതിൽ വ്യവസായികൾ മുതൽ ഗദ്ദാമകൾ വരെയുണ്ട്.

ലോകമെമ്പാടുമെന്ന പോലെ തന്നെ കോറോണ വൈറസ് സൗദി അറേബ്യയേയും വെറുതെ വിടാൻ തയ്യാറായിട്ടില്ല. എറ്റവും ഒടുവിടെ കണക്കുകൾ പ്രകാരം ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 48 പേർക്ക് രോഗം പിടിപെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സൗദിയിൽ നടപ്പാക്കിയതും കടുത്ത നിയന്ത്രണങ്ങളായിരുന്നു. രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടച്ചും, വിമാന ഗതാഗതം നിരോധിച്ചും അധികൃതർ അത് നടപ്പാക്കുക തന്നെ ചെയ്തു.

സൗദി തലസ്ഥാനമായ റിയാദിലെ അൽ നാദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഞാൻ. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി സൗദിയിലുടെ വിവിധയിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കൊറോണയെന്ന മഹാമാരി ലോകത്ത് ഭിതി പടർത്തുമ്പോൾ ഇക്കാലത്തിനിടയ്ക്ക് കാണത്ത കാഴ്ചകളാണ് ഞങ്ങൾക്കിവിടെ കാണാൻ കഴിയുന്നത്.

നാട്ടിലെ ഹർത്താലിന് സമാനമായ അവസ്ഥയാണ് ഇപ്പോൾ സൗദിയിലെന്ന് പറയാം. കടകൾ ഒട്ടുമിക്കതും അടഞ്ഞുകിടക്കുന്നു. അവശ്യസാധനങ്ങൾക്ക് ഇപ്പോൾ വലിയ പ്രശ്നങ്ങളില്ല. സൂപ്പർ‌മാർക്കറ്റുകളും ഹോട്ടലുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. തിരക്ക് നന്നേ കുറവ്. ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ‌ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ‌ ഉള്ള സൗകര്യങ്ങളില്ല. പാഴ്സൽ വാങ്ങാം, വീട്ടിലേക്ക് പോവാം അതാണ് അവസ്ഥ. പത്തോ പതിനഞ്ചോ പേരിൽ അധികം കൂടി നിൽക്കരുത് എന്നും നിർദേശമുണ്ട്.

ശനിയാഴ്ച മുതൽ ടാക്സികളും ബസ്സുകളും ട്രെയിനുകളും ഉൾപ്പെടെ പൊതു യാത്രാ സൗകര്യങ്ങൾ എല്ലാം നിർ‌ത്തലാക്കിയിട്ടുണ്ട്. നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പോലെതന്നെയാണ് ഇപ്പോൾ സൗദിയിലും നിയന്ത്രണങ്ങൾ പുരോഗമിക്കുന്നത്. കടകളിൽ സാമന്യം തല്ല തിരക്കാണ് ഇതിന് ശേഷം, സാധനങ്ങള്‍ വാങ്ങിവയ്ക്കാനുള്ള ശ്രമമാണ് എല്ലായിടത്തും.

വീട്ടിലുള്ള കുട്ടികളെ സ്കൂളിൽ വിടുക, പിന്നീട് മുതിർന്നവരെ ഓഫീസിൽ കൊണ്ടാക്കുക. ഷോപ്പിങ്ങിന് ഫാമിലിയുമായി പുറത്ത് പോവുക എന്നതാണ് സാധാരണയായി ഉണ്ടാവാറുള്ള ജോലി. വ്യാഴം വെള്ളി ദിവസങ്ങളാണ് ഇതുണ്ടാവാറ്. എന്നാൽ ഇപ്പോൾ കുടുംബങ്ങള്‍ അതിന് പോലും പുറത്തിറങ്ങുന്നില്ല. അത് കൊണ്ട് തന്നെ ഇപ്പോൾ ജോലി പകുതിയും ഇല്ലെന്ന് തന്നെ പറയാം. കാരണം സ്കൂളുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നില്ല. വീട്ടിലുള്ള പെൺകുട്ടി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നുണ്ട് അവൾ മാത്രമാണ് ഇപ്പോൾ പോവുന്നത്.

‌‌സൗദിയിൽ ജോലി ചെയ്യുന്ന മലയാളി ഡ്രൈവർമാരുടെ ഒത്തുചേരൽ സ്ഥലമാണ് സൂപ്പർമാർക്കറ്റുകളുടെയും റസ്റ്റോറന്റുകളുടെയും പാർക്കിങ്ങ് ഏരിയകൾ. മലയാളികൾ ഉൾപ്പെടെ നിരവധി പേരെ ഇവിടെ കാണാനാവും. പലപ്പോഴും പാർക്കിങ്ങിന് അവസരം പോലും ലഭിക്കാറില്ല. എന്നാൽ കൊറോണ നിയന്ത്രണങ്ങൾ വന്നതോടെ ഇവിടങ്ങൾ എല്ലാം വിജനമായി കിടക്കുകയാണ്. ആരും ഇല്ലാത്ത അവസ്ഥ. റോഡുകളിലും തിരക്ക് നന്നേ കുറവ്. നിയന്ത്രണങ്ങൾ നടപ്പാക്കാൻ പോലീസ് നന്നായി ഇടപെടുന്നുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അല്ലാതെ മറ്റ് കടകൾ തുറക്കരുത് എന്നാണ് നിർദ്ദേശം ഇത്തരം കടകൾക്ക് തിരഞ്ഞ് പിടിച്ച് പിഴചുമത്തി വരികയാണ്. പള്ളികളിൽ നമസ്കാരങ്ങൾ നിരോധിക്കുകയും അടച്ചിടുകയും ചെയ്തതോടെ പ്രാർത്ഥനയ്ക്ക് വേണ്ടി പുറത്തിറങ്ങിയിരുന്നവരും ഇപ്പോള്‍ വീട്ടിൽ കഴിച്ച് കൂട്ടുകയാണ്. പ്രദേശത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. തിരക്ക് കുറവാണെങ്കിലും അവ പ്രവർത്തിച്ച് വരുന്നുണ്ട്.

നിലവിൽ കടുത്ത നിയന്ത്രണങ്ങൾ തന്നെയാണ് നടക്കുന്നത്. എന്നാൽ പ്രശ്നങ്ങൾ‌ ഒന്നും അനുഭവപ്പെട്ടില്ല. പക്ഷേ ഇതേ സ്ഥിതി തുടരുകയും ലോകത്തെ മറ്റിടങ്ങളിൽ നിന്നുള്ള വാർത്തകളും കാണുമ്പോൾ ഭയം തന്നെയാണ് നിലനിൽക്കുന്നത്. ദിവസങ്ങൾ പിന്നിടുമ്പോൾ എന്തായിരിക്കും അവസ്ഥ എന്ന് ഇപ്പോൾ പറയാനാവാത്ത സ്ഥിതിയാണ്.


Next Story

Related Stories