TopTop
Begin typing your search above and press return to search.

'മനസ് നീറിയ നിമിഷങ്ങളെല്ലാം ഞാന്‍ ഇപ്പോള്‍ മറക്കുകയാണ്'; മകള്‍ സുകൃതിയുടെ എംബിബിഎസ് പ്രവേശനത്തില്‍ ഓമനക്കുട്ടന്‍

മനസ് നീറിയ നിമിഷങ്ങളെല്ലാം ഞാന്‍ ഇപ്പോള്‍ മറക്കുകയാണ്; മകള്‍ സുകൃതിയുടെ എംബിബിഎസ് പ്രവേശനത്തില്‍ ഓമനക്കുട്ടന്‍

പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണമെത്തിച്ച ഓട്ടോയ്ക്ക് കൂലി നല്‍കാന്‍ കാശ് തികയാതെ വന്നപ്പോള്‍ ക്യാമ്പിലുള്ളവരില്‍നിന്ന് 70 രൂപ പിരിച്ചതിന്റെ പേരില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വേട്ടയാടിയ ഓമനക്കുട്ടനെ ആരും മറന്നിട്ടുണ്ടാകില്ല. ക്യാമ്പിനു പുറത്തുനിന്ന വന്നയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അതിവേഗമാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. ക്യാമ്പില്‍ പണപ്പിരിവ് നടത്തിയയാള്‍ എന്ന് മുദ്ര കുത്തപ്പെട്ടതോടെ സമൂഹമൊന്നാകെ ഓമനക്കുട്ടനെതിരെ തിരിഞ്ഞു. എന്നാല്‍ അധികം വൈകാതെ സത്യാവസ്ഥ പുറത്തുവന്നപ്പോള്‍ പതിവിലേറെ സ്‌നേഹത്തോടെ അവര്‍ ഓമനക്കുട്ടനെ ചേര്‍ത്തുനിര്‍ത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഭാവനാലയത്തില്‍ എന്‍എസ് ഓമനക്കുട്ടന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. മകള്‍ സുകൃതിയുടെ എംബിബിഎസ് അഡ്മിഷന്‍ നേട്ടമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്.

കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിലാണ് സുകൃതിക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് എച്ച്എസ്എസില്‍നിന്നാണ് സുകൃതി പ്ലസ് ടു പാസായത്. പിന്നീട് തൃശൂര്‍ റിജു ആന്‍ഡ് പിഎസ്‌കെ ക്ലാസസിലായിരുന്നു എന്‍ട്രന്‍സ് പരിശീലനം. പത്താം ക്ലാസ് കഴിഞ്ഞതോടെ മനസില്‍ ഒരുക്കിവെച്ച സ്വ്പനത്തിനു പിന്നാലെയായിരുന്നു സുകൃതി. അച്ഛനും അമ്മ രാജേശ്വരിയും മകളുടെ സ്വപ്‌നത്തിനൊപ്പം നിന്നു. കൂലിപ്പണിയെടുത്തും സ്വന്തമായി കൃഷി ചെയ്തുമൊക്കെ ലഭിക്കുന്ന ചെറിയ വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ചാണ് സുകൃതിയുടെയും ഇളയ മകള്‍ ദൃതിനയുടെയും പഠനകാര്യങ്ങള്‍ മുടക്കാതെ കൊണ്ടുപോയത്. സുകൃതിയുടെ എംബിബിഎസ് ആഗ്രഹങ്ങള്‍ക്ക് സുഹൃത്തുക്കളും നാട്ടുകാരും പിന്തുണയുമേകി. ആരെയും നിരാശപ്പെടുത്താതെ, സുകൃതി അത് നേടിയെടുക്കുകയും ചെയ്തു.

'ഞാന്‍ വളരെ വിഷമിച്ച സമയങ്ങളുണ്ടായിരുന്നു, ഇന്നതെല്ലാം മാറിയിരിക്കുന്നു'- സുകൃതിയുടെ എംബിബിഎസ് പ്രവേശനത്തെക്കുറിച്ച് ഓമനക്കുട്ടന്‍ 'അഴിമുഖ'ത്തോടു പറഞ്ഞു. 'ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചിരുന്നു. മക്കളുടെ പഠനം നല്ലതുപോലെ നടക്കുന്ന സമയത്തായിരുന്നു അത്തരം ആരോപണങ്ങള്‍. വീട്ടില്‍ ടെലിവിഷന്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ സുകൃതി വാര്‍ത്തയുടെ തീവ്രതയൊന്നും അറിഞ്ഞില്ല. അതൊരു ആശ്വാസമായിരുന്നു. എന്നാല്‍ എന്റെ കൂടെയുണ്ടായിരുന്ന ദൃതിന എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നു. മക്കളെ ഒരുപാട് വേദനിപ്പിച്ച സംഭവമായിരുന്നു അത്. എന്നാല്‍ എന്നെ അറിയുന്നവര്‍ ഒപ്പം നിന്നു. സത്യാവസ്ഥ തിരിച്ചറിഞ്ഞപ്പോള്‍ ഒത്തിരിപ്പേര്‍ ആശ്വാസവുമായി എത്തുകയും ചെയ്തു. മനസ് നീറിയ ആ നിമിഷങ്ങളെല്ലാം ഇപ്പോള്‍ മറക്കുകയാണ്. മകളുടെ ആഗ്രഹങ്ങള്‍ക്ക് താങ്ങായി നിന്നു. ഇനി അവര്‍ പഠിച്ച് മുന്നേറിക്കോളും'- തികഞ്ഞ ആത്മവിശ്വാസത്തോടെ ഓമനക്കുട്ടന്‍ പറഞ്ഞുനിര്‍ത്തി.

ഓമനക്കുട്ടനോടെന്നപോലെ സുകൃതിയെയും ചേര്‍ത്തുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അച്ഛനെപ്പോലെ മനസ് നിറയെ നന്മയുള്ള ഒരു ഡോക്ടറായി സുകൃതി പഠിച്ചുവരട്ടെ എന്നാണ് സോഷ്യല്‍ മീഡിയയുടെ ആശംസകള്‍.


Next Story

Related Stories